ന്യം നിന്നു പോകാനിടയുള്ള അനുഷ്ഠാനകലകളില്‍ ഉള്‍പ്പെടുന്ന ക്ഷേത്രസംഗീതകലാരൂപമാണ് ബ്രാഹ്‌മണിപ്പാട്ട്. കേരളത്തിലെ അപൂര്‍വം ക്ഷേത്രങ്ങളില്‍ മാത്രമാണ് ഈ അനുഷ്ഠാനകല ഇപ്പോഴും നിലനില്‍ക്കുന്നത്. നങ്ങ്യാര്‍ക്കൂത്ത് പോലെ, തിരുവാതിരക്കളി പോലെ സ്ത്രീസമൂഹത്തിന് മാത്രം അവതരിപ്പിക്കാന്‍ അവകാശമുള്ള ബ്രാഹ്‌മണിപ്പാട്ട് നമ്പീശന്‍ കുടുംബങ്ങളിലെ സ്ത്രീകളാണ് ആലപിക്കുന്നത്. നിലവില്‍ വിരലിലെണ്ണാവുന്ന ബ്രാഹ്‌മണിപ്പാട്ട് കലാകാരികള്‍ മാത്രമാണുള്ളത്. ബ്രാഹ്‌മണിപ്പാട്ട് പാടുന്നവര്‍ ബ്രാഹ്‌മണിയമ്മ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഏത് കാലത്താണ് ഈ കലാരൂപത്തിന്റെ ഉത്പത്തി എന്ന കാര്യം അവ്യക്തമാണെങ്കിലും മധ്യകേരളത്തിലെ ചില പ്രധാനക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട അനുഷ്ഠാനമാണ് ബ്രാഹ്‌മണിപ്പാട്ട്. 

ക്ഷേത്രങ്ങളിലും നമ്പൂതിരി ഇല്ലങ്ങളിലുമാണ് ബ്രാഹ്‌മണിപ്പാട്ട് അവതരിപ്പിച്ചിരുന്നത്. വിപുലമായ തയ്യാറെടുപ്പുകള്‍ ബ്രാഹ്‌മണിപ്പാട്ടിന് മുമ്പ് നടത്തുന്നു. നാളികേരം, വെറ്റില, അടയ്ക്ക, വിളക്കുകള്‍ എന്നിവ ഒരു പീഠത്തിന് മുമ്പില്‍ തയ്യാറാക്കിയ ഉണക്കലരി കൊണ്ടുള്ള ചതുരക്കളത്തില്‍ ഒരുക്കിവെക്കും. ഭഗവതിയുടെ പ്രതിരൂപമായി ഒരു വാല്‍ക്കണ്ണാടി അലങ്കരിച്ച് പീഠത്തില്‍ വെക്കും. ആരാധനയ്ക്കായി പൂജാദ്രവ്യങ്ങള്‍ ഒരുക്കിയ താലം ആവണപ്പലകയില്‍ ഭഗവതിപീഠത്തിന് മുമ്പില്‍ വെക്കും. ഈ കാഴ്ചവെപ്പിന് മട എന്നാണ് പറയുന്നത്. 

പീഠവും മടയും ഈ അനുഷ്ഠാനകലയുടെ കാര്‍ഷിക-സാമൂഹിക പ്രാധാന്യം വ്യക്തമാക്കുന്നു. ഗണപതിയ്ക്കും ഭഗവതിയ്ക്കും പ്രാര്‍ഥനകള്‍ അര്‍പ്പിച്ച ശേഷമാണ് ബ്രാഹ്‌മണിപ്പാട്ട് ആരംഭിക്കുന്നത്. തൃശ്ശൂര്‍ പാറമേക്കാവ് ഭഗവതിക്ഷേത്രത്തിലുള്‍പ്പെടെ ചില ക്ഷേത്രങ്ങളില്‍ രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് അരി, ശര്‍ക്കര, നാളികേരം, പാല്‍ എന്നിവ ഉരലില്‍ ഉലക്ക ഉപയോഗിച്ച് ഇടിക്കുന്ന ചടങ്ങും ബ്രാഹ്‌മണിപ്പാട്ടിനോടനുബന്ധമായി നടക്കാറുണ്ട്. ദാരികവധത്തിന് ശേഷം ദേവിയുടെ ഭൂതഗണത്തിന്റെ ആഘോഷത്തെയാണ് ഈ ചടങ്ങ് പ്രതിനിധീകരിക്കുന്നത്.

ലളിതമായ സംഗീതത്തിലുള്ള വേദോച്ചാരണമായാണ് ബ്രാഹ്‌മണിപ്പാട്ട് ശ്രവ്യമാകുന്നത്. പാട്ടുകള്‍ എവിടേയും രേഖപ്പെടുത്തി വെച്ചിട്ടില്ലാത്തതിനാല്‍ പാടിക്കേള്‍ക്കുന്ന വരികള്‍ ഹൃദിസ്ഥമാക്കിയാണ് പാട്ടുകാര്‍ ആലപിക്കുന്നത്. അതു കൊണ്ട് തന്നെ പുതുതലമുറക്കാര്‍ക്ക് താത്പര്യം കുറഞ്ഞു വരുന്നതോടെ ബ്രാഹ്‌മണിപ്പാട്ടും മറവിയിലേക്ക് മറയാം. പാട്ടുകളുടെ അവതരണം കാവ്യാത്മകമായതിനാല്‍ ശ്രവ്യസുന്ദരമാണ്. ഏതാണ്ട് പുള്ളുവന്‍പാട്ടിന്റെ ആലാപനരീതിയാണ് ഇതിന്. പതിനാറാം നൂറ്റാണ്ടിലെ പ്രമുഖ കവി മഴമംഗലം നാരായണന്‍ നമ്പൂതിരി ഈ കലാരൂപത്തെ കൂടുതല്‍ മിഴിവുറ്റതാക്കി. പാട്ടിന് അകമ്പടിയായി പിച്ചളക്കിണ്ണത്തില്‍ ചെറിയ കത്തി കൊണ്ട് തട്ടിയാണ് താളമിടുന്നത്. പിന്നീട് ചേങ്ങില എന്ന സംഗീതോപകരണത്തിന് വഴിതെളിച്ചത് ഈ അകമ്പടിസംഗീതമാവാമെന്ന് കരുതപ്പെടുന്നു. 

എറണാകുളം ജില്ലയിലെ പള്ളുരുത്തി അഴകിയകാവ് ഭഗവതി ക്ഷേത്രത്തിലെ ഇരുപത്തിയൊന്ന് ദിവസത്തെ താലിപ്പൊലി ഉത്സവത്തോടനുബന്ധിച്ച് ബ്രാഹ്‌മണിപ്പാട്ടും കളമെഴുതിപ്പാട്ടും നടക്കാറുണ്ട്. പരമശിവന്റെ തൃക്കണ്ണിലുള്ള അഗ്നിയില്‍ നിന്ന് അവതരിച്ച ഭദ്രകാളി ദാരികനെന്ന അസുരചക്രവര്‍ത്തിയെ വധിച്ചതായുള്ള ഐതിഹ്യമാണ് ബ്രാഹ്‌മണിപ്പാട്ടിന്റെ ഇതിവൃത്തം. അഴകിയകാവില്‍ കളമെഴുത്തിനൊപ്പമാണ് കളമെഴുതിപ്പാട്ടും ബ്രാഹ്‌മണിപ്പാട്ടും നടക്കുന്നത്. ദാരികവധം കഴിഞ്ഞ് ആഹ്‌ളാദവതിയായി മടങ്ങിയെത്തുന്ന ദേവിയെയാണ് കളത്തില്‍ വരയ്ക്കുന്നത്. തിരുഐരാണിക്കുളം ക്ഷേത്രത്തില്‍ ബ്രാഹ്‌മണിപ്പാട്ട് പ്രധാനഅനുഷ്ഠാനമാണ്. മണ്ഡലകാലത്ത് പാര്‍വതിദേവിയുടെ ക്ഷേത്രത്തിന്റെ നട തുറക്കുന്ന അവസരത്തില്‍ ബ്രാഹ്‌മണിപ്പാട്ട് ആണ് പ്രധാനം. 

രേഖപ്പെടുത്താത്ത ബ്രാഹ്‌മണിപ്പാട്ടുകള്‍ വേണ്ടത്ര സംരക്ഷണമോ പ്രോത്സാഹനമോ ലഭിക്കാത്തതിനാല്‍ നാശോന്മുഖതയുടെ വക്കിലാണ്. 2003 ല്‍ ശ്രീ പുഷ്പക സേവാ സംഘം അറുപതോളം പാട്ടുകള്‍ സമാഹരിച്ച് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇരിഞ്ഞാലക്കുടയിലെ പദ്മിനി ബ്രാഹ്‌മണിയമ്മ ഈ കലാരൂപത്തിന്റെ പുനഛരുദ്ധാനത്തിന് വേണ്ടി നല്‍കി വന്ന സംഭാവനകള്‍ ചെറുതല്ല. യുവതികള്‍ക്കായി പദ്മിനി ബ്രാഹ്‌മണിയമ്മ ബ്രാഹ്‌മണിപ്പാട്ട് മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. 2010 ല്‍ കേരള സംഗീത നാടക അക്കാദമി പദ്മിനി ബ്രാഹ്‌മണിയമ്മയ്ക്ക് ഗുരുപൂജ പുരസ്‌കാരം നല്‍കി ആദരിച്ചു. രുഗ്മിണിയമ്മയും ദേവകി ബ്രാഹ്‌മണിയമ്മയും മറ്റു ചില കലാകാരികളാണ്. 101 മത്തെ വയസ്സിലും ബ്രാഹ്‌മണിപ്പാട്ടിന്റെ വരികള്‍ ഓര്‍ത്ത് പാടിയിരുന്ന രുഗ്മിമിണിയമ്മയും വിടവാങ്ങിയിരിക്കുകയാണ്. ക്ഷേത്രാചാരങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യവും പ്രാധാന്യവുമുണ്ടായിരുന്ന ബ്രാഹ്‌മണിപ്പാട്ട് ഇനിയെത്രകാലം കൂടി എന്ന ചോദ്യം മാത്രമാണ് അവശേഷിക്കുന്നത്. 

 

 

Content Highlights: Brahmani Pattu, songs sung by women only, Kerala temple arts