കോഴിക്കോട് കാരപ്പറമ്പിനു സമീപം ഗിരീഷ് പുത്തഞ്ചേരിയുടെ വീടായ 'തുളസീദള'ത്തിൽ ഒരുക്കിയ സ്മാരകത്തിനരികിൽ ഭാര്യ ബീന
ഇന്ന് 12-ാം ചരമവാര്‍ഷികം
ഔദ്യോഗിക വാഗ്ദാനങ്ങള്‍ ജലരേഖയാവുമ്പോള്, ഉയരാതെപോവുന്ന പ്രശസ്തവ്യക്തികളുടെ സ്മാരകങ്ങള്‍ അനേകമുണ്ട്. ഉറൂബും ബഷീറും പുനത്തില്‍ കുഞ്ഞബ്ദുള്ളയുമൊക്കെ ഇതിലുള്‍പ്പെടുന്നു. എന്നാല്‍, കൈക്കുടന്നനിറയെ പാട്ടിന്റെ തിരുമധുരം മലയാളികള്‍ക്ക് നല്കിയ ഗിരീഷ് പുത്തഞ്ചേരിയുടെ വേര്പാടിന് വ്യാഴാഴ്ച ഒരു വ്യാഴവട്ടം പൂര്‍ത്തിയാവുമ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി സ്വന്തം വീട്ടില്‍ സ്മാരകമൊരുക്കിയിരിക്കുകയാണ് കുടുംബം.
കോഴിക്കോട് കാരപ്പറമ്പില്‍ ഗിരീഷിന്റെ വീടായ 'തുളസീദള'ത്തിന്റെ മുകള്‍നിലയിലെ ഹാളിലാണ് ഗിരീഷിന് കുടുംബം ഓര്മക്കൂടൊരുക്കിയത്. 49 വയസ്സിനിടെ അദ്ദേഹത്തിനു ലഭിച്ച ഒട്ടനേകം അവാര്‍ഡ് ശില്പങ്ങള്, ഫലകങ്ങള്‍, പ്രിയപ്പെട്ട പുസ്തകങ്ങള്‍, ഉപയോഗിച്ച പേന, വാച്ച്, മൊബൈല്‍ഫോണ്‍, പേഴ്സ്, വാക്മാന്, കണ്ണട, വെറ്റിലച്ചെല്ലം, ചെരിപ്പ്... എല്ലാം ഈ ഓര്‍മക്കൂട്ടില്‍ ഭദ്രം. സ്വര്‍ണം കെട്ടിയ രുദ്രാക്ഷവും നവരത്നമോതിരവും ഒരു ചെപ്പിലടച്ച് സൂക്ഷിച്ചിരിക്കുന്നു. മരണത്തിന് ഏതാനും ദിവസംമുമ്പ് താന്‍ ഏറെ ആരാധിച്ചിരുന്ന വയലാര്‍ രാമവര്‍മയുടെ വീടായ രാഘവപ്പറമ്പില്‍നിന്ന് അമൂല്യനിധിപോലെ ഗിരീഷ് ശേഖരിച്ചുകൊണ്ടുവന്ന മണ്ണ്, വയലാറിന്റെ ചെരിപ്പിന്റെ ഒരു കഷണം എന്നിവയും കൂട്ടത്തിലുണ്ട്. ''കറുത്ത ഷര്‍ട്ടും കാവിമുണ്ടുമായിരുന്നു ഗിരീഷേട്ടന് ഏറ്റവും പ്രിയം. രണ്ടും സൂക്ഷിച്ചിട്ടുണ്ട്...'' -'തുളസീദള'ത്തിന്റെ സ്വീകരണമുറിയിലിരുന്ന് ഭാര്യ ബീന പറയുന്നു.
''അദ്ദേഹം പോയി കുറച്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ ഇവയെല്ലാം നശിക്കാതെ സൂക്ഷിക്കുകയെന്ന ഉദ്ദേശ്യത്തോടെ മുകള്‍നില പണിയുകയായിരുന്നു'' -ബീന പറഞ്ഞു. 1998-ല്‍ 'അഗ്നിദേവനി'ലെ 'അക്ഷരനക്ഷത്രം കോര്‍ത്ത്...' എന്ന ഗാനത്തിന്റെ രചനയ്ക്ക് ലഭിച്ച ആദ്യ സംസ്ഥാന അവാര്‍ഡ് ഉള്‍പ്പെടെ ഏഴ് സംസ്ഥാന അവാര്‍ഡ് ശില്പങ്ങള് വര്‍ഷക്രമത്തില്‍ ചില്ലലമാരയില്‍ നിരത്തിവെച്ചിരിക്കുന്നു. ഇവയ്ക്കുപുറമേ രണ്ട് ഫിലിം ഫെയര്‍ അവാര്‍ഡുകള്‍, 2002-ലെ 'മാതൃഭൂമി' ഫിലിം അവാര്‍ഡ് എന്നിവയടക്കം ചെറുതും വലുതുമായ ഒട്ടേറെ പുരസ്കാരങ്ങള്‍ പ്രതിഭയുടെ തിളക്കമായി ഇവിടെയുണ്ട്.
''വീട്ടിലാവുമ്പോള്‍ നിലത്തിരുന്നാണ് എഴുതിയിരുന്നത്. ഭക്ഷണവും നിലത്തിരുന്ന് കഴിക്കാനായിരുന്നു ഇഷ്ടം...'' -അകാലത്തില്‍ വേര്‍പിരിഞ്ഞ സഹയാത്രികന്റെ വ്യത്യസ്തമായ ഇഷ്ടങ്ങള്‍ ഓര്‍ക്കുന്നു, ബീന.
''എം.ടി. സാറിന്റെ ഫോണ്‍ വന്നാല്‍ എഴുന്നേറ്റുനിന്നാണ് സംസാരിക്കുക. അദ്ദേഹത്തിന്റെ ഫോണ്‍ വരുമ്പോള്‍ താനെ എഴുന്നേറ്റുപോവുമെന്നാണ് പറഞ്ഞിരുന്നത്!''
''ഈ വീടും സ്ഥലവുമെല്ലാം അദ്ദേഹം പാട്ടെഴുതി ഉണ്ടാക്കിയതാണ്. എന്റെ അവസാനകാലംവരെ ഇവയെല്ലാം പൊന്നുപോലെ സൂക്ഷിക്കണമെന്നാണ് ആഗ്രഹം!...'' -വിഷാദത്തിന്റെ വിലോലതയും പ്രണയത്തിന്റെ രാഗപരാഗവും നിറഞ്ഞ ഗാനങ്ങള്‍ സമ്മാനിച്ച പുത്തഞ്ചേരിയുടെ സഹയാത്രികയുടെ വാക്കുകള്‍. ബീനയും മക്കളായ ജിതിന് പുത്തഞ്ചേരി, ദിന്‍നാഥ് പുത്തഞ്ചേരി എന്നിവരും ചേര്‍ന്നാണ് ഈ ഓര്‍മക്കൂട് ഒരുക്കിയത്. ലതാ മങ്കേഷ്കറിനോടുള്ള ആരാധനയാണ് അവരുടെ അച്ഛന്റെ പേരായ ദിന്‍നാഥ്, രണ്ടാമത്തെ മകന്റെ പേരായി ഗിരീഷ് സ്വീകരിക്കാന്‍ കാരണം.
Content Highlights: Girish Puthenchery death anniversary wife Beena remembers Gireesh Puthenchery songs
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..