മലയാളം എന്നുമോര്‍ക്കുന്ന എണ്ണമറ്റ ഗാനങ്ങളുടെ രചയിതാവാണ് ബിച്ചു തിരുമല. പല ഈണങ്ങളില്‍, രുചിഭേദങ്ങള്‍ക്കനുസരിച്ച്്് അദ്ദേഹം പാട്ടുകളെഴുതി. സംഗീതശുദ്ധമായ സാഹിത്യം ആ പാട്ടുകളില്‍ നിറഞ്ഞു. തന്റെ ചലച്ചിത്രഗാനരചനയുടെ അമ്പതാം വര്‍ഷത്തിലാണ് ബിച്ചു തിരുമല ഈ അഭിമുഖത്തിനിരുന്നത്
'തേനും വയമ്പും' നല്‍കി മലയാള ചലച്ചിത്രഗാനശാഖയെ സമ്പുഷ്ടമാക്കിയ ബിച്ചു തിരുമല പാട്ടെഴുത്തിന്റെ അമ്പതാം വര്‍ഷത്തിലേക്ക് കടക്കുന്നു. 1970-ല്‍ 'ഭജഗോവിന്ദം' എന്ന സിനിമയിലെ 'ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പ്രാണസഖീ പല്ലവി പാടിയ നേരം...' എന്ന പാട്ടാണ് ആദ്യത്തേത്. പാടിയത് യേശുദാസ്. സംഗീതം ജയവിജയ. ആ പാട്ട് ആസ്വാദകര്‍ ഹൃദയത്തിലേറ്റുവാങ്ങിയെങ്കിലും സിനിമ പുറത്തിറങ്ങിയില്ല. എന്നാല്‍, അംഗീകാരം നേടിയ ആദ്യത്തെ പാട്ടെഴുതിയിട്ട് അറുപതുവര്‍ഷമായി. സഹോദരിയും പിന്നണി ഗായികയുമായ സുശീലാദേവി മത്സരത്തില്‍ പാടി ഒന്നാംസമ്മാനം നേടിയ പാട്ട് പതിനേഴാം വയസ്സിലാണ് ബിച്ചു തിരുമല എഴുതിയത്. പിന്നീട് 420 ചിത്രങ്ങള്‍ക്കുവേണ്ടി രചിച്ചതടക്കം മൂവായിരത്തിലധികം ഗാനങ്ങള്‍ ഇദ്ദേഹത്തിന്റെ തൂലികയില്‍ പിറന്നു. ലളിതഗാനങ്ങളും ഹിന്ദു-ക്രൈസ്തവ-മുസ്ലിം ഭക്തിഗാനങ്ങളും ഇക്കൂട്ടത്തില്‍പ്പെടും. 1981, 1991 വര്‍ഷങ്ങളില്‍ മികച്ച ചലച്ചിത്ര ഗാനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്, ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്, ശ്രീ ചിത്തിരതിരുനാള്‍ അവാര്‍ഡ്, പി. ഭാസ്‌കരന്‍ അവാര്‍ഡ്, വാമദേവന്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ബിച്ചു തിരുമലയ്ക്ക് ലഭിച്ചിട്ടുണ്ട്. അറുപതിലധികം സംഗീതസംവിധായകര്‍ ഈ ഗാനങ്ങള്‍ക്ക് ഈണം നല്‍കി.
ബി. ശിവശങ്കരന്‍ നായര്‍ എങ്ങനെ ബിച്ചു തിരുമലയായി?
എന്റെ അമ്മ പാറുക്കുട്ടിയമ്മയുടെ അച്ഛന്‍ ശിവരാമപിള്ള ഇംഗ്ലീഷ് പണ്ഡിതനും നല്ല വായനക്കാരനുമായിരുന്നു. മുത്തച്ഛന്‍ വായിക്കാത്ത ലോകക്ലാസിക്കുകള്‍ കുറവായിരുന്നു. മുത്തച്ഛന്‍ വായിച്ച ഏതോ ഒരു നോവലിലെ സത്യസന്ധനായ ഒരു കഥാപാത്രത്തിന്റെ പേരാണ് ബിച്ചു. കുട്ടിയായിരുന്നപ്പോള്‍ എനിക്കത് വീട്ടിലെ വിളിപ്പേരായി. പിന്നീട് ആ പേരുതന്നെ ഞാന്‍ സ്വീകരിച്ചു. ഇപ്പോള്‍ ഔദ്യോഗിക രേഖകളിലെല്ലാം ബിച്ചു തിരുമലയാണ്. ഈ പേരില്‍മാത്രമേ ഞാന്‍ എഴുതിയിട്ടുള്ളൂ. പേരുമായി ബന്ധപ്പെട്ട് കുറേ രസകരമായ സംഭവങ്ങളുമുണ്ടായി. ഞാന്‍ മുസ്ലിമാണെന്ന് ധരിച്ച പലരും ഇപ്പോഴുമുണ്ട്. ബിച്ചൂക്ക എന്നവര്‍ സ്‌നേഹത്തോടെ വിളിക്കും. ഞാന്‍ തിരുത്താനൊന്നും പോവില്ല.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ബി.എ. പാസായശേഷം കുറച്ചുകാലം ഒരു കമ്പനിയുടെ െറപ്രസന്റേറ്റീവായി ജോലിചെയ്തിരുന്നു. പല ഭാഗത്തും കമ്പനിയുടെ ആവശ്യത്തിന് സഞ്ചരിച്ചു. കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന ജീവിത രീതിയും സംസ്‌കാരവും ഭാഷാവ്യത്യാസങ്ങളും മനസ്സിലാക്കാന്‍ ഈ യാത്രകള്‍ ഉപകരിച്ചു. ഒരിക്കല്‍ കോഴിക്കോട്ട് പോയപ്പോള്‍ യാത്രചെയ്തത് സൈക്കിള്‍റിക്ഷയില്‍. കുറേ സഞ്ചരിച്ചപ്പോള്‍ റിക്ഷക്കാരന്‍ ഒരിടത്ത് നിര്‍ത്തി കടയില്‍ എന്തോ വാങ്ങാന്‍പോയി. തിരിച്ച് കയറുമ്പോള്‍ ഒരാള്‍ വിളിച്ചുപറയുന്നു, 'ബിച്ചൂ പോകല്ലേ, ഒരു കാര്യം പറയാനുണ്ട്' എന്ന്. ഞാന്‍ അദ്ഭുതപ്പെട്ടു. ഇതുവരെ വരാത്ത കോഴിക്കോട്‌നഗരത്തില്‍ എന്നെ അറിയുന്ന ആളോ. അയാള്‍ ഓടിവന്ന് സംസാരിക്കുന്നത് റിക്ഷക്കാരനോട്. റിക്ഷക്കാരന്‍ മുസ്ലിമാണെന്ന് വസ്ത്രധാരണത്തില്‍നിന്ന് മനസ്സിലാക്കി. ബിച്ചു എന്നത് മുസ്ലിങ്ങള്‍ ഇടുന്ന പേരാണെന്ന് അന്നാണെനിക്ക് മനസ്സിലായത്. യാത്രതുടര്‍ന്നപ്പോള്‍ ഞാന്‍ എന്റെ പേര് വെളിപ്പെടുത്തി. അപ്പോള്‍ റിക്ഷക്കാരനും ചിരിച്ചു.
1970-ല്‍ ആണ് ആദ്യത്തെ ചലച്ചിത്രഗാനം എഴുതിയതെങ്കിലും അംഗീകരിക്കപ്പെട്ട ആദ്യ പാട്ടെഴുതിയിട്ട് അറുപതുവര്‍ഷമായി. ആദ്യത്തെ രചനയെക്കുറിച്ചുള്ള ഓര്‍മകള്‍ പറയാമോ...
ആദ്യകാല ചലച്ചിത്രനിര്‍മാതാവായ സി.ആര്‍.കെ. നായര്‍ 1970-ല്‍ 'പ്രത്യൂഷചിത്ര'യുടെ ബാനറില്‍ 'ശബരിമല ശ്രീ ധര്‍മശാസ്ത' എന്ന ചിത്രം നിര്‍മിച്ചിരുന്നു. സി.ആര്‍.കെ. നായര്‍ ആകാശവാണി ഡല്‍ഹിനിലയത്തില്‍ ഉദ്യോഗസ്ഥനായിരുന്നു. ജോലി രാജിവെച്ചാണ് അദ്ദേഹം സിനിമാരംഗത്തെത്തിയത്. പറവൂര്‍ സ്വദേശിയായ ഇദ്ദേഹം നിരവധി സിനിമകള്‍ നിര്‍മിച്ചിരുന്നു. ശബരിമല ശ്രീ ധര്‍മശാസ്ത സംവിധാനംചെയ്തത് എം. കൃഷ്ണന്‍നായരാണ്. വയലാറും പി. ഭാസ്‌കരനും പാട്ടുകളെഴുതി. സംഗീതം വി.ദക്ഷിണാമൂര്‍ത്തി. ഈ സിനിമയില്‍ എന്റെ സഹോദരി സുശീലാദേവി പാടിയിരുന്നു. 'ഞാറ്റുവേലയ്ക്ക് ഞാന്‍നട്ട പിച്ചകം...' എന്ന പാട്ട്. സിനിമ ചിത്രീകരിക്കുന്നതിനുമുമ്പ് പാട്ടുകളുടെ റെക്കോഡിങ് പൂര്‍ത്തിയാക്കി.
റെക്കോഡിങ്ങിന് സുശീലാദേവിയുടെ കൂടെപ്പോയത് അച്ഛനായിരുന്നു. അച്ഛന്‍ അദ്ദേഹവുമായി കുടുംബകാര്യങ്ങള്‍ സംസാരിച്ചു. എന്റെ കാര്യം പിന്നീട് സി.ആര്‍.കെ. നായരോട് പറഞ്ഞത് അച്ഛന്റെ ബന്ധുവായ ഡോ. എസ്.കെ.നായരാണ്. സഹോദരി പല പാട്ടുമത്സരങ്ങളിലും പങ്കെടുക്കുമായിരുന്നു. ശങ്കേഴ്സ് വീക്കിലി അക്കാലത്ത് വിദ്യാര്‍ഥികള്‍ക്കായി മത്സരം സംഘടിപ്പിക്കാറുണ്ട്. അവര്‍ നടത്തിയ മത്സരത്തില്‍ പാടുന്നതിനായി ഞാന്‍ ഒരു പാട്ടെഴുതിക്കൊടുത്തു. 'ചന്തമെഴുന്നൊരു പൂവേ, നീയെന്തിന് വിരിയുന്നു...' എന്നുതുടങ്ങുന്നതായിരുന്നു പാട്ട്. ആശാന്റെ 'വീണപൂവി'ന്റെ സ്വാധീനം ആ വരികള്‍ക്കുണ്ടായിരുന്നു. സഹോദരിക്ക് ആ പാട്ടിന് ഒന്നാംസമ്മാനം കിട്ടി. എന്റെ ആദ്യത്തെ രചനയായി പരിഗണിക്കുന്നത് ആ പാട്ടിനെയാണ്.
എങ്ങനെയാണ് സിനിമയില്‍ പാട്ടെഴുതാന്‍ അവസരം കിട്ടുന്നത്
സി.ആര്‍.കെ. നായരുടെ നിര്‍ദേശമനുസരിച്ച് ഞാന്‍ മദ്രാസിലേക്ക് പോയി. ശബരിമല ശ്രീ ധര്‍മശാസ്ത എന്ന സിനിമയുമായി ബന്ധപ്പെട്ട ജോലി നടക്കുന്ന സമയമായിരുന്നു അത്. ഞാന്‍ അവിടെയെത്തുമ്പോള്‍ കാണുന്നത്, കൂറ്റന്‍ ലോറിയില്‍നിന്ന് ഒരു പുലിയെ ഇറക്കിക്കൊണ്ടുവരുന്നതാണ്. ഏതോ സര്‍ക്കസ് കമ്പനിക്കാരുടെ പുലിയെ ഷൂട്ടിങ്ങിനായി കൊണ്ടുവരുന്നതാണ്. നല്ല ഇണക്കമുള്ള പുലി. ഈ സിനിമയുടെ സംവിധാനസഹായിയായി എന്നെ നിശ്ചയിച്ചു. ആ സമയത്ത് 'സിനിരമ' പ്രചാരമുള്ള സിനിമാമാസികയായിരുന്നു. വിതുര ബേബിയായിരുന്നു അതിന്റെ ചുമതലക്കാരന്‍. ഒരു പാട്ടെഴുതി സിനിരമയ്ക്ക് കൊടുത്തു. തൊട്ടടുത്ത ലക്കത്തില്‍ അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. അതേ ലക്കത്തില്‍ 'ശബരിമല ശ്രീ ധര്‍മശാസ്ത' എന്ന സിനിമയെക്കുറിച്ച് സി.ആര്‍.കെ. നായരുടെ ലേഖനവുണ്ടായിരുന്നു. എന്റെ ഗാനം വായിച്ച് സി.ആര്‍.കെ. നായര്‍ അഭിനന്ദിച്ചു. കുറേനാള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ അറിയുന്നത്, അദ്ദേഹത്തിന്റെ 'ഭജഗോവിന്ദം' എന്ന അടുത്ത സിനിമയ്ക്കുവേണ്ടി ആ ഗാനം റെക്കോഡ് ചെയ്യുന്നു എന്നാണ്. പാടുന്നത് യേശുദാസ്. സംഗീതം ജയവിജയ. ഒരു കന്നിക്കാരന് ഇതില്‍പ്പരം എന്ത് സൗഭാഗ്യം വേണം?
'ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പ്രാണസഖീ പല്ലവി പാടിയ നേരം...' എന്ന പാട്ടാണത്. പാട്ട് ഗംഭീരമായി. പ്രശംസകള്‍ പൊതിഞ്ഞു. പ്രതിഫലവും കിട്ടി. പാട്ട് ഹിറ്റായെങ്കിലും സിനിമ പുറത്തിറങ്ങിയില്ല. എന്റെ ഏറ്റവും മികച്ച പാട്ടുകളിലൊന്നായി ആ ആദ്യഗാനത്തെ ഇപ്പോഴും പരിഗണിക്കുന്നു.
കുടുംബത്തിലെ അന്തരീക്ഷം എഴുത്തിന് എങ്ങനെ ഗുണംചെയ്തു...
പല പ്രമുഖരുടെയും പാരമ്പര്യം അനുഗ്രഹമായി. അമ്മയുടെ മുത്തച്ഛന്‍ ശങ്കരപിള്ള തിരുവിതാംകൂറിലെ ജഡ്ജിയായിരുന്നു. മുത്തച്ഛന്‍ െപ്രാഫ. സി.ഐ. ഗോപാലപിള്ള നല്ല അധ്യാപകനും പ്രമുഖ പ്രഭാഷകനും മികച്ച വായനക്കാരനുമായിരുന്നു. ഒരുപാട് പുസ്തകങ്ങള്‍ മുത്തച്ഛന്റെ ശേഖരത്തിലുണ്ടായിരുന്നു. അതിനാല്‍ ചെറുപ്പംമുതലേ ധാരാളം വായിച്ചു. ഓരോ ദിവസം ഓരോ കവിത കാണാപ്പാഠം പഠിക്കണമെന്ന് മുത്തച്ഛന്‍ ശഠിച്ചു. നിരന്തരമായ പാരായണത്താല്‍ മഹാഭാരതം, രാമായണം എന്നീ ഇതിഹാസങ്ങളും ഉള്ളൂരിന്റെയും വള്ളത്തോളിന്റെയും ആശാന്റെയും ചങ്ങമ്പുഴയുടെയും കവിതകളും ഹൃദിസ്ഥമാക്കി. അച്ഛന്‍ ഭാസ്‌കരന്‍ നായരും നല്ല വായനക്കാരനും ഇംഗ്ലീഷ് ഭാഷയില്‍ നല്ല പ്രാവീണ്യമുള്ള ആളുമായിരുന്നു. സൈന്യത്തിലായിരുന്ന അച്ഛന്‍ പിന്നീട് പുനലൂര്‍ പേപ്പര്‍ മില്ലില്‍ ഉദ്യോഗസ്ഥനായി.പിന്നീട് സെക്രട്ടേറിയറ്റില്‍ അഡീഷണല്‍ സെക്രട്ടറിയായി വിരമിച്ചു. ശാസ്തമംഗലം പട്ടാണിക്കുന്നിലാണ് എന്റെ ജനനം. പിന്നീട് അടൂര്‍ നെടുമണ്ണില്‍ കുറച്ചുനാള്‍ താമസിച്ചു. പിന്നെ പട്ടാഴിയിലും. പട്ടാഴിയില്‍ അച്ഛന് തോട്ടമുണ്ടായിരുന്നു. പ്രാഥമികവിദ്യാഭ്യാസം നെടുമണ്‍ സ്‌കൂളില്‍. ഇതിനിടയില്‍ കൊല്ലം ആശ്രാമത്തെ എസ്. രാമസ്വാമിയുടെ കീഴില്‍ സംഗീതപഠനം. പാങ്ങോട്, വലിയവിള എന്നിവിടങ്ങളില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടി. കോളേജ് പഠനകാലത്ത് ഇന്റര്‍ കൊളീജിയറ്റ് നാടകമത്സരത്തില്‍ 'വല്ലാത്ത ദുനിയാവ്' എന്ന നാടകത്തിന് രചനയ്ക്ക് ഒന്നാംസമ്മാനം കിട്ടി. അഡീഷണല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ച ജെ. ലളിതാംബിക ഈ നാടകത്തില്‍ അഭിനയിച്ചിരുന്നു.
അങ്ങയുടെ സിനിമാപ്പാട്ടുകളെക്കാള്‍ പ്രശസ്തമാണല്ലോ 'മാമാങ്കം പലകുറി കൊണ്ടാടി...' എന്ന ലളിതഗാനം. ആ പാട്ടിന്റെ പിറവി എങ്ങനെ...
ചരിത്രത്തെ ഓര്‍മിപ്പിക്കുന്ന എന്റെ വരികളും രവീന്ദ്രന്റെ മാസ്മരികസംഗീതവും യേശുദാസിന്റെ ശബ്ദമാധുര്യവും ചേര്‍ന്നപ്പോള്‍ അതങ്ങനെയായി. 1984-ല്‍ 'തരംഗിണി' പുറത്തിറക്കിയ 'വസന്തഗീതങ്ങള്‍' എന്ന ആല്‍ബത്തിലാണത്. ചരിത്രത്തിലെ ചോരമണമുള്ള സംഭവത്തിലേക്ക് ആസ്വാദകമനസ്സിനെ കൊണ്ടുപോകുന്നതാണ് ഈ പാട്ട്. പത്തുപാട്ടുള്ള ഈ ആല്‍ബത്തിലെ എല്ലാ പാട്ടും ഞാന്‍തന്നെ എഴുതിയതാണ്. തിരുവനന്തപുരം വെള്ളയമ്പലത്ത് 1980-ല്‍ യേശുദാസ് സ്ഥാപിച്ച 'തരംഗിണി'യാണ് മലയാളഗാനങ്ങള്‍ റെക്കോഡ്‌ചെയ്ത ആദ്യത്തെ ആധുനിക സ്റ്റുഡിയോ.
അനശ്വരങ്ങളായ എത്രയോ ലളിതഗാനങ്ങള്‍ ഈ സ്റ്റുഡിയോയില്‍ പിറന്നു. 'വസന്തഗീതങ്ങള്‍' എന്ന ആല്‍ബത്തിന് പാട്ടെഴുതാന്‍ യേശുദാസാണ് ആവശ്യപ്പെട്ടത്. വിഷയങ്ങളൊന്നും നിര്‍ദേശിച്ചില്ല. രവീന്ദ്രനാണ് സംഗീതമെന്നും യേശുദാസ് പറഞ്ഞു. ഞാനും രവീന്ദ്രനും ആദ്യമായി ഒരുമിച്ചത് 1981-ല്‍ 'തേനും വയമ്പും' എന്ന ചിത്രത്തിലാണ്. ട്യൂണുണ്ടാക്കാനുള്ള രവീന്ദ്രന്റെ അപാരസിദ്ധി അന്നേ എനിക്ക് ബോധ്യപ്പെട്ടു. ആ ചിത്രത്തിലെ പാട്ടിന് എനിക്ക് സംസ്ഥാനസര്‍ക്കാരിന്റെ അവാര്‍ഡും കിട്ടി. ട്യൂണ്‍ കേട്ടശേഷം എഴുതിയ പാട്ടാണ് വസന്തഗീതങ്ങളിലെ മിക്കവാറും എല്ലാം. രവീന്ദ്രന്‍ ആദ്യം പല്ലവിയുടെ ട്യൂണ്‍ കേള്‍പ്പിച്ചുതരും. ഉടന്‍ അതിന് ചേര്‍ന്ന വരികള്‍ എഴുതിക്കൊടുക്കും. പിന്നെ അനുപല്ലവിയിലും ചരണത്തിലും ട്യൂണ്‍ മാറ്റി കുസൃതിച്ചിരിയോടെ എന്നെ നോക്കും. ഉചിതമായ വരികള്‍ എഴുതിക്കൊടുത്ത് ഞാനും ഒരു കള്ളച്ചിരി ചിരിക്കും. അങ്ങനെ മത്സരബുദ്ധിയോടെ ഉണ്ടാക്കിയ പാട്ടുകളാണിത്. ഈ പാട്ടുകള്‍ക്ക് അഭൂതപൂര്‍വമായ സ്വീകരണമാണ് ലഭിച്ചത്. ഇതിലെ 'മാമാങ്കം പലകുറി കൊണ്ടാടി...' എന്ന പാട്ട് ഇന്നും ഗാനമേളകളില്‍ പാടുന്നു. പാട്ടുപാടാന്‍ സദസ്സില്‍നിന്ന് ആവശ്യമുയരുന്നു.
പാട്ടെഴുത്തുകാരന്‍ എന്നനിലയില്‍ സ്വന്തം സ്ഥാനം അടയാളപ്പെടുത്തുന്നതെങ്ങനെ
ഇന്നും എന്റെ പാട്ടുകള്‍ ആളുകള്‍ ഇഷ്ടപ്പെടുകയും മൂളിനടക്കുകയും ചെയ്യുന്നുവെന്നതുതന്നെ ഏറ്റവും ചാരിതാര്‍ഥ്യമുള്ള കാര്യം. പ്രശസ്തരും അല്ലാത്തവരുമായ അറുപതിലധികം സംഗീതസംവിധായകര്‍ എന്റെ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പാട്ടെഴുതിയത് ഐ.വി. ശശി സംവിധാനംചെയ്ത ചിത്രങ്ങള്‍ക്കാണ്. അദ്ദേഹത്തിന്റെ 35 ചിത്രങ്ങള്‍ക്ക് പാട്ടെഴുതി. എ.ടി. ഉമ്മറും ശ്യാമുമാണ് കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഈണം നല്‍കിയത്. പ്രശസ്തരായ നിരവധി സംവിധായകരുടെ ആദ്യചിത്രങ്ങള്‍ക്ക് സംഗീതം നല്‍കാനും അവസരം കിട്ടി. ഭരതന്‍ (പ്രയാണം), ഭദ്രന്‍(എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു), ഫാസില്‍(മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍) സിദ്ദിഖ്ലാല്‍ (റാംജിറാവ് സ്പീക്കിങ്), രാജീവ്നാഥ്(തണല്‍), ഷാജി കൈലാസ് (ഒരു കുടയും കുഞ്ഞുപെങ്ങളും), ജോഷിമാത്യു(നക്ഷത്രക്കൂടാരം), ബാലചന്ദ്രമേനോന്‍(ഉത്രാടരാത്രി), രാജന്‍ ശങ്കരാടി(ഗുരുജീ ഒരു വാക്ക്), വിജി തമ്പി(ഡേവിഡ് ഡേവിഡ് മിസ്റ്റര്‍ ഡേവിഡ്) ജിജോ(മൈ ഡിയര്‍ കുട്ടിച്ചാത്തന്‍). വയലാര്‍, പി.ഭാസ്‌കരന്‍, ഒ.എന്‍.വി. എന്നിവരോടൊപ്പം പാട്ടെഴുതാന്‍ സാധിച്ചു. ഭരതന്റെ 'പ്രയാണ'ത്തിലാണ് വയലാറിന്റെകൂടെ എഴുതിയത്. സമസ്യ എന്ന ചിത്രത്തില്‍ പി. ഭാസ്‌കരന്‍, ഒ.എന്‍.വി. എന്നിവരുമായി ചേര്‍ന്ന് പാട്ടെഴുതി. ഇപ്പോള്‍ ആഗോളസംഗീതജ്ഞനായ എ.ആര്‍. റഹ്മാന്‍ ഒരേയൊരു മലയാളംസിനിമയ്‌ക്കേ സംഗീതം നല്‍കിയിട്ടുള്ളൂ. 'യോദ്ധ'യ്ക്കുവേണ്ടി. ആ പാട്ടുകള്‍ എഴുതിയത് ഞാനാണ്.
Content Highlights: Bichu Thirumala interview, Malayalam Cinema, veteran lyricist, songs, KJ yesudas, AR Rahman