ലോസ് ഏഞ്ചല്‍സ്: പിതാവ് ജേമി സ്പിയേഴ്‌സുമായുള്ള കേസില്‍ പോപ്പ് ഗായിക ബ്രിട്ട്‌നി സ്പിയേഴ്‌സിന് അനുകൂല വിധിയുമായി കോടതി. കേസില്‍ ബ്രിട്ട്‌നിയ്ക്ക് സ്വന്തം അഭിഭാഷക/ അഭിഭാഷകനെ തീരുമാനിക്കാമെന്ന് ലോസ് ആഞ്ജലീസ് കോടതി വിധിച്ചു. 2008 മുതല്‍ ബ്രിട്ട്‌നിയുടെ സ്വത്ത് കൈകാര്യം ചെയ്യുന്നത് പിതാവാണ്. ഗായികയ്ക്ക് മാനസിക പ്രശ്‌നമുള്ളതുകൊണ്ട് താന്‍ രക്ഷാകര്‍തൃത്വം ഏറ്റെടുത്തുവെന്നാണ് പിതാവിന്റെ വാദം.

തന്റെയും തന്റെ സ്വത്തുകളുടെയും നിയന്ത്രണം തനിക്ക് തന്നെ മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ട്‌നി കഴിഞ്ഞ മാസമാണ് കോടതിയെ സമീപിച്ചത്. താന്‍ സമ്പാദിച്ച സ്വത്തുക്കള്‍ ഒന്നും തന്നെ അനുഭവിക്കുവാന്‍ തനിക്ക് സാധിക്കുന്നില്ലെന്നും ഇത് തന്നോട് കാണിക്കുന്ന അനീതിയാണെന്നും ബ്രിട്ട്‌നി കോടതിയില്‍ പറഞ്ഞു. 

'എന്റെ വീട്ടില്‍ ഏത് നിറത്തിലുള്ള പെയിന്റ് അടിക്കണമെന്ന് തീരുമാനിക്കാന്‍ പോലും എനിക്ക് അനുവാദമില്ല, രക്ഷകര്‍തൃത്വത്തിന്റെ പേരില്‍  എന്നെ മാനസികമായി പീഡിപ്പിക്കുകയാണ്. ഇനിയും ഇത് സഹിക്കാനാകില്ല- ബ്രിട്ട്‌നി പറഞ്ഞു. കേസിലെ വാദം കുറച്ചു നാളുകളായി നടക്കുന്നുണ്ടെങ്കിലും ഇത് ആദ്യമായാണ് ബ്രിട്ട്‌നി കോടതിയില്‍ സംസാരിച്ചത്. 

കെവിന്‍ ഫെഡെര്‍ലൈനുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയശേഷം ഉണ്ടായ ചില സംഭവങ്ങളെ തുടര്‍ന്നാണ് ബ്രിട്ട്‌നിയുടെ രക്ഷകര്‍ത്തൃത്വം പിതാവ് ജേമി സ്പിയേഴ്‌സിനെ കോടതി ഏല്‍പിക്കുന്നത്. കോടികള്‍ വരുന്ന സ്വത്ത് കൈകാര്യം ചെയ്യാനുള്ള മാനസിക നിലയില്‍ അല്ല ബ്രിട്ട്‌നിയെന്നാണ് ജേമി സ്പിയേഴ്‌സിന്റെ വാദം.

Content Highlights: Britney Spears can hire own lawyer in conservatorship case against Jamie Spears