ഗിരീഷ് പുത്തഞ്ചേരി| Photo: കെ.കെ സന്തോഷ്
ഗിരീഷ് പുത്തഞ്ചേരിയുടെ ഓര്‍മ്മദിനം (ഫെബ്രുവരി 10)
നിലാമഴ പെയ്യുന്ന ഏകാന്തമൂക രാത്രികളില്‍ ജനാലയിലൂടെ മാനം നോക്കിക്കിടക്കേ കാതുകളിലും മനസ്സിലും ഒഴുകിനിറഞ്ഞിരുന്നത് ഒരു വയലാര്‍ ഗാനത്തിന്റെ ഈരടികളാണ്: 'തുന്നിയിട്ട പട്ടുഞൊറിക്കിടയിലൂടെ വെണ്ണിലാവിന്‍ തളിര്‍വിരല്‍ തഴുകുമ്പോള്‍, മഞ്ഞുമ്മ വെച്ചു വിടര്‍ത്തുന്ന പൂക്കള്‍ തന്‍ മന്ദസ്മിതം കൊണ്ട് പൊട്ടുകുത്തും..'
ഇപ്പോള്‍ ഇതാ ഈ വരികള്‍ കൂടി നിശബ്ദമായി വന്നു മനസ്സിനെ തഴുകുന്നു. പ്രിയപ്പെട്ട ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍:
'പാതിരാവനമുല്ല ജാലകം വഴിയെന്റെ മോതിരവിരലിന്മേല്‍ ഉമ്മവെച്ചു, അഴിഞ്ഞു കിടന്നൊരു പുടവയെന്നോര്‍ത്തു ഞാന്‍ അല്ലിനിലാവിനെ മടിയില്‍ വെച്ചു..'
ഗിരീഷിന്റെ എണ്ണമറ്റ രചനകളില്‍ നിന്ന് ഏറ്റവും പ്രിയപ്പെട്ട വരികളില്‍ ചിലത് തിരഞ്ഞെടുക്കുകയാണ്... കാവ്യഭംഗി കൊണ്ട് ഹൃദയം കവര്‍ന്നവ മാത്രമല്ല, സ്വകാര്യ നിമിഷങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നതുകൊണ്ട് പ്രിയമുള്ളവയായി മാറിയവയുമുണ്ട് ഇക്കൂട്ടത്തില്‍.
--------------
പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍ തനിയേ കിടന്നു മിഴിവാര്‍ക്കവേ, ഒരു നേര്‍ത്ത തെന്നല്‍ അലിവോടെ വന്നു നെറുകില്‍ തലോടി മാഞ്ഞുവോ (ഒരു രാത്രി കൂടി)
നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളേ കാതിലോലകമ്മലിട്ടു കുണുങ്ങി നില്‍പ്പവളെ, ഏതപൂര്‍വ്വ തപസ്സിനാല്‍ ഞാന്‍ സ്വന്തമാക്കി നിന്‍ രാഗലോല പരാഗസുന്ദര ചന്ദ്രമുഖ ബിംബം.
സൂര്യനെ ധ്യാനിക്കുമീ പൂപോലെ ഞാന്‍ മിഴിപൂട്ടവേ വേനല്‍ പൊള്ളും കവിളില്‍ മെല്ലെ നീ തൊട്ടു (കനകമുന്തിരികള്‍)
ഉരുകും വേനല്‍പ്പാടം കടന്നെത്തുമീ രാത്തിങ്കളായ് നീയുദിക്കേ, കനിവാര്‍ന്ന വിരലാല്‍ അണിയിച്ചതാരീ അലിവിന്റെ കുളിരാര്‍ന്ന ഹരിചന്ദനം (കൈക്കുടന്ന നിറയെ)
മിഴികളില്‍ കുറുകുന്ന പ്രണയമാം പ്രാവിന്റെ ചിറകുകള്‍ മെല്ലെ പിടഞ്ഞതാവാം, താനേ തുറക്കുന്ന ജാലകച്ചില്ലില്‍ നിന്‍ തെളിനിഴല്‍ ചിത്രം തെളിഞ്ഞതാകാം... (പിന്നെയും പിന്നെയും)
ഞാനെന്‍ മിഴിനാളമറിയാതെരിച്ചും നീറും നെഞ്ചകം അകിലായ് പുകച്ചും, വാടും കരള്‍ത്തടം കണ്ണീരാല്‍ നനച്ചും നിന്നെ തേടിനടന്നു തളര്‍ന്നു കൃഷ്ണാ.. (കാര്‍മുകില്‍ വര്‍ണ്ണന്റെ)
നെഞ്ചിലെ പിരിശംഖിലെ തീര്‍ത്ഥമെല്ലാം വാര്‍ന്നുപോയ്, നാമജപാമൃത മന്ത്രം ചുണ്ടില്‍ ക്ലാവു പിടിക്കും സന്ധ്യാനേരം.. (സൂര്യകിരീടം)
ചന്ദനപ്പൊന്‍ചിതയില്‍ എന്റെ അച്ഛനെരിയുമ്പോള്‍ മച്ചകത്താരോ തേങ്ങിപ്പറക്കുന്നതമ്പലപ്രാവുകളോ... (ഇന്നലെ എന്റെ നെഞ്ചിലെ)
അറിയാതെ ഞാനെന്റെ പ്രണയത്തെ വീണ്ടുമെന്‍ നെഞ്ചോടൊതുക്കി കിടന്നിരുന്നു, കാലൊച്ചയില്ലാതെ വന്നു നീ മെല്ലെയെന്‍ കവിളോടുരുമ്മി കിതച്ചിരുന്നു... (മറന്നിട്ടുമെന്തിനോ)
പ്രണയമൊരു തീനാളം അലിയുനീ ആവോളം പീലിവിടരും നീലമുകിലേ ... (ആരൊരാള്‍ പുലര്‍മഴയില്‍)
തിരിയായ് തെളിഞ്ഞു നീ മനസ്സിന്റെ അമ്പലത്തില്‍ ഒരു ജന്മം മുഴുവന്‍ ഞാന്‍ എരിയില്ലയോ? നിനക്ക് മീട്ടാന്‍ വരരുദ്ര വീണയായ് നിനക്ക് പാടാന്‍ ഞാനെന്നെ സ്വരങ്ങളാക്കീ.. (ഒരു കിളി പാട്ടു മൂളവേ)
ശ്വാസത്തിന്‍ താളം തെന്നലറിയുമോ പൂന്തെന്നലറിയുമോ മൗനത്തിന്‍ നാദം വീണയറിയുമോ മണിവീണയറിയുമോ..
തളരും തനുവോടെ ഇടറും മനമോടെ, വിടവാങ്ങുന്ന സന്ധ്യേ വിരഹാര്‍ദ്രയായ സന്ധ്യേ.. (ആരോ വിരല്‍ നീട്ടി)
ഹൃദയത്തില്‍ നിന്‍ മൂക പ്രണയത്തിന്‍ ഭാവങ്ങള്‍ പഞ്ചാഗ്‌നിനാളമായെരിഞ്ഞിരുന്നൂ, തുടുവിരല്‍ തുമ്പാല്‍ നിന്‍ തിരുനെറ്റിയിലെന്നെ നീ സിന്ദൂര രേണുവായണിഞ്ഞിരുന്നു.. (ആകാശദീപങ്ങള്‍ സാക്ഷി)
കുമ്പിളില്‍ വിളമ്പിയ പൈമ്പാലെന്നോര്‍ത്തു ഞാന്‍ അമ്പിളിക്കിണ്ണത്തെ കൊതിച്ചിരുന്നു, അന്നത്തെയന്തിയില്‍ അത്താഴപ്പാത്രത്തില്‍ അമ്മ തന്‍ കണ്ണീരോ തിളച്ചിരുന്നു.. (കണ്ണുനട്ട് കാത്തിരുന്നിട്ടും)
ആര്‍ദ്രമാം ചന്ദനച്ചിതയില്‍ എരിഞ്ഞൊരെന്‍ അച്ഛന്റെ ഓര്‍മ്മയെ സ്‌നേഹിക്കുന്നു, അരത്തുടം കണ്ണീരാലത്താഴം വിളമ്പിയൊരമ്മ തന്‍ ഓര്‍മ്മയെ സ്‌നേഹിക്കുന്നു (ആരോ കമിഴ്ത്തിവെച്ചോരോട്ടുരുളി പോലെ)
ഒരു മുളം തണ്ടായ് നിന്‍ ചുണ്ടത്തെ നോവുന്ന പാട്ടിന്റെ ഈണങ്ങള്‍ ഞാനേറ്റുവാങ്ങാം, ഒരു കുളിര്‍ത്താരാട്ടായ് നീ വാര്‍ക്കും കണ്ണീരിന്‍ കാണാപ്പൂമുത്തുള്ളില്‍ കോര്‍ക്കാം (മൂവന്തി താഴ്വരയില്‍)
കാറ്റോടു മേഘം മെല്ലെ ചൊല്ലീ സ്‌നേഹാര്‍ദ്രമേതോ സ്വകാര്യം, മായുന്ന സന്ധ്യേ നിന്നെത്തേടി ഈറന്‍ നിലാവിന്‍ പരാഗം (എത്രയോ ജന്മമായ്)
പാതിരാവനമുല്ല ജാലകം വഴിയെന്റെ മോതിരവിരലിന്മേല്‍ ഉമ്മവെച്ചു, അഴിഞ്ഞു കിടന്നൊരു പുടവയെന്നോര്‍ത്തു ഞാന്‍ അല്ലിനിലാവിനെ മടിയില്‍ വെച്ചു .. (ഉറങ്ങാതെ രാവുറങ്ങീ ഞാന്‍)
രാത്രിയില്‍ മുഴുവനും അരികിലിരുന്നിട്ടും നിലവിളക്കിന്‍ തിരി താഴ്ത്തിയിട്ടും, മഴയുടെ ശ്രുതി കേട്ട് പാടിയിട്ടും, എന്റെ പ്രണയം മുഴുവനുമഴകേ നിന്നോട് പറയാന്‍ ഞാന്‍ മറന്നൂ.. (പറയാന്‍ ഞാന്‍ മറന്നൂ)
പാതിപെയ്‌തൊഴിയാതെയെന്‍ മിഴിയില്‍ വിങ്ങുമീ നോവുപൂക്കളിലൊന്ന് ഞാന്‍ നിന്‍ കാല്‍ക്കല്‍ വീഴ്ത്തവേ കാറ്റുപോലെ തലോടുമെന്‍ പാട്ടിലാരുടെ സൗരഭം .. (രാത്രി ലില്ലികള്‍ പൂത്ത പോല്‍)
തൃത്താലക്കോലോത്തെ തേതിപ്പെണ്ണിന് തിരുവിരലില്‍ ചാര്‍ത്താന്‍ താരമോതിരം, കണ്ണെഴുതാന്‍ രാവിരുള്‍ക്കൂട് കണ്മഷി, കസവണിയാന്‍ മാറ്റെഴും മാഘപൗര്‍ണ്ണമി.. (പാടീ തൊടിയിലേതോ)
ദേവകന്യക സൂര്യതംബുരു മീട്ടുന്നൂ സ്‌നേഹകോകിലം ഗായത്രീമന്ത്രം ചൊല്ലുന്നൂ, മഞ്ഞാലാടുന്ന പൊന്‍ വെയില്‍ മഞ്ചുകോടിയുടുക്കുന്നൂ, വിണ്ണില്‍ മേയുന്ന വെണ്മുകില്‍ വെള്ളിച്ചാമരം വീശുന്നു..
തിരനുരയും ചുരുള്‍ മുടിയില്‍ സാഗര സൗന്ദര്യം, തിരിതെളിയും മണിമിഴിയില്‍ സുരഭില സൂര്യകണം, കവിളുകളോ കളഭമയം കാഞ്ചന രേണുമയം ലോലലോലമാണ് നിന്റെയധരം.
ഒരു നുള്ളു ഭസ്മമായ് എരിതീയില്‍ നിന്നെന്റെ അമ്മയെ ഞാനൊന്നു തൊട്ടു, നെറ്റിമേല്‍ അമ്മയെ ഞാനൊന്നു തൊട്ടു..
Content Highlights: gireesh puthenchery death anniversary his songs Malayalam evergreen hits of gireesh puthenchery
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..