'എന്‍ജായ് എന്‍ജാമി', 'മനികേ മാഗേ ഹിതേ' എന്നീ  വൈറല്‍ പാട്ടുകള്‍ക്ക് പ്രിയതാരങ്ങളായ മോഹന്‍ലാലും പൃഥ്വിരാജും കഹോണില്‍ താളം പിടിച്ചത് ദിവസങ്ങളുടെ ഇടവേളയിലാണ്. ഇരുതാരങ്ങളും കഹോണില്‍ താളമിടുന്ന വീഡിയോയും വാര്‍ത്തയും സാമൂഹികമാധ്യമങ്ങളില്‍ വന്‍തോതിലാണ് പ്രചരിച്ചത്. സംഗീതാവതരണങ്ങളില്‍ സ്ഥിരമായി ഉപയോഗിക്കുന്ന കഹോണ്‍(Cajon)എന്ന വാദ്യോപകരണത്തിന്റെ ജന്മദേശം തെക്കേ അമേരിക്കന്‍ രാജ്യമായ പെറുവാണ്. സാധാരണയായി ഉപകരണത്തിന്റെ മുന്‍ഭാഗത്ത് തട്ടിയാണ് ശബ്ദം പുറപ്പെടുവിക്കുന്നത്. പിന്‍ഭാഗത്ത് തട്ടിയും താളമിടുന്ന പതിവുണ്ട്. കനം കുറഞ്ഞ പ്ലൈവുഡ് കൊണ്ട് നിര്‍മിച്ചിരിക്കുന്ന വശങ്ങളില്‍ കൈകളോ വിരലുകളോ തട്ടിയാണ് സാധാരണയായി ശബ്ദമുണ്ടാക്കുന്നതെങ്കിലും ബ്രഷോ കൊട്ടുവടിയോ തട്ടിയും കഹോണില്‍ താളമിടാറുണ്ട്. 

പത്തൊമ്പതാം നൂറ്റാണ്ട് മുതല്‍ പ്രചാരത്തിലുള്ള കഹോണ്‍ ആഫ്രോ-പെറൂവിയന്‍ സംഗീതത്തിലാണ് പ്രധാനമായും ആദ്യകാലത്ത് ഉപയോഗിച്ചു വന്നിരുന്നത്. പിന്നീട് സ്പാനിഷ് കലാരൂപമായ ഫെമെങ്കോ(Flemenco)യിലെ ഒഴിച്ചുകൂടാനാവാത്ത അകമ്പടിസംഗീതോപകരണമായി കഹോണ്‍ മാറി. അമേരിക്കന്‍ വന്‍കരകളിലെ ആഫ്രിക്കന്‍ അടിമകളാണ് കഹോണ്‍ രൂപപ്പെടുത്തിയതെന്നാണ് നിഗമനം. നിലവില്‍ അമേരിക്കന്‍ രാജ്യങ്ങളിലും സ്‌പെയിനിലും പ്രധാന വാദ്യോപകരണമാണ് കഹോണ്‍. 1850 കളില്‍ പ്രചാരം വര്‍ധിച്ച കഹോണിന് പത്തൊമ്പതാം നൂറ്റാണിന്റെ അവസാനത്തോടെ ശബ്ദകമ്പനങ്ങള്‍ക്കനുസൃതമായി ചെറിയ രൂപമാറ്റങ്ങള്‍ കഹോണില്‍ പ്രതിഫലിച്ചു. 

അഞ്ച് ഭാഗങ്ങളും പൂര്‍ണമായും അടച്ച നിലയിലും പിന്‍വശത്ത് വട്ടത്തിലുള്ള ഒരു ദ്വാരം ഉള്ള നിലയിലുമുള്ള ഒരു പെട്ടിയുടെ രൂപമാണ് കഹോണിന്. ലാറ്റിന്‍ അമേരിക്കന്‍ സംഗീതശാഖയിലുപയോഗിക്കുന്ന മറ്റ് ബോക്‌സ് ഡ്രമ്മുകളേയും കഹോണ്‍ എന്ന് വിളിക്കാറുണ്ട്. 13-19 മില്ലിമീറ്റര്‍(1/2-3/4 ഇഞ്ച്) കനമുള്ള പലകയാണ് കഹോണ്‍ ബോക്‌സിന്റെ അഞ്ച് വശങ്ങളുടെ നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. ആറാമത്തെ വശം ഇതിലും കനം കുറഞ്ഞ പ്ലൈവുഡ് കൊണ്ട് മൂടുന്നു. ഈ വശമാണ് കഹോണിന്റെ ഹെഡ് ആയി വര്‍ത്തിക്കുന്നത്. മുഖ്യമായും താളമിടുന്ന ഈ ഭാഗം 'ടാപ'(tapa) എന്നാണറിയപ്പെടുന്നത്. കഹോണുകളുടെ പാദഭാഗം റബര്‍ കൊണ്ട് നിര്‍മിക്കുന്ന പതിവും ശബ്ദകമ്പനങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള സ്‌ക്രൂകളും നിലവിലുണ്ട്. 

 ഇരുവശത്തും കാലുകളിട്ടിരുന്നാണ് കഹോണ്‍ വായിക്കുന്നത്. കൈപ്പത്തിയുടെ മുകള്‍വശമുപയോഗിച്ചോ വിരലുകള്‍ കൊണ്ടോ കഹോണിന്റെ വശങ്ങളില്‍ താളമിട്ടാണ് വാദനം. കഹോണ്‍ വാദകന് മറ്റ് ഉപകരണങ്ങള്‍ വായിക്കാനുള്ള സൗകര്യവും കഹോണിന് മുകളിലുള്ള ഇരിപ്പുവശം സൗകര്യം നല്‍കുന്നുണ്ട്. അകോസ്റ്റിക് ഗിറ്റാറിനോ പിയാനോ സംഗീതത്തിനോ അകമ്പടിക്കായി കഹോണ്‍ വ്യാപകമായി ഉപയോഗിക്കാറുണ്ട്. ബാസ് ഡ്രമ്മുകള്‍ക്ക് പകരമായും കഹോണ്‍ പലയിടങ്ങളിലും ഉപയോഗിച്ചു വരുന്നുണ്ട്. ബ്ലൂസ്, പോപ്, റോക്ക്, ഫങ്ക്, വേള്‍ഡ് മ്യൂസിക്, ജാസ്സ് എന്നീ സംഗീതശാഖകളില്‍ കഹോണിന് കൂടുതല്‍ പ്രാധാന്യം ലഭിച്ചിട്ടുണ്ട്.

തങ്ങളുടെ സാധനങ്ങള്‍ സൂക്ഷിക്കുന്ന ചെറിയ തടിപ്പെട്ടികളില്‍ അടിമകള്‍ കൊട്ടിത്തുടങ്ങിയ കഹോണ്‍ വാദനം ഇന്ന് ലോകവ്യാപകവാദ്യസംഗീതമായി മാറിയിരിക്കുന്നു. 2001 ല്‍ പെറൂവിയന്‍ നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് കള്‍ച്ചര്‍ കഹോണിനെ ദേശീയ പൈതൃകമായി പ്രഖ്യാപിച്ചു. 2014 ല്‍ ദ ഓര്‍ഗനൈസേഷന്‍ ഓഫ് അമേരിക്കന്‍ സ്റ്റേറ്റ്‌സ് കഹോണിനെ 'ഇന്‍സ്ട്രുമെന്റ് ഓഫ് പെറു ഫോര്‍ ദ അമേരിക്കാസ്' ആയി പ്രഖ്യാപിക്കുകയും ചെയ്തു. അങ്ങനെ അടിമസംഗീതത്തില്‍ നിന്ന് കഹോണിന് ആഗോളപ്രാധാന്യം കൈവന്നു. മിക്ക ലോകരാജ്യങ്ങളിലേയും സംഗീതപരിപാടികളില്‍ കഹോണിന്റെ വാദനം അതിന്റെ തനതായ പ്രാധാന്യത്തില്‍ സംഗീതപ്രേമികള്‍ ആസ്വദിച്ചു കൊണ്ടേയിരിക്കുന്നു.

 

 

തയ്യാറാക്കിയത് : സ്വീറ്റി കാവ്‌

Content Highlights: Cajon drums played by Mohanlal Prithviraj viral songs