തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി ഗായിക കെ.എസ്. ചിത്ര. ആരോഗ്യപ്രവര്‍ത്തകരോട് സംവദിച്ച ചിത്ര, അവര്‍ ആവശ്യപ്പെട്ട ഗാനങ്ങളും പാടി. നേരത്തെ നടന്‍ മോഹന്‍ലാലും ആരോഗ്യപ്രവര്‍ത്തകരുമായി സംവദിച്ചിരുന്നു. 

'ഇനിയും പാടണോ, എത്ര വേണമോ പാടിത്തരാം... എന്നെക്കൊണ്ടതല്ലേ പറ്റൂ. സന്തോഷമായി, എന്ത് വേണമെങ്കിലും ചെയ്യാം' നിറഞ്ഞചിരിയോടെ ചിത്ര പറഞ്ഞു. 

ജില്ലകളിലെ കോവിഡ് കണ്‍ട്രോള്‍ റൂമുകളില്‍ 24 മണിക്കൂറും സേവനമനുഷ്ഠിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിന് വേണ്ടിയാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി ചെന്നൈയിലെ വീട്ടില്‍ നിന്നും ചിത്ര ചേര്‍ന്നത്. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെ സാന്നിധ്യത്തില്‍, എല്ലാ ജില്ലകളിലുമുള്ള ജില്ല മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ല പ്രോഗ്രാം മാനേജര്‍മാര്‍, വിവിധ കോവിഡ് ആശുപത്രികളിലെ സൂപ്രണ്ടുമാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള 300 ഓളം ആരോഗ്യ പ്രവര്‍ത്തകര്‍ അതത് ആശുപത്രികളില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

ആരോഗ്യ പ്രവര്‍ത്തകരുടെ സേവനത്തിന് കയ്യടിയെന്നാണ് ചിത്ര പറഞ്ഞത്. നിങ്ങളുടെ പിന്തുണയും ആത്മാര്‍ത്ഥതയും ഇല്ലെങ്കില്‍ നമ്മള്‍ മോശം അവസ്ഥയിലേക്ക് പോയേനെ. ഷിഫ്‌റ്റോ ലീവോ ഇല്ലാതെ എത്രപേരാ സേവനമനുഷ്ഠിക്കുന്നത്. നമ്മള്‍ സുഖമായിട്ടിരിക്കുന്നത് നിങ്ങള്‍ കഷ്ടപ്പെടുന്നത് കൊണ്ടാണ്. ഈ തിരക്കിനിടയില്‍ നിങ്ങളുടെ ആരോഗ്യം കൂടി നോക്കണം. സാങ്കേതികത കുറവാണെങ്കിലും നിങ്ങളുടെ ഈ ആത്മാര്‍ത്ഥതയാണ് വിജയ കാരണം. കേരളം ഇക്കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയെ പുറത്തുള്ള പലരും അഭിനന്ദിക്കുന്നത് കേള്‍ക്കുമ്പോള്‍ ശരിക്കും സന്തോഷം തോന്നാറുണ്ട്. ഓരോ തവണ വാര്‍ത്തകള്‍ കാണുമ്പോഴും വല്ലാത്ത ടെന്‍ഷനാണ്. നിങ്ങള്‍ ചെയ്യുന്ന സേവനത്തിന് ഇതൊന്നും പോര. വെള്ള ഉടുപ്പിട്ട് നിങ്ങളെ കാണുമ്പോള്‍ വളരെ സന്തോഷമുണ്ട്. നിങ്ങള്‍ ചെയ്യുന്നത് നോക്കുമ്പോള്‍ ഞാന്‍ ചെയ്യുന്നത് ഒന്നുമല്ല. ഈ പോരാട്ടത്തില്‍ നമ്മള്‍ ജയിക്കും. നിങ്ങളുടെ സ്‌നേഹത്തിനും കരുതലിനും ഒരുകോടി നന്ദിയും പ്രാര്‍ത്ഥനയുമുണ്ടെന്നും ചിത്ര പറഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ട മലയാളം, തമിഴ്, കന്നട ഭാഷകളിലുള്ള എല്ലാ ഗാനങ്ങളും ചിത്ര പാടി. 'ലോകം മുഴുവന്‍ സുഖം പകരാനായ്...', നെറ്റിയില്‍ പൂവുള്ള..., നീര്‍മണിപ്പീലിയില്‍..., ആകാശഗംഗ തീരത്തിനപ്പുറം..., പൂ മാനമേ..., അഞ്ജലീ അഞ്ജലി പുഷ്പാഞ്ജലി..., രാജ ഹംസമേ..., മഞ്ഞള്‍ പ്രസാദവും..., തുടങ്ങി നിരവധി ഗാനങ്ങള്‍.

അതിനിടയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ചിത്ര പാടാന്‍ അവസരം നല്‍കി. 'കരുണാമയനേ കാവല്‍ വിളക്കേ കനിവിന്‍ നാളമേ...' എന്ന ഗാനം ചിത്ര ഉള്ളുരുകി പാടിയപ്പോള്‍ പലരുടേയും കണ്ണ് നിറഞ്ഞു.

Content Highlights : corona virus k s chithra sings for medical officers doctors fb live with k k shailaja teacher