ദേവദാരു പൂത്തു... എൻ മനസ്സിൻ താഴ്വരയിൽ... എം.എസ് മണി സംവിധാനം ചെയ്ത ‘എങ്ങനെ നീ മറക്കും’ എന്ന ചിത്രത്തിലെ ഈ മനോഹര ഗാനം മതി ചുനക്കര രാമൻകുട്ടിയെന്ന പ്രതിഭയെ ഓർക്കാൻ. പ്രണയത്തെയും സൗഹൃദത്തെയും വിരഹത്തെയും അടയാളപ്പെടുത്തിയ ഗാനം മൂന്ന് പതിറ്റാണ്ടുകൾ കടന്ന് സഞ്ചരിക്കുമ്പോൾ ഒരു കാര്യം ഉറപ്പിച്ചു പറയാം. മലയാള സിനിമാസംഗീതത്തെ സ്നേഹിച്ചവർ ഒരിക്കലെങ്കിലും ഈ പാട്ട് മൂളിയിട്ടുണ്ടായിരിക്കണം. വർഷങ്ങളായി ചുനക്കരയുടെ മൊബെെൽ ഫോണിന്റെ റിങ് ടോണും ഈ ഗാനം തന്നെയായിരുന്നു.
ചെന്നൈയിൽ വച്ചായിരുന്നു പാട്ടിന്റെ റെക്കോർഡിങ്. സിനിമയിലെ പാട്ടുകളെല്ലാം ഹിറ്റാവണം എന്നതായിരുന്നു ചിത്രത്തിന്റെ നിർമാതാവ് അരോമ മണി ചുനക്കരയക്ക് മുന്നിൽ വച്ച ഒരേയൊരു നിർദ്ദേശം. പാട്ടെഴുത്തിന് ഒരാഴ്ച സമയവും നൽകി. ചുനക്കര സമ്മതിക്കുകയും ചെയ്തു. പിന്നീട് അവരൊന്നിച്ച് ആരോമ ഓഫീസിലേക്ക് യാത്ര തിരിച്ചു.. കാർ, ഓഫീസിന് മുന്നിൽ നിർത്തിയപ്പോഴേക്കും ചുനക്കര തൂലികയിൽ നിന്ന് ദേവദാരൂ... പിറന്നിരുന്നു.
1978-ൽ പുറത്തിറങ്ങിയ ’ആശ്രമം’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ആദ്യഗാനം രചിച്ചത്. പി.ജി.വിശ്വംഭരന്റെ ചിത്രമായ ‘ഒരു തിര പിന്നെയും തിര’ എന്ന ചിത്രത്തിലെ ഗാനങ്ങൾ അദ്ദേഹത്തെ പ്രശസ്തനാക്കി. 1984-ൽ വിവിധ സിനിമകൾക്കായി മുപ്പതിലേറെ പാട്ടുകളാണ് എഴുതിയത്. 2015-ൽ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുശ്രേഷ്ഠാ പുരസ്‌കാരം ലഭിച്ചിരുന്നു. ശ്യാമ മേഘമേ നീ(അധിപന്‍), സിന്ധൂര തിലകവുമായി(കുയിലിനെ തേടി), നീ അറിഞ്ഞോ മേലേ മാനത്ത് (കണ്ടു കണ്ടറിഞ്ഞു) തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചു.
1936 ജനുവരി 19-ന് ആലപ്പുഴ ജില്ലയിലെ ചുനക്കര കരിമുളയ്ക്കൽ കാര്യാട്ടിൽ കിഴക്കതിൽ വീട്ടിൽ കൃഷ്ണന്റെയും നാരായണിയുടെയും മകനായാണ് ജനിച്ചത്. പന്തളം എൻ.എസ്.എസ്. കോളേജിൽ നിന്നും മലയാളത്തിൽ ബിരുദം നേടി. പിന്നീട് ആകാശവാണിയിൽ പാട്ടെഴുതാനുള്ള അവസരങ്ങൾ ലഭിച്ചു. ആകാശവാണിയിലെ റേഡിയോ അമ്മാവൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന പി.ഗംഗാധരൻ നായരുമായുള്ള പരിചയമാണ് ആകാശവാണിയിലേക്ക് ചുനക്കരയെ എത്തിച്ചത്. ആകാശവാണിക്കായി രചിച്ച ലളിതഗാനങ്ങൾക്ക് ആരാധകരേറെയായിരുന്നു. പിന്നീട് നാടകവേദികളിൽ സജീവമായി. കൊല്ലം അസീസി, മലങ്കര തിയേറ്റേഴ്‌സ്, കേരളാ തിയേറ്റേഴ്‌സ്, നാഷണൽ തിയേറ്റേഴ്‌സ്, കൊല്ലം ഗായത്രി എന്നീ നാടക ട്രൂപ്പുകൾക്ക് വേണ്ടി നിരവധി ഗാനങ്ങൾ രചിച്ചു. ’മലയാള വേദി’ എന്ന പേരിൽ സ്വന്തമായി നാടക സമിതിയും അദ്ദേഹം തുടങ്ങി. എന്നാൽ കുറച്ച് വർഷങ്ങൾ മാത്രമെ ഇത് പ്രവർത്തിച്ചുള്ളൂ.
ചുനക്കര രാമൻകുട്ടി അവസാനമായി എഴുതിയത് മാതൃഭൂമി ചെയർമാനും മാനേജിങ് ഡയറക്ടറുമായിരുന്ന എം.പി. വീരേന്ദ്രകുമാറിനെക്കുറിച്ചാണ്. കേരള എൻ.ജി.ഒ. സെന്ററിന്റെ മുഖപത്രമായ സർവീസ് സെന്ററിലാണ് എം.പി.വീരേന്ദ്രകുമാറിനെക്കുറിച്ചുള്ള അനുസ്മരണക്കുറിപ്പ് പ്രസിദ്ധീകരിച്ചത്.
എം.പി.വീരേന്ദ്രകുമാറിന്റെ പുസ്തകമായ ‘ഹൈമവതഭൂവിൽ’ ചുനക്കര രാമൻകുട്ടിയുടെ പേരും ഗാനവും പരാമർശിച്ചിട്ടുണ്ട്. എല്ലാവരുടെയും മുന്നിൽ നിവർന്നുനിൽക്കാൻ ഒരു ‘വീരശൃംഖല’ എന്നാണ് അദ്ദേഹം പുസ്തകത്തിലെ പരാമർശത്തെ വിശേഷിപ്പിക്കുന്നത്. ഒരു പുസ്തക പ്രകാശനച്ചടങ്ങിൽ കവിത ചൊല്ലിയപ്പോൾ എം.പി.വീരേന്ദ്രകുമാർ ആശ്ലേഷിച്ചതും അനുസ്മരണക്കുറിപ്പിൽ അദ്ദേഹം ഓർമിക്കുന്നു.
Content Highlight: Chunakkara Ramankutty passes away, remembering his evergreen Malayalam hit song, Devathaaru poothu,nee arinjo mele manathu, shyama meghame nee, Adhipan, Engane Ne Marakkum