പ്രേം സൂറത്ത് എഴുതി, എരഞ്ഞോളി മൂസ പാടിപ്പാടി പ്രശസ്തമാക്കിയ മാപ്പിളപ്പാട്ടാണ്,
'കെട്ടുകൾ മൂന്നും കെട്ടി
കട്ടിലിൽ നിന്നെയുമേറ്റി
ഒരു ദിനമുണ്ടൊരു യാത്ര
തീരെ മടക്കമില്ലാത്തൊരു യാത്ര'- ഈ പാട്ട് പാടിയ ഒരുരാത്രിയിൽ എരഞ്ഞോളി മൂസ ചിരിച്ചുകൊണ്ട് പറഞ്ഞു: 'ഈ പാട്ട് പാടിപ്പാടി അറം പറ്റുമോ എന്നുസംശയമുണ്ട്. കാരണം, ഇതെഴുതി കുറച്ചുദിവസം കഴിഞ്ഞപ്പോൾ പ്രിയ സ്നേഹിതൻ പ്രേംസൂറത്ത് മരിച്ചു! " മുസ്ലിം ഭക്തിഗാനങ്ങൾ ഏറെ പാടിയ എരഞ്ഞോളി മൂസ ജീവിതത്തിൽ വിഭക്തനായിരുന്നതുകൊണ്ട്, ആ പാട്ട് എല്ലാ ഗാനമേളകളിലും പാടി. മരണത്തെക്കുറിച്ചുള്ള ആ പാട്ടു കേട്ടും ആളുകൾ കൈയടിച്ചു. അപ്പോഴും മൂസക്ക ചിരിച്ചു: 'കണ്ടോ ആളുകൾ കൈയടിക്കുന്നത്! അേത്രയുള്ളൂ.ജീവിതവും മരണവും...'
അടിത്തട്ടിൽ അലഞ്ഞുതിരിഞ്ഞ ഒരു മനുഷ്യനുമാത്രം സാധ്യമാവുന്ന ഒരു ഇച്ഛാശക്തി ഈ ഗായകനുണ്ടായിരുന്നു. തലശ്ശേരിയിലെ മാർക്കറ്റിൽ കൈവണ്ടിയിൽ അരിച്ചാക്കുകൾ വലിച്ച ജീവിതം പിന്നീട് പല തെരുവുകളിൽ, പാറമടകളിൽ, തീെപ്പട്ടിക്കമ്പനിയിൽ, രാത്രിയിലെ വിസ്മയിപ്പിക്കുന്ന അനുഭവങ്ങൾ...
മദ്യപാനം-എരഞ്ഞോളി മൂസ ജീവിതം പറയുമ്പോൾ ഒന്നും മറച്ചു വെച്ചില്ല. അസാധാരണമായ ഒരു തുറന്നുപറച്ചിലെന്ന് എം.എൻ.കാരശ്ശേരി ആ ജീവിതത്തെ വിശേഷിപ്പിച്ചത് ഓർമവരുന്നു. ജീവിതത്തിൽ സങ്കടങ്ങൾ ഏറെ അനുഭവിച്ചതുകൊണ്ടാവാം, തമാശ പറഞ്ഞു ചിരിക്കാനുള്ള ഒരു സന്ദർഭവും മൂസക്ക പാഴാക്കിയില്ല. അത്രയേറെ തമാശകൾ പറയുമായിരുന്നു.
മാപ്പിളപ്പാട്ട് ഗായകൻ എന്ന നിലയിൽ മൂസക്കയുടെ പാട്ടുകൾ നമ്മുടെ സംഗീതചരിത്രപഠനത്തിന്റെ ഭാഗമാണ്. ഇത്രയേറെ വേദികളിൽ, ആൾക്കൂട്ടത്തിൽ ആരവങ്ങളിൽ സ്വയം ലയിച്ചുപാടിയ വേറൊരാളില്ല. കേരളത്തിൽനിന്ന് പാട്ടുപാടാൻ മാത്രം ഏറ്റവും കൂടുതൽ ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ച ഗായകനും മൂസക്കയാണ്. 'ഇശൽ രാജൻ' എന്നുവിളിച്ച് പലരും വേദികളിൽ കയറി അദ്ദേഹത്തെ നോട്ടുമാലകൾ അണിയിച്ചു. 'മിഹ്റാജ് രാവിലെ കാറ്റേ', 'മാണിക്യമലരായ'... ഇതൊക്കെ നമ്മുടെ കേൾവിയിൽ അതിശയകരമായ ആ ശബ്ദത്തെ അനുഭവിപ്പിച്ചു. ഹൃദയത്തെ പിടിച്ചുകൊണ്ടുപോകുന്ന ആ ശബ്ദമാണ്, മൂസക്ക. അതുകൂടാതെ, ഉറച്ച മതനിരപേക്ഷ ഇടതുമൂല്യങ്ങളിൽ അവസാനകാലം വരെ അദ്ദേഹം ഉറച്ചുനിന്നു.
മൂസക്കയുടെ വേർപാട് വ്യക്തിപരമായി ഒരുനോവുണ്ടാക്കുന്നു. ജീവിതമെഴുതിയ ആളും ഗായകനും തമ്മിലുള്ള ആത്മബന്ധമാണത്.
Content Highlights: eranholi moosa passed away songs music mappilapattu singer kettukal minnum ketti