കൊച്ചി : 'പാട്ടുകള്‍ക്കും സംഗീതത്തിനും പുറമേ വാക്കുകള്‍ക്കും അക്ഷരസ്ഫുടതയ്ക്കും ഏറെ പ്രാധാന്യം നല്‍കിയിരുന്ന സംഗീത സംവിധായകനായിരുന്നു ദേവരാജന്‍ മാഷ്. പതിനെട്ടാം വയസില്‍ ദേവരാജന്‍ മാഷിന് മുന്നിലെത്തി 'ചക്രവര്‍ത്തിനി നിനക്ക് ഞാനെന്റെ... എന്ന സിനിമാഗാനം മൂന്നു വട്ടമാണ് പാടികേള്‍പ്പിച്ചത്. പാടിയപ്പോഴെല്ലാം അക്ഷരത്തെ കുറിച്ചും ഉച്ചാരണത്തെ കുറിച്ചുമാണ് മാഷ് സംസാരിച്ചത്. ആര്‍ത്ഥമറിഞ്ഞുള്ള സ്വരസഞ്ചാരം പാട്ടിന്റെ ആത്മാവിനെ കേള്‍വിക്കാരിലേക്ക് എത്തിക്കുമെന്നാണ് അ്‌ദ്ദേഹം അന്ന് പറഞ്ഞത്'. ദേവരാജന്‍ മാഷ് 'നൂറ്റാണ്ടിലേ ഗായകര്‍' എന്ന വിശേഷണത്തോടെ 2001-ല്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച അഞ്ച് പേരില്‍ ഒരാളായ ഗായകന്‍ വിജേഷ് ഗോപാല്‍ ഓര്‍മ്മിക്കുന്നു. തിങ്കളാഴ്ച ദേവരാജന്‍ മാഷിന്റെ 94-ാം പിറന്നാള്‍ ദിനത്തിലും അദ്ദേഹം  പഠിപ്പിച്ച അറിവുകളാണ് വിജേഷ് തന്റെ ശിഷ്യര്‍ക്ക് പകര്‍ന്ന് നല്‍കുന്നത്.

ഗാനം കേള്‍വിക്കാരന്റെ മനസിലേക്കെത്തണമെങ്കില്‍ വാക്കുകളുടെ ഒഴുക്കിനും ഭംഗിവേണമെന്നും അദ്ദേഹം നിര്‍ബന്ധം പിടിച്ചിരുന്നു. സച്ചിന്‍ കൈതാരം എന്ന സംഗീതജ്ഞന്‍ വഴിയാണ് വിജേഷ് ദേവരാജന്‍ മാഷിലേക്കെത്തുന്നത്. അന്ന് ഗാനമാലപിച്ചപ്പോള്‍ നല്ലൊരു ഭാഷാധ്യാപകനെ കണ്ട് 'ഭാഷ പഠിക്കൂ, പാട്ട് തരക്കേടില്ല' എന്നാണ് മാഷ് പറഞ്ഞത്. ഒരു വര്‍ഷത്തിന് ശേഷം വീണ്ടും അദ്ദേഹത്തിന്റെ അടുത്തെത്തി ഗാനമാലപിച്ചപ്പോള്‍, 'നീ കൂടെ തുടര്‍ന്നോളൂ' എന്ന മറുപടിയും കിട്ടി. പിന്നീട് 2000 മുതല്‍ അദ്ദേഹത്തിന്റെ ശിക്ഷണത്തിലാണ് സംഗീതം പഠിച്ചത്. ശാസ്ത്രീയ സംഗീതത്തിലുള്ള താത്പര്യം കണ്ട് കൂടുതല്‍ കച്ചേരി കേള്‍ക്കണമെന്നും  തീര്‍ത്തും വ്യത്യസ്തമാര്‍ന്ന മുഹമ്മദ് റാഫിയുടെ പാട്ടുകളും അറിയണമെന്നും അദ്ദേഹം പറഞ്ഞിരുന്നതായും വിജേഷ് ഓര്‍മ്മിക്കുന്നു. മകനെ പോലെ എന്നാല്‍, പാട്ടിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയേതുമില്ലാതെയാണ് മാഷ് ചേര്‍ത്തുനിര്‍ത്തിയിരുന്നത്. ഇന്ന് സിനിമയില്‍ പാടുമ്പോഴും തന്റെ ശിഷ്യര്‍ക്ക് സംഗീതം പകര്‍ന്ന് നല്‍കുമ്പോഴും ദേവരാജന്‍ മാഷിനോടുത്തുള്ള നിമിഷങ്ങള്‍ സംഗീതത്തെ കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റിയെടുക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് വിജേഷ് പറയുന്നു.
1990-ല്‍ ഖത്തറില്‍ വച്ചാണ് എം.ബി.ബി.എസ് പഠനത്തിനിടെ ഡോ.രശ്മി ദേവരാജന്‍ മാഷിനെ കണ്ടുമുട്ടുന്നത്. അന്ന് തന്റെ പാട്ടുകള്‍ കേള്‍പ്പിക്കാനുള്ള അവസരം ലഭിച്ചിരുന്നു. പിന്നീട് 97-ല്‍ തിരുവനന്തപുരത്ത് ജുപ്പീറ്റര്‍ എന്ന ഗാനമേള സംഘത്തില്‍ പാടുമ്പോഴാണ് അദ്ദേഹത്തെ വീണ്ടും എത്തുന്നത്. ഇനി ഗാനമേളയ്ക്ക് പോകേണ്ടെന്നും വന്നാല്‍ പാട്ട് പഠിപ്പിച്ചു തരാമെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് 2006-ല്‍ അദ്ദേഹം മരിക്കുന്നത് വരെ ശിഷ്യയായി കൂടെയുണ്ടായിരുന്നു. തന്റെ അനുവാദമില്ലാതെ മറ്റ് സ്ഥലങ്ങളില്‍ പാടാന്‍ ചെല്ലരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അദ്ദേഹത്തിന്റെ ' നൂറ്റാണ്ടിലെ ഗായക'രില്‍ ഒരാളായി വേദിയിലെത്തിയപ്പോള്‍ സന്തോഷം മാത്രമായിരുന്നു. വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് പിന്നീട് അവസരം ലഭിച്ചുവെങ്കിലും തനിക്ക് ലഭിച്ച ഭാഗ്യമിതാണെന്നാണ് ഇന്നും കരുതുന്നത്. അതുകൊണ്ട് അവയൊന്നും നഷ്ട്ങ്ങളായി കരുതുന്നില്ലെന്ന് ഡോ.രശ്മി പറയുന്നു. അദ്ദേഹത്തിന്റെ 'ശ്രാവണചന്ദ്രിക പൂചൂടിച്ചു' എന്ന ഗാനം അക്ഷരങ്ങളടക്കം ഒരാഴ്ചയെടുത്താണ് മാഷ് പഠിപ്പിച്ചത്. ഒരിക്കലും ഇതിനിടയ്ക്ക് ദക്ഷിണയെന്ന ഭാവത്തില്‍ പോലും പണം കയറിവന്നിട്ടില്ലെന്ന് ഓര്‍ക്കുന്നു ഡോ.രശ്മി. പാട്ട് തെറ്റിയാല്‍ നന്നായി ദേഷ്യപ്പെടുമായിരുന്നു. പക്ഷേ അതൊന്നും പാട്ടിനെ ബാധിക്കില്ലെന്നും അദ്ദേഹം ഉറപ്പുവരുത്തിയിരുന്നു. കെ.പി.എ.സി അവതരിപ്പിച്ച നാല് നാടക ഗാനങ്ങളടക്കം നിരവധി ഗാനങ്ങള്‍ ആലപിക്കാന്‍ ഡോ.രശ്മിയ്ക്ക് അവസരം ലഭിച്ചു. പിന്നീടും നിരവധി ഭക്തിഗാന കാസ്റ്റുകളിലും സ്റ്റേജ് ഷോകളിലും പ്രശസ്തരായ ഗായകരോടൊത്ത് പാടാനും ഡോ.രശ്മിയ്ക്ക് സാധിച്ചിട്ടുണ്ട്.

Content Highlights: Devarajan Master 94th Birthday his disciples Vijesh Gopal, Dr Resmi remember legendary music Director