ഫീൽഡ് ഔട്ടായ 6 വർഷങ്ങൾ, സം​ഗീത രം​ഗത്തേക്ക് തിരിച്ചു കൊണ്ടുവന്ന വി.കെ.പി; വേണു​ഗോപാൽ പറയുന്നു


ജീവിതം കയറ്റിറക്കങ്ങളാൽ സമ്മിശ്രം എന്നൊക്കെ കേട്ടിട്ടുണ്ട്. ഈ ആറ് വർഷങ്ങളും ഞാൻ ഇറങ്ങിക്കൊണ്ടേയിരുന്നു. ഇനി താഴേക്കൊരിടമുണ്ടോ എന്ന് സംശയം ജനിപ്പിച്ച ഒരു കെട്ട സമയം.

-

പുനരധിവാസം എന്ന സിനിമയുടെ സംവിധായകൻ വികെ പ്രകാശ് അല്ലായിരുന്നുവെങ്കിൽ സിനിമാ സംഗീത രംഗത്തേക്ക് താൻ ഒരിക്കലും തിരിച്ച് വരില്ലായിരുന്നുവെന്ന് ​ഗായകൻ ജി.വേണു​ഗോപാൽ. സംഗീത ജീവിത്തിലെ വെല്ലുവിളി നിറഞ്ഞ കാലത്തെക്കുറിച്ചും അവിടേക്ക് വികെപിയുടെ കടന്നുവരവോടെ സംഭവിച്ച വഴിത്തിരിവിനെക്കുറിച്ചുമാണ് വേണു​ഗോപാൽ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

വേണു​ഗോപാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

വിഷുപ്പക്ഷി പാടിത്തുടങ്ങിയ നാൾ...

തൊണ്ണൂറ്റിമൂന്ന് മുതൽ തൊണ്ണൂറ്റി ഒൻപത് വരെ സിനിമാ സംഗീത രംഗത്ത് നിന്ന് പരിപൂർണ്ണമായും ഫീൽഡ് ഔട്ടായ സമയം! എന്ത്, എവിടെയാണ് കാൽ പിഴച്ചത് എന്നു പോലും തിരിച്ചറിയാനാവാത്ത നാളുകൾ. ജീവിതം കയറ്റിറക്കങ്ങളാൽ സമ്മിശ്രം എന്നൊക്കെ കേട്ടിട്ടുണ്ട്. ഈ ആറ് വർഷങ്ങളും ഞാൻ ഇറങ്ങിക്കൊണ്ടേയിരുന്നു. ഇനി താഴേക്കൊരിടമുണ്ടോ എന്ന് സംശയം ജനിപ്പിച്ച ഒരു കെട്ട സമയം. ആകാശവാണിയിലെ ജോലി മനസ്സ് കൊണ്ട് വിട്ട് കഴിഞ്ഞിരുന്നു, തൊണ്ണൂറ്റി അഞ്ചിൽത്തന്നെ. ശമ്പളമില്ലാത്ത ലീവിലും unauthorised absence ലും ചെന്നെയിൽത്തന്നെ തുടരുകയായിരുന്നു, ഒരു ഗാനാഗ്രഹിയും സംഗീത അന്വേഷിയുമായിട്ട്. തൊടുന്നതെല്ലാം പൊട്ടിത്തകരുന്നു. മനസ്സിലെ കാർമേഘങ്ങൾക്ക് ഇരുട്ടും വ്യാപ്തിയും കൂടിക്കൊണ്ടിരുന്നു.

ബെസൻ്റ് നഗറിൽ ഞങ്ങളുടെ അപ്പാർട്ട്മെൻ്റിനടുത്ത് താമസിക്കുന്ന അടുത്ത കുടുംബ സുഹൃത്തുക്കളായ വേണുവും പത്മജയും അഡ്വർട്ടൈസിംഗ് ഫീൽഡിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ഒരു ദിവസം വേണു വിളിക്കുന്നു... " നമുക്കൊരാളെ പരിചയപ്പെടാനുണ്ട്... ഗുണമുള്ള കേസാ .. ഇയാളുടെ പാട്ട് വലിയ പിടുത്തമാണ്. ചെന്നൈ അപ്പോളോ ഹോസ്പിറ്റലിനടുത്തുള്ള ഒരു ഹോട്ടലിൽ വേണുവിൻ്റെ കാറിൽ ഞങ്ങളെത്തുന്നു.

റൂം തുറന്ന് അകത്തേക്ക് ക്ഷണിച്ച ആൾ "ഏതോ വാർമുകിലിൽ " പാടിക്കൊണ്ടെന്നെ എതിരേറ്റു. പരിചയപ്പെടുത്താനും പരിചയപ്പെടുവാനുമുള്ള സാവകാശം നിഷേധിച്ച് കൊണ്ടയാൾ പാടിക്കൊണ്ടേയിരുന്നു, മുഴുവനും എൻ്റെ പാട്ടുകൾ. ഉണരുമീ ഗാനം, താനേ പൂവിട്ട മോഹം, കാണാനഴകുള്ള, അങ്ങനെ ഓരോരോ ഗാനങ്ങളായി, എല്ലാം സ്വന്തം ടൂണിലും. പക്ഷേ അയാൾക്ക് ചുറ്റും ഒരൂർജ്ജ വലയം ഉണ്ടായിരുന്നു. Infectious energy എന്ന് പറയാം. സുസ്മേരവദനനായി, സ്വന്തം ട്യൂണിൽ ഒരു ഒൻപത് പാട്ട്കൾ പാടിയതിന് ശേഷം അയാൾ കൈ നീട്ടി. "ഞാൻ വി.കെ. പ്രകാശ്. ട്രെൻഡ്സ് അഡ്വൈർട്ടൈസിങ് " . കിട്ടിയ ഗ്യാപ്പിൽ വേണു എന്നെ പരിചയപ്പെടുത്തി, "ആളൊരു പുലിയാ, കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ഏറ്റവും നല്ല ആഡ് കാംപൈനുള്ള അവാർഡ് ലഭിച്ച പുള്ളിയാ". വി.കെ.പി. അപ്പോഴേക്കും ജയേട്ടൻ്റെ ഗാനങ്ങളിലേക്ക് കയറിക്കഴിഞ്ഞിരുന്നു. അങ്ങനെ രണ്ട് മണിക്കൂർ നീണ്ട ഗാനസദിരിന് ശേഷം വെളിയിലിറങ്ങി ഞാൻ വേണുവിനോട് ചോദിച്ചു..... " വട്ടാണോ?" വേണു പറഞ്ഞ് മനസ്സിലാക്കിത്തന്നു, വളരെ ക്രിയേറ്റീവ് ആയ വ്യക്തിയാണ്. പുള്ളിക്കാരൻ ഒരു സിനിമ ചെയ്യാനുള്ള പുറപ്പാടിലാണ്.

എന്തായാലും അടുത്ത രണ്ട് മാസങ്ങൾ പഴയതുപോലെത്തന്നെ സംഭവരഹിതവും വിരസങ്ങളുമായി അടർന്നുവീണു. ഒരു പകൽ ഗിരീഷ് (പുത്തൻചേരി) വിളിക്കുന്നു. ഞാനിവിടെ ഹോട്ടൽ "ആദിത്യ "യിൽ ഉണ്ട്. വേണുവേട്ടനൊന്നിവിടംവരെ വരണം. ഒരു കവിതയുണ്ട്. മനസ്സ് പ്രത്യേകിച്ച് സന്തോഷത്താൽ തുള്ളിച്ചാടിയൊന്നുമില്ല. ഓ... പാട്ടുകളൊക്കെ മറ്റുള്ളവർക്ക് കൊടുത്തിട്ട് ഇതാ കവിതയിൽ തളച്ചിടാൻ എന്നെ വിളിക്കുന്നു, ഇതായിരുന്നു എൻ്റെ സംശയം. മാത്രമല്ല കുറച്ച് പരിഭവങ്ങളും ഗിരീഷിനോടുണ്ടായിരുന്നു. മനസ്സിൽ കുത്തുവാക്കുകളുടെ കത്തിയുമൊളിപ്പിച്ചാണ് ഞാൻ ആദിത്യയിലെത്തുന്നത്. എൻ്റെയും ഗിരീഷിൻ്റെയും സമാഗമങ്ങൾ പലതും കലഹത്തിൽ തുടങ്ങുകയോ അല്ലെങ്കിൽ കലഹത്തിലവസാനിക്കുകയോ ആയിരുന്നു പതിവ്. അതൊക്കെ വേറൊരവസരത്തിൽ പറയാം.

" വേണുവേട്ടാ ഇത് മലയാളം അടുത്തുകൂടി പോകാത്ത രണ്ടാശാന്മാനാരാണ് സംഗീതം നൽകുന്നത്. ലൂയി ബാങ്ക്സും ശിവമണിയും. ഈ കവിത അവർക്ക് വായിച്ചെടുക്കുവാൻ പറ്റില്ല. നമുക്കിത് സംഗീതം നൽകാം." ഞാൻ ചോദിച്ചു, " ആരാ സിനിമാ ഡയറക്ടർ? "
"ഒരു പ്രകാശാ, വി.കെ.പി. എന്ന് പറയും." പെട്ടെന്നെനിക്ക് കത്തി, ഒരു രാത്രി മുഴുവൻ സർവ്വ സുപരിചിതമായ സിനിമാ പാട്ടുകളെല്ലാം സ്വന്തം ഈണത്തിലാക്കി നിറച്ച വ്യക്തി. " അപ്പോൾ പുള്ളിക്ക് വട്ടില്ലല്ലേ" എൻ്റെ ആത്മഗതം ഒരൽപ്പം ഉറക്കെയായിപ്പോയോ എന്ന് ഞാൻ പേടിച്ചു. ഗിരീഷ് കവിതയുടെ സന്ദർഭം വിശദീകരിച്ചു. നിരാശയിലാണ് തുടക്കം. പോകെപ്പോകെ പ്രത്യാശയിലേക്കും ഗൂഢപ്രണയത്തിലേക്കും വാതിൽ തുറക്കുന്ന ഈരടികൾ. ശുഭപന്തുവരാളിയിൽ തുടങ്ങി ഹംസനാദത്തിലൂടെ സഞ്ചരിച്ച് കർണ്ണാടിക്ക് കാപ്പി രാഗത്തിൽ ആ കവിത അവസാനിക്കും. മുപ്പത് മിനിറ്റ് പോലുമെടുത്തില്ല കമ്പോസിങ്ങിന് .

അങ്ങനെ ആ ഒരു കവിത പാടുവാൻ മൌണ്ട് റോഡിലെ VGP സ്റ്റുഡിയോയിലെത്തിയ എന്നെ വി.കെ.പി. എന്ന പുതുമുഖ ഡൈറക്ടർ, "പുനരധിവാസം" എന്ന തൻ്റെ സിനിമയിലെ ഗാന വിഭാഗം മുഴുവൻ ഏൽപ്പിച്ചു. ആദ്യമായാണ് സ്ഥിരം സിനിമാ മാമൂലുകളിൽ നിന്നും, ജാടകളിൽ നിന്നുമെല്ലാം മാറി നിൽക്കുന്ന വ്യക്തിത്വമുള്ള ഒരു സിനിമാക്കാരനെ പരിചയപ്പെടുന്നത്. സിനിമക്ക് സാധാരണ പറഞ്ഞിട്ടില്ലാത്ത സത്യസന്ധതയും ആർജ്ജവവും കൈമുതലായുള്ള വി.കെ.പി.യോട് ഞാൻ പെട്ടെന്നടുത്തു. റിക്കാർഡിങ്ങും സംഗീത ചർച്ചകളും നിറഞ്ഞ് നിന്ന ആ മൂന്ന് നാളുകളിൽ ഞങ്ങൾ ആത്മമിത്രങ്ങളായിത്തീർന്നു. പിയാനോയിൽ മിന്നൽപ്പിണർ പോലെ വിരലുകൾ ചലിപ്പിച്ചിരുന്ന ലൂയി ബാങ്ക്സിൻ്റെ പ്രതിഭ എന്നെ വളരെയേറെ ആകർഷിച്ചു.

ഇതിനിടയിൽ അത്യാവശ്യം ഉദ്വേഗം നിറഞ്ഞ നിമിഷങ്ങളും അണിയറക്ക് പിന്നിൽ എന്നെ മുൾമുനയിൽ നിർത്തിയിരുന്നു. ഒരു നീണ്ട ഗ്യാപ്പിന് ശേഷം പ്രധാനപ്പെട്ട ഒരു സിനിമയിലെ മുഴുവൻ ഗാനങ്ങളും പാടുന്ന മുഖ്യധാരയിലില്ലാത്ത ഒരു ഗായകനെ തുടർന്നും ഫീൽഡിന് പുറത്ത് നിർത്താൻ ചിലർ ശ്രമിച്ചു കൊണ്ടേയിരുന്നു. വി കെ പി യുടെ കടുംപിടിത്തമില്ലായിരുന്നെങ്കിൽ ഇവിടെയും, സാധാരണ സിനിമാരംഗത്ത് സംഭവിക്കുന്നതെല്ലാം സംഭവിച്ചേനേ. പല ഗാനങ്ങളുമെന്ന പോലെ പുനരധിവാസത്തിലെ ഗാനങ്ങളും എനിക്ക് നഷ്ടപ്പെട്ടേനെ!

2000 ത്തിലെ നാഷണൽ ഫിലിംസ് അവാർഡ് സാധ്യതാ ലിസ്റ്റിൽ പുനരരധിവാസത്തിലെ ഗാനങ്ങൾ എന്നെ ലാസ്റ്റ് റൗണ്ട് വരെ കൊണ്ട് ചെന്നെത്തിച്ചു. വി കെ പി അല്ലായിരുന്നു ആ സിനിമയുടെ സംവിധായകനെങ്കിൽ ഒരു പക്ഷേ സിനിമാ സംഗീത രംഗത്തേക്ക് ഞാൻ ഒരിക്കലും തിരിച്ച് വരില്ലായിരുന്നു. വി കെ പി യുടെ ഒട്ടനവധി സിനിമകൾക്ക്, ഹിന്ദിയുൾപ്പെടെ, ഞാൻ പിന്നീട് ശബ്ദം പകരുകയുണ്ടായി.

രണ്ടായിരമാണ്ടിലെ ഏറ്റവും നല്ല പിന്നണിഗായകനുള്ള നാഷണൽ അവാർഡ് എന്നെ കൈവിട്ടെങ്കിലും രണ്ടായിരത്തിലെ ആദ്യ ദിനങ്ങളിൽ മറെറാരവാർഡ് എന്നെത്തേടി വന്നു. അതെന്നെ വിട്ടു പോയിട്ടുമില്ല ഇന്നേവരെ. ഒത്തിരി വാശിയും, ഇത്തിരി സ്നേഹവും, അത്യാവശ്യം കുശുമ്പും കുന്നായ്മയും, മലർക്കെ ചിരിയും, മിണ്ടുമ്പോൾ കണ്ണീരുമൊക്കെയുള്ള ഒരു മകം നക്ഷത്രക്കാരി. ദേഷ്യക്കാരി. സുന്ദരി. എൻ്റെ മോൾ അമ്മുക്കുട്ടി.

Content Highlights : G Venugopal about VK Prakash Punaradhivasam Movie Songs


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented