രണത്തെ പുല്‍കിയാലും ആസ്വാദകരിലൂടെ പുനര്‍ജനിക്കുന്നരാണ് കലാകാരന്‍മാര്‍. എഴുതിയ വാക്കുകളിലൂടെയും വരികളിലൂടെയും വരകളിലൂടെയും അവതരിപ്പിച്ച നടനങ്ങളിലൂടെയും അവര്‍ ജീവിച്ചു കൊണ്ടിരിക്കും, എക്കാലവും നമ്മോട് സംവദിച്ചു കൊണ്ടിരിക്കും. വിസ്മൃതിയുടെ അഗാധത അവരെ ഒരിക്കലും സ്പര്‍ശിക്കുന്നില്ല. വിടപറഞ്ഞകന്നിട്ടും ഭൂരിഭാഗം മലയാളികള്‍ ഒരു ദിവസത്തില്‍ ഒരു വട്ടമെങ്കിലും അറിയാതെ ഓര്‍ത്തു പോകുന്ന ഒരു അതുല്യപ്രതിഭ-വയലാര്‍ രാമവര്‍മ്മയുടെ നാൽപ്പത്തിയാറാം ചരമവാര്‍ഷികമാണിന്ന്. 'ഇല്ലെനിക്കൊരിക്കലും മരണം' എന്ന് കവിതയില്‍ കുറിച്ച് വയലാര്‍ രാമവര്‍മ  കടന്നുപോയത് 1975 ഒക്ടോബര്‍ 27 നാണ്. 

"നീരവ നീലാകാശ മേഖലകളില്‍, നാളെ 
താരകേ, നിന്നെക്കൊണ്ടു നര്‍ത്തനം ചെയ്യിക്കും ഞാന്‍!" എന്ന് വയലാര്‍ രാമവര്‍മ്മ എനിക്ക് മരണമില്ല എന്ന കവിതയിലെഴുതി. എഴുത്തിന്റെ അസാമാന്യവൈഭവത്താല്‍ അദ്ദേഹമിപ്പോള്‍ ആകാശപ്പരപ്പിലെ അസംഖ്യം താരങ്ങളെ നര്‍ത്തനം ചെയ്യിക്കുകയാണെന്ന കാര്യം ഉറപ്പാണ്. വയലാറിന്റെ കാവ്യകൗശലത്തിന്റെ ലഹരിയില്‍ നിന്ന് മലയാളികള്‍ക്ക് ഒരിക്കലും മോചനമില്ലെന്നതാണ് സത്യം. അദ്ദേഹം അമരനായി ഇപ്പോഴും കാണാത്തിടത്തിരുന്ന് നമ്മോട് സംസാരിച്ചു കൊണ്ടിരിക്കുകയാണ്. ദാര്‍ശനികതയും പ്രണയവും കാമവും മോഹവും പ്രകൃതിയും പ്രളയവുമൊക്കെ അദ്ദേഹത്തിന്റെ വാക്കുകളില്‍ നിറഞ്ഞു. കലാകാരന്‍ അമരനാണെന്ന് ഓര്‍മിപ്പിച്ചു കൊണ്ട് നാമത് ഇന്നും കേള്‍ക്കുന്നു, ഏറ്റു പാടുന്നു...

വയലാറിന്റെ രചനകളില്‍ നിന്ന് മലയാള ചലച്ചിത്രഗാനശാഖയിലേക്ക് ഏറ്റവും മികച്ച ഗാനങ്ങളുടെ വന്‍ശേഖരമാണ് അക്കാലത്തെ  മികച്ച സംഗീതജ്ഞര്‍ സംഭാവന ചെയ്തത്. 1956 ല്‍ കൂടപ്പിറപ്പ് എന്ന സിനിമയിലൂടെ സിനിമാജീവിതം ആരംഭിച്ച വയലാര്‍ 250 ലേറെ ചിത്രങ്ങള്‍ക്കായി എഴുതിയത് 1300 ലേറെ ഗാനങ്ങളാണ്. ജി. ദേവരാജന്‍ മാസ്റ്ററുമായുള്ള കൂട്ടുകെട്ട് മലയാള സിനിമാ ചരിത്രത്തിലെ റെക്കോഡാണ് സൃഷ്ടിച്ചത്. 135 ചിത്രങ്ങളില്‍ നിന്ന് 755 ഗാനങ്ങളാണ് വയലാര്‍-ദേവരാജന്‍ കൂട്ടുകെട്ടില്‍ നിന്ന് പിറന്നത്. എം.എസ്. ബാബുരാജ്, വി. ദക്ഷിണാമൂര്‍ത്തി, കെ. രാഘവന്‍ തുടങ്ങിയ സംഗീതജ്ഞര്‍ക്കൊപ്പവും വയലാര്‍ പ്രവര്‍ത്തിച്ചു. 

വയലാറിനൊപ്പം പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം ലഭിച്ചില്ലെങ്കിലും തങ്ങളുടെ ഹൃദയത്തോട് ഏറ്റവുമധികം അടുപ്പമുള്ളതും തങ്ങള്‍ക്ക് ഏറ്റവും ഇഷ്ടമുള്ളതുമായ വയലാര്‍ രചനയെ കുറിച്ച് വയലാറിന്റെ ചരമദിനത്തില്‍ അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനം ഓര്‍മിക്കുകയാണ് പുതുതലമുറ സംഗീതസംവിധായകര്‍. 

കായാമ്പൂ കണ്ണില്‍ വിടരും കമലദളം കവിളില്‍ വിടരും...

1969-ല്‍ പുറത്തിറങ്ങിയ നദി എന്ന ചിത്രത്തിലെ പാട്ടാണിത്. ജി. ദേവരാജന്‍ മാസ്റ്ററുടേതായിരുന്നു ഈണം. യേശുദാസ് പാടിയ ഏറ്റവും മികച്ച പ്രണയഗാനങ്ങളിലൊന്ന്. 

പി. എസ്. ജയഹരി
പി. എസ്. ജയഹരി

അനുരാഗവതിയുടെ ചൊടികളില്‍ നിന്ന് ആലിപ്പഴം പൊഴിച്ച ഗാനമാണ് സംഗീതസംവിധായകന്‍ പി. എസ്. ജയഹരിയുടെ പ്രിയപ്പെട്ട വയലാര്‍ രചന. ആ ഗാനത്തിന്റെ വരികള്‍ വളരെ റിഥമാറ്റിക് ആണെന്ന് ജയഹരി പറയുന്നു. സംഗീതാത്മകമാണ് വരികള്‍, മനോഹരമായ രചന-ജയഹരിയുടെ വാക്കുകള്‍(2019 ല്‍ റിലീസായ അതിരന്‍ എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്രരംഗത്തെത്തിയ സംഗീതസംവിധായകനാണ് പി.എസ്. ജയഹരി. ജയഹരി ഈണം പകര്‍ന്ന പവിഴ മഴയേ എന്ന ഗാനം വന്‍ ഹിറ്റായിരുന്നു) 

സൂര്യകാന്തീ, സൂര്യകാന്തീ സ്വപ്‌നം കാണുവതാരേ...

1965 ല്‍ പുറത്തിറങ്ങിയ കാട്ടുതുളസി എന്ന ചിത്രത്തിലെ മനോഹരഗാനം പാടിയിരിക്കുന്നത് എസ്. ജാനകിയാണ്. ജാനകിയ്ക്ക് പിന്നണിഗായികയ്ക്കുള്ള സംസ്ഥാനസര്‍ക്കാരിന്റെ ആദ്യപുരസ്‌കാരം നേടിക്കൊടുത്ത ഗാനത്തിന്റെ സംഗീതസംവിധാനം എം.എസ്. ബാബുരാജാണ് നിര്‍വഹിച്ചിരിക്കുന്നത്.

വീത് രാഗ്
വീത് രാഗ്

ഏറ്റവും ഇഷ്ടമുള്ള വയലാര്‍ ഗാനങ്ങളിലൊന്നെന്ന് സംഗീതസംവിധായകനും ഗായകനുമായ വീത് രാഗ്. നീലഗഗനവനവീഥിയില്‍ നിഷ്പ്രഭനായി നില്‍ക്കുന്ന കാമുകനെയോര്‍ത്ത് സ്വപ്‌നം കാണുന്ന സൂര്യകാന്തിയെ കുറിച്ചുള്ള ഗാനത്തിന്റെ വരികള്‍ക്ക് അന്തരാര്‍ഥമുണ്ട്, വയലാറിന്റെ ഏറ്റവും മികച്ച സൃഷ്ടികളിലൊന്ന്, അതിനാല്‍ തന്നെ ഏറെ ഇഷ്ടമുള്ള ഗാനമെന്ന് വീത് രാഗ് പറയുന്നു(മഴ ഞാനറിഞ്ഞിരുന്നില്ല എന്ന ഗാനത്തിലൂടെ മലയാളി ശ്രോതാക്കള്‍ക്ക് ഏറെ പ്രിയമുള്ള ബെന്നറ്റ്-വീത് രാഗ് കൂട്ടുകെട്ടിലെ അംഗം. ഗദ്ദാമ, ഓഗസ്റ്റ് ക്ലബ് എന്നീ ചിത്രങ്ങള്‍ ബെന്നറ്റിനൊപ്പം ചെയ്തു. ചില സ്വതന്ത്രഗാനങ്ങള്‍ക്കും സംഗീതം നല്‍കി). 

ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം, ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം...

മനോഹര തീരത്ത് ഇനിയൊരു ജന്മം കൂടി കവി ആവശ്യപ്പെട്ട ഗാനം, ശ്രോതാക്കള്‍ ഏറ്റു പാടിയ ഗാനം 1975 ല്‍ പുറത്തിറങ്ങിയ കൊട്ടാരം വില്‍ക്കാനുണ്ട് എന്ന ചിത്രത്തിലേതാണ്. ജി. ദേവരാജന്‍ ഈണം പകര്‍ന്ന ഗാനം യേശുദാസും പി. മാധുരിയും പാടിയിട്ടുണ്ട്. 

പ്രകാശ് ഉള്ള്യേരി
പ്രകാശ് ഉള്ള്യേരി

ഏറെ നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ഗാനമെന്ന് സംഗീതജ്ഞനായ പ്രകാശ് ഉള്ള്യേരി. മനോഹരമായ ഭൂമിയില്‍ ഒരു വട്ടം കൂടി ജീവിക്കാന്‍ കൊതിയില്ലാത്ത ആരെങ്കിലും ഉണ്ടാകുമോ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. വരികള്‍ മാത്രമല്ല ഗാനത്തിന്റെ ഈണവും നന്ന്. മഹാനായ കവിയ്ക്കു മാത്രമേ ഭൂമിയുടെ മനോഹാരിത ഇത്രയും ഭംഗിയില്‍ വര്‍ണിക്കാനാവൂ-പ്രകാശ് ഉള്ള്യേരി വിശദീകരിക്കുന്നു (പ്രശസ്ത ഹാര്‍മോണിയം-കീബോര്‍ഡ് കലാകാരനാണ് പ്രകാശ് ഉള്ള്യേരി. സിനിമകള്‍ക്കും മ്യൂസിക് ആല്‍ബങ്ങള്‍ക്കും ഇദ്ദേഹം സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്).

പ്രളയപയോധിയില്‍ ഉറങ്ങിയുണര്‍ന്നൊരു പ്രഭാമയൂഖമേ കാലമേ...

കവിയുടെ ദാര്‍ശനികത ഏറെ പ്രകടമായ ഗാനം. പ്രകൃതിയും ഈശ്വരനും ഞാനും നിന്റെ(കാലത്തിന്റെ)പ്രതിരൂപമെന്ന് വയലാര്‍ കുറിച്ച ഗാനം 1973 ല്‍ പുറത്തിറങ്ങിയ മഴക്കാറ് എന്ന ചിത്രത്തിലേതാണ്. ജി. ദേവരാജന്‍ ഈണമിട്ട ഗാനം ആലപിച്ചത് യേശുദാസാണ്. 

Ram Surender
റാം സുരേന്ദര്‍

വയലാറിന്റെ സുന്ദരമായ ഗാനമെന്ന് സംഗീതസംവിധായകന്‍ റാം സുരേന്ദര്‍. പുതിയ പുതിയ വാക്കുകള്‍ കൊണ്ടുള്ള മനോഹര രചനയാണത്. സാധാരണ ഗാനങ്ങളില്‍ കേള്‍ക്കാത്ത പല നൂതനപദങ്ങളും താനാദ്യമായി കേട്ടത് ഈ പാട്ടിലൂടെയാണെന്ന് റാം സുരേന്ദര്‍ പറയുന്നു. കാലാതിവര്‍ത്തിയാണ് ഈ ഗാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു(2020 ല്‍ പുറത്തിറങ്ങിയ കിം കിം കിം എന്ന പാട്ടിന്റെ സംഗീതസംവിധായകനാണ് റാം സുരേന്ദര്‍. അടുത്ത കാലത്തിറങ്ങിയ വൈറല്‍ പാട്ടുകളുടെ പട്ടികയില്‍ മുന്‍സ്ഥാനത്താണ് ഈ ഗാനം. പുതിയ പാട്ടുകളുടെ പണിപ്പുരയിലാണിപ്പോള്‍).

 

 

 

Content Highlights: Music directors of malayalam film industry remember the famous Vayalar Ramavarma on his death anniversary