ചില ഗാനങ്ങള്‍ക്ക് ചില ജന്മനിയോഗങ്ങളുണ്ട്. അതുപോലെ ഒരു ഗാനമാണ് 'നിറകുടം' എന്ന സിനിമയിലെ 'നക്ഷത്രദീപങ്ങള്‍ തിളങ്ങി നവരാത്രി മണ്ഡപമൊരുങ്ങി' എന്നഗാനം. ഗാനരചയിതാവ് ബിച്ചുതിരുമലയുടെ മനസ്സില്‍ ഒരു സ്വപ്നംപോലെ വന്നുദിച്ച വരികള്‍. അത് അത്രതന്നെ യാദൃച്ഛികതയില്‍ ജയവിജയന്മാര് സംഗീതം പകര്‍ന്നുവെച്ചു. പിന്നീടത് സിനിമയില്‍ നിറഞ്ഞു. അങ്ങനെ നക്ഷത്രദീപങ്ങള്‍ ഒരിക്കലും അസ്തമിക്കാതെ മലയാള ഗാനസാഹിത്യത്തില്‍ ഇടം നേടി.
ഗൗരിമനോഹരിയുടെയും ശങ്കരാഭരണത്തിന്റെയും ആഭോഗിയുടെയും സഞ്ചാരപഥങ്ങളിലൂടെ സ്വയം മറന്നൊഴുകുന്ന യേശുദാസ്. അകമ്പടിക്ക് ഗുരുവായൂര്‍ ദൊരൈയുടെ മൃദംഗവും കേശവമൂര്‍ത്തിയുടെ വയലിനും. 'നിറകുട'ത്തിലെ പ്രശസ്തമായ 'നക്ഷത്രദീപങ്ങള്‍ തിളങ്ങി നവരാത്രി മണ്ഡപമൊരുങ്ങി' എന്ന ഗാനം പിറവിയെടുത്ത നിമിഷങ്ങള്‍ നാല്‍പ്പതുവര്‍ഷങ്ങള്‍ക്കിപ്പുറവും കോരിത്തരിപ്പിക്കുന്ന ഓര്‍മയാണ്. സംഗീതസംവിധായകന് ജയന് 'പ്രൗഢഗംഭീരമായ ഒരു കച്ചേരിയുടെ ലഹരിയിലായിരുന്നു ഞങ്ങളെല്ലാവരും; ജെമിനി സ്റ്റുഡിയോയിലെ റെക്കോര്‍ഡിസ്റ്റ് കോടീശ്വരറാവു ഉള്‍പ്പെടെ.'
സാക്ഷാല്‍ ചെമ്പൈ വൈദ്യനാഥഭാഗവതരുടെ കച്ചേരിയെക്കുറിച്ചാണ് ബിച്ചു തിരുമലയുടെ രചന. വയലിന് ഇതിഹാസമായ ചൗഡയ്യയും മൃദംഗചക്രവര്‍ത്തി പാലക്കാട് മണി അയ്യരുമൊക്കെ പക്കവാദ്യക്കാരായി വന്നുനിറയുന്ന വരികള്‍. കഥാപാത്രങ്ങള്‍ ലജന്ഡുകളാകുമ്പോള് പാട്ടിന്റെ റെക്കോര്‍ഡിങ് എങ്ങനെ മോശമാക്കാന്‍ പറ്റും? സമുന്നതരായ കലാകാരന്മാര്തന്നെ വേണം പിന്നണിയില്‍ വാദ്യവിദ്വാന്മാരായി എന്ന് നിര്‍ബന്ധമുണ്ടായിരുന്നു സംഗീത സംവിധായകരായ ജയവിജയന്മാര്ക്ക്.
പാടുന്നത് ചെമ്പൈയുടെ പ്രിയശിഷ്യന് യേശുദാസ്. പക്കമേളക്കാരും ചില്ലറക്കാരല്ല. എട്ടാംവയസ്സില്‍ ചെമ്പൈയുടെ കച്ചേരിക്ക് മൃദംഗംവായിച്ച ചരിത്രമുണ്ട് ഗുരുവായൂര്‍ ദൊരൈക്ക്. കേശവമൂര്ത്തിയാകട്ടെ, ചൗഡയ്യയുടെ ഗുരുവായ ബിഡാരം കൃഷ്ണപ്പയുടെ ശിഷ്യന്. സപ്തതന്ത്രികളുള്ള വയലിന്‍വായിക്കുന്ന തെന്നിന്ത്യയിലെ അത്യപൂര്‍വം പ്രതിഭകളിലൊരാള്‍.
'നക്ഷത്രദീപങ്ങള്‍' എന്ന പാട്ട് പുറത്തിറങ്ങി സൂപ്പര്‍ ഹിറ്റായ ശേഷമാണ് രചനയിലെ ഒരു പൊരുത്തക്കേട് പലരുടെയും ശ്രദ്ധയില്‍പ്പെടുന്നത്: ചെമ്പൈ ആയുസ്സിലൊരിക്കലും നവരാത്രിമണ്ഡപത്തില്‍ പാടിയിട്ടില്ല. പിന്നെങ്ങനെ ചെമ്പട താളത്തില്‍ ശങ്കരാഭരണത്തിലുള്ള ആലാപനം ആസ്വദിച്ച് ആറാട്ടു കടവിലും ആനക്കൊട്ടിലിലും ആസ്വാദക ലക്ഷം തരിച്ചുനില്‍ക്കും? എങ്കിലും വിമര്‍ശകര്‍ക്ക് നല്കാന് മനോഹരമായ ഒരു മറുപടിയുണ്ടായിരുന്നു ബിച്ചുവിന്റെ പക്കല്‍: 'അതെന്റെ സ്വപ്നമാണെന്ന് കൂട്ടിക്കോളൂ. നവരാത്രി മണ്ഡപത്തില്‍ ചെമ്പൈ പാടുക; ചൗഡയ്യയും മണി അയ്യരും അകമ്പടിസേവിക്കുക. ഏതു സംഗീതാസ്വാദകനാണ് അത്തരമൊരു അപൂര്‍വസംഗമം കൊതിക്കാത്തത്.'
അധികം സംഗീതവേദികളില്‍ ഈ ത്രിമൂര്‍ത്തികള്‍ ഒരുമിച്ചിട്ടില്ല എന്നത് മറ്റൊരു കൗതുകം. മൂന്നു മഹാപ്രതിഭകളും ഒരേ വേദി പങ്കിടുന്നത് കാണാന്‍ യുട്യൂബില്‍ ചെന്ന് 'വാണി' (1943) എന്ന കന്നഡ സിനിമയുടെ ക്ലിപ്പിങ് കണ്ടുനോക്കിയാല്‍ മതി.
സിനിമക്കുവേണ്ടി എഴുതിയതല്ല നക്ഷത്രദീപങ്ങള്‍. 'ചെറുപ്പംമുതലേ കവിതകള്‍ കുത്തിക്കുറിക്കുന്നശീലമുണ്ട് എനിക്ക്. മനസ്സില്‍ തോന്നുന്ന ആശയങ്ങള്‍ അപ്പപ്പോള്‍ ഡയറിയില്‍ പകര്‍ത്തും. എന്റെവക ഒരു ഈണവും നല്‍കും അതിന്. ഒരു നവരാത്രി സംഗീതോത്സവ കാലത്ത് കുറിച്ചുവെച്ചതാണ് ഈ വരികള്‍.
സ്വാതി തിരുനാളിന്റെ സമകാലീനരായ തഞ്ചാവൂര്‍ നാല്വരിലെ വടിവേലുവിന്റെ ജീവിതകഥ ആ പാട്ടിന്റെ രചനയില്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. പക്ഷേ എന്നെങ്കിലും അത് സിനിമയില്‍ ഉപയോഗിക്കണം എന്നൊന്നും ചിന്തിച്ചിട്ടില്ല. സിനിമാലോകത്ത് എത്തിപ്പെടുമെന്ന പ്രതീക്ഷതന്നെ ഇല്ലല്ലോ.' ബിച്ചു തിരുമല പറയുന്നു. ഇനിയുള്ള കഥ ജയന്റെ വാക്കുകളില്‍: 'എഴുപതുകളുടെ തുടക്കത്തില്‍ ശാസ്ത്രീയസംഗീത കച്ചേരികളും റെക്കോര്ഡിങ്ങുകളുമായി ഞാനും വിജയനും ചെന്നൈയില്‍ കഴിയുന്നകാലം. മൈലാപ്പൂരിലെ മുരുഡീസ് ലോഡ്ജിലാണ് അന്ന് താമസം.
ഞങ്ങളെപ്പോലെതന്നെ മനസ്സുനിറയെ സിനിമാസ്വപ്നങ്ങളുമായി നടക്കുകയായിരുന്ന ബിച്ചു തിരുമലയും അന്ന് മദ്രാസിലുണ്ട്. വല്ലപ്പോഴുമൊക്കെ അദ്ദേഹം മുറിയില്‍വരും. അത്തരമൊരു സന്ദര്‍ശനവേളയില്‍ കയ്യിലുണ്ടായിരുന്ന ഡയറി മേശപ്പുറത്തുെവച്ചിട്ട് സമീപത്തുള്ള കപാലീശ്വര ക്ഷേത്രത്തില്‍ ദര്ശനംനടത്താന് പോയി അദ്ദേഹം. വെറുതെ ഒരു കൗതുകത്തിന് ആ പുസ്തകം എടുത്തു മറിച്ചുനോക്കിയപ്പോള്‍ അതാകിടക്കുന്നു ഒരു കവിത.
ഞങ്ങളുടെ ഗുരുവായ ചെമ്പൈ സ്വാമിയെക്കുറിച്ചും വയലിന്മാന്ത്രികനായ ചൗഡയ്യയെക്കുറിച്ചുമൊക്കെ പരാമര്‍ശമുണ്ട് അതില്‍. ഇഷ്ടം തോന്നിയതുകൊണ്ടാവാം, അവിടെ വെച്ചുതന്നെ ഞാനും അനിയനുംചേര്ന്ന് ആ വരികള്‍ പാടി ചിട്ടപ്പെടുത്തി. വെറുതെ ഒരു രസത്തിനുചെയ്തതാണ്. ബിച്ചു അന്ന് ശിവശങ്കരന് അമ്പലത്തില്‍നിന്ന് തിരിച്ചു വന്നപ്പോള്‍ ഞങ്ങള്‍ അത് പാടിക്കേള്‍പ്പിക്കുകയും ചെയ്തു... പറഞ്ഞാല്‍ വിശ്വസിക്കില്ല, പാട്ട് കേട്ടു തീരും വരെ വിതുമ്പിക്കൊണ്ടിരിക്കയായിരുന്നു അദ്ദേഹം. 'ഈ വരികള്‍ എഴുതുമ്പോള്‍ എന്റെ മനസ്സിലുണ്ടായിരുന്ന ഈണം തന്നെ. നിങ്ങളിതെങ്ങനെ കണ്ടെത്തി?' അത്ഭുതത്തോടെ ബിച്ചുവിന്റെ ചോദ്യം.
അന്നൊന്നും 'നക്ഷത്രദീപങ്ങള്‍' സിനിമയില്‍ ഉള്‍പ്പെടുത്തണം എന്ന ചിന്തയില്ല. 1977-ല്‍ 'നിറകുടം' എന്ന ചിത്രത്തിന്റെ സംഗീതസംവിധായകരാകാന് ജയവിജയന്മാര്ക്ക് ക്ഷണം ലഭിക്കുന്നു. സംവിധായകന് ഭീംസിങ്ങിന്റെവകയാണ് ക്ഷണം. നേരത്തെതന്നെ അറിയാം ഭീംസിങ്ങിനെ. എഴുപതുകളുടെ തുടക്കത്തില്‍ അദ്ദേഹം സംവിധാനംചെയ്ത 'പാദപൂജൈ' എന്ന തമിഴ് ചിത്രത്തിന് കവിഞ്ജര്‍ കണ്ണദാസനൊപ്പം പാട്ടുകള്‍ ഒരുക്കിയത് ജയവിജയന്മാരാണ്.
ശിവകുമാറും ജയചിത്രയും അഭിനയിച്ച ആ ചിത്രത്തിലെ പാട്ടുകള്‍ ഹിറ്റായിരുന്നുതാനും പ്രത്യേകിച്ച് പി. സുശീല പാടിയ കണ്ണാടി അമ്മാ ഉന്‍ ഇദയം എന്ന ഗാനം. 'പിന്നീടും തമിഴില്‍ പടം ചെയ്യാന്‍ ഓഫര്‍ ലഭിച്ചിരുന്നെങ്കിലും ചെമ്പൈ സ്വാമിയുടെ കീഴിലെ സംഗീതാഭ്യസനം മുടക്കരുത് എന്ന് നിര്‍ബന്ധമുണ്ടായിരുന്നതിനാല്‍ അവയൊന്നും സ്വീകരിക്കാന്‍ പറ്റിയില്ല.'-ജയന്.
ആയിടയ്ക്കാണ് ഭീംസിങ് മലയാളത്തില്‍ ഒരു റീമേയ്ക്ക് പടം ചെയ്യാന്‍ ആലോചിക്കുന്നത്. തന്റെ തന്നെ തമിഴ് സൂപ്പര്‍ ഹിറ്റ് ചിത്രമായ 'ഭാഗപ്പിരിവിനൈ' മലയാളത്തിലാക്കുകയാണ് അദ്ദേഹം. ശിവാജി ഗണേശന്റെ റോളില്‍ താരതമ്യേന തുടക്കക്കാരനായ കമല്ഹാസന്. നായികയായി ശ്രീദേവി. ഭീംസിങ്ങിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും എഴുതിയത് സുരാസു.
'ഭാഗപ്പിരിവിനൈ'യില്‍ വിശ്വനാഥന് രാമമൂര്‍ത്തി സഖ്യം ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ക്ക് മലയാള ഭാഷ്യം ചമയ്ക്കുകയായിരുന്നു ബിച്ചു ജയവിജയ ടീമിന്റെ ദൗത്യം. തമിഴ് സിനിമയില്‍ ഒരു കഥാസന്ദര്‍ഭത്തില്‍ പൊങ്കല്‍ പശ്ചാത്തലമായി ഒരു ഗാനം കടന്നുവരുന്നുണ്ട്. ടി.എം. സൗന്ദരരാജനും ലീലയുമാണ് ഗായകര്‍. കഥ മലയാളത്തിലാകുമ്പോള്‍ പൊങ്കലിന് പ്രസക്തിയില്ലല്ലോ. പകരം നവരാത്രിയാക്കാമെന്നു നിര്‍ദേശിച്ചത് ജയവിജയന്മാര് തന്നെ. 'നേരത്തെ ചെയ്തുവെച്ച നക്ഷത്രദീപങ്ങള്‍ എന്ന പാട്ട് ആ രംഗത്ത് ഉപയോഗിച്ചാല്‍ നന്നായിരിക്കും എന്ന് തോന്നി. പിന്നെ സംശയിച്ചു നിന്നില്ല. നേരെ ഭീംസിങ്ങിന്റെ വീട്ടില്‍ച്ചെന്ന് പാട്ട് അദ്ദേഹത്തെ പാടിക്കേള്‍പ്പിച്ചു.
കുടുംബാംഗങ്ങളും ഉണ്ട് ആ സമയത്ത് അദ്ദേഹത്തിനൊപ്പം. പാട്ട് എല്ലാവര്ക്കും ഇഷ്ടമായി. ഇത്തരമൊരു പാട്ട് യേശുദാസ് സിനിമയില്‍ പാടി അഭിനയിച്ചാല്‍ നന്നായിരിക്കുമെന്ന് ഭീംസിങ് അഭിപ്രായപ്പെട്ടപ്പോള്‍ ഞങ്ങള്‍ക്കും സന്തോഷം. അങ്ങനെയാണ് നക്ഷത്രദീപങ്ങള്‍ നിറകുടത്തില്‍ ഇടംനേടിയതും യേശുദാസ് അത് പാടി അഭിനയിച്ചതും. ഗുരുവായ ചെമ്പൈസ്വാമിയെ സ്മരിക്കുന്ന പാട്ടായതിനാല്‍ ദാസിനും അത് പാടുന്നതില്‍ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ..'
40 പീസ് ഓര്െക്കസ്ട്രയാണ് ജെമിനി സ്റ്റുഡിയോയിലെ റെക്കോര്‍ഡിങ്ങില്‍ പങ്കെടുത്തതെന്ന് ഓര്‍ക്കുന്നു ജയന്. 'വയലിനും മൃദംഗത്തിനുംപുറമെ തബല തരംഗും പാട്ടിന്റെ പിന്നണിയില്‍ ഉപയോഗിച്ചിട്ടുണ്ട് ഞങ്ങള്‍. മുംബൈയില്‍നിന്നുള്ള ഒരു റാവുവാണ് അത് കൈകാര്യംചെയ്തത്. പാട്ട് റെക്കോര്‍ഡ് ചെയ്തുകേട്ട് ആദ്യം അഭിനന്ദിച്ചത് ഭീംസിങ് തന്നെ.'
'നിറകുട'ത്തില്‍ വേറെയും ഉണ്ടായിരുന്നു ശ്രദ്ധേയ ഗാനങ്ങള്‍. കണ്ണദാസന്റെ 'ഏന് പിറന്തായ് മകനെ ഏന് പിറന്തായോ' എന്ന രചനയാണ് മലയാളത്തില്‍ ബിച്ചു 'ജീവിതമെന്നൊരു തൂക്കുപാലം' എന്ന മനോഹരമായ താരാട്ടാക്കി മാറ്റിയത്. 'തങ്കത്തിലേ ഒരു കുറൈ ഇരുന്താലും' എന്ന അര്‍ഥഭംഗിയുള്ള ഗാനം മലയാളത്തില്‍ 'സ്വര്‍ണത്തിനെന്തിനു ചാരുഗന്ധ'മായി. എങ്കിലും നക്ഷത്രദീപങ്ങളുടെ പ്രഭയില്‍ മങ്ങിപ്പോകാനായിരുന്നു ഈ ഗാനങ്ങള്‍ക്ക് യോഗം. 'നക്ഷത്രദീപങ്ങള്‍ പാടിക്കേട്ട ശേഷം സംവിധായകന് ഉള്‍പ്പെടെ പലരും കണ്ണദാസന്റെ രചനയുമായി ആ പാട്ടിനെ താരതമ്യപ്പെടുത്തുകയുണ്ടായി. പാട്ടിന്റെ വരികളുംഈണവും കണ്ണടച്ചിരുന്ന് ആസ്വദിക്കുന്ന ഭീംസിങ്ങിന്റെ ചിത്രം മറക്കാനാവില്ല.'- ബിച്ചു.
ഓരോ നവരാത്രിയും കടന്നുവരുമ്പോള്‍, 'നിറകുട'ത്തിലെ ഈ മനോഹര ഗാനത്തോടൊപ്പം സ്വപ്നംപോലെ ആ ദൃശ്യവും മനസ്സില്‍ വന്നുനിറയും. ചൗഡയ്യയുടെയും പാലക്കാട് മണി അയ്യരുടെയും അകമ്പടിയോടെ നവരാത്രി മണ്ഡപത്തില്‍ ചെമ്പൈ പാടുന്നു; നാലമ്പലത്തിനുള്ളില്‍, നാടകശാലക്കുള്ളില്‍ ജനം അതുകേട്ട് നിശബ്ദരായി സ്വയം മറന്നുനില്ക്കുന്നു....