പാട്ട് പൂര്‍ണമായതോടെ 'ദര്‍ശന' ഒരു വെറും പേര് അല്ലാതായി


രമ്യ ഹരികുമാര്‍

അരുൺ ഏളാട്ട്‌, പ്രണവ് മോഹൻലാൽ, ദർശന രാജേന്ദ്രൻ

"നിന്നെ ഞാന്‍.. കണ്ടന്നേ..
മേഘം പൂക്കള്‍ പെയ്യുന്നേ..
ഒന്നാവാന്‍.. ഞാനന്നേ..
നെഞ്ചില്‍ തീര്‍ത്തൊരെന്‍ പ്രണയ പ്രപഞ്ചമിതാ..

ദര്‍ശനാ...
സര്‍വം സദാ നിന്‍ സൗരഭം.."

ഏറെക്കാലത്തിന് ശേഷം കേരളക്കരയുടെ നെഞ്ചില്‍ പ്രണയപ്രപഞ്ചം തീര്‍ത്തിരിക്കുകയാണ് ഹൃദയത്തിലെ ദര്‍ശനാ... എന്ന ഗാനം..നല്ലൊരു പ്രണയം കണ്ടിട്ട് എത്രയായെന്നുപറഞ്ഞവരുടെ ചുണ്ടില്‍ നിന്ന് ചുണ്ടിലേക്ക് പടരുകയായിരുന്നു ദര്‍ശന. സോഷ്യല്‍മീഡിയയിലും സ്റ്റാറ്റസുകളിലും ദര്‍ശന മാത്രം..2019-ല്‍ പൂര്‍ത്തിയായ ഗാനം രണ്ടുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പുറത്തെത്തിയപ്പോള്‍ സംഭവിച്ച മാജിക്കിന്റെ സന്തോഷത്തിലാണ് പാട്ടിന്റെ വരികളെഴുതിയ അരുണ്‍ ഏളാട്ട്‌. സ്വപ്‌നത്തില്‍ പോലും ഒരു ഗാനരചയിതാവായി മാറുമെന്ന് കരുതാത്ത അരുണ്‍ തന്റെ വരികള്‍ കേരളം ഒന്നാകെ ഏറ്റുപാടുന്നത് കേട്ട് ആവേശത്തിലാണ്. ദര്‍ശനയെ കുറിച്ചും തന്റെ സ്വപ്‌നങ്ങളെ കുറിച്ചും മനസ്സ് തുറക്കുകയാണ് അരുണ്‍ ഏളാട്ട്‌.

Arun Alat
Arun Alat

6 മില്യണും കടന്ന് യുട്യൂബില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ് ഹൃദയത്തിലെ ദര്‍ശനാ... എന്ന ഗാനം. സാമൂഹിക മാധ്യമങ്ങളിലും യുവത്വത്തിനിടയിലും ട്രോളന്മാര്‍ക്കിടയിലുമെല്ലാം തരംഗമായി മാറിയിരിക്കുകയാണ് ദര്‍ശന. വരികളെഴുതുമ്പോള്‍ പാട്ട് ഇത്രത്തോളം ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നോ?

പ്രതീക്ഷ ഉണ്ടായിരുന്നു. ഒരു പാട്ട് കേള്‍ക്കുമ്പോ നമുക്കറിയാമല്ലോ ആളുകള്‍ക്കിഷ്ടപ്പെടുമോ ഇല്ലയോ എന്ന്. എല്ലാവര്‍ക്കും ഇഷ്ടം തോന്നുന്ന ഒരു ട്യൂണായിരുന്നു. പാട്ട് ചെയ്തുകഴിഞ്ഞിട്ട് നീണ്ട കാത്തിരിപ്പായിരുന്നു. 2019-ലാണ് ഗാനം ചെയ്യുന്നത്. ആ സമയത്ത് കോവിഡ് വന്ന കാരണം ഷൂട്ടെല്ലാം നീണ്ടുപോയി. ഒരു നല്ല പാട്ട്് ചെയ്തുകഴിഞ്ഞിട്ട് പുറത്തിറങ്ങാനുളള ഒരു കാത്തിരിപ്പ് എന്നുപറഞ്ഞാല്‍ ഭയങ്കര വിഷമമുളള സംഭവമാണ്. പക്ഷേ ഇത്രയും കാലം കാത്തിരുന്നു അതിന്റെ റിസള്‍ട്ട് വളരെ അടിപൊളിയായി കിട്ടി അതിന്റെ സന്തോഷമുണ്ട്.

പാട്ടുകേട്ട് കൈതപ്രം നമ്പൂതിരി വിളിച്ചിരുന്നു. അത് എന്റെ ജീവിതത്തിലെ വലിയൊരു നേട്ടമായാണ് ഞാന്‍ കാണുന്നത്. കൈതപ്രം- ജോണ്‍സണ്‍ കൂട്ടുകെട്ടില്‍ പിറന്ന ഗാനങ്ങള്‍ എനിക്ക് വളരെ ഇഷ്ടമുളള പാട്ടുകളാണ്. ഇഷ്ടമുളള പത്തുപാട്ട് തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ അതില്‍ അഞ്ചും ഈ കൂട്ടുകെട്ടിലെ പാട്ടുകളായിരിക്കും. ദേവാങ്കണങ്ങള്‍ മുതല്‍ ഒരുപാട് പാട്ടുകള്‍ എനിക്കിഷ്ടമാണ്..അതുകൊണ്ടുതന്നെ അദ്ദേഹം വിളിച്ചപ്പോള്‍ വലിയ സന്തോഷം തോന്നി.

സൈനബ, ആയിഷ, മലര്‍ തുടങ്ങി നായികമാരുടെ പേരുകള്‍ ചേര്‍ത്ത് ഇറങ്ങിയ ഗാനങ്ങളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു, ദര്‍ശന എന്ന പേരിലേക്ക് എത്തുന്നത് എങ്ങനെയാണ്?

വിനീതേട്ടന് (വിനീത് ശ്രീനിവാസന്‍) ഉറപ്പായിരുന്നു ദര്‍ശന ഹിറ്റാകുമെന്ന്. ദര്‍ശന എന്ന ഒരു പോര്‍ഷന്‍ വേണമെന്ന് ഹിഷാമിന് തന്നെ വിനീതേട്ടന്‍ ഒരു നിര്‍ദേശം നല്‍കിയിരുന്നു. ആ ഒരു സംഭവം മനസ്സില്‍ വെച്ചാണ് ഹിഷാം കംപോസ് ചെയ്തത്. എനിക്ക് തന്ന റഫ് ട്രാക്കിലാണെങ്കിലും ദര്‍ശന എന്നവാക്ക് അതുപോലെ ഉണ്ടായിരുന്നു. അതിന്റെ ബാക്കി വര്‍ണനകള്‍ മാത്രമാണ് ഞാന്‍ കൂട്ടിച്ചേര്‍ക്കേണ്ടിയിരുന്നത്. ആദ്യം കേള്‍ക്കുമ്പോള്‍ ദര്‍ശന എന്ന പേര് ഒരു നോര്‍മല്‍ പേരാണല്ലോ പക്ഷേ പാട്ട് കഴിഞ്ഞുവരുമ്പോഴേക്കും അത് ഒരു വെറും പേര് അല്ലാതായി മാറി. പാട്ടിന്റെ ഭാഗമായി വന്നപ്പോള്‍ അത് വളരെ വ്യത്യസ്തമായി വന്നു, ടോട്ടലി പാട്ട് നന്നായി വന്നു. എനിക്ക് ഒരു Dreamy Feel ആണ് അനുഭവപ്പെട്ടത്.

ദര്‍ശന രാജേന്ദ്രന്‍ പാട്ടുകേട്ടിട്ട് എന്താണ് പറഞ്ഞത് ?

ദര്‍ശന പാട്ടില്‍ അവര്‍ ഒരുപാട് ഹാപ്പിയാണ്. പാട്ട് ആദ്യം കേട്ടപ്പോള്‍ അവര്‍ക്ക് വലിയ ചമ്മലായിരുന്നു എന്ന് കേട്ടിരുന്നു. പക്ഷേ ഇപ്പോള്‍ ആ പേര് ഒരു ട്രെന്‍ഡായി മാറി. ദര്‍ശന അതില്‍ പാടിയിട്ടുണ്ട്, അഭിനയിച്ചിട്ടുണ്ട്, സിനിമയിലെ കഥാപാത്രത്തിന്റെ പേരും അതുതന്നെയാണ്. വളരെ അപൂര്‍വമായി സംഭവിക്കുന്ന ഒരു കാര്യമല്ലേ അത്.

പാട്ടിന് വരികളെഴുതുക എന്നത് വന്യമായ സ്വപ്‌നത്തില്‍ പോലും ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞുകേട്ടിരുന്നു?

'സ്വപ്‌നമൊരു ചാക്ക്...' എന്ന പാട്ടുപാടിയിട്ടാണ് ഞാന്‍ സിനിമിലേക്ക് വരുന്നത്. ആ ഒരു പാട്ട് മുതല്‍ ഈ ഒരു പാട്ട് സംഭവിക്കുന്നത് വരെ ഒരു അത്ഭുതമായിട്ടാണ് എനിക്ക് അനുഭവപ്പെടുന്നത്. പാട്ടിന് വരികളെഴുതുക എന്നുളളത് ഒരിക്കലും വിചാരിക്കാത്ത ഒരു കാര്യമായിരുന്നു. ഇന്‍ഡിപെന്‍ഡന്റ് സോങ്ങുകള്‍ ഒരുപാട് ചെയ്യണം എന്നാഗ്രഹിക്കുന്ന വ്യക്തിയാണ്. എന്റെ പാട്ടുകളും ചിന്തകളും എഴുതാന്‍ ഞാന്‍ തന്നെയായിരിക്കും എപ്പോഴും നല്ലത്. കവിയായിട്ടല്ല ഞാന്‍ പറയുന്നത്. ഏതൊരാളുടെയും എക്‌സ്പ്രഷന്‍ അതേപടി കൊണ്ടുവരണമെങ്കില്‍ അവരുതന്നെ എഴുതണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ അടുത്ത സുഹൃത്തുക്കളാണ് ഹോമിന്റെ ഡയറക്ടറും മ്യൂസിക് ഡയറക്ടറുമായ റോജിന്‍ തോമസും രാഹുല്‍ സുബ്രഹ്‌മണ്യനും. ഞങ്ങള്‍ ഒരുമിച്ചാണ് എറണാകുളത്ത് താമസിച്ചിരുന്നത്. ആ സമയത്ത് എന്റെ ഇന്‍ഡിപെന്‍ഡന്റ് പാട്ടുകള്‍ ഇവര്‍ കേള്‍ക്കുന്നുണ്ടായിരുന്നു. സിനിമപാട്ട് എഴുതാന്‍ ഇവരാണ് എന്നോട് ആദ്യം പറയുന്നത്. അങ്ങനെ ഹോം എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഞാന്‍ ആദ്യം എഴുതുന്നത്, കാര്‍ത്തിക് പാടിയ പാട്ട്. അത് ഒരുപാട് വര്‍ഷം മുമ്പാണ്. പക്ഷേ അതിന് ശേഷം രാഹുല്‍ തന്നെ സംഗീതസംവിധാനം ചെയ്ത സേഫ് എന്ന ചിത്രത്തില്‍ വേറെ ഒരുപാട്ട് ചെയ്തു. സേഫ് എന്ന സിനിമയാണ് ആദ്യം ഇറങ്ങിയത്. സേഫില്‍ ഞാന്‍ എഴുതിയ പാട്ട് പാടുന്നത് വിനീതേട്ടനാണ്. ആ പാട്ടിലെ ചില വരികള്‍ വിനീതേട്ടന് സ്‌ട്രൈക്ക് ചെയ്തു, അങ്ങനെ ഹൃദയത്തിലെത്തി.

Arun Alat

2019ല്‍ തുടങ്ങിയതാണല്ലോ ദര്‍ശന എന്ന പാട്ടിന്റെ യാത്ര, എഴുതിയ വരികള്‍ പ്രണവ് പാടി അഭിനയിക്കുന്നത് കണ്ടപ്പോള്‍ എന്തുതോന്നി?

2019 സെപ്റ്റംബറിലാണ് ഹൃദയത്തില്‍ ഞാന്‍ ജോയിന്‍ ചെയ്യുന്നത്. ജൂലായ് ആകുമ്പോഴേക്കും പാട്ട് കംപോസ് ചെയ്തിരുന്നു. ഹിഷാമിന്റെ കാറില്‍ ഇരുന്നാണ് ഞാന്‍ ട്യൂണ്‍ കേള്‍ക്കുന്നത്. വിനീതേട്ടന്‍ നരേറ്റ് ചെയ്തു. പാട്ട് ഞാന്‍ ഒറ്റ ദിവസം കൊണ്ടുതന്നെ എഴുതി..പക്ഷേ എന്നെ തന്നെ ബോധ്യപ്പെടുത്താന്‍ എനിക്ക് സമയം വേണ്ടിവന്നു. ഇത് വിനീതേട്ടനെ കാണിക്കാം എന്ന ആത്മവിശ്വാസം എന്നില്‍ വരാനാണ് സമയമെടുത്തത്. പിന്നെ രണ്ടുവര്‍ഷത്തോളമുളള കാത്തിരിപ്പ്. സ്വപ്‌നമൊരുചാക്കിനും എനിക്കുതുപോലെയുളള അനുഭവം തന്നെയായിരുന്നു. പാട്ട് റെക്കോഡ് ചെയ്തിട്ട് ഏകദേശം ഒരുവര്‍ഷത്തിനടുത്ത് എനിക്ക് കാത്തിരിക്കേണ്ടി വന്നിരുന്നു. ആ സമയത്ത് എനിക്ക് ആരുടേയും അടുത്ത പറയാന്‍ പറ്റില്ല, കാരണം ആരും വിശ്വസിക്കില്ല. മമ്മൂട്ടിയുടെ സിനിമയില്‍ ഞാന്‍ പാടി എന്നുപറഞ്ഞാല്‍ എനിക്ക് വട്ടാണെന്ന് പറയുന്ന സാഹചര്യമായിരുന്നു. ആ ഒരു കാത്തിരിപ്പ് തന്നെയാണ് എനിക്ക് ഇവിടെയും അനുഭവപ്പെട്ടത്. പിന്നെ പ്രണവ് ഒരിക്കലും സിനിമയില്‍ വരുന്നില്ല എന്ന രീതിയില്‍ ഒരുപാട് വാര്‍ത്തകള്‍ നമ്മള്‍ കേട്ടിട്ടുളളതാണ്. പക്ഷേ പിന്നീട് പ്രണവ് സിനിമയിലേക്ക് വരുന്നു, വിനീതേട്ടന്റെ സിനിമയിലേക്ക് വരുന്നു ഞാന്‍ എഴുതുന്നു. ഇതെല്ലാം സംഭവിക്കുന്നത് ഒരു അത്ഭുതം പോലെയാണ് എപ്പോഴും തോന്നിയിട്ടുളളത്.

സിവില്‍ എന്‍ജിനീയറിങ്ങില്‍ നിന്ന് സിനിമാസംഗീതത്തിലേക്കെത്തുന്നത് എങ്ങനെയാണ്?

സംഗീതം വളരെ ചെറുപ്പം മുതല്‍ കൂട്ടുണ്ടായിരുന്നു. പക്ഷേ ഒരു സിനിമാപാട്ടുകാരന്‍ ആകുമെന്നൊന്നും സ്വപ്‌നത്തില്‍ വിചാരിച്ചിരുന്നില്ല. ആഗ്രഹങ്ങള്‍ ഒരു ഗായകന് എപ്പോഴും ഉണ്ടാകുമല്ലോ. സിനിമ വളരെ ആകര്‍ഷണം ചെലുത്തുന്ന ഒരു ലോകമായതുകൊണ്ട് ഏതൊരാളേയും പോലെ എനിക്കും അത്തരമൊരു ആഗ്രഹമുണ്ടാകുമല്ലോ. കാസര്‍കോട് ജില്ലയിലെ പിലിക്കോട് ആണ് ജനിച്ചുവളര്‍ന്നത്. അവിടെ നിന്ന് നാം കാണുന്ന സ്വപ്‌നങ്ങള്‍ക്കെല്ലാം ഒരു പരിധി ഉണ്ടല്ലോ. സിനിമ ഒരിക്കലും കിട്ടുമെന്ന് വിചാരിച്ച സംഭവമല്ല, പക്ഷേ അത് സംഭവിച്ചു.

എന്‍ജിനീയറിങ് യഥാര്‍ഥത്തില്‍ ഒരു ടേണിങ് പോയിന്റായിരുന്നു എന്റെ ജീവിതത്തില്‍. പ്ലസ് ടു കഴിഞ്ഞ് എറണാകുളത്ത് വന്ന് പഠിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. എനിക്ക് ഇഷ്ടപ്പെട്ട മേഖലയാണ് സിവില്‍ എന്‍ജിനീയറിങ് അങ്ങനെയാണ് കോതമംഗലത്ത് മാര്‍ അത്തനേഷ്യസ് കോളേജില്‍ ചേരുന്നത്. അവിടെവെച്ച് അവസാനവര്‍ഷം ഒരു റേഡിയോ പ്രോഗ്രാമിന്റെ ഭാഗമായി അതുവഴിയാണ് സിനിമയിലെത്തുന്നത്. സ്വപ്‌നമൊരു ചാക്ക് പാടിക്കഴിഞ്ഞിട്ടും സിവില്‍ എന്‍ജിനീയറായി ജോലി ചെയ്തിരുന്നു. പിന്നീട് പതിയെ സിനിമകള്‍ വന്നതോടെയാണ് എന്‍ജിനീയറിങ് വിടുന്നത്.


പാട്ടുപാടിയാണ് തുടക്കം, വരികള്‍ എഴുതുന്നു, ഒരു ഡോക്യുമെന്ററിക്ക് സംഗീതം നല്‍കിയിട്ടുമുണ്ടല്ലോ..

ഇന്‍ഡിപെന്‍ഡന്റ് സോങ് നേരത്തേ കംപോസ് ചെയ്തിട്ടുണ്ട്. രണ്ടുവര്‍ഷം മുമ്പ് നന്ദന്‍ എന്ന സംവിധായകന്‍ ചെയ്ത ഡ്രീമിങ് ഓഫ് വേഡ്‌സ് എന്ന ഒരു ഡോക്യുമെന്ററിക്ക് സംഗീതം നല്‍കിയിരുന്നു. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ച ഒരു ഡോക്യുമെന്ററിയാണ് അത്. മ്യൂസിക്കില്‍ നില്‍ക്കുക എന്നുളളതാണ് എന്റെ സ്വപ്‌നം. സംഗീതത്തില്‍ വിവിധമേഖലകള്‍ ഒരുപോലെ കൈകാര്യം ചെയ്യുന്ന ഒരുപാട് പേര്‍ ഇന്ത്യയിലാണെങ്കിലും പുറത്താണെങ്കിലും ഉണ്ട്.

ഭാവി പ്രൊജക്ടുകള്‍

ഒരു സിനിമയ്ക്കായി പാടിയിട്ടുണ്ട്. അതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ പറയുന്നില്ല. സിനിമയ്ക്കായി പുതിയ ലിറിക്‌സ് ഒന്നും എഴുതിയിട്ടില്ല. ദര്‍ശന കണ്ട് പുതിയ പ്രൊജക്ടുകള്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു, ആഗ്രഹിക്കുന്നു. നേരത്തേ ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നില്ലെങ്കില്‍ കൂടി ഇപ്പോള്‍ എഴുത്തും എക്‌സൈറ്റിങ്ങുളള ഒന്നായി മാറിക്കഴിഞ്ഞു. കൂടുതല്‍ ചെയ്യണമെന്നുണ്ട്. ഹൃദയത്തില്‍ പതിനഞ്ചുപാട്ടുകളാണ് ഉളളത്. അതില്‍ മൂന്നുപാട്ടുകളാണ് ഞാന്‍ എഴുതിയിട്ടുളളത്.

Content Highlights: Darshana Hridayam Song lyricist Arun Alat Interview


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented