ലോസ് ഏഞ്ചല്‍സ്: പിതാവ് ജാമി സ്പിയേഴ്‌സിന്റെ രക്ഷാകര്‍ത്തൃ ഭരണം അവസാനിക്കാതെ താന്‍ സംഗീതപരിപാടികളില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ച് ഗായിക ബ്രിട്ട്‌നി സ്പിയേഴ്‌സ്. ജാമിയുമായുള്ള കേസ് കോടതിയുടെ പരിഗണനയിലാണ്. അതിനിടെയാണ് ബ്രിട്ട്‌നിയുടെ പ്രഖ്യാപനം.

ഞാന്‍ എന്ത് ധരിക്കണം, ഭക്ഷിക്കണം എന്ന കാര്യങ്ങള്‍ എന്റെ പിതാവ് തീരുമാനിക്കുന്ന സാഹചര്യത്തില്‍ സംഗീതപരിപാടികളില്‍ പങ്കെടുക്കില്ല. പകരം എന്റെ ലിവിങ് മുറിയില്‍ നൃത്തം ചെയ്യുന്ന വീഡിയോകള്‍ ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കാം. പിതാവിന്റെ ഭരണം എന്റെ സ്വപ്‌നങ്ങള്‍ നശിപ്പിച്ചു. ഞാന്‍ നിര്‍ത്തുന്നു- ബ്രിട്ട്‌നി കുറിച്ചു.

2008 മുതല്‍ ബ്രിട്ട്നിയുടെ സ്വത്ത് കൈകാര്യം ചെയ്യുന്നത് പിതാവാണ്. ഗായികയ്ക്ക് മാനസിക പ്രശ്നമുള്ളതുകൊണ്ട് താന്‍ രക്ഷാകര്‍തൃത്വം ഏറ്റെടുത്തുവെന്നാണ് പിതാവിന്റെ വാദം.

തന്റെയും തന്റെ സ്വത്തുകളുടെയും നിയന്ത്രണം തനിക്ക് തന്നെ മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ട്നി കഴിഞ്ഞ മാസമാണ് കോടതിയെ സമീപിച്ചത്. താന്‍ സമ്പാദിച്ച സ്വത്തുക്കള്‍ ഒന്നും തന്നെ അനുഭവിക്കുവാന്‍ തനിക്ക് സാധിക്കുന്നില്ലെന്നും ഇത് തന്നോട് കാണിക്കുന്ന അനീതിയാണെന്നും ബ്രിട്ട്നി കോടതിയില്‍ പറഞ്ഞു. പിതാവിന്റെ

'എന്റെ വീട്ടില്‍ ഏത് നിറത്തിലുള്ള പെയിന്റ് അടിക്കണമെന്ന് തീരുമാനിക്കാന്‍ പോലും എനിക്ക് അനുവാദമില്ല, രക്ഷകര്‍തൃത്വത്തിന്റെ പേരില്‍  എന്നെ മാനസികമായി പീഡിപ്പിക്കുകയാണ്. ഇനിയും ഇത് സഹിക്കാനാകില്ല- ബ്രിട്ട്നി പറഞ്ഞു. കേസിലെ വാദം കുറച്ചു നാളുകളായി നടക്കുന്നുണ്ടെങ്കിലും ഇത് ആദ്യമായാണ് ബ്രിട്ട്നി കോടതിയില്‍ സംസാരിച്ചത്. 

കെവിന്‍ ഫെഡെര്‍ലൈനുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയശേഷം ഉണ്ടായ ചില സംഭവങ്ങളെ തുടര്‍ന്നാണ് ബ്രിട്ട്നിയുടെ രക്ഷകര്‍ത്തൃത്വം പിതാവ് ജേമി സ്പിയേഴ്സിനെ കോടതി ഏല്‍പിക്കുന്നത്. കോടികള്‍ വരുന്ന സ്വത്ത് കൈകാര്യം ചെയ്യാനുള്ള മാനസിക നിലയില്‍ അല്ല ബ്രിട്ട്നിയെന്നാണ് ജേമി സ്പിയേഴ്സിന്റെ വാദം.

ബ്രിട്ട്നിയുടെ രക്ഷാകര്‍ത്തൃ ഭരണ പോരാട്ടത്തെ കുറിച്ച് ഈ വര്‍ഷം ഒരു ഡോക്യുമെന്ററിയും ഇറങ്ങിയിരുന്നു. ബ്രിട്ട്നിയുടെ ആരാധകര്‍ അവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കാമ്പയിനുകളും സംഘടിപ്പിക്കുന്നുണ്ട്.

Content Highlights: Britney Spears says won't perform while her father controls career, conservatorship case,