സംഗീതത്തിന് മാത്രം നല്‍കാന്‍ കഴിയുന്ന ചില ആശ്വസിപ്പിക്കലുകളുണ്ട്. എത്ര സങ്കടങ്ങളിലിരുന്നാലും ഒരു പാട്ടു കേള്‍ക്കുമ്പോള്‍ മനസ്സുണര്‍ന്നു പോകുന്നതെന്തു കൊണ്ടാകാം? ചില പാട്ടുകള്‍ തൊടുമ്പോള്‍ വിഷാദങ്ങളുടെ ഉച്ചസ്ഥായിയില്‍ കരയാന്‍ തോന്നുന്നതിന്റെ കാരണമെന്താകും? മനുഷ്യന്റെ വൈകാരികതകളെ തൊടാന്‍ സംഗീതത്തിന് കഴിയുമെന്ന കണ്ടെത്തല്‍ ആദികാലം മുതല്‍ക്കു തന്നെ ഉണ്ടായിരുന്നിരിക്കണം. അല്ലെങ്കില്‍ ഒരു ശബ്ദത്തില്‍ പ്രപഞ്ചമുണരില്ലല്ലോ. ലോകത്തില്‍ ജീവന്‍ പൊട്ടി മുളയ്ക്കില്ലല്ലോ...

പലര്‍ക്കും ജീവനും ജീവിതവും സംഗീതമാകുന്നുണ്ട്. ജീവിതവും സംഗീതവും തുലനം ചെയ്തു നോക്കിയപ്പോള്‍ സംഗീതം ഇല്ലാത്തൊരു ലോകത്തെ രണ്ടാമതൊന്ന് ആലോചിക്കാതെ പാട്ടുകാരി വൈക്കം വിജയലക്ഷ്മി വലിച്ചെറിഞ്ഞതും അതെ സംഗീതം ജീവിതമായിരുന്നതുകൊണ്ടു തന്നെയാണ്. സംഗീതത്തെ ഒരുപക്ഷെ ഏറ്റവുമധികം കൊണ്ട് നടക്കുന്നവര്‍ ശാസ്ത്രീയമായി അതിനെ ഉപയോഗിക്കുന്നവരാണെങ്കില്‍ കൂടിയും സാധാരണക്കാരിലേക്ക് പാട്ടുകളെ ഇറക്കികൊണ്ടു വന്നത് സിനിമകളും അവയിലെ പാട്ടുകളുമായിരുന്നു. എങ്കിലും സ്‌ക്രീനിനുള്ളിലെ വര്‍ണപ്പകിട്ടിനുള്ളില്‍ കണ്ടും കേട്ടും ആസ്വദിക്കുന്ന പാട്ടുകള്‍ കണ്മുന്നില്‍ നിന്നു വര്‍ണങ്ങളുടെ പൊലിയ്മയില്ലാതെ ഒരാള്‍ പാടുമ്പോള്‍ അതിനിടയില്‍ സംവദിക്കുന്നത് ഗാനവും അതിലെ വരികളും പിന്നെ കേള്‍വിയും മാത്രമാകുന്നു. അതുകൊണ്ടു തന്നെയാണ് ഗാനമേള ഗ്രൂപ്പുകളുടെ സജീവ സാന്നിധ്യം ഇന്നും നമുക്കിടയില്‍ സജീവമായി നിലനില്‍ക്കുന്നതും.

പാട്ടുകള്‍ പലര്‍ക്കും ആശ്വാസമാണ്, വീടുകളില്‍ തനിച്ചിരിക്കുമ്പോള്‍ ഇഷ്ടമുള്ള ഒരുപാട്ടിന്റെ കൂട്ടുണ്ടെങ്കില്‍ ഒറ്റപ്പെടല്‍ എത്രയോ ദൂരെ പോകുന്നത് പോലെയാണ് ചിലര്‍ക്കൊക്കെ സംഗീതം. ഒരുപക്ഷെ അത്തരം ഏകാന്തതകളില്‍ പാട്ടുകളെ ചേര്‍ത്തുപിടിക്കുന്നവര്‍ കൂടുതലും വീടിനുള്ളില്‍ മാത്രം ഒറ്റപ്പെട്ടിരിക്കുന്നവരാകാം. നടക്കാന്‍ വയ്യാതെ അകത്തിരുന്നു പോയവരുടെ എണ്ണം കേരളത്തില്‍ എണ്ണിയാല്‍ തീരില്ല. ടെലിവിഷന്റെയും വായനയുടെയും ലോകത്ത് നിന്നും പുറത്തു കടക്കാന്‍ കൊതിച്ചിരുന്ന അത്തരം ചിലരില്‍ നിന്നാണ് ചക്രക്കസേരകളിലെ സ്വാതന്ത്ര്യത്തിന്റെ സംഗീതമുണ്ടാകുന്നത്. പെരുമ്പാവൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ സംഘടനയായ തണല്‍, പാരാപ്ലീജിക് പീപ്പിള്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ അഞ്ചു പേരുള്ള ഗാനമേള ട്രൂപ്പ് തുടങ്ങുമ്പോള്‍ ഉള്ളിലുള്ള സംഗീതം ആഘോഷിക്കണമെന്നു മാത്രമേ ഈ ചക്രക്കസേരകളില്‍ ഇരിക്കുന്നവര്‍ക്കുണ്ടായിരുന്നുള്ളൂ. എന്നാല്‍ 'ഫ്രീഡം ഓണ്‍ വീല്‍സ്' എന്ന് പേരുള്ള ഈ ഗാനമേള ട്രൂപ്പ് ഇപ്പോള്‍ മധ്യ കേരളത്തിലെ സിനിമാപാട്ടു പ്രേമികളില്‍ പുതിയ വിപ്ലവം രചിക്കുന്നു.

wheels

പാലിയേറ്റിവിന്റെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആയിരുന്ന ഡോ. മാത്യൂസ് ഒന്നിച്ചുചേര്‍ത്തതാണ് ഈ ചക്രകസേരയിലെ പാട്ടുകാരെ. വീടിനുള്ളിലെ ഇരുട്ടിലും ഏകാന്തതയിലും ഇരുന്നു മരവിച്ചും അവനവന്റെ ജോലികളിലും ആനന്ദങ്ങളിലും മുഴുകിയിരുന്ന പലരെയും പാലിയേറ്റിവ് കേരള സംഘടിപ്പിക്കുന്ന പരിപാടികളില്‍ എത്തിച്ച് അവരിലെ കലാ മികവുകള്‍ കണ്ടറിഞ്ഞ വ്യക്തിയെന്ന നിലയില്‍ ഡോ. മാത്യൂസിനാണ് ഫ്രീഡം ഓണ്‍ വീല്‍സ് എന്ന ഗാനമേള ട്രൂപ്പിന്റെ ക്രെഡിറ്റെന്നു ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി ഉണ്ണിമാക്‌സ് പറയുന്നു. പാലിയേറ്റവിന്റെ പരിപാടികള്‍ക്കിടയില്‍ ശരത്തും ഉണ്ണിമാക്‌സും ധന്യയും ഉള്‍പ്പെടെ പലരും പാടിയിരുന്ന പാട്ടുകള്‍ എന്തുകൊണ്ട് ഒന്നിച്ചു നിന്നു ഒരു ട്രൂപ്പാക്കി മറ്റുള്ളവര്‍ക്കും വേണ്ടി പഠിക്കൂടാ എന്ന ഡോ. മാത്യൂസിന്റെ ചോദ്യം അത്ര നിസ്സാരമായിരുന്നില്ല! കാരണം ആരും പാട്ടു പഠിച്ചവരല്ല, പാട്ടിനോടുള്ള സ്‌നേഹം കൊണ്ട് പാട്ടു പാടാനറിയാമെന്ന മറ്റുള്ളവരുടെ അഭിപ്രായം കേട്ടും പാട്ടു പാടി തുടങ്ങിയവരാണിവര്‍.

wheels

മൂന്നു വര്‍ഷമായി ഫ്രീഡം ഓണ്‍ വീല്‍സ് പൊതുവേദികളില്‍ പാട്ടുകള്‍ പാടാന്‍ തുടങ്ങിയിട്ട്. ട്രൂപ്പിലെ ആകെയുള്ള പെണ്‍തരിയാണ് ധന്യ ഗോപിനാഥ്. പ്ലസ് റ്റു കഴിഞ്ഞു ഒപ്‌റ്റോമെട്രി പഠിക്കുമ്പോള്‍ തുടങ്ങിയ നടുവേദന നഷ്ടമാക്കിയതാണ് ധന്യയുടെ ചലന ശേഷി. നട്ടെല്ലിനുള്ളിലെ ടൂമറിന്റെ ആക്രമണം അവസാനിച്ചെങ്കിലും പിന്നീട് ജീവിതം വീല്‍ചെയറിനുള്ളിലായി. പക്ഷെ ചക്രങ്ങള്‍ക്കുള്ളില്‍ കുരുങ്ങിയതായിരുന്നില്ല ധന്യയുടെ ജീവിതം. ചാരിറ്റബിള്‍ സംഘടനയുടെ പാലിയേറ്റിവ് വിഭാഗം കോ-ഓര്‍ഡിനേറ്ററാണ് ധന്യ ഇപ്പോള്‍. കേരളം മുഴുവന്‍ വീല്‍ച്ചെയറിലിരുന്നുള്ള ആളുകള്‍ നിര്‍മിക്കുന്ന സോപ്പ് പൊടിയുടെയും മറ്റു ഉല്‍പ്പന്നങ്ങളുടെയും കവര്‍ വിതരണം ചെയ്യുന്ന ജോലിയാണ് ധന്യയ്ക്ക്. ഒപ്പം ഗാനമേളയിലെ പാട്ടും. ചിത്രച്ചേച്ചിയുടെ പാട്ടുകളെ ഏറെ സ്‌നേഹിക്കുന്ന ധന്യ വേദിയില്‍ തിരഞ്ഞെടുക്കുന്നതും ചിത്രയുടെ പാട്ടുകള്‍ തന്നെ.

പാരാപ്ലീജില്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ഫെയ്‌സ്ബുക്ക് സംഘടനയായ തണലിന്റെ ജില്ലാ കോ-ഓര്‍ഡിനേറ്ററായ ശരത്ത് ആണ് ഫ്രീഡം ഓണ്‍ വീല്‍സ് എന്ന ഗാനമേള ട്രൂപ്പിന്റെ മുഖ്യ സംഘാടകന്‍. ബൈക്ക് യാത്രയ്ക്കിടയില്‍ ബ്ലഡ് പ്രഷര്‍ കൂടി ബോധത്തിന്റെ കണിക നഷ്ടമാകുമ്പോള്‍ തിരികെ ജീവിതത്തിലേയ്ക്ക് വരുമെന്ന് ശരത്തിനു പ്രതീക്ഷയുണ്ടായിരുന്നില്ല. പക്ഷെ തിരികെയെത്തുമ്പോള്‍ അദ്ദേഹത്തിന്റെ നട്ടെല്ലിന് ക്ഷതം സംഭവിച്ചിരുന്നു. നീണ്ട ചികിത്സയ്‌ക്കൊടുവില്‍ വീല്‍ച്ചെയറിനുള്ളില്‍ ഇരുന്നു തുടങ്ങുമ്പോഴും ശരത് ആത്മവിശ്വാസം കൈവിട്ടില്ല. പാലിയേറ്റിവ് എറണാകുളം ജില്ലയുടെ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന ശരത്തിന്റെ നേതൃത്വത്തിലാണ് ട്രൂപ്പിന്റെ പ്രധാനപ്പെട്ട പരിപാടികള്‍ കൂടുതലും നടക്കുന്നതും. ഗാനമേളയില്‍ നാടന്‍പാട്ടില്‍ പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുണ്ട് ശരത്. എവിടെ പങ്കെടുത്താലും സദസ്സിന്റെ പ്രത്യേക അഭ്യര്‍ഥനയില്‍ കലാഭവന്‍ മണിയുടെ നാടന്‍ ഈണങ്ങള്‍ ശരത്ത് ഒഴിവാക്കാറില്ല.

പാരാപ്ലീജിക് പീപ്പിള്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ സെക്രട്ടറി ഉണ്ണിമാക്‌സ് അടിസ്ഥാനപരമായി സംഗീത കുടുംബത്തിലെ അംഗമാണ്. കോട്ടയ്ക്കല്‍ പി.എസ്.വിയിലെ കഥകളി പാട്ടുകാരനായിരുന്ന കോട്ടയ്ക്കല്‍ പരമേശ്വരന്‍ നമ്പൂതിരിയുടെ മകന് സംഗീതം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്. അടിച്ചു പൊളി ഈണങ്ങളെക്കാള്‍ അതുകൊണ്ടു തന്നെ ഗാനമേളയില്‍ അദ്ദേഹം തിരഞ്ഞെടുക്കുക രാഗപ്രാധാന്യമുള്ള പാട്ടുകളാണ്. ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ ഒരു വണ്ടി അപകടത്തില്‍ വച്ച് നട്ടെല്ലിന് അപകടം സംഭവിച്ച ഉണ്ണിമാക്‌സിന്റെ നേതൃത്വത്തിലാണ് തണല്‍ എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് തുടങ്ങി വച്ചതും. മികച്ച ഗ്രാഫിക് ഡിസൈനറുമാണ് ഉണ്ണി.

മാര്‍ട്ടിന്‍ നെട്ടൂര്‍ ഫ്രീഡം ഓണ്‍ വീല്‍സിന്റെ പരിപാടികള്‍ പാടാനെത്തുന്നത് പള്ളിയിലെ ക്വയര്‍ ഗ്രൂപ്പിന്റെ പ്രധാന പാട്ടുകാരനായി നിന്ന് കൊണ്ടാണ്, ഒപ്പം പാലിയേറ്റിവ് പരിപാടികളിലെ സ്ഥിരം സംഗീത സാന്നിധ്യമായും. പോളിയോ ബാധയെ തുടര്‍ന്ന് കാലുകള്‍ക്ക് നടക്കാനുള്ള ശേഷി നഷ്ടപ്പെട്ടെങ്കിലും അതൊന്നും മാര്‍ട്ടിനെ ഒരിക്കലും തളര്‍ത്തിയതേയില്ല. പകരം കൂടുതല്‍ ആര്‍ജ്ജവത്തോടെ ചെറിയ പരിപാടികളില്‍ നിന്നും ചക്രകസേരയുരുട്ടി വേദികളിലേക്ക് അദ്ദേഹം ഓടിക്കയറി, പിന്നെ 'അയാമേ ഡിസ്‌ക്കോഡാന്‍സര്‍ ..' എന്ന പാട്ടു ഉറക്കെ പാടി. സോഫ്റ്റായതും ഫാസ്റ്റായുള്ളതുമായ എല്ലാ പാട്ടുകളും അനായാസേന പാടുന്ന മാര്‍ട്ടിന്റെ സ്വര മാധുരി ട്രൂപ്പിന്റെ സമ്പത്ത് തന്നെയാണ്.

വാഗമണ്‍ സ്വദേശിയായ സജി ട്രൂപ്പിലെത്തിയിട്ട് അധിക കാലമായിട്ടില്ല. അപകടത്തില്‍ പെട്ട് തളര്‍ന്നു പോയ കാലുകള്‍ക്കു പകരമായി തുറന്നു ചിരിയ്ക്കാന്‍ കഴിയുന്ന മനോഹരമായ മനസ്സും തുറന്നു പാടുന്ന തൊണ്ടയും തന്നെയാണ് സജിയ്ക്ക് ലഭിച്ചത്. സ്വാശ്രയ എന്ന ചാരിറ്റി ട്രസ്റ്റിന്റെ കീഴിലെ അന്തേവാസിയായ സജി സ്വന്തമായി വീടുണ്ടെങ്കിലും തന്നെപ്പോലെയുള്ള ആള്‍ക്കാരുടെ ഒപ്പമാണ് സ്വാശ്രയയില്‍ ഇപ്പോള്‍ താമസം. വിരലുകളുടെ ചലന സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുമ്പോഴും സജി പാടുന്ന പാട്ട് കാഴ്ചക്കാര്‍ക്കും കേള്‍വിക്കാര്‍ക്കും കൗതുകവും സന്തോഷവും ഉണ്ടാക്കുന്നുണ്ട്. ഭക്ഷണം കഴിക്കാന്‍ പോലും മറ്റൊരാള്‍ സഹായിക്കേണ്ടി വരുമ്പോള്‍ സ്വയം മൈക്ക് പിടിച്ച് പാടുന്ന പാട്ടുകാരന്‍ അതിശയമല്ലാതെ മറ്റെന്താണ്‍

ഇത് മൂന്നാം വര്‍ഷമാണ് ഫ്രീഡം ഓണ്‍ വീല്‍സിന്. പതിനഞ്ചോളം വേദികളില്‍ മെല്ലെയും വേഗത്തിലുമുള്ള പാട്ടുകള്‍ കൊണ്ട് ചക്രങ്ങളിലിരുന്ന് അവര്‍ ഓടിയെത്തുന്നുണ്ട്. മന്ത്രിയായിരുന്ന കെ സി ജോസഫ് പങ്കെടുത്ത ഒരു കുടുംബ മേളയിലെ പരിപാടിയില്‍ നിന്നും സ്വന്തമായി പേരുള്ള ഒരു ഗാനമേള ട്രൂപ്പിലേക്കെത്തുമ്പോള്‍ സദസ്യരുടെ എണ്ണവും ആസ്വാദകരുടെ എണ്ണവും വര്‍ദ്ധിക്കുന്നു. പാലിയേറ്റിവിന്റെ പരിപാടികള്‍ക്കാണ് കൂടുതലും തങ്ങള്‍ പങ്കെടുക്കുന്നതെന്ന് കോര്‍ഡിനേറ്റര്‍ ശരത്ത് പറയുന്നു. വീടിന്റെ അകത്ത് ഇരുട്ടിനു കൂട്ടിരുന്നവര്‍ പലരും ഇന്ന് തങ്ങളുടെ പരിപാടികളില്‍ ഊര്‍ജ്ജമുള്‍ക്കൊണ്ട് പരിപാടികളില്‍ പങ്കെടുക്കാറുണ്ടെന്നു ശരത് അവകാശപ്പെടുന്നു. ഇവരില്‍ പലര്‍ക്കും വീടുകളില്‍ നിന്ന് പുറത്തിറങ്ങി മറ്റൊരാളെ അഭിമുഖീകരിക്കാന്‍ ഭയമുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു, ഒരു വേദിയിലിരിക്കുമ്പോള്‍ എന്ത് ചെയ്യണമെന്നും എന്ത് പറയണമെന്നും അറിയാതെ വിറച്ച് പോയിരുന്ന ഒരു സമയവും. എന്നാല്‍ അത്തരം ബുദ്ധിമുട്ടുകളെയൊക്കെ അതിജീവിച്ച് ഇവര്‍ കേരളത്തില്‍ എവിടെയും പോയി ഗാനമേള അവതരിപ്പിയ്ക്കാന്‍ ഇപ്പോള്‍ പ്രാപ്തരാണ്. നാടന്‍ പാട്ടിന്റെയും ഫാസ്റ്റ് നമ്പറുകളുടെയും മധുരമുള്ള മെലഡികളുടെയും ഈണം കാറ്റിലൊഴുകി നിറയുമ്പോള്‍ കേള്‍ക്കുന്നവരിലും കേള്‍വിക്കൊപ്പം ഊര്‍ജം പ്രവഹിക്കുന്ന കാഴ്ച കൂടിയാകുന്നു ഫ്രീഡം ഓണ്‍ വീല്‍സിന്റെ വേദികള്‍.