മനുഷ്യമനസ്സിനെ ഒരു സിനിമാപ്പാട്ട് എത്രത്തോളം വശീകരിക്കുന്നുവെന്നതിന് മറ്റൊരു ഉദാഹരണം വേണോ?


രവി മേനോൻ

വസീഗര എന്ന ഗാനരംഗത്തിൽ മാധവനും റീമ സെന്നും, ബോംബെ ജയശ്രീ (ഗെറ്റി ഇമേജസ്)

വീട്ടിൽ പതിവായിവരുന്ന ഇസ്തിരിക്കാരനാണ് ആദ്യം ചോദിച്ചത്: ‘‘അമ്മാ, ഇന്ത പാട്ട് നീങ്ക താൻ പാടിനീങ്കളാ?’’ ഏതുപാട്ടെന്നോർത്ത് അന്തിച്ചുനിൽക്കേ ഇസ്തിരിവണ്ടിയുടെ ഒരറ്റത്ത് താളമിട്ട് അയാൾ ആസ്വദിച്ചു പാടിത്തുടങ്ങുന്നു: ‘വസീഗരാ എൻ നെഞ്ചിനിക്ക ഉൻ പൊൻമടിയിൽ തൂങ്കിനാൾ പോതും...’ തൊട്ടടുത്തുള്ള ഓട്ടോറിക്ഷാസ്റ്റാൻഡിലെ പരിചയക്കാരായ ഡ്രൈവർമാരുടെ ഊഴമായിരുന്നു പിന്നെ. അവർക്കും അറിയേണ്ടത് ‘മിന്നലേ’യിലെ സൂപ്പർഹിറ്റ് ഗാനം പാടിയത് സ്വന്തം തെരുവിൽ താമസിക്കുന്ന‘പാട്ടമ്മ’തന്നെയോ എന്ന്. കച്ചേരി നടത്താനായി പക്കമേളക്കാർക്കൊപ്പം ടാക്സിയിൽ കയറിപ്പോകുന്ന ചെറുപ്പക്കാരിയായ ശാസ്ത്രീയസംഗീതജ്ഞയെ ആണല്ലോ അവർക്ക് പതിവായി കണ്ടുപരിചയം.
വസീഗരാ ശരിക്കും ‘കൈവിട്ടുപോയെ’ന്ന് ആഹ്ലാദത്തോടെ, അതിലേറെ അദ്‌ഭുതത്തോടെ, താൻ തിരിച്ചറിഞ്ഞ ദിവസമായിരുന്നു അതെന്ന് ബോംബെ ജയശ്രീ. അധികംവൈകാതെ തമിഴ്നാടിന്റെ അതിരുകൾ ഭേദിച്ച് ഇന്ത്യയുടെ സംഗീതാകാശത്തിലേക്ക് പറന്നുയരുന്നു ആ ഗാനവും ഗായികയും. ടെലിവിഷനിലും റേഡിയോയിലും റിയാലിറ്റിഷോകളിലും തൊട്ട് കാമ്പസുകളിലും കല്യാണവീടുകളിലും ഉത്സവപ്പറമ്പുകളിലുംവരെ വസീഗരായുടെ ഈണം അലയടിച്ച കാലം. ആകെ അദ്‌ഭുതമായിരുന്നു ജയശ്രീക്ക്: ‘‘കെ.കെ.നഗറിലെ ഹാരിസ് ജയരാജിന്റെ കൊച്ചുസ്റ്റുഡിയോയിൽ വസീഗരാ പാടി റെക്കോഡ് ചെയ്യുമ്പോൾ സങ്കല്പിച്ചിട്ടുപോലുമില്ല അതിത്രത്തോളം സ്വീകരിക്കപ്പെടുമെന്ന്’’ -ഗായികയുടെ വാക്കുകൾ. ‘‘പൂർണതൃപ്തിയോടെയല്ല അന്ന് സ്റ്റുഡിയോ വിട്ടതുതന്നെ. കോയമ്പത്തൂരിൽ കച്ചേരികഴിഞ്ഞ്‌ തിടുക്കത്തിൽ വണ്ടികയറി ചെന്നൈയിലെ വീട്ടിലെത്തിയശേഷം നേരെ റെക്കോഡിങ്ങിന് പോകുകയായിരുന്നു; ആകെ ക്ഷീണിച്ച അവസ്ഥയിൽ. ആലാപനത്തോട് പൂർണ നീതിപുലർത്താൻ കഴിഞ്ഞില്ല എന്നായിരുന്നു തോന്നൽ. പക്ഷേ, കാലം ആ പാട്ടിനെ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇന്നും എവിടെച്ചെന്നാലും കണ്ടുമുട്ടാറുണ്ട് വസീഗരായുടെ ആരാധകരെ; അതിനുശേഷം എത്രയോ പാട്ടുകൾ പാടിയെങ്കിലും’’.

ആ ജയരാജല്ല ഈ ജയരാജ്ജയശ്രീയുടെ ചുണ്ടിൽ ചിരിപൊടിയും ആ പാട്ടിന്റെ പിറവിയെക്കുറിച്ച് ഓർക്കുമ്പോൾ. റെക്കോഡിങ്ങിനായി ഉടൻ സ്റ്റുഡിയോയിലെത്താൻ ആവശ്യപ്പെട്ടുകൊണ്ട് വീട്ടിലെ ലാൻഡ് ഫോണിലേക്കുവന്ന കോളിൽനിന്നാണ് വസീഗരായുടെ തുടക്കം. വിളിച്ചത് ജയരാജിന്റെ ഓഫീസിൽനിന്നാണെന്ന് അമ്മ പറഞ്ഞപ്പോൾ മലയാളത്തിലെ പ്രശസ്തസംവിധായകൻ ജയരാജിന്റെ മുഖമാണ് മനസ്സിൽതെളിഞ്ഞതെന്ന് ജയശ്രീ. കുടുംബസമേതം, പൈതൃകം എന്നീ ചിത്രങ്ങളിലൂടെ, തന്നെ അറിയപ്പെടുന്ന പിന്നണിഗായികയാക്കിമാറ്റിയത് ജയരാജാണല്ലോ. മാത്രമല്ല, അടുത്ത പടത്തിൽ പാട്ടുണ്ടെന്ന് രണ്ടുദിവസംമുമ്പ് വിളിച്ചുപറയുകയുംചെയ്തിരുന്നു അദ്ദേഹം.

സ്റ്റുഡിയോയിലെത്തിയപ്പോൾ സ്വാഭാവികമായും ജയശ്രീയുടെ കണ്ണുകൾ തിരഞ്ഞത് സംവിധായകൻ ജയരാജിനെ. പക്ഷേ, ആരുമുണ്ടായിരുന്നില്ല സ്ഥലത്ത്. കുറച്ചുകഴിഞ്ഞപ്പോൾ പാട്ടെഴുതുന്ന താമരൈ വന്നു; അതുകഴിഞ്ഞ്‌ മറ്റൊരു ചെറുപ്പക്കാരനും. വന്നയാൾ ‘ഹലോ, അയാം ഹാരിസ്’ എന്ന് സ്വയംപരിചയപ്പെടുത്തിയപ്പോൾ ജയശ്രീയുടെ ചോദ്യം: ‘‘അപ്പോൾ ജയരാജ് സാർ?’’. ‘‘ഞാനാണ് ആ ജയരാജ്. ഹാരിസ് ജയരാജ്’’ -ചിരിയോടെ സംഗീതസംവിധായകന്റെ മറുപടി.
പിയാനോയിൽ ട്യൂൺ ആദ്യം കേൾപ്പിച്ചു ഹാരിസ്. താമരൈയുടെ വരികൾ എഴുതിക്കിട്ടിയത് പിന്നീടാണ്. ‘‘വസീഗരാ എന്ന തുടക്കമാണ് എന്നെ ആദ്യം ആകർഷിച്ചത്. സാധാരണപാട്ടുകളിൽ കേൾക്കാത്ത ഒരു പ്രയോഗം. ആ വാക്കിനുതന്നെയുണ്ടായിരുന്നു ആരെയും വശീകരിക്കാൻപോന്ന ഒരു മാധുര്യം. തികച്ചും ആധുനികമായിരുന്നു ഗാനത്തിന്റെ ഓർക്കസ്ട്രൽ ട്രീറ്റ്‌മെന്റ് എങ്കിലും ഈണത്തിലെ നഠഭൈരവി സ്പർശം അതിനൊരു കർണാട്ടിക് ഛായകൂടി നൽകി എന്നതാണ് സത്യം. ഗൗതം വാസുദേവ് മേനോന്റെ ചിത്രീകരണവും മാധവൻ-റീമാസെൻമാരുടെ അഭിനയവുംകൂടി ചേർന്നപ്പോൾ അവിസ്മരണീയ ദൃശ്യാനുഭവംകൂടിയായി മാറുന്നു വസീഗരാ. ‘മിന്നലേ’യുടെ(2001) തെലുങ്ക്, ഹിന്ദി പതിപ്പുകളിലും ഇതേ ഗാനത്തിന് ശബ്ദംപകർന്നത് ജയശ്രീതന്നെ. തെലുങ്കിൽ ‘മനോഹരാ’ എന്നായിരുന്നു തുടക്കം. ഹിന്ദിയിൽ ‘സരാ സരാ’ എന്നും. വസീഗരാ എന്ന വാക്കിന്റെ സൗന്ദര്യം രണ്ടുപാട്ടിന്റെയും തുടക്കങ്ങൾക്ക് ഇല്ലാതെപോയത് സ്വാഭാവികം.
റെക്കോഡിങ്‌ കഴിഞ്ഞ്‌ ഓട്ടോറിക്ഷയിലാണ് ആൾവാർപേട്ടിലെ വീട്ടിലേക്ക് മടങ്ങിപ്പോയതെന്ന് ഓർക്കുന്നു ജയശ്രീ. ഇടയ്ക്ക് ജ്യേഷ്ഠൻ വിളിച്ചപ്പോൾ അന്ന് റെക്കോഡ് ചെയ്ത പാട്ടിനെക്കുറിച്ച് പറഞ്ഞു. പാട്ടിന്റെ തുടക്കം ഓട്ടോയിൽ ഇരുന്നുതന്നെ മൂളിക്കേൾപ്പിക്കുകയുംചെയ്തു. ‘‘എന്റെ ഏറ്റവുംവലിയ ക്രിട്ടിക്കാണ് അദ്ദേഹം. എത്ര ഗംഭീരമായി പാടിയാലും ജ്യേഷ്ഠനെ തൃപ്തിപ്പെടുത്തുക അസാധ്യം. വസീഗരാ കേട്ടപ്പോൾ പ്രത്യേകിച്ച് അഭിപ്രായമൊന്നും പറഞ്ഞില്ല അദ്ദേഹം’’. മികച്ച തമിഴ് പിന്നണിഗായികയ്ക്കുള്ള ഫിലിംഫെയർ അവാർഡ് ആദ്യമായി ജയശ്രീയെ തേടിയെത്തിയത് ആ പാട്ടിന്റെ പേരിലാണ്. ഒമ്പതുവർഷം തുടർച്ചയായി (1992-2000) അവാർഡ് നേടിയ എ.ആർ. റഹ്‌മാന്റെ ജൈത്രയാത്രയ്ക്ക് ഹാരിസ് ജയരാജ് വിരാമമിട്ടതും അതേ പാട്ടിലൂടെത്തന്നെ.

ശാസ്ത്രീയസംഗീതവേദിയിൽ ജയശ്രീയുടെ ശബ്ദം ഒഴുകിത്തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ നാലാകുന്നു. 1982-ൽ പതിനെട്ടാംവയസ്സിലായിരുന്നു അരങ്ങേറ്റം. ഇന്ത്യയുടെ മുക്കിലും മൂലയിലും മാത്രമല്ല, നാൽപ്പതോളം വിദേശരാജ്യങ്ങളിലും പരിപാടികളവതരിപ്പിച്ചു അവർ. സിനിമയിൽ എം.എസ്. വിശ്വനാഥനുവേണ്ടി പാടിക്കൊണ്ടായിരുന്നു തുടക്കം. തുടർന്ന് ജോൺസൺ, ഇളയരാജ, എ.ആർ. റഹ്‌മാൻ, കീരവാണി, ശങ്കർ എഹ്സാൻ ലോയ്, ഔസേപ്പച്ചൻ, രമേഷ് നാരായൺ, എം. ജയചന്ദ്രൻ തുടങ്ങിയവരുടെ ഈണങ്ങൾക്ക് ഹൃദയംപകർന്നു. ‘ഒരേ കടലി’ലെ ‘പ്രണയസന്ധ്യയൊരു വിൺസൂര്യന്റെ വിരഹമറിയുന്നുവോ’ ആണ് മലയാളത്തിൽ ജയശ്രീ പാടിയ മികച്ച ഗാനങ്ങളിലൊന്ന്.

കേരളത്തിലെ അവധിക്കാലം

കർണാട്ടിക് പാരമ്പര്യമുള്ള കുടുംബത്തിലാണ് ജനനമെങ്കിലും കുട്ടിക്കാലംമുതലേ സിനിമാപ്പാട്ടുകൾ ഒപ്പമുണ്ടെന്ന് പറയും ജയശ്രീ. ലതാ മങ്കേഷ്‌കറുടെ നൈനാ ബർസെ, ഹേമന്ത് കുമാറിന്റെ യേ നയൻ ഡരെ ഡരെ ഒക്കെ ഇന്നും ഹൃദയത്തോടു ചേർന്നുനിൽക്കുന്ന പാട്ടുകൾ. ‘‘ജനിച്ചത് കൊൽക്കത്തയിലും വളർന്നത് മുംബൈയിലും ആണെങ്കിലും വെക്കേഷൻ കാലത്ത് പതിവായി കേരളത്തിലെത്തും ഞാൻ. വടക്കഞ്ചേരിയിലെ അമ്മയുടെ മൂത്തജ്യേഷ്ഠന്റെ തറവാട്ടുവീട്ടിൽ. അവിടെ ഹൈസ്കൂൾ ഹെഡ് മാസ്റ്ററായിരുന്നു അമ്മാവൻ. തൊട്ടടുത്ത അമ്പലത്തിൽനിന്നുയരുന്ന യേശുദാസിന്റെ ഭക്തിഗാനങ്ങൾ കേട്ടാണ് ദിവസവും ഉറക്കമുണരുക. സ്വർഗനന്ദിനീ, മനസ്സിലുണരൂ ഉഷസന്ധ്യയായ്, ശബരിമലയിൽ തങ്ക സൂര്യോദയം ഒക്കെ പതിവായി കേട്ടിരുന്ന പാട്ടുകൾ. അന്ന് റേഡിയോയിൽ കേട്ട ‘അമ്പലപ്പറമ്പിലെ ആരാമത്തിലെ ചെമ്പരത്തിപ്പൂവേ...’ എന്ന പാട്ട് ഇന്നുമുണ്ട് ഓർമയിൽ.

‘‘അതേ ഗാനഗന്ധർവനൊപ്പം ഒരിക്കൽ സിനിമയിൽ പാടുമെന്ന് അന്നൊന്നും ചിന്തിച്ചിട്ടുപോലുമില്ല. ‘കുടുംബസമേത’ത്തിൽ (1992) പാഹിമാം ശ്രീ രാജരാജേശ്വരി, കമലാംബികേ രക്ഷമാം എന്നീ കൃതികളാണ് പാടിയത്. ‘ലൈവ് റെക്കോഡിങ്ങാ’യിരുന്നു. കുട്ടിക്കാലംമുതൽ ആരാധനയോടെ കണ്ട ആളുടെ തൊട്ടടുത്തുനിന്ന് പാടുമ്പോൾ ശരീരം അടിമുടി വിറയ്ക്കുന്നപോലെ. എന്റെ പരിഭ്രമംകണ്ട് അലിവുതോന്നിയിട്ടാവണം, ആരെയോ വിളിച്ച് എനിക്ക് കുറെ മാരി ബിസ്കറ്റ് കൊണ്ടുവന്ന്‌ തരാൻ പറയുന്നു അദ്ദേഹം. കഴിച്ചോളൂ, എനർജിയുണ്ടാകാൻ നല്ലതാണ് എന്നൊരു ഉപദേശവും. മറക്കാനാവില്ല ആ നിമിഷങ്ങൾ’’.

‘ഇരുവർ’ (1997) എന്ന ചിത്രത്തിൽ എ.ആർ. റഹ്‌മാന്റെ സംഗീതത്തിൽ ഉണ്ണികൃഷ്ണനോടൊപ്പം പാടിയ ‘നറുമുഗയേ...’ ആണ് തമിഴിൽ ബോംബെ ജയശ്രീയുടെ ആദ്യത്തെ ശ്രദ്ധേയഗാനമെങ്കിലും യഥാർഥ വഴിത്തിരിവ് ‘വസീഗരാ’തന്നെ. ‘‘ശുദ്ധ ശാസ്ത്രീയസംഗീതത്തിന്റെ ഉപാസകർ ആ പാട്ടിനെ എങ്ങനെ സമീപിക്കും എന്നോർത്തായിരുന്നു ആശങ്ക. ഭാഗ്യവശാൽ ആരും കാര്യമായ വിമർശനമുയർത്തിയില്ല. കച്ചേരി കേൾക്കാൻവരുന്ന പല തലമുതിർന്ന സംഗീതാസ്വാദകരും അവരുടെ പേരക്കുട്ടികൾക്ക് വസീഗരായോടുള്ള ഇഷ്ടത്തെക്കുറിച്ച് പറഞ്ഞുകേട്ടിട്ടുണ്ട്. ഞങ്ങൾക്കും ആ പാട്ട് ഇഷ്ടമാണ് എന്നവർ തുറന്നുപറയുമ്പോൾ സന്തോഷം തോന്നും’’.

സാധാരണക്കാരായ ഒരുപാട് മനുഷ്യരുടെ ജീവിതത്തെ അഗാധമായി സ്വാധീനിച്ചിട്ടുണ്ട് വസീഗരാ എന്നത് ആഹ്ലാദംപകരുന്ന മറ്റൊരു അറിവ്. ‘‘ഇയ്യിടെ കച്ചേരികഴിഞ്ഞ്‌ വേദിവിടാനൊരുങ്ങുമ്പോൾ മധ്യവയസ്കരായ രണ്ടുപേർ കാണാൻവന്നു -ഭാര്യയും ഭർത്താവും. കുറെനേരം എന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കിനിന്നശേഷം കൈകൾ രണ്ടും ചേർത്തുപിടിച്ച് ഭാര്യ പറഞ്ഞു: ‘നിങ്ങളുടെ പാട്ടാണ് ഇരുപതുവർഷംമുമ്പ് ഞങ്ങളെ ഒരുമിപ്പിച്ചത്. ഇന്നും ഒപ്പമുണ്ട് വസീഗരാ. ജീവിതത്തിൽ തിരിച്ചടികൾ നേരിടുമ്പോഴും പരസ്പരം കലഹിക്കേണ്ടിവരുമ്പോഴുമെല്ലാം ഒരുമിച്ചിരുന്ന് ആ പാട്ട് കേൾക്കും. ദുഃഖങ്ങളും അഭിപ്രായഭിന്നതകളുമെല്ലാം മറക്കാൻ അതുമതി ഞങ്ങൾക്ക്. എങ്ങനെ നന്ദിപറയണമെന്നറിയില്ല’’. നിറഞ്ഞ കണ്ണുകളോടെ ആ വാക്കുകൾ കേട്ടുനിന്നു ബോംബെ ജയശ്രീ. മനുഷ്യമനസ്സിനെ ഒരു സിനിമാപ്പാട്ട് എത്രത്തോളം വശീകരിക്കുന്നുവെന്നതിന് മറ്റൊരു ഉദാഹരണം വേണോ?

Content Highlights: Bombay Jayasree, interview, classical songs vaseegara, Haris Jayaraj, narumugaye AR Rahman


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented