വിജയനിർമ്മല, റീമ കല്ലിങ്കൽ
ഒരു കാര്‍ യാത്രയില്‍ നിന്ന് തുടങ്ങുന്നു മലയാളസിനിമാചരിത്രത്തിലെ കാലാതിവര്‍ത്തിയായ ഒരു ക്ലാസിക്കിന്റെ കഥ. പടത്തിന്റെ പേര് 'ഭാര്‍ഗവീനിലയം'. വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന കഥയില്‍ നിന്ന് അലോഷ്യസ് വിന്‍സന്റ് വാര്‍ത്തെടുത്ത അപൂര്‍വസുന്ദര ചലച്ചിത്ര കാവ്യം. അര നൂറ്റാണ്ടിന് ശേഷം അതേ കഥക്ക് 'നീലവെളിച്ചം' എന്ന പേരില്‍ ആഷിക് അബു പുതിയൊരു ദൃശ്യഭാഷ്യം ചമയ്ക്കുമ്പോള്‍ ആ പഴങ്കഥ ഓര്‍ക്കാതിരിക്കുന്നതെങ്ങനെ?
നീലവെളിച്ചത്തിന്റെ ചലച്ചിത്രഭാഷ്യം എന്ന ആശയം പിറന്നുവീണ സന്ധ്യ ഇന്നുമുണ്ട് 93 വയസ്സുകാരന്‍ രാമചന്ദ്ര ശ്രീനിവാസ പ്രഭുവിന്റെ ഓര്‍മ്മയില്‍. ആ സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍ ഇന്ന് നമുക്കിടയിലുള്ള അപൂര്‍വം പേരില്‍ ഒരാളാണ് ആര്‍ എസ് പ്രഭു -- 'ഭാര്‍ഗ്ഗവീനിലയ''ത്തിന്റെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്.
1964 ലാവണം. നാട്ടില്‍ നിന്ന് കാറില്‍ ചെന്നൈയിലേക്ക് വരികയാണ് ചിത്രസാഗര്‍ ഫിലിംസിന്റെ വി അബ്ദുള്ളയും ശോഭന പരമേശ്വരന്‍ നായരും. വഴിക്കുവെച്ച് ബഷീര്‍ കാറിന് കൈകാണിക്കുന്നു. കോഴിക്കോട്ട് എത്തിച്ചു തരണം; അതാണാവശ്യം. അതിനെന്താ കേറിക്കോളൂ എന്ന് അബ്ദുള്ളയും പരമേശ്വരന്‍ നായരും. എന്നാല്‍ കാര്‍ കുതിച്ചത് കോഴിക്കോട്ടേക്കല്ല, നേരെ ചെന്നൈയിലേക്കാണ്. കഥാലോകത്തെ സൂപ്പര്‍താരത്തെ കൊണ്ട് ഒരു സിനിമക്ക് തിരക്കഥയെഴുതിവാങ്ങണം -- അതാണ് അബ്ദുള്ളയുടെയും പരമേശ്വരന്‍ നായരുടെയും ഗൂഢോദ്ദേശ്യം.
ബഷീറിന്റെ മുറുമുറുപ്പുകള്‍ അവഗണിച്ച് കാര്‍ ടി നഗര്‍ വെങ്കട്ടനാരായണ തെരുവിലെ ചന്ദ്രതാരാ ഓഫീസിനു മുന്നില്‍ ചെന്നുനില്‍ക്കുന്നു. അവിടെ ആര്‍ എസ് പ്രഭുവുണ്ട് -- ചന്ദ്രതാരയുടെ സ്ഥിരം പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്. പ്രഭു താമസിക്കുന്നതും അതേ കെട്ടിടത്തില്‍ തന്നെ. ഉടമസ്ഥന്‍ പരീക്കുട്ടി സാഹിബ് സ്ഥിരമായി കൊച്ചിയിലായതിനാല്‍ സിനിമാനിര്‍മ്മാണത്തിന്റെ മുഴുവന്‍ ചുമതലയും പ്രഭുവിന്റെ ചുമലിലാണ്.
'സാഹിത്യ മൂല്യമുള്ള കൃതികള്‍ ചന്ദ്രതാര വെള്ളിത്തിരയില്‍ എത്തിച്ചുകൊണ്ടിരുന്ന കാലമാണ്. ബഷീറിന്റെ ഒരു കഥ സിനിമയാക്കണം എന്ന് നേരത്തെ തന്നെ ആഗ്രഹിച്ചിരുന്നു ഞങ്ങള്‍. പ്രശസ്തമായ ബാല്യകാലസഖിയിലാണ് ആദ്യം കണ്ണു വെച്ചതെങ്കിലും അത് നടന്നില്ല.'' -- പ്രഭുവിന്റെ ഓര്‍മ്മ.
ചന്ദ്രതാര ഓഫീസിലെ കൂടിക്കാഴ്ചക്കിടയില്‍ 'നീലവെളിച്ചം' എന്ന കഥ സിനിമയാക്കിയാല്‍ നന്നാകുമെന്ന് അഭിപ്രായപ്പെട്ടത് സാഹിത്യരസികനായ അബ്ദുള്ളയാണ്. ``പരമേശ്വരന്‍ നായര്‍ക്കും എനിക്കും ആ നിര്‍ദ്ദേശം ബോധിച്ചു. ബഷീറിന്റെ എതിര്‍പ്പുകളൊന്നും പിന്നെ വിലപ്പോയില്ല. എനിക്ക് ചില വ്യവസ്ഥകളുണ്ട്, അവ സമ്മതിച്ചാല്‍ തിരക്കഥ എഴുതുന്നതിനെ കുറിച്ചാലോചിക്കാം എന്നായി ബഷീര്‍.''
സംവിധായകനായി എ വിന്‍സന്റ് വേണം എന്നായിരുന്നു ആദ്യത്തെ വ്യവസ്ഥ. ആര്‍ക്കുമില്ല അതില്‍ വിരോധം. വിന്‍സെന്റിനെ അപ്പോള്‍ത്തന്നെ വിളിച്ചു കാര്യം പറഞ്ഞു. അദ്ദേഹത്തിന് പൂര്‍ണ്ണ സമ്മതം. നായകനായ എഴുത്തുകാരന്റെ റോള്‍ മധുവിന് നല്‍കണമെന്നതാണ് അടുത്ത ഉപാധി. അവിടെ ചെറിയൊരു പ്രശ്‌നമുണ്ട്. പ്രേംനസീര്‍ ആണ് അക്കാലത്തെ മിനിമം ഗ്യാരണ്ടിയുള്ള നടന്‍. നസീര്‍ കൂടി ഉണ്ടെങ്കില്‍ പടത്തിന്റെ ബോക്‌സോഫീസ് വിജയസാധ്യത മെച്ചപ്പെടും. എങ്കില്‍ പിന്നെ ഫ്‌ലാഷ്ബാക്കില്‍ വരുന്ന കാമുകന്റെ വേഷം നസീറിന് ഇരിക്കട്ടെ എന്ന് ബഷീര്‍. ആള്‍ പരമസുന്ദരനാണല്ലോ.
ചന്ദ്രതാരാ ഓഫീസില്‍ താമസിച്ചുകൊണ്ടാണ് 'ഭാര്‍ഗ്ഗവീനിലയ'ത്തിന്റെ തിരക്കഥയും സംഭാഷണവും ബഷീര്‍ എഴുതിത്തീര്‍ത്തതെന്ന് പ്രഭു. ``തിങ്കള്‍ മുതല്‍ ശനി വരെ എഴുത്ത്; ഞായര്‍ അവധി. അതായിരുന്നു ബഷീറിന്റെ വ്യവസ്ഥ. നാലാഴ്ച കൊണ്ട് സ്‌ക്രിപ്റ്റ് തീര്‍ത്തു അദ്ദേഹം. ചെന്നൈയിലെ സ്റ്റുഡിയോ സെറ്റില്‍ വെച്ചുള്ള ആദ്യ ഷൂട്ടിംഗ് ഷെഡ്യൂളിന് ശേഷം നാട്ടിലേക്ക് മടങ്ങിപ്പോകുകയും ചെയ്തു.'' തലശ്ശേരിയിലെ തലായി കടപ്പുറത്തും പരിസരത്തെ ചില വീടുകളിലും വെച്ചായിരുന്നു വാതില്‍പ്പുറ ചിത്രീകരണം.
നായികയായ ഭാര്‍ഗ്ഗവിക്കുട്ടിയെ കണ്ടെത്തിയത് മറ്റൊരു രസകരമായ ഓര്‍മ്മ. അതിന് നിമിത്തമായത് സംഗീത സംവിധായകന്‍ ബാബുരാജാണ് എന്ന് പ്രഭു. 'ബാബുരാജിന് അന്ന് ചെന്നൈയില്‍ ഒരു ഉറ്റ സുഹൃത്തുണ്ട്. എന്‍ സി സിയില്‍ ജൂനിയര്‍ കമാന്‍ഡന്റ് ആയിരുന്ന ആന്ധ്രക്കാരന്‍ കൃഷ്ണമൂര്‍ത്തി എന്ന ബാബു. ഇരുവരും ഇടയ്ക്കിടെ ഒത്തുകൂടും. അത്തരമൊരു സൗഹൃദ കൂട്ടായ്മയില്‍ വെച്ചാണ് സ്വന്തം ഭാര്യയുടെ അഭിനയമോഹത്തെ കുറിച്ച് ബാബു കൂട്ടുകാരനോട് പറഞ്ഞത്. പ്രേമിച്ചു വിവാഹിതരായവരാണ് ബാബുവും നിര്‍മ്മലയും. ഒരു കുഞ്ഞുമുണ്ട് അവര്‍ക്ക്. തെലുങ്കില്‍ അതിനകം ഒന്ന് രണ്ടു പടങ്ങളില്‍ കൊച്ചു കൊച്ചു വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന നിര്‍മ്മലയ്ക്ക് മലയാളസിനിമയില്‍ അവസരം നേടിക്കൊടുക്കാന്‍ ബാബുരാജിന്റെ ശുപാര്‍ശ ഉപകരിക്കുമെന്ന് ബാബു വിശ്വസിച്ചു. ''-- പ്രഭു.
ഇനിയുള്ള കഥ സംവിധായകന്‍ വിന്‍സെന്റിന്റെ വാക്കുകളില്‍: ``ക്യാമറ ടെസ്റ്റിന് ക്ഷണിക്കാന്‍ നടിയെ കാണാന്‍ ചെന്നപ്പോള്‍ വീട് പൂട്ടിയിരിക്കുന്നു. ഞങ്ങള്‍ പുറത്തു കാത്തുനില്‍ക്കുകയാണ്. അപ്പോഴാണ് ആ കാഴ്ച്ച കണ്ടത്. ഒരു യുവതി ബസ്സിറങ്ങി കൊച്ചു കുഞ്ഞുമായി റോഡ് മുറിച്ചുകടക്കുന്നു. എന്തൊക്കെയോ നിഗൂഢതകള്‍ ഒളിച്ചുവെച്ച തീക്ഷ്ണമായ ആ കണ്ണുകളാണ് എന്നെ ആദ്യം ആകര്‍ഷിച്ചത്. പാതി സത്യവും പാതി മിഥ്യയുമായ എന്റെ ഭാര്‍ഗ്ഗവിക്കുട്ടിയുടെ കണ്ണുകളായിരുന്നു അവ. ക്യാമറയിലൂടെ ഒറ്റ തവണയേ നോക്കേണ്ടിവന്നുള്ളു -- ഇതാണ്, ഇതുതന്നെയാണ് ഭാര്‍ഗ്ഗവിക്കുട്ടി എന്ന് എന്റെ മനസ്സ് പറഞ്ഞു..'' മേക്കപ്പ് ടെസ്റ്റില്‍ വിജയിച്ച് അങ്ങനെ വിജയനിര്‍മ്മല ``ഭാര്‍ഗ്ഗവീനിലയ''ത്തിലെ നായികയാകുന്നു. ബാക്കിയുള്ളത് ചരിത്രം..
ആയിരം രൂപയാണ് പടത്തില്‍ അഭിനയിച്ചതിന് വിജയനിര്‍മ്മലക്ക് പ്രതിഫലമായി നല്‍കിയതെന്ന് ഓര്‍ക്കുന്നു ആര്‍ എസ് പ്രഭു. ഒരു പുതുമുഖ നായികയെ സംബന്ധിച്ച് അത്ര മോശമല്ലാത്ത തുക. അറിയപ്പെടുന്ന അഭിനേത്രിയും സംവിധായികയും ഒക്കെയായി വിജയനിര്‍മ്മല വളര്‍ന്നത് പില്‍ക്കാല ചരിത്രം. ഏറ്റവും കൂടുതല്‍ സിനിമകളൊരുക്കിയ (44) സംവിധായികയായി ഗിന്നസ് ബുക്കില്‍ ഇടം നേടിയ നിര്‍മ്മല ഓര്‍മ്മയായത് 2019 ല്‍. ആഷിക് അബു സംവിധാനം ചെയ്യുന്ന 'നീലവെളിച്ച'ത്തില്‍ റീമ കല്ലിങ്കലാണ് പുതിയ ഭാര്‍ഗ്ഗവിക്കുട്ടി.
എറണാകുളം സ്വദേശിയായ പ്രഭു സിനിമയിലെത്തിയത് 1950 ല്‍ ``രക്തബന്ധം'' എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ മാനേജരായി. മലയാള സിനിമയുടെ തലക്കുറി തിരുത്തിയ നീലക്കുയിലിന്റെ (1954) പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ്ജ് ആയിരുന്നു അദ്ദേഹം. രാജമല്ലി (1965) എന്ന ചിത്രം നിര്‍മ്മിച്ച് സംവിധാനം ചെയ്ത ശേഷം പൂര്‍ണ്ണമായി നിര്‍മ്മാണരംഗത്ത് നിലയുറപ്പിച്ച പ്രഭുവിന്റെ ഹിറ്റ് ചിത്രങ്ങളില്‍ ആഭിജാത്യം, തീര്‍ത്ഥയാത്ര, ആരണ്യകാണ്ഡം, അഭിമാനം, അടവുകള്‍ പതിനെട്ട് എന്നിവ ഉള്‍പ്പെടുന്നു. ആയുധം (1982) എന്ന ചിത്രത്തോടെ നിര്‍മ്മാണ രംഗം വിട്ട പ്രഭു ഇപ്പോള്‍ താമസം ചെന്നൈയില്‍.
പ്രഭുവിനെ കൂടാതെ ആ പഴയ ``ഭാര്‍ഗ്ഗവീനിലയ''ത്തില്‍ നിന്ന് അപൂര്‍വം പേര്‍ മാത്രമേ ഇന്ന് നമുക്കൊപ്പമുള്ളൂ -- മധു, യേശുദാസ്, എസ് ജാനകി, പി സുശീല, റെക്കോര്‍ഡിസ്റ്റ് കണ്ണന്‍.... ``നീലവെളിച്ചം വീണ്ടും സിനിമയാക്കുന്നു എന്ന് കേട്ടു. കൂടുതലൊന്നും അറിയില്ല.''-- പ്രഭു പറഞ്ഞു.
Content Highlights: Rima Kallingal, Vijayanirmala, neelavelicham, Bhargavi Nilayam, A. Vincent, aashiq abu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..