ഭക്തിഗാന ആസ്വാദകര്‍ക്കു പുത്തന്‍ ഉണര്‍വായി മലയാള സിനിമാ സംഗീത ലോകത്തെ അതുല്യ പ്രതിഭ  ശ്രീ എസ് പി വെങ്കിടേഷ് എത്തുന്നു. 26 വര്ഷങ്ങള്‍ക്ക് മുന്‍പ് തരംഗിണി പുറത്തിറക്കിയ 'തുയിലുണരു'എന്ന ജനപ്രിയ ഗാനത്തിന് ശേഷം കടുങ്ങലൂര്‍ സ്വദേശിയും പ്രവാസിയുമായ ശ്രീ ജീത്തു മോഹന്‍ദാസ് തന്റെ അച്ഛന്റെ പാവന സ്മരണയ്ക്കായ് ആലുവ കടങ്ങല്ലൂര്‍ നരസിംഹ സ്വാമിക്കായി സമര്‍പ്പിക്കുന്ന 'ചന്ദനചാര്‍ത്ത്' എന്ന ആല്‍ബത്തിലെ 'നാരായണാ.. നാരായണാ'എന്ന ഗാനത്തിന് ഈണമിട്ടുകൊണ്ടാണ് തിരിച്ചു വരവ്. 

പ്രശസ്ത സംഗീതജ്ഞരായ ഇളയരാജ, എം.എസ്.വി, ശ്യാം, എസ്.പി വെങ്കിടേഷ് എന്നിവര്‍ക്ക് വേണ്ടി കൈയാളായും ,തമിഴില്‍ ധാരാളം ഗാനങ്ങള്‍ പാടി ശ്രേദ്ധേയനായ ചെന്നൈയിലുള്ള പ്രഭാകര്‍ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ശുദ്ധ സംഗീതം കൊണ്ട് മികച്ച അനുഭവം തരുന്ന ഗാനത്തിനായി വരികള്‍ എഴുതിയത് തൃശൂര്‍ സ്വദേശി ജീവന്‍ ആര്‍ മേനോന്‍. ഒമ്പതു മിനിറ്റു ദൈര്‍ഖ്യമുള്ള ഈ ഗാനത്തിന് ഒരു ചലഞ്ച് ആയി ഏറ്റെടുത്തു ദൃശ്യാവിഷ്‌കാരം നല്‍കിയതു ബാലു ആര്‍ നായര്‍ ആണ്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച അനില്‍ നായര്‍. ഈ ഗാനത്തിന്റെ മിക്‌സിങ്ങും മാസ്റ്ററിങ്ങും നിര്‍വഹിച്ചിരിക്കുന്നത് ചെന്നൈയിലുള്ള സൗണ്ട് എഞ്ചിനീയര്‍ പി.ജി രാഗേഷ് ആണ് 

എസ് പി വെങ്കിടേഷ് ചിട്ടപ്പെടുത്തിയ ഈ ഗാനം കൂടാതെ മറ്റു ആറു ഗാനങ്ങള്‍ കൂടി ചേരുന്നതാണ്  'ചന്ദനചാര്‍ത്ത്' എന്ന സമാഹാരം. സംഗീത സംവിധായകരായ ശരത്, ഉണ്ണി മേനോന്‍, വിജേഷ് ഗോപാല്‍, ജെയ്സണ്‍ ജെ നായര്‍, സുനില്‍ പുരുഷോത്തമന്‍ എന്നിവര്‍ ചിട്ടപ്പെടുത്തിയ 6 ഗാനങ്ങള്‍ക്ക് വരികളെഴുതിയത് സന്തോഷ് ഡി കടുങ്ങലൂര്‍, ജീവന്‍ ആര്‍. മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ്. ഗായകരായ ശരത്, ഉണ്ണിമേനോന്‍, ശ്രീവത്സന്‍ ജെ മേനോന്‍,ഷബീര്‍ അലി,വിജേഷ് ഗോപാല്‍ എന്നിവരാണ് 6 ഗാനങ്ങളും ആലപിച്ചിരിക്കുന്നത്. 

Content Highlights: Chandanacharthu, Narayana SP, Venkatesh Devotional song