ouseppachan
ഒരു തലമുറയുടെ തന്നെ ആസ്വാദനത്തെ വളരെയേറെ സ്വാധീനിച്ച സൂപ്പര്‍ ഹിറ്റ് ഗാനം 'ദേവദൂതര്‍ പാടി' വീണ്ടും വെള്ളിത്തിരയിലെത്തുകയാണ്. 1985ല്‍ മമ്മൂട്ടിയും സരിതയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്, ഭരതന് സംവിധാനം ചെയ്ത 'കാതോട് കാതോരം' എന്ന ചിത്രത്തിലെ ഗാനമാണിത്. 'ന്നാ താന്‍ കേസ് കൊട് എന്ന ഏറ്റവും പുതിയ ചിത്രത്തിലൂടെ വീണ്ടും സ്ക്രീനുകളിലേക്കെത്തുന്നത്. ഓ. എന്‍. വി. കുറുപ്പ് രചിച്ച്, ഔസേപ്പച്ചന് ഈണം നല്കിയ ഈ നിത്യഹരിത ഗാനം കുഞ്ചാക്കോ ബോബന്റെ ചുവടുകളോടെയാണ് എത്തിയിരിക്കുന്നത്. ഈ ഗാനം പുനരാവിഷ്കരിച്ചതില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സംഗീത സംവിധായകന് ഔസേപ്പച്ചന്. കുഞ്ചാക്കോ ബോബനെ അഭിനന്ദിച്ചതോടൊപ്പം ഈ പാട്ടില്‍ പ്രവര്‍ത്തിച്ച സംഗീതജ്ഞര്‍ ആരൊക്കെയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. കീബോര്‍ഡ് എ.ആര്.റഹ്മാന്, ഗിറ്റാര്‍ ജോണ്‍ ആന്റണി, ഡ്രംസ് ശിവമണി, അതോടൊപ്പം ബിജു നാരായണന്റെ മനോഹരമായ ആലാപനവും അദ്ദേഹം കുറിച്ചു.
ഔസേപ്പച്ചന്റെ കുറിപ്പ്
ചാക്കോച്ചാ പൊളിച്ചൂടാ മോനെ പൊളിച്ചു, 37 വര്‍ഷം മുന്നേ ഞാന്‍ വയലിന് വായിച്ചു കൊണ്ട് കണ്ടക്റ്റ് ചെയ്ത ഗാനം ഇന്നും ട്രെന്‍ഡിങ് ആയതില്‍ സന്തോഷം. അന്ന് ഓര്‍ക്കസ്ട്രയില്‍ ഒപ്പം ഉണ്ടായിരുന്നവര്‍ കീബോര്‍ഡ് എ .ആര്.റഹ്മാന്, ഗിറ്റാര്‍ ജോണ്‍ ആന്റണി ,ഡ്രംസ് ശിവമണി. അതേ ഓര്‍ക്കസ്ട്രയെ ഓര്‍മപ്പെടുത്തുന്ന രീതിയില്‍ ഓര്ക്കസ്ട്രേഷന് പുനര്സൃഷ്ടിച്ചതിനൊപ്പം ബിജു നാരായണന്റെ ഹൃദയത്തില്‍ തൊടുന്ന ആലാപനവും ഒത്തുചേര്‍ന്നപ്പോള്‍ ഗംഭീരമായി
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, കനകം കാമിനി കലഹം എന്നീ ചിത്രങ്ങള്‍ക്കുശേഷം രതീഷ് ബാലകൃഷ്ണന് പൊതുവാള് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ന്നാ താന്‍ കേസ് കൊട്'. ജാക്സണ് അര്‍ജ്ജുവയാണ് ഈ ഗാനം പുനര്‍ നിര്‍മ്മാണം നടത്തിയിരിക്കുന്നത്. ബിജു നാരായണന് ആണ് ?ഗാനത്തിന്റെ പുതിയ പതിപ്പ് ആലപിച്ചിരിക്കുന്നത്. ഡോണ്‍ വിന്‍സെന്റ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. ഷഹബാസ് അമനും സൗമ്യ രാമകൃഷ്ണനും ആലപിച്ച 'ആടലോടകം' എന്ന ?ഗാനം ഇതിനോടകം തന്നെ ശ്രദ്ധേയമായിട്ടുണ്ട്.
എസ്.ടി.കെ. ഫ്രെയിംസിന്റെ ബാനറില്‍ പ്രശസ്ത നിര്‍മ്മാതാവ് സന്തോഷ്. ടി. കുരുവിള നിര്‍മ്മാണവും കുഞ്ചാക്കോ ബോബന് പ്രൊഡക്ഷന്‍സ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴില്‍ കുഞ്ചാക്കോ ബോബന് സഹനിര്‍മ്മാണവും നിര്‍വ്വഹിച്ച ചിത്രത്തിന്റെ മറ്റൊരു സഹനിര്‍മ്മാതാവ് ഷെറിന് റേച്ചല്‍ സന്തോഷാണ്. ചിത്രം ആഗസ്റ്റ് 12 ന് തിയറ്ററുകളിലെത്തും. ബേസില്‍ ജോസഫ്, ഉണ്ണിമായ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. 'സൂപ്പര്‍ ഡീലക്സ്', 'വിക്രം' എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കര്‍ അഭിനയിക്കുന്ന അദ്യ മലയാള ചലച്ചിത്രം എന്ന പ്രത്യേകത ചിത്രത്തിനുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..