ലോക്ഡൗണിൽ യാത്രകളും അതിന്റെ രസവുമൊക്കെ ഇല്ലാതായിരിക്കുകയാണ്. കൊറോണവൈറസ് വിട്ടുമാറട്ടെ, എന്നിട്ടാകാം ട്രിപ്പെന്നു കരുതിയാണ് മിക്കവരും വീടുകളിൽ തന്നെ കഴിയുന്നത്. അതിനിടയിൽ കഴിഞ്ഞുപോയ വിനോദയാത്രകളുടെ ഓർമകളിലേക്ക് ഒന്നെത്തിനോക്കിയാലോ? 'കൂൾ ബീഡി എറൗണ്ട് ഇന്ത്യ' എന്ന ഈ ട്രാവൽ ആൽബം നമ്മെ ആ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടു പോവുകയാണ്.

ഇന്ത്യയുടെ വിവിധ സംസ്കാരങ്ങളും ആചാരങ്ങളും ആസ്വദിച്ച് കൊണ്ടുള്ള ഒരു ചെറുപ്പക്കാരന്റെ യാത്രയാണ് മ്യൂസിക് വിഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ നാനാഭാഗത്തുമായി ഇരുപതു ദിവസങ്ങളോളം സഞ്ചരിച്ചു. കാർഗിലിലെ ഷൂട്ടിങ്ങിനിടയിൽ മണ്ണിടിച്ചിൽ കാരണം കുടുങ്ങിയപ്പോൾ ടോവിനോ തോമസാണ് അവരെ സുരക്ഷിതമായി വീടുകളിൽ എത്തുവാൻ സഹായിച്ചത്. ടോവിനോക്ക് നന്ദി പറഞ്ഞുകൊണ്ടാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.

ഫൈസൽ ഫസിലുദ്ദിൻ സംവിധാനം നിർവഹിച്ച മ്യുസിക് വിഡിയോയിൽ അഭിനേതാവും മോഡലുമായ റാഷിൻ ഖാനാണ് അഭിനയിച്ചിരിക്കുന്നത്. യാസീൻ നിസാർ ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ സംഗീതം മിഹ്രാജ് ഖാലിദാണ് നൽകിയിരിക്കുന്നത്. ഗാനരചന റഫീഖ് ഉമ്പാച്ചി. ഡോൺ പോളിന്റെ ഛായാഗ്രഹണത്തിലൂടെ രാജ്യത്തിന്റെ വിവിധ മനോഹര ദൃശ്യങ്ങളും പ്രകൃതി ഭംഗിയും ഒപ്പിയെടുത്തിരിക്കുന്നു. എഡിറ്റിംഗ് സിയാൻ ശ്രീകാന്ത്. റഹീം വാവൂർ ആണ് നിർമാണം.

Content Highlights :cool beedi of india music video out thanking tovino thomas