നിർമല, ചെമ്പരത്തി
1938-ല്‍ ഇറങ്ങിയ 'ബാലന്‍' മുതല്‍, ഇന്നേദിവസംവരെ ഏതാണ്ട് ഇരുപത്തിയെട്ടായിരത്തോളം സിനിമാഗാനങ്ങള്‍ ഇറങ്ങിയിട്ടുണ്ട് മലയാളത്തില്‍. മാറിവരുന്ന കാലത്തിനനുസരിച്ച്, വ്യത്യസ്ത ഭാവുകത്വത്തോടെയും സ്വഭാവവ്യതിയാനങ്ങളോടെയുമാണ് പിന്നണിപ്പാട്ടുനദി ഒഴുകിയത്. സിനിമകള്‍ വാണിജ്യത്തിന്റെ ഭാഗമാവുകയും ഇന്‍ഡസ്ട്രിയാവുകയും ചെയ്തതോടെ പാട്ടിന്റെ നിര്‍വചനങ്ങള്‍ മാറിമാറി വന്നു. ബെസ്റ്റ് സോങ് എന്നതില്‍നിന്ന് ഹിറ്റ് സോങ് എന്നതിലേക്ക് മാറി.
ബാലനിലെയും ജ്ഞാനാബിംകയിലെയും പാട്ടുകളൊന്നും പിന്നണിഗാനങ്ങളായിരുന്നില്ല. 1948-ല്‍ ഇറങ്ങിയ 'നിര്‍മല' എന്ന സിനിമ തൊട്ടാണ് ചലച്ചിത്രഗാനങ്ങള്‍ പിന്നണിഗാനങ്ങളായി റെക്കോഡ് ചെയ്യപ്പെട്ടത്. അക്കാലത്ത് മലയാള ചലച്ചിത്രഗാനങ്ങള്‍, ഇതരഭാഷാഗാനങ്ങളുടെ ചുവടുപിടിച്ചാണ് സൃഷ്ടിക്കപ്പെട്ടത്. തേയിലത്തോട്ടത്തിലെ എന്ന പഴയ തമിഴ് നാടകഗാനത്തിന്റെ ഈണത്തിലാണ് 'ജാതകദോഷത്തിലേ' എന്ന പാട്ടുണ്ടായത്. അതുപോലെ 'സ്‌നേഹമേ ശ്ലാഖ്യം, സ്‌നേഹമേ ഭാഗ്യം' എന്ന പാട്ടുണ്ടായത് കുന്ദന്‍ലാല്‍ സൈഗാളിന്റെ ഒരു പ്രസിദ്ധഗാനത്തിന്റെ ചുവടുപിടിച്ചാണ്. 'ശരവണഭവ' എന്ന കല്യാണിരാഗത്തിലുള്ള കീര്‍ത്തനത്തിന്റെ പ്രചോദനമുള്‍ക്കൊണ്ടാണ് 'പരമഗുരുവേ അഖിലപതിയെ' എന്ന ഗാനം സൃഷ്ടിച്ചത്. ജ്ഞാനാംബികയിലെ സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരും സീതാലക്ഷ്മിയും ചേര്‍ന്ന് പാടിയ 'സുഖമധുരം' എന്നഗാനം 'ഓ ജമുനാ' എന്ന പ്രസിദ്ധഗാനത്തിന്റെ രീതിയിലാണ് ചിട്ടപ്പെടുത്തിയത്. അതുപോലെ 'ജീവിതനൗക' എന്ന സിനിമയിലെ 'അകലെ ആരും' എന്ന പാട്ട് പ്രസിദ്ധമായ സുഹാനി രാത്ത് എന്ന ഗാനത്തിന്റെ ചുവടുപിടിച്ചുണ്ടായതാണ്.
കവിതതുളുമ്പിയ ഗാനങ്ങള്‍
1950-കളുടെ മധ്യത്തോടെയാണ് മലയാളത്തിലെ കാവ്യസമ്പുഷ്ടമായ പാട്ടുകളുടെ കാലം ആരംഭിക്കുന്നത് (അതിനുമുമ്പ് മികച്ച പാട്ടുകള്‍ ഇല്ലെന്നല്ല). കവിതതുളുമ്പുന്ന വരികളെഴുതി അതിനനുസരിച്ച് ഈണമിടുന്നരീതി ആരംഭിച്ചത് ഇക്കാലത്താണ്. അഭയദേവും പി. ഭാസ്‌കരനും ദക്ഷിണാമൂര്‍ത്തിയും കെ. രാഘവനും ജി. ദേവരാജനും ഒ.എന്‍.വി. കുറുപ്പും വയലാറും എം.എസ്. ബാബുരാജും എം.എസ്. വിശ്വനാഥനും അടങ്ങുന്ന വലിയൊരുനിര ചലച്ചിത്രഗാനസൃഷ്ടിയിലേക്ക് വന്നു. പാശ്ചാത്യസംഗീതത്തിന്റെ വഴികളെ ആദ്യമായി ദക്ഷിണേന്ത്യന്‍ സിനിമാഗാനങ്ങളിലേക്ക് സന്നിവേശിപ്പിച്ച വ്യക്തിയാണ് എം. എസ്. വിശ്വനാഥന്‍. അദ്ദേഹം പാട്ടുകളുടെ ഓര്‍ക്കസ്ട്രേഷന് വ്യത്യസ്തമാനം നല്‍കി. തുടര്‍ന്ന് എം.കെ. അര്‍ജുനന്‍, ബി.എ. ചിദംബരനാഥ്, യൂസഫലി കേച്ചേരി, ശ്രീകുമാരന്‍ തമ്പി, എ.ടി. ഉമ്മര്‍ തുടങ്ങിയ പ്രതിഭകള്‍ മലയാളത്തിന്റെ പാട്ടുകൊലുസ്സിലെ കണ്ണികളായി. ഈ പാട്ടുകളിലൊക്കെ സംഗീതപശ്ചാത്തലം നിര്‍ണയിക്കുന്നതില്‍ ആര്‍.കെ. ശേഖര്‍ എന്ന വ്യക്തിയുടെ പങ്ക് വലുതാണ്. വരിയെഴുതി സംഗീതംചെയ്യുന്ന രീതി നടക്കുമ്പോഴും സലീല്‍ ചൗധരിയെപ്പോലുള്ളവരുടെ പാട്ടുകള്‍ സംഭവിച്ചിരുന്നത് അദ്ദേഹത്തിന്റെ ഈണങ്ങള്‍ക്കനുസരിച്ച് ഗാനരചയിതാക്കള്‍ വരിയെഴുതിക്കൊണ്ടാണ്.
ഈണത്തിനനുസരിച്ച് ഗാനം
1970-കളുടെ രണ്ടാംപാദത്തിലാണ് (അവസാനപാദത്തില്‍) ഈണത്തിനനുസരിച്ച് വരിയെഴുതുന്ന രീതി മലയാളത്തിലേക്ക് തിരിച്ചുവരുന്നത്. ശ്യാമിനെയും ഇളയരാജയെയും പോലുള്ള മറ്റുഭാഷാ സംഗീതസംവിധായകര്‍ മലയാളത്തില്‍ പാട്ടുകള്‍ ചെയ്യുന്നത് ഇക്കാലത്താണ്. സലില്‍ദായും ഇക്കാലത്ത് ധാരാളം മലയാളഗാനങ്ങള്‍ ചെയ്തു. ഇവരുടെ വരവ് ഒരുപക്ഷേ, ഈണമിട്ട് പാട്ട് ചെയ്യുന്ന രീതി തിരികെവരുന്നതില്‍ ഒരു കാരണമായിട്ടുണ്ടാവാം. ഇവയെല്ലാംതന്നെ സ്വതന്ത്രവും മൗലികവുമായ ഈണങ്ങളായിരുന്നു. എം.എസ്.വിശ്വനാഥന്‍ ദക്ഷിണേന്ത്യന്‍ സംഗീതത്തിലേക്ക് പറിച്ചുനട്ട പശ്ചാത്യവഴിയുടെ തുടര്‍ച്ചയും അതേസമയം തനതുശൈലിയുടെ മികവുമാണ് ഇളയരാജയില്‍ കണ്ടത്. ഈണപ്പെടുത്തലിനും പാട്ടിന്റെ പശ്ചാത്തലമൊരുക്കലിനും പുതിയ ഭാവുകത്വമൊരുക്കാന്‍, പിന്നീടുവരുന്നവര്‍ക്ക് യാത്രചെയ്യാനുള്ള വഴിവെട്ടാന്‍ ഇളയരാജയ്ക്ക് കഴിഞ്ഞു. തമിഴില്‍ ഒട്ടേറെ സിനിമകള്‍ ചെയ്ത എം.ബി. ശ്രീനിവാസന്‍ മലയാളത്തിലേക്കെത്തുന്നതും ഏതാണ്ടിതേസമയത്താണ്. ഒ.എന്‍.വി.യുടെയും മറ്റും സുന്ദര കവിതകളെ, സംഗീതശില്പങ്ങളാക്കി മാറ്റി അദ്ദേഹം സമാന്തരമായ മറ്റൊരു സംഗീതപാത തീര്‍ത്തു.
എഴുപതുകളുടെ അവസാനത്തിലാണ് ഒരുപറ്റം പ്രതിഭാധനരായ സംഗീതസംവിധായകര്‍ മലയാളസിനിമയുടെ സംഗീത/പശ്ചാത്തലസംഗീത രംഗത്തേക്ക് കടന്നുവന്നത്. എം.ജി. രാധാകൃഷ്ണന്‍, രവീന്ദ്രന്‍, ജെറി അമല്‍ദേവ്, വിദ്യാധരന്‍, ജോണ്‍സണ്‍, ഔസേപ്പച്ചന്‍ തുടങ്ങിയ വലിയൊരു നിരയായിരുന്നു ഇത്. ഈണത്തിന്റെ ഭാവമറിഞ്ഞ് വരികൊരുക്കുന്ന ഗാനരചയിതാക്കളും ഇക്കാലത്ത് സജീവമായി. ബിച്ചു തിരുമല, പൂവച്ചല്‍ ഖാദര്‍, എം.ഡി. രാജേന്ദ്രന്‍, കാവാലം നാരായണപ്പണിക്കര്‍ തുടങ്ങിയവര്‍ വാക്കുകൊണ്ടും പ്രയോഗംകൊണ്ടും ചലച്ചിത്രഗാനങ്ങള്‍ക്ക് പുതുഭാവുകത്വം നല്‍കി.
അതിരുകള്‍ ഭേദിക്കുന്ന സംഗീതം
എ.ആര്‍. റഹ്മാന്‍ എന്ന സംഗീതപ്രതിഭയുടെ വരവ് സ്വാധീനിക്കപ്പെട്ടത് മലയാളത്തിന്റെ പാട്ടുവഴിയെ മാത്രമല്ല, ഇന്ത്യയുടെ മുഴുവന്‍ സംഗീതധാരകളെയുമാണ്. പാട്ടിന്റെ ഈണം സൃഷ്ടിക്കുന്നതില്‍, ഓര്‍ക്കസ്ട്രേഷനില്‍ എല്ലാം പുതുമയും മാറ്റവുംവന്നു. സംഗീതം അതിരുകള്‍ ഭേദിച്ച് കലര്‍ന്നുകഴിഞ്ഞിരിക്കുന്നു. ഓരോ കേള്‍വിക്കാരനും അത്രമേല്‍ സൂക്ഷ്മതയോടെ പാട്ടിനെ കാണാന്‍/കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. അനുദിനം മാറ്റങ്ങള്‍ വരുന്നു. സൗണ്ടിങ്ങില്‍, മെലഡിയില്‍, പാറ്റേണില്‍ എല്ലാം.സങ്കീര്‍ണതയുള്ള മെലഡികളിലല്ല ഇപ്പോള്‍ പാട്ടുണ്ടാക്കുന്നവര്‍ ശ്രദ്ധകൊടുക്കുന്നത്. ഒരു പാറ്റേണ്‍ ഉണ്ടാക്കുന്നു. അതിനനുസരിച്ച് സിംപിള്‍ ആയ മെലഡിയും പശ്ചാത്തലവും ഒരുക്കുന്നു, അതില്‍ വരിയെഴുതപ്പെടുന്നു. അഭിരുചികള്‍ മാറി വരുന്നു. പാട്ടിന്റെ രീതികള്‍ മാറുന്നു. ഇവിടെ എഴുത്തുവഴികളിലും മാറ്റം വന്നിട്ടുണ്ട്. അര്‍ഥം ഗ്രഹിക്കാന്‍ ബുദ്ധിമുട്ടുള്ള വാക്കുകള്‍ ഒഴിവാക്കണം. വളരെ ലളിതമാക്കണം എന്ന ചിന്ത വരുന്നുണ്ട്.
കവിതയുടെ വഴിയിലുള്ള പാട്ടുകളെ ഇഷ്ടപ്പെടുന്നവര്‍ക്ക്, നെഞ്ചില്‍ ചേര്‍ത്തുെവക്കുന്നവര്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടാവും. പക്ഷേ, കാലത്തിനൊപ്പം പാട്ടുനദി ഒഴുകുകയാണ്. ഭാഷയുടെ അതിരുകളും അവിടെ മുറിഞ്ഞുവീഴുന്നുണ്ടാവും. അതിലെ ശരിതെറ്റുകള്‍ വിവക്ഷിച്ചെടുക്കേണ്ടത് കാലമാണ്. ലോകപ്രശസ്ത സംഗീതജ്ഞനായ കീത്ത് റിച്ചാര്‍ഡ്സ് പറഞ്ഞപോലെ 'വാക്കുകളില്ലാതെ സംസാരിക്കുന്ന ഭാഷയാണ് സംഗീതം. അതിന്റെ സംസാരം വികാരങ്ങളെക്കൊണ്ടാണ്, അത് അസ്ഥിയിലാഴ്ന്നതാണെങ്കില്‍ അങ്ങനെ.'
Content Highlights: Evolution Of Malayalam Film songs, B.K.Harinarayanan writes
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..