വ്യത്യസ്തമായ തൊണ്ണൂറിലേറെ സംഗീതോപകരണങ്ങളുടെ ശേഖരമുണ്ട് പുറമേരി കുനിങ്ങാട് സ്വദേശിയായ യുവഡോക്ടർ ജംഷിദ് മൊയ്തുവിന്റെ കൈയിൽ. അവയെല്ലാം ഉപയോഗിക്കാനും അറിയാമെന്നതാണ് ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ചികിത്സയുടെയും മരുന്നുകളുടെയും ലോകത്തോടൊപ്പം പ്രിയങ്കരമാണ് ഈ യുവഡോക്ടർക്ക് സംഗീതവും. അതാണ് സ്വദേശത്തും വിദേശത്തുമുള്ള സംഗീത ഉപകരണങ്ങൾ സ്വന്തമാക്കുന്നതിന് പ്രേരണയായത്.

തുർക്കിയുടെ ‘നേ’ പോലുള്ള അപൂർവമായ സംഗീത ഉപകരണങ്ങൾമുതൽ ആഫ്രിക്കൻ ഗോത്രവർഗങ്ങളിൽമാത്രം കാണുന്ന ജെമ്പേ, കലിംബ, മരകാസ്, ഷെകേർസ്, ബാൻജോ തുടങ്ങിയവയും ഡോക്ടറുടെ ശേഖരത്തിലുണ്ട്. പന്ത്രണ്ടുവർഷത്തെ ശ്രമഫലമായി തുർക്കി, ആഫ്രിക്ക, സൗത്ത് അമേരിക്ക, യൂറോപ്പ്, ഈജിപ്ത്, മിഡിൽ ഈസ്റ്റ് തുടങ്ങിയ മേഖലകളിലെ 12 വിദേശരാജ്യങ്ങളിലെയും ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെയും സംഗീതോപകരണങ്ങൾ ഇദ്ദേഹത്തിന്റെ സമ്പാദ്യത്തിലുണ്ട്.

മുഴുവൻ സംഗീത ഉപകരണങ്ങളും ഓൺലൈനായി അഭ്യസിച്ച് അനായാസേന കൈകാര്യംചെയ്യുന്നതിൽ ഡേക്ടറുടെ മിടുക്ക് വേറിട്ടതാണ്. ഓരോ സംഗീതോപകരണത്തിന്റെയും പ്രത്യേകത, നിർമാണസവിശേഷത, അതിന്‍റെ സംഗീതം, ചരിത്രപശ്ചാത്തലം എന്നിവയൊക്കെ കണ്ടെത്തുകയും ചെയ്യും.

വൈദ്യശാസ്ത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിക്കാനുള്ള ഗവേഷണത്തിലാണ് ഈ സംഗീതപ്രേമി. ക്ലിനിക്കൽഡാറ്റാ സയൻസിൽ മെഡിസിന്‍റെ വ്യത്യസ്തമേഖലയിൽ സഞ്ചരിക്കാനുള്ള ആഗ്രഹത്തിന്‍റെ ഭാഗമായി പൈത്തൺ പ്രോഗ്രാമിങ് ഭാഷയും പഠിക്കുന്നുണ്ട്. പ്രകൃതിസ്നേഹിയും ചിത്രകാരനും വന്യജീവി ഫോട്ടോഗ്രാഫറും വാനനിരീക്ഷകനുമാണ് ജംഷിദ്.

സ്കൈവ്യൂ ആപ്പ് ഉപയോഗിച്ചാണ് വാനനിരീക്ഷണം. 50 നക്ഷത്രങ്ങൾ തിരിച്ചറിയാനും അവയുടെ ഉദയാസ്തമയവും സഞ്ചാര പഥവും കണ്ടെത്താനും കഴിഞ്ഞിട്ടുണ്ട്. അടുത്ത ഒരുവർഷംകൊണ്ട് 500 നക്ഷത്രങ്ങളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ്.

വടകര കുരിക്കിലാട് കക്കാട് കെ.എം.എസ്.കെ. ക്ലിനിക്കിൽ പ്രവർത്തിക്കുന്ന ജംഷിദ് ജോലിയിലൂടെ ലഭിച്ച വരുമാനത്തിന്‍റെ ഭൂരിഭാഗവും സംഗീതോപകരണങ്ങൾ വാങ്ങാനാണ് ചെലവഴിച്ചത്.

കുനിങ്ങാട് കുന്നോത്ത് മൊയ്തുവിന്റെയും ഹാജറയുടെയും മകനാണ്. ഭാര്യ ഡോ. നഫീസ നാസ്നീനും മക്കളായ ജായിസ് അഹ് യാൻ, ജസാ ഹാനിയ എന്നിവരും സംഗീതപ്രണയത്തിൽ ജംഷിദിനൊപ്പമുണ്ട്.