ബെര്‍ഖ്‌ലി ഇന്ത്യന്‍ എന്‍സെംബിളും ഗായകന്‍ ശങ്കര്‍ മഹാദേവനും ചേര്‍ന്ന് ആമിര്‍ ഖാന്‍ ചിത്രം ദില്‍ ചാഹ്താ ഹെയിലെ ടൈറ്റില്‍ ഗാനം പുനസൃഷ്ടിച്ചു. കോവിഡ്-19 മൂലം ബുദ്ധിമുട്ടിലായ കലാകാരന്മാരെ സഹായിക്കാനുള്ള ഫണ്ട്‌ശേഖരണത്തിന്റെ ഭാഗമായിട്ടാണിത്. 

ബോളിവുഡ് നടന്‍ ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്ത സിനിമയാണ് 2001-ല്‍ പുറത്തിറങ്ങിയ ദില്‍ ചാഹ്താ ഹെ. 21-ലധികം രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാരുടെ കൂട്ടായ്മയാണ് ബെര്‍ഖ്‌ലി ഇന്ത്യന്‍ എന്‍സെംബിള്‍. ഇതില്‍ 112-ാളം കലാകാരന്മാര്‍ ഗാനത്തിനായി വീഡിയോയില്‍ അണിനിരന്നിട്ടുണ്ട്.

ബെര്‍ഖ്‌ലിയുടെ ഔദ്യോഗിക യുട്യൂബ് പേജിലൂടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ആമിര്‍ ഖാന്റെ ഒരു മുഖപ്രസംഗത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. താന്‍ ചെയ്തതില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ചില സിനിമകളില്‍ ഒന്നാണ് ദില്‍ ചാഹ്താ ഹെയെന്നും ശരിക്കും ഇപ്പോള്‍ ഹൃദയം ആഗ്രഹിക്കുന്നത് ഈ കഷ്ടപ്പാടുകളെല്ലാം ഒഴിഞ്ഞ്, നല്ല ദിവസങ്ങള്‍ പെട്ടെന്ന് തിരിച്ചുവരട്ടെയെന്നാണെന്നും അദ്ദേഹം പറഞ്ഞു. ബെര്‍ഖ്‌ലി ഇന്ത്യന്‍ എക്‌സ്‌ചേയ്ഞ്ചും ടി-സീരിസും ചേര്‍ന്നാണ് ഈ സംരംഭം യാഥാര്‍ഥ്യമാക്കിയത്. 

ഹിന്ദി സിനിമാ മേഖലയില്‍ നിന്നുള്ള നിരവധിപേര്‍ വീഡിയോയുടെ ഭാഗമായി. ഫര്‍ഹാന്‍ അക്തര്‍, ശങ്കര്‍ മഹാദേവന്‍, സലീം മര്‍ചന്റ്, ബെന്നി ദയാല്‍, നീതി മോഹന്‍, ജോനിത ഗാന്ധി, ഹരിചരണ്‍ തുടങ്ങി ഗായകരുള്‍പ്പെടെ നിരവധിപേര്‍ എന്താണ് ഹൃദയം ആഗ്രഹിക്കുന്നതെന്ന് എഴുതിയ പ്ലാക്കാര്‍ഡുകള്‍ കയ്യില്‍ പിടിച്ചിട്ടുണ്ട്.

ആമിര്‍ ഖാനെ കൂടാതെ സെയ്ഫ് അലി ഖാന്‍, അക്ഷയ് ഖന്ന, പ്രീതി സിന്റെ എന്നിവരാണ്  സിനിമയില്‍ മുഖ്യ കഥാപാത്രങ്ങള്‍ ചെയ്തത്. 'ദില്‍ ചാഹ്താ ഹെ തിരിച്ചു വന്നു. വളരെ ആസ്വദിച്ച് ചെയ്ത ഒരു കാര്യം. ഇത് കാണുന്ന ഓരോ കാഴ്ചക്കാരനും ഒരു സംഭാവനയാണ് ചെയ്യുന്നത്.' എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ഫര്‍ഹാന്‍ ട്വിറ്ററില്‍ കുറിച്ചത്.

Content Highlights: Berkhlee Indian Ensemble collaborate with Shankar Mahadevan to recreate Dil Chahta Hai title track