കൊറോണ വൈറസിനെ പോരാടാന്‍ ശക്തി പകരുന്ന ഒരു ഗാനം പാടിക്കൊണ്ട് രാജ്യത്തിനു പ്രിയപ്പെട്ട നാലു സംഗീതജ്ഞര്‍ ഒരുമിക്കുന്നു. എസ് പി ബാലസുബ്രമണ്യം, കെ എസ് ചിത്ര, ശങ്കര്‍ മഹാദേവന്‍, ശരത് എന്നിവര്‍ ചേര്‍ന്ന് പാടുന്ന 'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്ന ഗാനം ശ്രദ്ധേയമാകുന്നു. ചിത്രയുടെ മനസ്സിലുദിച്ച ആശയം നാലുപേരും ചേര്‍ന്ന് അതിമനോഹരമായൊരു ഗാനമായി അവതരിപ്പിച്ചിരിക്കുകയാണ്‌. ചിത്രയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്.

ലോക്ഡൗണില്‍ വീടുകളില്‍ തന്നെയിരുന്നാണ് പാടിയിരിക്കുന്നതും റെക്കോര്‍ഡിങ്ങും മിക്‌സിങ്ങും എല്ലാം ചെയ്തിരിക്കുന്നതും. രാജി ശ്രീകുമാരന്‍ തമ്പിയാണ് പാട്ടിന് വരികളെഴുതിയിരിക്കുന്നത്. ശരത് ഈണം നല്‍കിയിരിക്കുന്നു. 

ചിത്രയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

'എന്റെ ഭാഷ സംഗീതമാണ്. വീട്ടിലിരുന്ന് 'എന്ത് ' എന്ന ആലോചനയുടെ
ഫലമായാണ് 'ലോകാ സമസ്താ സുഖിനോ ഭവന്തു'വിന്റെ ജനനം. രചന ഞാന്‍ അമ്മയെപ്പോലെ കരുതുന്ന രാജിച്ചേച്ചിയുടേതാണ് (രാജിതമ്പി) . സംഗീതം ശരത്തിന്റെയും. സഹനത്തോടും ക്ഷമയോടും ഗവണ്മെന്റിനോടുള്ള അനുസരണയോടും നമുക്ക് ഈ ദുരിതകാലത്തെ അതിജീവിക്കാം. വൈറസ്സൊഴിഞ്ഞ നല്ലൊരു പൊന്‍പുലരിയെ സ്വയം ശുദ്ധീകരിച്ച മനസുകളോടെ നമുക്ക് സ്വാഗതം ചെയ്യാം. എന്റെ ഈ ചെറിയ സംരംഭം നിങ്ങള്‍ക്കു മുന്‍പില്‍ സ്‌നേഹത്തോടെ സമര്‍പ്പിക്കുന്നു.' !

Content Highlights : corona virus song K S Chithra SPB Sharreth Shankar Mahadevan