ബീയാർ പ്രദാസ്, കിളിച്ചുണ്ടൻ മാമ്പഴത്തിലെ രംഗം
പലരും ചോദിച്ചിട്ടുണ്ട് ബീയാര്‍ പ്രസാദിനോട്, എവിടെയാണീ കൂന്താലിപ്പുഴ എന്ന്. കസവിന്റെ തട്ടവും വെള്ളിയരഞ്ഞാണവും പൊന്നിന്റെ കൊലുസുമിട്ട് ആ മൊഞ്ചത്തി ഒഴുകുന്നതെങ്ങോട്ട് എന്നറിയാന്‍ മോഹമുണ്ടാവില്ലേ ആര്‍ക്കും?
ആസ്വാദക ഹൃദയത്തിലേക്ക് എന്നായിരുന്നു പാട്ടെഴുതിയ പ്രസാദിന്റെ മറുപടി. കാരണം അതൊരു ഇല്ലാപ്പുഴയാണ്. പാട്ടില്‍ മാത്രമുള്ള പുഴ. ``തികച്ചും സാങ്കല്പികമായ ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് കിളിച്ചുണ്ടന്‍ മാമ്പഴം എന്ന് ആദ്യമേ പറഞ്ഞിരുന്നു സംവിധായകന് പ്രിയദര്ശന്. അപ്പോള്‍പ്പിന്നെ പുഴയും സങ്കല്പികമാകാമല്ലോ...''
പടത്തിന്റെ ലൊക്കേഷന്‍ ഹണ്ട് കഴിഞ്ഞു തിരിച്ചെത്തിയവരില്‍ നിന്ന് വളഞ്ഞു പുളഞ്ഞൊഴുകുന്ന ഒരു പുഴയുടെ കഥ കേട്ടറിഞ്ഞപ്പോഴാണ് പാട്ടിന്റെ ആശയം മനസ്സില്‍ ഇതള്‍ വിരിഞ്ഞതെന്ന് പ്രസാദ്. ``വിദ്യാസാഗറിന്റെ ഈണത്തിനൊത്ത് പുഴയെ ഒരു മൊഞ്ചത്തിയായി സങ്കല്‍പ്പിച്ച് എഴുതിയതാണ് കസവിന്റെ തട്ടമിട്ട് എന്ന ആ പാട്ട്. കെസ്സു പാട്ടിലെ പതിവ് പ്രയോഗങ്ങളൊക്കെ സ്വാഭാവികമായി കടന്നുവന്നിട്ടുണ്ട് അതില്‍ . വിനീത് ശ്രീനിവാസന്റെ ആദ്യ ചലച്ചിത്ര ഗാനം എന്ന പ്രത്യേകത കൂടിയുണ്ടതിന്.''
യാദൃച്ഛികമായാണ് കിളിച്ചുണ്ടന്‍ മാമ്പഴത്തിലൂടെ ബീയാര്‍ പ്രസാദ് എന്ന ബി രാജേന്ദ്ര പ്രസാദ് പാട്ടെഴുത്തുകാരനായി മാറുന്നത്. സിനിമക്ക് പറ്റിയ ഒരു കഥയുമായി നിര്‍മ്മാതാവ് ഗുഡ് നൈറ്റ് മോഹന്റെ നിര്‍ദേശപ്രകാരം പ്രിയനെ ചെന്നൈയില്‍ ചെന്ന് കണ്ടതായിരുന്നു പ്രസാദ്. കഥ പ്രിയന് ഇഷ്ടമായി. പക്ഷേ ഹിന്ദിയിലും ഇംഗ്ളീഷിലുമൊക്കെയായി വലിയൊരു കാന്‍വാസില്‍ ചിത്രീകരിക്കേണ്ട കഥയാണ് അതെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.
സംഭാഷണത്തിനിടെ ചര്‍ച്ച പഴയ സിനിമാഗാനങ്ങളിലേക്ക് വഴിമാറുന്നു. ഭാസ്കരന് മാഷാണ് പ്രിയന്റെ ഇഷ്ട ഗാനരചയിതാവ്. പ്രസാദിനും താല്പര്യമുള്ള വിഷയമായതുകൊണ്ട് സംസാരം ചൂടുപിടിക്കുന്നു. അതിനിടെയാണ് പ്രിയന്റെ അപ്രതീക്ഷിത വാഗ്ദാനം: ``എന്റെ അടുത്ത പടത്തില്‍ പാട്ടെഴുതുന്നത് താങ്കളായിരിക്കും.'' അതത്ര ഗൗരവമായി എടുത്തില്ല പ്രസാദ്. അപ്പോഴത്തെ ഒരാവേശത്തിന് പ്രിയന് പ്രഖ്യാപിച്ചതാവാം എന്നേ കരുതിയുള്ളു അദ്ദേഹം.
എന്നാല്‍ പ്രിയന് അങ്ങേയറ്റം സീരിയസ്സായിരുന്നു. മൂന്ന് മാസത്തിനുള്ളില്‍ പ്രസാദിന് കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ പാട്ടെഴുതാന്‍ ക്ഷണം ലഭിക്കുന്നു. ``ചെറിയൊരു അങ്കലാപ്പുണ്ടാരുന്നു ഉള്ളില്‍. അതുവരെ കവിതയും ഗാനവുമൊന്നും എഴുതിയിട്ടില്ലല്ലോ നമ്മള്. ധൈര്യം തന്നത് പ്രിയനാണ്. മുസ്ലിം പശ്ചാത്തലത്തിലുള്ള കഥ ആയതിനാല്‍ അത്തരത്തിലുള്ള പദപ്രയോഗങ്ങള്‍ വേണമെന്നേ ഉണ്ടായിരുന്നുള്ളൂ അദ്ദേഹത്തിന് നിര്‍ബന്ധം.''
വിദ്യാസാഗര്‍ ആദ്യം കേള്‍പ്പിച്ച ഈണത്തിനൊത്ത് പാട്ടെഴുതുക എളുപ്പമായിരുന്നില്ല എന്ന് പ്രസാദ് പറഞ്ഞിട്ടുണ്ട്. പല്ലവിയിലെ കിളിച്ചുണ്ടന്‍ മാമ്പഴമേ എന്ന വരി നേരത്തെ തന്നെ വിദ്യാജി ഫിക്സ് ചെയ്തിരുന്നതിനാല്‍ അതിനു ചുറ്റും ഗാനം കെട്ടിപ്പടുക്കുകയായിരുന്നു രചയിതാവിന്റെ ദൗത്യം.
ആദ്യം മനസ്സില്‍ വന്നത് കിളി കൊത്താ തേന്‍പഴമേ എന്ന വരിയാണ്. കഥാപാത്രത്തിന്റെ വ്യക്തിത്വം വെളിപ്പെടുത്തുന്ന പ്രയോഗമാണ് അതെന്ന് തോന്നി. മൊയ്ദുട്ടി ഹാജിയുടെ മൂന്നാം ഭാര്യയാണ് നായികയായ ആമിന. പക്ഷേ അവര്‍ക്ക് ഇഷ്ടം അബ്ദുവിനെയാണ്. വിവാഹം കഴിഞ്ഞിട്ടും ഭര്‍ത്താവിന്റെയും ചുറ്റും വട്ടമിട്ടു പറന്ന മറ്റു കിളികളുടെയും പ്രലോഭനങ്ങള്‍ക്കൊന്നും വശം വദയാകാതെ കാമുകനെ കാത്തിരിക്കുന്ന പെണ്‍കുട്ടി ആയതുകൊണ്ടാണ് പല്ലവിയില്‍ ഒന്നാം കിളി പൊന്നാണ്‍കിളി വന്നാണ്കിളി മാവിന്മേല് രണ്ടാം കിളി കൊണ്ടു കൊതി കണ്ടു വരവുണ്ടപ്പോള്‍ മൂന്നാം കിളി നാലാം കിളി എണ്ണാതതിലേറെക്കിളി എന്നെഴുതിയത്. വിദ്യാസാഗറിനും ഏറെ ഇഷ്ടമായി ആ തുടക്കം.
കിളിപ്രയോഗം ധാരാളം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും പാട്ട് സൂപ്പര്‍ ഹിറ്റായി. ഗ്രാമ്യമായ കാല്പനികതയും ബാല്യസ്മൃതികളും പാട്ടില്‍ വേണമെന്ന് പ്രിയന് പറഞ്ഞിരുന്നു. ``ഇന്നു മാഞ്ചുന പോല്‍ പൊള്ളിടുന്നു നീ കടം തന്നൊരുമ്മയെല്ലാം, തോണിയൊന്നില്‍ നീയകന്നു ഇക്കരെ ഞാനൊരാള് നിഴലായ്'' എന്നെഴുതിയത് ആ നിര്‍ദേശം മനസ്സില്‍ വെച്ചാണ്. വിദ്യാസാഗറിന്റെ വര്‍ഷവല്ലകി സ്റ്റുഡിയോയില്‍ എം ജി ശ്രീകുമാറും സുജാതയും ഗാനം പാടി റെക്കോര്‍ഡ് ചെയ്യുന്നതിന് സാക്ഷ്യം വഹിച്ചത് മറ്റൊരു മധുരിക്കുന്ന ഓര്‍മ്മ. ``നമ്മളെഴുതിയ വരികള്‍ പ്രശസ്തരായ രണ്ടു ഗായകരുടെ തൊണ്ടയിലൂടെ പുറത്തുവരുമെന്ന് സങ്കല്പിച്ചിട്ടു പോലുമില്ലല്ലോ.''
പിന്നീടായിരുന്നു ``ജലോത്സവ''ത്തിലെ കേരനിരകളാടും. അല്‍ഫോണ്‍സ് ഈണമിട്ട് ജയചന്ദ്രന് പാടിയ ഈ ഗാനമാണ് പ്രസാദിന്റെ മാസ്റ്റര്‍പീസ്.
Content Highlights: beeyar prasad lyricist passed away, malayalam movie, songs, Kilichundan Mampazham songs
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..