മലയാളത്തിലെ ആദ്യത്തെ ഹിപ്പ് ഹോപ്പ് സംഗീത ആല്‍ബമായ നേറ്റീവ് ബാപ്പയുടെ രണ്ടാം ഭാഗം 'ഫ്യൂണറല്‍ ഓഫ് എ നേറ്റീവ് സണ്‍' പുറത്തിറങ്ങി. മുഹ്‌സിന്‍ പരാരിതന്നെയാണ് ആല്‍ബത്തിന്റെ സംവിധാനം. മാമുക്കോയ തന്നെ ഈ ആല്‍ബത്തിലും പ്രധാന വേഷത്തില്‍ എത്തുന്നു.

ആത്മഹത്യ ചെയ്ത ഹൈദരബാദ് സര്‍വ്വകലാശാലയിലെ ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയക്ക് സമര്‍പ്പിച്ചുകൊണ്ടാണ് പുതിയ ഭാഗം പുറത്തിറക്കിയിരിക്കുന്നത്.

മാപ്പിള ലഹള എന്ന മ്യൂസിക് ബാന്‍ഡിന്റെ ബാനറില്‍ നിര്‍മ്മിച്ച 'നേറ്റീവ് ബാപ്പ' എന്ന ആല്‍ബം വ്യത്യസ്തമായ അവതരണ രീതികൊണ്ടും കൈകാര്യം ചെയ്ത വിഷയത്തിന്റെ പ്രത്യേകതകൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തീവ്രവാദിയാക്കി മുദ്രകുത്തപ്പെട്ട സ്വന്തം മകനെകുറിച്ച് ഒരു മലപ്പുറത്തെ ഒരു നാടന്‍ ബാപ്പ പറയുന്ന കാര്യങ്ങളാണ് ഇതിന്റെ ഇതിവൃത്യം. 

രോഹിത് വെമുല വിഷയം ചൂടുപിടിച്ച പശ്ചാത്തലത്തിലാണ് നേറ്റീവ് ബാപ്പയുടെ അടുത്ത ഭാഗമൊരുക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുന്നത്. മാപ്പിള ലഹള ബാന്റും ബോധി സൈലന്റ് സ്‌കേപ്പും ഒന്നിച്ചാണ് പുതിയ ആല്‍ബം നിര്‍മ്മിച്ചത്. 

സന്തോഷ് വര്‍മ്മ, മുഹ്‌സിന്‍ പരാരി, ഹാരിസ് എന്നിവരൊരുക്കിയ വരികള്‍ക്ക് ബിജിപാല്‍ ആണ്‍ ഈണം നല്‍കിയത്.