ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ച് എളളുള്ളേരി എന്നാരംഭിക്കുന്ന നാടന്‍പാട്ടിന്റെ പുതിയ വേര്‍ഷന്‍. ഗായിക ദുര്‍ഗ്ഗ വിശ്വനാഥ് ആലപിച്ച ഗാനം യൂട്യൂബില്‍ റിലീസായി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഒന്നര ലക്ഷത്തിലധികം വ്യൂസ് നേടിക്കഴിഞ്ഞു. ദുര്‍ഗ്ഗ വിശ്വനാഥിന്റെ മനോഹരമായ ആലാപനവും വന്യതയുടെ സൗന്ദര്യം പകര്‍ത്തിയെടുക്കുന്ന മട്ടിലുള്ള നൃത്തരംഗങ്ങളും ദൃശ്യാവിഷ്‌കാരവും ഗാനത്തെ ഏറെ ശ്രദ്ധേയമാക്കുന്നു. സംഗീതസംവിധായകനായ റാം സുരേന്ദറാണ് ഗാനത്തിന്റെ റീമിക്‌സിങ്ങും പ്രോഗ്രാമിങ്ങും ചെയ്തിരിക്കുന്നത്. 

എം.സി. സജിതന്‍ നിര്‍മിച്ച വീഡിയോഗാനം ഗിരീഷ് വലപ്പാടാണ് സംവിധാനം ചെയ്തിരിക്കുന്നത്. അമൃത നായര്‍ക്കൊപ്പം മറ്റ് നര്‍ത്തകരും നൃത്തരംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. കിരണ്‍ പുത്തൂര്‍ ക്യാമറയും മെന്‍ഡോസ് ആന്റണി എഡിറ്റിങ്ങും കൈകാര്യം ചെയ്തിരിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: മനോജ് ഓര്‍ഗനൈസര്‍, ഡിസൈന്‍: സാനു ആസ്ട്ര, ആര്‍ട്ട്: സിനീഷ് പള്ളത്ത്, മേക്കപ്പ്: സൗമ്യ ഘോഷ്, കോസ്റ്റിയൂം: ജിത്തു പ്രവീണ്‍ തുടങ്ങിയവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍. 

സ്റ്റേജ് ഷോകളിലൂടെയും ഹാസ്യവേദികളിലൂടെയും സുപരിചിതനായ ബിനു അടിമാലി ആലപിച്ച എളളുള്ളേരി ഗാനത്തിന്റെ ഓഡിയോ പകര്‍പ്പ് നേരത്തെ എം.സി. ഓഡിയോസ് റിലീസ് ചെയ്തിരുന്നു. ഗാനത്തിന്റെ ഓര്‍ക്കസ്‌ട്രേഷനും മിക്‌സിങ്ങും റാം സുരേന്ദര്‍ തന്നെയാണ് നിര്‍വഹിച്ചത്. ആ ഗാനവും യൂട്യൂബില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

Content Highlights: Ellulleri Super hit Nadanpattu