വിതയുടെ കനകമുന്തിരികൾ ഈണത്തിനൊത്തും വിളയുമെന്ന സത്യം വിസ്മയത്തോടെ  ഗായകൻ ജി വേണുഗോപാൽ തിരിച്ചറിഞ്ഞത് ഒരു വ്യാഴവട്ടം മുൻപാണ്. സംഗീതജീവിതത്തിലെ മറക്കാനാവാത്ത അനുഭവം. 
 
വി കെ പ്രകാശ്‌ സംവിധാനം ചെയ്ത `പുനരധിവാസം' എന്ന പടത്തിന്റെ കമ്പോസിംഗ്  വേള.  ചെന്നൈയിലെ  എ വി എം സ്റ്റുഡിയോക്ക്  എതിരെ പണ്ടുണ്ടായിരുന്ന ആദിത്യ ഹോട്ടലാണ്  വേദി. പാട്ട് പഠിക്കാൻ വേണു ഹോട്ടൽ മുറിയിൽ ചെന്നപ്പോൾ ഗിരീഷ്‌ പുത്തഞ്ചേരിയും സംഗീത സംവിധായകൻ ലൂയി ബാങ്ക്സും ഉണ്ട് അവിടെ.
 
കണ്ടയുടൻ  ഗിരീഷ്‌ പറഞ്ഞു: ``ഇത്തവണ കുറച്ച്  കവിതകളാണ്  വേണുവിനു പാടാൻ വച്ചിരിക്കുന്നത്.''   തെല്ലൊരു നിരാശ തോന്നാതിരുന്നില്ല വേണുവിന്.  സാമാന്യം ദീർഘമായ ഒരു  ഇടവേളയ്ക്കു ശേഷം സിനിമയിൽ പാടാൻ കിട്ടിയ അവസരമാണ്.  ഒരു  മുഴുനീള ഗാനത്തിന് വേണ്ടി  മോഹിച്ചു പോയതിൽ തെറ്റില്ലല്ലോ. 


 
ഗാനസന്ദർഭം സംവിധായകനിൽ നിന്നു നേരത്തെ ചോദിച്ചറിഞ്ഞിരുന്ന ലൂയി ബാങ്ക്സ് കീബോർഡിൽ  പാശ്ചാത്യ സംഗീതത്തിലെ ബ്ലൂസിന്റെ അന്തരീക്ഷമുള്ള ട്യൂൺ വായിച്ചു കേൾപ്പിക്കുന്നു - മൈനർ സ്കെയിലിലുള്ള ഒരീണം.  അതു  കേൾക്കേണ്ട താമസം,  ഗിരീഷ്‌ രചന തുടങ്ങുകയായി. ഒന്നിന് പിറകെ ഒന്നായി കടലാസിൽ കുനുകുനാ ചിതറി വീഴുന്ന അക്ഷരങ്ങൾ. അമ്പരപ്പോടെ ആ വാക്പ്രവാഹം  ആസ്വദിക്കുകയായിരുന്നു വേണു. ``അഞ്ചു  നിമിഷത്തിനകം,  എഴുതി തീർന്ന കടലാസ് ഗിരീഷ്‌ എന്റെ നേർക്ക്‌ നീട്ടി. അതീവഹൃദ്യമായ ഒരു കൊച്ചു കവിത: ``കനകമുന്തിരികൾ മണികൾ കോർക്കുമൊരു പുലരിയിൽ, ഒരു കുരുന്നു കുനു ചിറകുമായ് വരിക ശലഭമേ, സൂര്യനെ ധ്യാനിക്കുമീ പൂ പോലെ ഞാൻ മിഴി പൂട്ടവേ, വേനൽ കൊള്ളും നെറുകിൽ മെല്ലെ നീ തൊട്ടൂ.....'' 


 
വായിച്ചു നോക്കി തരിച്ചിരുന്നു പോയി വേണു.  ``എന്റെ പരിഭവമെല്ലാം ആ വരികളിൽ അലിഞ്ഞു അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. ഇന്നും ലോകത്തിന്റെ മുക്കിലും മൂലയിലും കണ്ടുമുട്ടുന്ന എത്രയോ മലയാളികൾ അവരുടെ പ്രിയഗാനമായി കനകമുന്തിരികൾ എടുത്തു പറയുമ്പോൾ അറിയാതെ ഗിരീഷിനെ ഓർത്തു പോകാറുണ്ട്. ''

രവിമേനോന്റെ സ്വര്‍ണചാമരം എന്ന പുസ്തകത്തില്‍ നിന്ന്

Content Highlights: G Venugopal, singer kanaka munthirikal song, Punaradhivasam, Nandita das, Manoj K Jayan