റുവാര്‍ത്തെ പേസാതെ മടിമീതു നീ തൂങ്കിട്.. ഈ ഗാനം പുറത്തിറങ്ങി രണ്ട് മാസം കഴിഞ്ഞപ്പോഴേക്കും യൂട്യൂബില്‍ ആസ്വദിച്ചവരുടെ എണ്ണം ഒരു കോടി പത്ത് ലക്ഷം കവിഞ്ഞു. ധനുഷിനെ നായകനാക്കി ഗൗതം വാസുദേവ്ന്‍ മേനോൻ  ഒരുക്കുന്ന എന്നൈ നോക്കി പായും തോട്ട എന്ന ചിത്രത്തിലെ ഈ ഗാനത്തിന് പിന്നിലെ ഒരു രഹസ്യം ഇന്നും ചുരുളഴിയാതെ കിടക്കുന്നു.

താമരയുടെ മനോഹരമായ വരികളും സിദ്ധ് ശ്രീരാമിന്റെ ശബ്ദവും ഹിറ്റായപ്പോള്‍ എല്ലാവര്‍ക്കും ഓരൊറ്റ ചോദ്യത്തിനുള്ള ഉത്തരമാണ് അറിയേണ്ടിയിരുന്നത്. ആരാണ് കാതുകള്‍ക്ക് കുളിരേകുന്ന ഈ ഈണത്തിന് പിന്നില്‍? മിസ്റ്റര്‍ എക്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ സംഗീത സംവിധായകനാര്? ആ പേര് ഗൗതം മേനോന്‍ വെളിപ്പെടുത്താതിരിക്കുന്നതിനുള്ള കാരണം എന്താണ്? 

ചിത്രം പുറത്തിങ്ങുന്ന അവസരത്തില്‍ മാത്രമേ മിസ്റ്റര്‍ എക്‌സ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ വരികയുള്ളു എന്നാണ് ഗൗതം മേനോനോട് അടുപ്പമുള്ള വൃത്തങ്ങള്‍ പറയുന്നത്. എന്നൈ നോക്കി പായും തോട്ടെയിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് ഒരു പുതുമുഖമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാട്ടിന്റെ ഗുണനിലവാരം അളക്കുന്നത് സംഗീത സംവിധായകന്റെ പേരിനോടൊപ്പം ചേര്‍ത്തുവായിച്ചായിരിക്കും. ആദ്യമായി സിനിമയില്‍ ചുവടുവച്ച പല സംഗീത സംവിധായകരുടെയും പാട്ടുകള്‍ ഈ മുന്‍വിധിയില്‍ അപ്രസക്തമായി പോയിട്ടുണ്ട്. പേര് വെളിപ്പെടുത്താതിരിക്കുമ്പോള്‍ ആരാണെന്നറിയാന്‍ ജനങ്ങളില്‍ ആകാംക്ഷ ജനിക്കും. ഒരു പാട്ടിനെ ഹിറ്റാക്കാനും ഒരു സംഗീത സംവിധായകന് രംഗപ്രവേശം നടത്താനും ഇതിനേക്കാള്‍ നല്ല അവസരമുണ്ടോ? ഗൗതം മേനോന്റെ ഈ തന്ത്രം ഫലിച്ചുവെന്ന് തന്നെ പറയാം മിസ്റ്റര്‍ എക്‌സ് ആരെന്ന് അറിയാനായി പ്രമുഖ ചോദ്യോത്തര വെബ്‌സൈറ്റായ ക്വാറയില്‍ പോലും ആളുകള്‍ ചോദ്യങ്ങളുമായി എത്തികഴിഞ്ഞു. മിസ്റ്റര്‍ എക്‌സിന്റെ പേരില്‍ ഒരു ട്വിറ്റര്‍ അക്കൗണ്ടും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.

സമൂഹ മാധ്യമങ്ങളിലും വാര്‍ത്താ വെബ്‌സൈറ്റുകളിലും പല സംവിധായകരുടെയും പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. ശശികുമാര്‍ ചിത്രം കിഡാരി എന്ന ചിത്രത്തിന് ഈണമിട്ട ഡാര്‍ബുക ശിവ എന്ന യുവ സംവിധായകനാണ് എന്നൈ നോക്കി പായും തോട്ടയുടെ പിന്നിലെന്നും പ്രചരണമുണ്ട്.