കരിവളയിട്ട കയ്യിൽ കുടമുല്ലപ്പൂക്കളുമായ്; അനശ്വരഗാന ശില്പിക്ക്  സ്മരണാഞ്ജലി


രവിമേനോൻ

മധുരക്കിനാവിന്റെ മലർമഞ്ചലേറി വരുന്ന മധുരാംഗിയാൾക്ക് വേണ്ടിയുള്ള പ്രേമസുരഭിലമായ ആ  കാത്തിരിപ്പ് ഇന്നലെ അവസാനിച്ചു. പക്ഷേ വാസുദേവ് ഇനിയും നമ്മുടെ മനസ്സിൽ പാടിക്കൊണ്ടേയിരിക്കും; യേശുദാസിന്റെ ശബ്ദത്തിൽ....

Photo | Facebook, Ravi Menon

ഇനിയൊരു വയലാർ ഗാനം എന്ന് കേട്ടപ്പോൾ ആകാംക്ഷയോടെ കാതോർത്തിരുന്നു വാസുദേവ്. ഒഴുകിവന്നത് വർഷങ്ങൾക്ക് മുൻപ് ``ദിവ്യബലി'' എന്ന നാടകത്തിന് വേണ്ടി താനെഴുതി കോട്ടയം ജോയ് ചിട്ടപ്പെടുത്തി യേശുദാസ് പാടിയ അപൂർവ്വസുന്ദര പ്രണയ ഗാനം:

``കരിവളയിട്ട കയ്യിൽ കുടമുല്ലപ്പൂക്കളുമായ്
കരിമിഴിയാളെ നീ വരുമോ
കരിമിഴിയാളെ നീ വരുമോ.....''

ഞെട്ടിയില്ല ഗാനരചയിതാവ്. അത്തരം അനുഭവങ്ങൾ പുത്തരിയല്ലായിരുന്നു ഇന്നലെ അന്തരിച്ച കോട്ടയം താഴത്തങ്ങാടി തളിക്കോട്ട മതുക്കൽ വീട്ടിൽ വാസുദേവിന്. വയലാറിന്റെ മാത്രമല്ല മറ്റു പല പ്രശസ്ത കവികളുടേയും പേരിൽ അറിയപ്പെട്ടിട്ടുണ്ട് ഈ മനോഹര പ്രണയഗാനം. ഒരിക്കൽ വയലാറിന്റെ ഗാനസമാഹാരത്തിൽ വരെ ഇടം നേടി അത്. എങ്കിലും ആ ദുരനുഭവങ്ങളെല്ലാം മറക്കാൻ പോന്ന ഒരോർമ്മ മരണം വരെ വാസുദേവ് മനസ്സിൽ സൂക്ഷിച്ചു. പ്രഥമാഭിനിവേശമായ പാട്ടെഴുത്തിനോട് തൽക്കാലം വിടവാങ്ങി തയ്യൽ ജോലിയുമായി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ബദ്ധപ്പെടുമ്പോഴും വാസുദേവിന്റെ മനസ്സിൽ സ്വന്തം ഗാനസപര്യയെ കുറിച്ച് അഭിമാനം തോന്നിച്ച മുഹൂർത്തം.

രണ്ടു പതിറ്റാണ്ട് മുൻപാണ്. അവശകലാകാരന്മാരെ ആദരിക്കാൻ കോട്ടയം ടൗൺ ഹാളിൽ നഗരസഭ ഒരുക്കിയ പ്രത്യേക ചടങ്ങ്. മുഖ്യാതിഥി ഗാനഗന്ധർവൻ. കോട്ടയത്തെ പഴയ തലമുറയിൽ പെട്ട കലാകാരന്മാരെ പൊന്നാടയണിയിച്ചു ആദരിക്കുകയാണ് അദ്ദേഹം. കൂട്ടത്തിലൊരാളായി ആദരം ഏറ്റുവാങ്ങുമ്പോൾ വാസുദേവ് പതുക്കെ യേശുദാസിന്റെ കാതിൽ പറഞ്ഞു: ``എന്റെയൊരു പാട്ട് പാടിയിട്ടുണ്ട് അങ്ങ്. കരിവളയിട്ട കയ്യിൽ....''

പതിനായിരക്കണക്കിന് പാട്ടുകൾക്ക് ഹൃദയം പകർന്നുനൽകിയ ഗായകൻ തന്റെ ഒരു പഴംപാട്ട് ഓർത്തിരിക്കുമെന്ന് സങ്കൽപ്പിച്ചിട്ടല്ല പറഞ്ഞത്. പക്ഷേ വാസുദേവിനെയും ടൗൺഹാളിലെ നിറഞ്ഞ സദസ്സിനെയും അമ്പരപ്പിച്ചുകൊണ്ട് ക്ഷീണിതമായ ആ ശരീരം ചേർത്തുപിടിച്ചു യേശുദാസ്. പിന്നെ മൈക്ക് കയ്യിലെടുത്ത് പാടി; ഒരിക്കലും മറക്കാനാവാത്ത പാട്ട് എന്ന ആമുഖത്തോടെ: ``കരിവളയിട്ട കയ്യിൽ കുടമുല്ലപ്പൂക്കളുമായ് കരിമിഴിയാളെ നീ വരുമോ..'' . കലാജീവിതം അർത്ഥപൂർണ്ണമായി തോന്നിയ നിമിഷമായിരുന്നു അതെന്ന് വാസുദേവ്.

``ആലാപനജീവിതത്തിന്റെ ആരംഭഘട്ടത്തിൽ പാടിയ പാട്ട് നമ്മൾ എങ്ങനെ മറക്കാൻ?''-- പിന്നീടൊരിക്കൽ ഈ ഗാനത്തെക്കുറിച്ചു ചോദിച്ചപ്പോൾ യേശുദാസ് പറഞ്ഞു. ``അന്നൊക്കെ ഗാനമേളകളിൽ സിനിമാപ്പാട്ടുകളോടൊപ്പം ഇതുപോലുള്ള നാടകഗാനങ്ങളും ആളുകൾ ആവശ്യപ്പെടുമായിരുന്നു. പലരും ഇത് സിനിമാഗാനമായാണ് ധരിച്ചുവെച്ചിരുന്നത് എന്ന് തോന്നുന്നു...''

ഒടുങ്ങാത്ത ജീവിത പ്രാരാബ്ധങ്ങളായിരുന്നു ശൈശവം മുതൽ വാസുദേവിലെ കവിയ്ക്ക് കൂട്ട്. എഴുതിത്തുടങ്ങിയത് സ്കൂൾ കാലഘട്ടത്തിൽ. ആദ്യകാലത്ത് വാസുദേവിന്റെ രചനകൾ അധികവും അച്ചടിച്ചുവന്നത് മനോരാജ്യത്തിലാണ്. കാനം ഇ ജെ ആയിരുന്നു അന്ന് വാരികയുടെ പത്രാധിപർ. ഇടക്ക് നാടകങ്ങൾക്കും പാട്ടെഴുതും. ജോസ്പ്രകാശിന്റെ പീപ്പിൾസ് സ്റ്റേജ് ഓഫ് കേരള ഉൾപ്പെടെ പല പ്രമുഖ നാടകസമിതികൾക്കും വേണ്ടി എഴുതി. പൊൻകുന്നം വർക്കി, പി ജെ ആന്റണി, എസ് എൽ പുരം എന്നിവരുടെ നാടകങ്ങളിലും കേട്ടു വാസുദേവിന്റെ രചനകൾ.

1960 കളുടെ ഒടുവിലാണ് പറവൂർ ജോർജ്ജിന്റെ ദിവ്യബലിക്ക് വേണ്ടി ``കരിവളയിട്ട കയ്യിൽ'' എഴുതിയത്. സുഹൃത്തായ സംഗീത സംവിധായകൻ കോട്ടയം ജോയിയുടെ നിർബന്ധപ്രകാരം അഞ്ചു പാട്ടെഴുതി ഏൽപ്പിക്കുമ്പോൾ അവയിലേതെങ്കിലുമൊന്ന് റെക്കോർഡ് ചെയ്യപ്പെടുമെന്ന പ്രതീക്ഷയൊന്നുമില്ല. സ്വാഭാവികമായും എഴുതിയ ശേഷം വാസുദേവ് പാട്ടുകൾ മറന്നുകളയുകയും ചെയ്തു.

ആ പാട്ടുകളിലൊന്ന് യേശുദാസ് പാടിയെന്നും അത് ഗ്രാമഫോൺ റെക്കോർഡ് ആയി പുറത്തിറങ്ങിയെന്നും അറിഞ്ഞത് പിന്നീടാണ്. ജീവിതത്തിലെ ഏറ്റവും അമൂല്യമായ നിമിഷം. എത്രയോ വേദികളിൽ പിന്നീട് ആ പാട്ട് മുഴങ്ങിക്കേട്ടു, എത്രയോ ഗായകർ അതിന് ആത്മാവ് പകർന്നുനൽകി. എല്ലാം കേട്ടും ആസ്വദിച്ചും വെള്ളിവെളിച്ചത്തിൽ നിന്നകലെ മറഞ്ഞിരുന്നു വാസുദേവ്. നിഗൂഢമായ സന്തോഷത്തോടെ. ആത്മസംതൃപ്തിയോടെ. എല്ലാ നിരാശകളും വേദനകളും ആ പാട്ട് കേൾക്കുമ്പോൾ മറന്നുപോകുമായിരുന്നു വാസുദേവ്.

``കരളിലിരിക്കും കനകക്കിനാക്കളെ
കസവണിയിക്കാൻ നീ വരുമോ
കതിരുതിർ പുഞ്ചിരി കവിളിൽ വിരിയിച്ചു നീ
കവിതയെപ്പോലിങ്ങു വരുമോ...''

മധുരക്കിനാവിന്റെ മലർമഞ്ചലേറി വരുന്ന മധുരാംഗിയാൾക്ക് വേണ്ടിയുള്ള പ്രേമസുരഭിലമായ ആ കാത്തിരിപ്പ് ഇന്നലെ അവസാനിച്ചു. പക്ഷേ വാസുദേവ് ഇനിയും നമ്മുടെ മനസ്സിൽ പാടിക്കൊണ്ടേയിരിക്കും; യേശുദാസിന്റെ ശബ്ദത്തിൽ....

content highlights : divyabali drama song vasudev kottayam joy KJ Yesudas


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


Virat Kohli shares picture of Rafael Nadal Crying Alongside Roger Federer

1 min

'ഏറ്റവും സുന്ദരമായ കായിക ചിത്രം'; കണ്ണീരണിയുന്ന ഫെഡററുടെയും റാഫയുടെയും ചിത്രം പങ്കുവെച്ച് കോലി

Sep 24, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented