മുംബൈ: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനും ചലച്ചിത്ര പിന്നണി ഗായകനുമായ ഉസ്താദ് ഗുലാം മുസ്തഫ ഖാന്‍ (89) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം കിടപ്പിലായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ബാന്ദ്രയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. 

സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാന്‍, ഗായിക ലത മങ്കേഷ്‌കര്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ഗായകന് ആദരാഞ്ജലികള്‍ നേര്‍ന്നു.

ഹിന്ദി ചലചിത്രലോകത്ത് സംഗീതജ്ഞനായും സംഗീത സംവിധായകനായും അദ്ദേഹം പ്രവര്‍ത്തിച്ചു. 1957-ല്‍ മറാഠി ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്തെത്തിയത്. പിന്നീട് ഗുജറാത്തി ചിത്രങ്ങളിലും പാടി.  മൃണാള്‍ സെന്നിന്റെ 'ഭുവന്‍ഷോം' ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലെയും സരിഗമയുടെ ആല്‍ബങ്ങളിലെയും ആലാപനത്തിലൂടെ ശ്രദ്ധ നേടി. ഇതിനിടെ ബൈജു ബാവ്രയെന്ന ഗായകന്റെ വേഷത്തില്‍ ജര്‍മന്‍ ഡോക്യുമെന്ററിയില്‍ അഭിനയിക്കുകയും ചെയ്തു.

ഫിലിംസ്‌ ഡിവിഷന്‍ നിര്‍മിച്ച എഴുപതിലേറെ ഡോക്യുമെന്ററികള്‍ക്കു ശബ്ദം പകര്‍ന്ന് ദേശീയ രാജ്യാന്തര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. നൂര്‍ ജഹാന്‍, ഉമ്രാവ് ജാന്‍, ബദ്‌നാം ബസ്തി എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. വലിയ ശിഷ്യസമ്പത്തിന് ഉടമയായിരുന്നു ഗുലാം മുസ്തഫ ഖാന്‍. മന്നാഡേ, ആശ ഭോസ്ലേ, ഗീത ദത്ത്, എ.ആര്‍. റഹ്‌മാന്‍, സോനു നിഗം, ഹരിഹരന്‍, റാഷിദ് ഖാന്‍ തുടങ്ങി ഒട്ടേറെ പ്രമുഖരുടെ ഗുരുവായിരുന്നു അദ്ദേഹം

1991-ല്‍ പത്മശ്രീയും 2006-ല്‍ പത്മഭൂഷനും 2018-ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ചു. 2003-ല്‍ സംഗീത അക്കാദമി പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. ഭാര്യ: അമീന ബീഗം. മുര്‍താസ മുസ്തഫ, ഖാദര്‍ മുസ്തഫ, രബാനി മുസ്തഫ, ഹസ്സന്‍ മുസ്തഫ എന്നിവരാണ് മക്കള്‍.

Content Highlights: Ghulam Mustafa Khan Hindustani Play back singer Passed away .