ബിടിഎസ് ടീം
ലോകമെമ്പാടും ആരാധകരുള്ള ദക്ഷിണകൊറിയന്‍ സംഗീതസംഘം ബി.ടി.എസ്. വേര്‍പിരിയുന്നുവെന്ന വാര്‍ത്ത ഇവരുടെ ആരാധകരെ നിരാശയിലാഴ്ത്തിയിരുന്നു. ഒരുമിച്ചുള്ള പരിപാടികള്‍ക്ക് ഇടവേളയെടുക്കുന്നുവെന്നും ബാന്‍ഡ് പിരിച്ചുവിട്ടുവെന്നുമുള്ള പ്രചരണങ്ങള്‍ ശക്തമാണ്. ഇതിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ബിടിഎസിലെ ഗായകന് ജുങ്കുക്ക്.
കൊറിയന്‍ ഭാഷയില്‍ നല്കിയ വിശദീകരണം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തപ്പോള്‍ സംഭവിച്ച ആശയകുഴപ്പമാണെന്ന് ജുങ്കുക്ക് പറയുന്നു. തങ്ങള്‍ വ്യക്തിഗത പരിപാടികളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അതേ സമയം ഒന്നിച്ചു പരിപാടികള്‍ ചെയ്യുമെന്നും വ്യക്തമാക്കി. തങ്ങള്‍ തല്ക്കാലം വേര്‍പിരിയാന്‍ ഉദ്ദേശമില്ലെന്നും ജുങ്കുക്ക് പറയു.
ജിന്‍, ഷുഗ, ആര്.എം., ജെ-ഹോപ്, ജിമിന്, വി, ജങ്കൂക് എന്നിവരാണ് ബി.ടി.എസിലെ അംഗങ്ങള്‍. ഇവര്‍ ഒന്നിച്ചുള്ള ആദ്യ ആല്‍ബത്തിന്റെ ഒന്‍പതാം വാര്‍ഷികം ആഘോഷിക്കാന്‍ ചേര്‍ന്ന അത്താഴവിരുന്നിന് ശേഷമാണ് വ്യക്തിഗത പരിപാടികളെക്കുറിച്ചുള്ള തീരുമാനം അറിയിച്ചത്. അതിന് തൊട്ടുപിന്നാലെ വേര്‍പിരിയുന്നുവെന്ന പ്രചരണം ശക്തമായത്.
തൊട്ടുപിന്നാലെ, ബാന്‍ഡിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന വിനോദ കമ്പനിയായ ഹൈബിന്റെ വിശദീകരണമെത്തി. 'ബി.ടി.എസ്. വേര്‍പിരിയുന്നില്ല. വ്യക്തിഗത പരിപാടികളിലേക്ക് കൂടുതല്‍ശ്രദ്ധ കേന്ദ്രീകരിക്കുമെന്നുമാത്രം'.
പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ ആര്‍മി എന്നറിയപ്പെടുന്ന ബി.ടി.എസ്. ആരാധകവൃന്ദം സാമൂഹികമാധ്യമങ്ങളില്‍ പ്രതികരണങ്ങളുമായെത്തി. ചിലര്‍ ആശംസകള്‍ നേര്‍ന്നു. ചിലര്‍ തിരിച്ചുവരുമെന്ന പ്രതീക്ഷ പങ്കുവെച്ചു. ദിവസങ്ങള്‍ക്കുമുമ്പാണ് പ്രൂഫ് എന്ന സംഗീത ആല്‍ബം ബി.ടി.എസ്. പുറത്തുവിട്ടത്. ആദ്യദിവസംതന്നെ 20 ലക്ഷത്തിലധികം കോപ്പികള്‍ വിറ്റുപോയിരുന്നു.
ലോകസംഗീതത്തില്‍ ബി.ടി.എസിന്റെ വരവ് മാറ്റത്തിന്റെ ഇടിമുഴക്കമായിരുന്നു. യു.എസിലും യു.കെ.യിലുമുള്‍പ്പെടെ ആഗോള സംഗീതവിപണിയില്‍ ആധിപത്യം സ്ഥാപിച്ച ആദ്യ സമ്പൂര്‍ണ കൊറിയന്‍ ഗായകസംഘമാണവര്. കൊറിയന്‍ പോപ്പ് സംഗീതത്തെ ലോകനിലവാരത്തില്‍ എത്തിച്ചതിനൊപ്പം രാജ്യത്തിനു വലിയ വരുമാനവും നേടിക്കൊടുത്തു. ഇന്ത്യയിലുള്‍പ്പെടെ ലക്ഷോപലക്ഷം ആരാധകര്‍. ടിക് ടോക്കിലും ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും ട്വിറ്ററിലുമൊക്കെ ഏറ്റവും പ്രശസ്തമായ ബാന്‍ഡുകളില്‍ ഒന്ന്. സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിലും അവര്‍ ഇടപെട്ടു. ഐക്യരാഷ്ട്രസഭയിലും വൈറ്റ്ഹൗസിലും വിവേചനങ്ങള്‍ക്കെതിരേ സംസാരിച്ചു.
ബി.ടി.എസിന്റെ ഭാവിപദ്ധതികളെക്കുറിച്ചോ അംഗങ്ങളുടെ വ്യക്തിഗത പരിപാടികളെക്കുറിച്ചോ കാര്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 'ഞങ്ങള്‍ ഓരോരുത്തരും കുറച്ച് സന്തോഷങ്ങളും കുറെ അനുഭവങ്ങളും തേടിപ്പോവുകയാണ്. കൂടുതല്‍ പക്വതയോടെ തിരിച്ചുവരുമെന്ന് വാക്കുതരുന്നു' -ഇതായിരുന്നു ജങ്കൂക്കിന്റെ വാക്കുകള്‍.
Content Highlights: BTS'Jungkook says ARMY group isn't disbanding, BTS Band Members, Fans
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..