-
കോവിഡ് 19 ദുരിതങ്ങൾ അവസാനിക്കുംമുമ്പെയാണ് കാലവർഷം ശക്തിപ്രാപിച്ചത്. അതിശക്തമായ കാറ്റും മഴയും കേരളത്തിൽ മൂന്നാമതും പ്രളയം സൃഷ്ടിച്ചു. ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഇടുക്കി ജില്ലയിലെ പെട്ടിമുടി എന്ന നാടിനെ കാർന്നുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലെ അപകടമുണ്ടായത്. തുടരെ തുടരെയായി എത്തിക്കൊണ്ടിരിക്കുന്ന ദുരന്തങ്ങളെക്കുറിച്ച് പ്രതികരിക്കുകയാണ് ഗായകൻ ജി വേണുഗോപാൽ. വേണുഗോപാലിന്റെ വേദനയോടെയുള്ള പോസ്റ്റ് ചർച്ചയാകുകയാണ്.
ജി വേണുഗോപാലിന്റെ ഫേസ്ബുക്ക്പോസ്റ്റിന്റെ പൂർണരൂപം
ഇക്കഴിഞ്ഞ ആറു മാസങ്ങളായി ലോകമെങ്ങും നടമാടുന്ന രോഗപീഢ, മരണ, ദുരിതങ്ങൾക്കിടയിൽ മനസ്സ് കുളിർക്കാൻ ഇടയ്ക്കിടയ്ക്കെത്തിയിരുന്നത് കനിവിന്റെയും അതിജീവനത്തിന്റെയും കഥകൾ മാത്രമായിരുന്നു. ഇപ്പോൾ, തുടർച്ചയായിത് മൂന്നാം വർഷവും കേരളത്തിന്റെ വടക്ക്, മദ്ധ്യ പ്രദേശങ്ങൾ പേമാരിയിൽ അടിഞ്ഞൊടുങ്ങുമ്പോൾ, ഭൂമി പിളർന്ന് ഉടലോടെ മനുഷ്യരെ വിഴുങ്ങുമ്പോൾ, 'ഇത്രയും പോരാ ' എന്ന ഉഗ്ര ശാസനയോടെ വിധിയുടെ ഖഡ്ഗം ഇരുട്ടത്ത് വെട്ടിത്തിളങ്ങി വീണ്ടും ആഞ്ഞാഞ്ഞ് പതിക്കുന്നു. എങ്ങും ആർത്തനാദങ്ങൾ, പാതി വെന്ത ശരീരങ്ങളിൽ നിന്നും ആയുസ്സ് നീട്ടുവാനുള്ള യാചനകൾ.
ഇനിയും മതിയായില്ലേ? ഇത്രയും പോരേ ക്രൂര വിനോദം ?
കൊട്ടിക്കയറിയ തായമ്പകയുടെ അവസാന കുട്ടപ്പൊരിച്ചിൽ പോലെ, തനിയാവർത്തന മേളയിൽ അതി ദ്രുതഗതിയിലെ വിന്യാസം പോലെ, വിധിയുടെ ഈ മൃഗീയ സിംഫണി ഇവിടെയവസാനിച്ചാലും! ഇനിയൊരു കലാശക്കൊട്ടിന് കാണികൾ അവശേഷിക്കുന്നുണ്ടാകില്ല.??
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..