-
ലോക്ക് ഡൗൺ കാലത്ത് പല രാജ്യങ്ങളിൽ, പലനഗരങ്ങളിൽ വീടുകളിൽ ഒതുങ്ങി കഴിയുമ്പോൾ ഒരു മലയാളി കുടുംബത്തിലെ അംഗങ്ങൾ ഒരുക്കിയ സംഗീത വിരുന്ന് ശ്രദ്ധ നേടുന്നു. മൂന്ന് ഭൂഖണ്ഡങ്ങളില്‍ പെടുന്ന, എട്ടു രാജ്യങ്ങളിലെ, ഇരുപത് നഗരങ്ങളിലായി കഴിയുന്ന അറുപത്തിയഞ്ച് പേരാണ് ഈ സംഗീത വിരുന്നിൽ പങ്കെടുത്തിരിക്കുന്നത്. ഇവരിൽ കോഴിക്കോടുള്ള എൺപത്തിയെട്ടു കാരിയായ ലീലകൃഷ്ണനും, കാനഡയിലെ ടൊറൊന്റോയിൽ ഉള്ള രണ്ടു വയസ്സുകാരി സമീറയും ഉൾപ്പെടുന്നു. അങ്ങനെ നാല് തലമുറയിൽ ഉൾപ്പെട്ട കുടുംബാംഗങ്ങളാണ് ഈ ഒരുപാട്ടിലൂടെ ഒരുമിക്കുന്നത്.
അമേരിക്കയിലെ സിയാറ്റിലിൽ ഒരുസോഫ്റ്റുവെയർ കമ്പനിയിൽ ജോലി ചെയ്യുന്ന നിഖിൽ ഗോവിന്ദരാജാണ് സംഗീത വിരുന്നിൻ്റെ സംവിധാനവും വീഡിയോ എഡിറ്റിങ്ങും നിർവഹിച്ചത്. യാത്ര, സംഗീതം, ഭക്ഷണം എന്നിവ മഠത്തിൽ കുടുംബാംഗങ്ങൾക്ക് പ്രിയപ്പെട്ടവയാണെന്ന് ബാംഗ്ലൂരിലെ തിയേറ്റർ ആർട്ടിസ്റ്റായ ഷീല ഗോവിന്ദരാജ് പറയുന്നു. മഠത്തിൽ കുടുംബാംഗങ്ങളും കോഴിക്കോട്ടെ ഡോക്ടർമാരുമായിരുന്ന ഡോ. എം.ജി സഹദേവൻ, ഡോ. എം. ഗോവിന്ദരാജ് എന്നിവർ യാത്ര, സംഗീതം, ക്രിക്കറ്റ് എന്നിവയെ ഒരു ഹരമായികൊണ്ടു നടന്നവരായിരുന്നു.
1960- കളുടെ അവസാനത്തിൽ ഡോ. എം.ജി സഹദേവൻ തൻ്റെ ഹിൽമാൻ കാർ ഇംഗ്ലണ്ടിൽ നിന്നും കോഴിക്കോട്ടേക്ക് ഓടിച്ചു വന്നത് അന്ന് വലിയ വാർത്തയായിരുന്നു, എല്ലാവർഷവും പുതുവത്സര പിറവിയുടെ തലേന്ന് കുടുംബാംഗങ്ങൾ ഒന്നിച്ചു ചേരുക പതിവാണ്. ’ഓമൈഡാർലിംഗ്ക്ലെമെൻ്റെയിൻ’ എന്നഗാനം എല്ലാവർഷവും പുതുവത്സര വേളയിൽ ഒന്നിച്ചു ചേർന്ന് ആലപിച്ചിരുന്ന കാര്യം ഡോ. ഉഷശാന്തകുമാറും, കോൺട്രസ്റ്മാനേജരായ എം.ജി ഗോപിനാഥും ഓർക്കുന്നു. ഈ ഗാനം പിന്നീട് മഠത്തിൽ കുടുംബത്തിന്റെ ഗാനമായി മാറുകയായിരുന്നു.
പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അവസാന കാലത്തു അമേരിക്കയിൽ പ്രചരിച്ചിരുന്ന ഒരു നാടോടിഗാനമായിരുന്നു ’ഓമൈഡാർലിംഗ്ക്ലെമെൻ്റെയിൻ’ എന്നത്. 1863- ൽ എച്ച്. എസ്തോംസൺ പ്രസിദ്ധീകരിച്ച ‘ഡൌൺ ബൈ ദി റിവർ ലിവ്ഡ് എ മെയ്ഡൻ’ എന്ന ഗാനം ആസ്പദമാക്കി എഴുതിയതാണെന്നും വിശ്വസിക്കപ്പെടുന്നു. 1946- ൽജോൺ ഫോഫോര്‍ഡ് സംവിധാനംചെയ്ത ‘മൈഡാർലിംഗ്ക്ലെമെൻ്റെയിൻ’ എന്ന സിനിമയിലും ടൈറ്റിൽ ഗാനം എന്ന നിലയിലും ഈഗാനം പ്രസിദ്ധി നേടിയിരുന്നു.
കൊവിഡിൽ ലോകം മുഴുവൻ സ്തംഭിച്ചു നിൽക്കുന്ന സാഹചര്യത്തിൽ ഈ സന്തോഷങ്ങളെല്ലാം നഷ്ടമായി. എന്നിരുന്നാലും ഈ പരിമിതമായ സാഹചര്യത്തിലും സന്തോഷം കണ്ടെത്തണമല്ലോ. അതിന്റെ ഭാഗമായാണ് മ്യൂസിക് വീഡിയോ ചെയ്യാൻ തീരുമാനിച്ചത്- ഷീല ഗോവിന്ദരാജ് കൂട്ടിച്ചേർത്തു.
Content Highlights: Clementine by Madathil Kerala family unites from eight countries for a music album during lock downCovid Pandemic
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..