ഔസേപ്പച്ചൻ, എ.ആർ. റഹ്മാൻ, ശിവമണി | ഫോട്ടോ: മധുരാജ്, എസ്.എൽ.ആനന്ദ്, അഖിൽ ഇ.എസ് | മാതൃഭൂമി
'കാതോടുകാതോരം' റിലീസ് ചെയ്യുമ്പോൾ കുഞ്ചാക്കോ ബോബന് ഒമ്പതുവയസ്സേ ഉണ്ടായിരുന്നുള്ളൂ. ക്രിസ്മസ് കാലത്ത് ആലപ്പുഴയിലെ വീട്ടിൽ പാടിനടന്ന 'ദേവദൂതർ പാടി...' എന്ന പാട്ട് 37 വർഷത്തിനുശേഷം പുനരാവിഷ്കരിക്കേണ്ടിവരുമെന്നു കുഞ്ഞുചാക്കോച്ചൻ വിചാരിച്ചിരുന്നില്ല. യുട്യൂബിൽ റിലീസ് ചെയ്ത പാട്ട് ഒരാഴ്ചയ്ക്കുള്ളിൽ 80 ലക്ഷത്തിലധികമാളുകളാണു കണ്ടത്. പാട്ടിനൊപ്പിച്ചുള്ള ചാക്കോച്ചന്റെ ഡാൻസാണ് ഹൈലൈറ്റ്. 'താളത്തിൽ, എന്നാൽ താളംതെറ്റിച്ച്' എന്നാണ് ആ ഡാൻസിനെ ഈ പാട്ടിന്റെ സംഗീതസംവിധായകൻ ഔസേപ്പച്ചൻ വിശേഷിപ്പിക്കുന്നത്.
സാമൂഹികമാധ്യമങ്ങളൊന്നും ഇല്ലാതിരുന്ന കാലത്തിറങ്ങിയ ചിത്രം ഇത്ര വർഷങ്ങൾക്കുശേഷം വീണ്ടും ഹിറ്റായത് ഭരതൻ-ഒ.എൻ.വി.-യേശുദാസ് എന്നിവർക്കുള്ള ഒരു ട്രിബ്യൂട്ട് കൂടിയാണെന്ന് അദ്ദേഹം പറയുന്നു. യുട്യൂബിൽ പഴയപാട്ടും ആളുകൾ വീണ്ടും കാണുകയാണ്.
ബിജു നാരായണനാണ് പുതിയ വെർഷൻ പാടിയത്. 'ന്നാ താൻ കേസു കൊട്' എന്ന സിനിമയ്ക്കുവേണ്ടി ദേവദൂതർ പാടി... എന്ന പാട്ടിനൊപ്പം ചാക്കോച്ചൻ ചെയ്ത നൃത്തം ട്രെൻഡിങ്ങാകുമ്പോൾ ഇരുവരും 'മാതൃഭൂമി'യുമായി സംസാരിക്കുന്നു.
കൊറിയോഗ്രാഫറില്ലാതെ ചെയ്തത് - കുഞ്ചാക്കോ ബോബൻ
സിനിമയിലെ ഒരു സീനിനുവേണ്ടി പഴയ ഒരു പാട്ടുവേണമെന്ന് ധാരണയായിരുന്നു. 'ദേവദൂതർ പാടി' എന്ന ഗാനമാണ് തിരഞ്ഞെടുത്തത്. ഉത്സവപ്പറമ്പിലെ ഒരു ഗാനമേളയ്ക്കിടെ നായകൻ ഇപ്പോൾ ഈ പാട്ടുകേട്ടാൽ എങ്ങനെയായിരിക്കുമെന്നാണ് ആലോചിച്ചത്. കൊറിയോഗ്രാഫറെ വേണോയെന്നു സംവിധായകൻ രതീഷ് ബാലകൃഷ്ണൻ ചോദിച്ചപ്പോൾ 'ആദ്യം ഞാനൊരു സാധനം ചെയ്തുനോക്കട്ടെ പറ്റില്ലെങ്കിൽ മതി'യെന്നാണു പറഞ്ഞത്.
സ്വയം ഇംപ്രൊവൈസ് ചെയ്തിട്ട സാധനം കണ്ടപ്പോൾ സംവിധായകൻ ഹാപ്പിയായി. എന്നാലും ഇത്ര ഹിറ്റാകുമെന്നു വിചാരിച്ചില്ല. മഹാരഥൻമാർ ചെയ്തുവെച്ച പാട്ടാണ്. അല്പം മോശമായാൽ ആളുകൾ നിലത്തുനിർത്തില്ലെന്ന് ഉറപ്പുണ്ടായിരുന്നു. മോശമാകരുതെന്നു മാത്രമായിരുന്നു പ്രാർഥന. ഇപ്പോൾ സന്തോഷംകൊണ്ട് ആളുകൾ നിലത്തുനിർത്തുന്നില്ല. ഒരു എക്സ് കള്ളനാണു നായക കഥാപാത്രം. ഇപ്പോൾ നന്നായി ജീവിക്കാൻ ശ്രമിക്കുന്നു. പാട്ടും ഡാൻസും അയാൾക്കു ഹരമാണ്. ഉത്സവപ്പറമ്പിൽ പാട്ടുകേൾക്കുമ്പോൾ സ്വയംമറന്നു ഡാൻസ് ചെയ്യുകയാണ്. മറ്റാർക്കും ഒരുപദ്രവുമില്ല. ആരെയെങ്കിലും നേരിട്ടു നിരീക്ഷിച്ചുചെയ്ത സീനല്ല.
ഞാൻ ഡാൻസ് പഠിച്ചിട്ടുള്ളതു മാത്രമായിരുന്നു വെല്ലുവിളി. അഞ്ചാംക്ലാസിൽ പഠിക്കുമ്പോൾ ക്ലാസിക്കൽ ഡാൻസ് പഠിച്ച് അരങ്ങേറ്റത്തിനുശേഷം നിർത്തിയതാണ്. ഡാൻസ് അറിയാത്തയാളുടെ ചുവടുകളായിരുന്നു സീനിന് ആവശ്യം. കാസർകോട്ടെ നീലേശ്വരം, ചീമേനി പ്രദേശങ്ങളിലായിരുന്നു ഷൂട്ടിങ്. പാട്ടിന്റെ സ്രഷ്ടാവായ ഔസേപ്പച്ചൻസാറും അഭിനയിച്ച മമ്മുക്കയും അഭിനന്ദിച്ചപ്പോൾ സന്തോഷം ഇരട്ടിയായി. ഓഗസ്റ്റ് 11-നാണു സിനിമയുടെ റിലീസ്.
ഫ്യൂഗ് രീതിയിലുള്ള പാട്ട്-ഔസേപ്പച്ചൻ
പാശ്ചാത്യസംഗീതത്തിൽ ഫ്യൂഗ് എന്നറിയപ്പെടുന്ന രീതിയിലാണ് ഈ പാട്ടുചെയ്തത്. ഒരേ നോട്ടുതന്നെ നാലു ഗ്രൂപ്പുകൾ വ്യത്യസ്തസമയങ്ങളിൽ പാടുന്നതാണ് രീതി. 'ദേവദൂതർ പാടി സ്നേഹദൂതർ ആടി' എന്ന് ആദ്യഗ്രൂപ്പ് പാടിപ്പോകുമ്പോൾ പിന്നാലെ മറ്റൊരു ഗ്രൂപ്പ് അതേ നോട്ടുകൾ വീണ്ടും പാടുന്നു. റെഗ്ഗെ എന്ന റിഥമാണ് പാട്ടിൽ ഉപയോഗിച്ചിരിക്കുന്നത്.
അന്നു ദിലീപായിരുന്ന എ.ആർ. റഹ്മാനായിരുന്നു കീബോർഡ്. ശിവമണി ഡ്രംസിലും ഇന്ത്യയിൽത്തന്നെ അറിയപ്പെട്ടിരുന്ന ജോൺ ആന്റണി ഗിറ്റാറിലും ഒപ്പമുണ്ടായി. വയലിൻ വായിച്ചു പാട്ടു കണ്ടക്ട് ചെയ്തതു ഞാൻതന്നെയാണ്. കൺട്രി ഫോക്ക്, വെസ്റ്റേൺ, കർണാട്ടിക് രീതികളെല്ലാം പാട്ടിൽ വന്നിട്ടുണ്ട്. സത്യത്തിൽ ഈ പാട്ടിന്റെ ബീജം ഉണ്ടായിട്ട് അമ്പതുവർഷമായി. 17-ാം വയസ്സിൽ വയലിനിൽ കമ്പംകയറിയപ്പോൾ എപ്പോഴോ വായിച്ച നോട്ടാണ്.
1978-ൽ 'ആരവം' സിനിമയ്ക്കുവേണ്ടി ഈ വയലിൻ ബീറ്റ് ഭരതൻ പശ്ചാത്തലസംഗീതത്തിൽ ഉപയോഗിച്ചു. ഞാനും ജോൺസണും ചേർന്നായിരുന്നു പശ്ചാത്തലസംഗീതം. പിന്നെയും എട്ടുവർഷം കഴിഞ്ഞ് കാതോടു കാതോരത്തിൽ എത്തിയപ്പോൾ ഈ ബിറ്റ് പാട്ടുരൂപത്തിൽ മാറ്റിച്ചെയ്യാൻ ഭരതൻ ആവശ്യപ്പെടുകയായിരുന്നു. ഇത്രകാലം കഴിഞ്ഞും ഇതോർത്തിരുന്ന ഭരതനോടാണു നന്ദി പറയേണ്ടത്. മമ്മൂട്ടി, നെടുമുടിവേണു, സരിത, ലിസി തുടങ്ങിയവരായിരുന്നു പാട്ടിൽ അഭിനയിച്ചത്. മൂന്നരപ്പതിറ്റാണ്ടുമുമ്പു ചെയ്ത ഒരുപാട്ട് ഇപ്പോൾ കൂടുതൽ ഹിറ്റാകുമ്പോൾ എന്റെ സന്തോഷം പറഞ്ഞറിയാക്കാനാകാത്തതാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..