വിയര്‍പ്പു വാടയോടിക്കളിക്കും 
ധമനികളാണെങ്ങും 
ആര് ആരെ പറ്റിക്കും എന്ന് കാണാന്‍ കണ്‍തുറന്നിരിക്കുന്ന 
ഗല്ലികള്‍,വാണിഭശാലകള്‍ 
എല്ലാം പണമയം; ചതിമയം 

നന്മയുടെ പൂമരങ്ങള്‍ 
ചിലയിടങ്ങളില്‍ 
യമനിയായും പച്ചയായും കറുമ്പനായും 
വെളുമ്പനായും ഇന്ത്യനായും 
വേഷം മാറി നടക്കും
ഊടുവഴികളുടെ ഉഷ്ണമാപിനി നീ ദേരാ

സൗഭാഗ്യങ്ങള്‍ പല കടല്‍ കടന്നെത്തി
പല രാജ്യങ്ങള്‍ക്ക് പകുത്തുകൊടുക്കുന്ന 
അബ്ര(1)യുടെ തീരത്ത്
അജ്ഞാത നാവികനുപേക്ഷിച്ച 
വക്ക് പൊട്ടിയ പിഞ്ഞാണം ഞാനാണോ?
അതോ
ചരക്ക് കയറ്റിപ്പോകും
ചെറുകപ്പലുകളിലെ
തീക്കാറ്റേറ്റു കരിഞ്ഞ കപ്പല്‍പ്പായ?
അതുമല്ലെങ്കില്‍
അബ്രയുടെ മായാവലക്കണ്ണിയില്‍
തീരത്തണഞ്ഞേക്കാവുന്ന പേരറിയാ മത്സ്യം?

ഉപമകളില്‍ തുഴഞ്ഞ് തുഴഞ്ഞ്
വീണ്ടും വണ്ടിതെറ്റിയെത്തുന്നതും
ദേരയില്‍ തന്നെ

കടലിടുക്കിന്റെ ഭാഗ്യമുദ്രയാണു നീ, ദേരാ
വീടും വിസയുമില്ലാത്തവരുടെ സൗഹൃദസത്രങ്ങള്‍ 
ദേരയുടെ മാത്രം ദയ

ബോറി പള്ളിക്ക് മുമ്പിലെ 
തടവറക്കിണറിന്നരികില്‍ 
കിനാവുകള്‍ കോവണികയറുന്ന 
നീം(2) മരത്തിന്‍ നിഴലില്‍ 
കാത്തുനില്പിന്നവസാനവാക്കാല്‍ 
ഞാന്‍ പഴുപ്പിച്ചെടുത്ത,
എന്നാല്‍ പിന്നീടെപ്പഴോ 
നാസര്‍ സ്‌ക്വയര്‍ പാര്‍ക്കിലെ 
കുഞ്ഞുബെഞ്ചില്‍ 
ഞാന്‍തന്നെ മറന്നുവെച്ച 
എന്റെ ഹൃദയം 
പിറ്റേന്ന് 
ഷവര്‍മക്കടയില്‍
തൂങ്ങിക്കിടക്കുന്നതും 
അരിഞ്ഞെടുത്തെന്‍ 
പ്രണയത്തിന്നീറന്നിലകളാല്‍ 
പൊതിഞ്ഞെനിക്കുതന്നെ 
നീട്ടിയെന്‍ പശിയടക്കിത്തന്നതും നീ ദേരാ 

ആഫ്രിക്കന്‍ പേശികളധ്വാന നൃത്തം വെക്കുന്നത് കണ്ടു 
നേരം വെളുപ്പിച്ച 
ഒരു രാത്രിയിലായിരുന്നല്ലോ 
അജ്ഞാതരായ ബലൂച്ചി ഗുണ്ടകള്‍ വാതില്‍ തകര്‍ത്തെന്‍ 
മുറിയിലേക്കിരമ്പി വന്നതും
പിന്നെ ക്രൗര്യത്തിന്‍ കഠാര കാണിച്ചതും,
ഞാന്‍ നിലവിളിച്ചതും...
ഭയന്ന് പോയി ഞാനുറക്കച്ചടവില്‍ 
പിന്നെ കഠാരവാങ്ങി ഞാനെന്നഹന്തയുടെ 
താഴുകളോരോന്നായറുത്തുകളഞ്ഞതും
കരഞ്ഞ് തീര്‍ന്ന കടല്‍പോല്‍
ദേരതന്‍ കരക്കടിഞ്ഞതും 

ആര്‍ക്കറിയാം മരുഭൂവിന്‍ കഠിന രീതികള്‍!

ആരേയും മാറോട് ചേര്‍ക്കുമീ ദേരാ
ആരേയും കടിച്ചു തുപ്പുമീ ദേര 
എന്തും ലഭിക്കുമീ ദേരയില്‍ 
എന്തും നടക്കുമീ ദേരയില്‍ 
രാവിനുറക്കമില്ലാ
പകലിനോ രാവേതെന്നറിയുകയുമില്ല 
അതാണ് ദേര
ഇതാണ് ദേര
ദുബായിയുടെ ചങ്കാണു നീ ദേര!

Poonarangaചലച്ചിത്രനടനും സംവിധായകനും നാടകകൃത്തുമായ ജോയ് മാത്യുവിന്റെ ജീവിതവും കലയും കാലവും ഇഴചേര്‍ന്ന തീക്ഷ്ണമായ അനുഭവക്കുറിപ്പുകള്‍. ഓര്‍മകളുടെ പുസ്തകം
പുസ്തകം വാങ്ങാം
വില: 150.00

കിനാക്കള്‍ അട്ടിപ്പേറു കിടക്കും 
കമ്യൂണുകള്‍ കൂണുപോല്‍ 
പക്ഷേ, 
പണിപോയവന്റെ പാതാളവാസം
ഒരു കമ്യൂണിനും തങ്ങാനാവില്ല
ദിര്‍ഹം ഉണ്ടോ 
സ്‌നേഹം ഉണ്ട് 
ജോലിയുണ്ടോ
സ്‌നേഹിച്ചുകൊല്ലും ദേര
ജോലി പോയാലോ 
വഴിമാറിനടക്കും ദേര 
ഉണക്കാനിട്ട വസ്ത്രം 
ഉണങ്ങിക്കഴിഞ്ഞിട്ടും
അയയില്‍ തൂങ്ങിയാടുന്നപോല്‍ 
ദേരയില്‍ ഞാന്‍ ചുറ്റിത്തിരിഞ്ഞ 
സൗഹൃദ സത്രങ്ങളെത്ര!
ബാക്കിയായതോ,
ശൂന്യമായ ചില്ല് കോപ്പകളില്‍ 
ആട്ടും തുപ്പും കലര്‍ത്തിയ 
കിങ് റോബര്‍ട്ടിന്റെ(3) തിരുശേഷിപ്പുകള്‍ 

കടം കിട്ടും ദേരയില്‍ 
പക്ഷേ, നാളെ കൊടുക്കണം 
പലിശക്ക് പണം കിട്ടും ദേരയില്‍ 
പക്ഷേ, പലിശയും മുതലും 
കൃത്യമായി തിരിച്ചുകൊടുക്കണം 
ഉസ്മാനും ഷാജിയും ജോസഫും 
പലിശയുടെ പാസ്‌പോര്‍ട്ടില്‍ 
പായ് വിരിച്ചുറങ്ങുന്നവര്‍
നിര്‍ഭാഗ്യജാതകര്‍; സ്വഘാതകര്‍ 

മുറിക്കപ്പുറം മീസാന്‍ കല്ലുകള്‍ 
താഴിട്ടടച്ച പരേതരുറങ്ങിക്കിടക്കും 
കല്ലറക്കാഴ്ചകള്‍ 
ഷാര്‍ജയിലും എന്റെ മുറിക്കപ്പുറം 
പരേതരുടെ കബറിടങ്ങളായിരുന്നല്ലോ, 
പരേതര്‍
പരേതര്‍
പരേതര്‍...
പരേതരുടെ ഭൂമിയില്‍ 
എനിക്ക് വേറെ കാവലാളെന്തിന്?

കാണാമറയത്തെ 
കബറിടങ്ങള്‍ക്ക് മേല്‍ 
പടുത്തുയര്‍ത്തിയ മണല്‍സൗധങ്ങളുടെ കണ്ണാടിക്കവിളില്‍ 
ഞാന്‍ പരേതരുടെ മുഖങ്ങള്‍ കണ്ടിട്ടുണ്ട് 
അശ്രുപൊഴിക്കും 
പ്രേതാത്മാക്കള്‍ 
പ്രാചീന ലോകത്തിന്‍ 
സ്ഫടിക രൂപങ്ങള്‍ 

മീന്‍ വട്ടംതിരി ഒരു കെണിയാണ് 
ഒന്ന് പിഴച്ചാല്‍ വണ്ടിയിടിക്കും
കൂട്ടിയിടിയുടെ ആഘാതത്തില്‍ 
ഒരു സ്വപ്നം സൗജന്യമാണ്;
ഷോണാപൂരില്‍(4)  ഒരു മീസാന്‍ കല്ലും!
ഇടിച്ചില്ലെങ്കിലോ
ചതുപ്പ് നിലങ്ങളാം മദ്യശാലകള്‍ 
കാത്തിരിക്കുന്നു 
വൃദ്ധകാമിനിമാരുടെ 
വാടിപ്പോയ വോള്‍ഗാ മുലകളില്‍ ചാരിനിന്നൊരു 
കവിള്‍ കുടിക്കാന്‍;
മറക്കാന്‍. 

കടംവാങ്ങിയ കോട്ടിട്ടവന് മാത്രമല്ല 
കാല്‍കാശിനു ഗതിയില്ലാത്തവനും ശരണം നീ ദേരാ 

അഹന്തകള്‍ക്ക് വിരാമചിഹ്നം 
എന്നാല്‍ അല്പന്മാരുടെ ആകാശക്കൊട്ടാരം ദേര 
നേരം പുലരാന്‍ കോഴികൂവാത്ത
ഈ രാത്രി നൗകയിലാണെന്റെ 
ദിക്കറിയാ പ്രയാണം
ഈ നൗകയുടെ പേരാണ് നീ ദേര.


ദേര: പുരാതനവും എന്നാലിന്നും സജീവവുമായ ദുബായിലെ വാണിജ്യകേന്ദ്രം
1. ദേരയുടെ തീരാത്ത കടലിടുക്ക്
2. മരുഭൂമിയില്‍ കണ്ടുവരുന്ന ഒരുതരം ആര്യവേപ്പ്
3. വിലകുറഞ്ഞ മദ്യം
4. പൊതു ശ്മശാനം