വിരല്‍ വേഗത്തില്‍ പിയാനോയില്‍ അത്ഭുതം വിരിയിച്ച് ലോകത്തെ വിസ്മയിപ്പിച്ച് ഒരു കുട്ടി സംഗീതജ്ഞന്‍. ദ വേള്‍ഡ് ബെസ്റ്റ് എന്ന വിഖ്യാത സംഗീത റിയാലിറ്റി ഷോയില്‍ വിജയിയായി 7 കോടി രൂപ സമ്മാന തുക നേടിയിരിക്കുകയാണ് ചെന്നൈയില്‍ നിന്നുള്ള ലിഡിയന്‍ നാദസ്വരം എന്ന പതിമൂന്നുകാരന്‍. ഫൈനലില്‍ സൗത്ത് കൊറിയയില്‍ നിന്നുള്ള കുക്കിവോണ്‍ ത്വയ്‌ക്കോണ്ടോ മാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചാണ് നാദസ്വരം ഒന്നാംസ്ഥാനം നേടിയത്.

എ.ആര്‍ റഹ്മാന്‍ ഫൗണ്ടേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കെ.എം മ്യൂസിക് കണ്‍സര്‍വേറ്ററിയിലെ വിദ്യാര്‍ഥിയായിരുന്നു നാദസ്വരം. 

നിക്കോളായ് റിംസ്‌കി-കൊറാസ്‌കോവിന്റെ ഫ്‌ലൈറ്റ് ഓഫ് ദി ബംബിള്‍ബീ എന്നും ഒരു അത്ഭുതമാണ് പിയാനോയില്‍ വിരല്‍ കൊണ്ട് ഇന്ദ്രജാലം കാട്ടുന്നവര്‍ക്ക്. സവിശേഷമായ കീ പാറ്റേണും നോട്ടുകളും കാരണം ഏത് മികച്ച പിയാനിസ്റ്റിനും വെല്ലുവിളി ഉയര്‍ത്തുന്നതാണ് ദി ടെയ്ല്‍ ഓഫ് സാര്‍ സാല്‍ട്ടന്‍ എന്ന ഓപ്പറയ്ക്കുവേണ്ടി 1899ല്‍ നിക്കോളായ് ഒരുക്കിയ ഈ ഓര്‍ക്കസ്ട്രല്‍ ഇന്റര്‍ലൂഡ്.

എന്നാല്‍, ഈ ബംബിള്‍ബീ കൊണ്ട് ലോകത്തെ മുന്‍നിര സംഗീതജ്ഞരെ മാത്രമല്ല, സംഗീതാസ്വാദകരെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ് നാദസ്വരം. ഈ ബാലന്റെ പ്രകടനം കണ്ട് വാ പൊളിച്ചുപോയി ഷോയുടെ വിധികര്‍ത്താക്കളായ ഡ്ര്യു ബാരിമോറും ഫെയ്ത്ത് ഹില്ലും റുപോളും. മകന്റെ വിസ്മയ പ്രകടനം കണ്ട് സ്റ്റുഡിയോയില്‍ കണ്ണീര്‍ പൊഴിച്ചുപോയി അച്ഛന്‍ സതീഷ് വര്‍ഷന്‍.

ആദ്യം സാധാരണനിലയില്‍ വായിച്ച നാദസ്വരം പിന്നീട് മിനിറ്റില്‍ 208 ബീറ്റിലേയ്ക്കാക്കാന്‍ വിധികര്‍ത്താക്കളോട് ആവശ്യപ്പെട്ടു. അതു കഴിഞ്ഞ് ബീറ്റ് സ്പീഡ് 325 ആക്കി ഉയര്‍ത്തിയപ്പോഴും തകര്‍ത്ത് വായിക്കുകയായിരുന്നു നാദസ്വരം.

ഷോയുടെ അവതാരകനായ ജെയിംസ് കോര്‍ഡന്‍ തന്നെയാണ് ഈ വിസ്മയപ്രകടനത്തിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. വന്‍ സ്വീകാര്യതയായിരുന്നു ട്വിറ്ററിലും ഈ വീഡിയോയ്ക്ക് ലഭിച്ചത്.

അത്ഭുതം, വിസ്മയാവഹം, അതിശയകരം എന്നൊക്കെയായിരുന്നു വീഡിയോയ്ക്കുള്ള കമന്റുകള്‍. ഈ വേഗത്തിലും ഓരോ നോട്ടും വ്യക്തമാണ് എന്നതും അവിശ്വസനീയമാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. ബിതോവന്റെ മൂണ്‍ലൈറ്റ് സൊനാറ്റ പോലുള്ള ഏറെ വിഷമം പിടിച്ച നോട്ടുകള്‍ നാദസ്വരത്തിന്റെ വിരലില്‍ അനായാസേന വിരിയും. അതും കണ്ണു കെട്ടി.

പിയാനോയില്‍ മാത്രം ഒതുങ്ങുന്നതല്ല നാദസ്വരത്തിന്റെ സംഗീതം. ഗിറ്റാറും മൃദംഗവും തബലയും ഗഞ്ചിറയും അടക്കം പതിനാല് സംഗീതോപകരണങ്ങള്‍ ഇദ്ദേഹം വായിക്കും. തന്റെ സംഗീതസപര്യ ലോകത്തെ അറിയിക്കാന്‍ സ്വന്തമായൊരു യൂ ട്യൂബ് ചാനലമുണ്ട്.

രണ്ടാം വയസ്സില്‍ സംഗീതസംവിധായകനായ അച്ഛന്റെ ഡ്രമ്മില്‍ താളമിട്ടു തുടങ്ങിയതാണ് ലിഡിയയുടെ സംഗീതജീവിതം. എട്ട് വയസ്സായപ്പൊഴേയ്ക്കും പിയാനോയില്‍ മൊസാര്‍ട്ടിനെയും ബീഥോവനെയും ചോപിനെയും ലിസ്റ്റിനെയുമെല്ലാം വായിച്ചുതുടങ്ങി. ഒറ്റയ്ക്ക് തന്നെയായിരുന്നു അക്കാലത്ത് പഠനമത്രയും. പിന്നീട് അഗസ്റ്റിന്‍ പോള്‍, സുരോജിത് ചാറ്റര്‍ജി എന്നിവരുടെ കീഴിലായി പഠനം.

ഹാരി പോര്‍ട്ടര്‍, മിഷന്‍ ഇംപോസിബിള്‍, ജുറാസിക് പാര്‍ക്ക്, സൂപ്പര്‍മാന്‍ എന്നീ ചിത്രങ്ങളിലെ തീം മ്യൂസിക് ലിഡിയന്‍ നാദസ്വരം വായിക്കുന്നു

നാദസ്വരത്തിന്റെ കീര്‍ത്തി പരന്നു തുടങ്ങിയതോടെ പലയിടങ്ങളിലും നിന്നും ക്ഷണം വന്നു. അങ്ങനെ അമേരിക്കയിലും ഓസ്ട്രേലിയയിലും മലേഷ്യയിലും അര്‍ജന്റീനയിലുമെല്ലാം സന്ദര്‍ശനം നടത്തി സംഗീത പരിപാടികള്‍ അവതരിപ്പിച്ചു. നിരവധി വിദേശ റിയാലിറ്റി ഷോകളിലും പങ്കെടുത്തു.

റൗഡി ബേബി പിയാനോയില്‍ വായിച്ച് ലിഡിയന്‍ നാദസ്വരം

ഒരേ സമയം രണ്ടു പിയാനോകള്‍ വായിക്കുന്ന ലിഡിയന്‍ നാദസ്വരം

Content Highlights: Lidian Nadaswaram, Piano, The World Best Music Reality Show, K.M. Music Conservatory, Chennai Boy Bags & Crore Prize