കൊച്ചി: ബോബ് മാര്‍ലി എന്ന മാന്ത്രികനാദത്തിന്റെ മകനെ, പിന്തുടര്‍ച്ചയെ ഇന്ത്യയിലാദ്യമായി അവതരിപ്പിച്ചുകൊണ്ട് 'കപ്പ ടി.വി മോജോ റൈസിങ്ങി'ന്റെ രണ്ടാംസീസണ് കൊച്ചി വേദിയാകും.

ലോകമെങ്ങും ബോബ് മാര്‍ലിയുടെ ജന്മദിനം ആഘോഷിക്കുന്ന ഫെബ്രുവരിയില്‍ 10, 11 തീയതികളില്‍ അദ്ദേഹത്തിന്റെ മകന്‍ കി മാണി മാര്‍ലിയുടെ സ്വരത്തിന് കൊച്ചി ബോള്‍ഗാട്ടി പാലസില്‍ അരങ്ങൊരുങ്ങും. 'കോണ്‍ഫ്രണ്ടേഷന്‍' എന്ന സ്വന്തം ബാന്‍ഡുമായാണ് കി മാണി മോജോയ്ക്ക് ചൂടേറ്റുക.

14 പേരാണ് ഈ സംഗീതസംഘത്തിലുള്ളത്. കി മാണിയെ കൂടാതെ 15 മുന്‍നിര ബാന്‍ഡുകളും മോജോ റൈസിങ്ങിന് നിറം പകരാനുണ്ട്. സംഗീതവിരുന്ന് രണ്ടുനാള്‍ നീളും. രണ്ടുദിവസങ്ങളിലും വൈകിട്ട് മൂന്നുമണിക്ക് തുടങ്ങുന്ന പരിപാടി പത്തുമണിവരെ നീളും. ടിക്കറ്റുകള്‍ വെള്ളിയാഴ്ച മുതല്‍ ബുക്ക് മൈ ഷോയില്‍ കിട്ടും.