സംഗീത വിദുഷിയും പണ്ഡിറ്റ് രവിശങ്കറിന്റെ ആദ്യഭാര്യയുമായ അന്നപൂര്‍ണ്ണാ ദേവി (രോഷ്നാരാ ഖാന്) അന്തരിച്ചു. പുലര്‍ച്ചെ 3.51നായിരുന്നു അന്ത്യം. 91 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അവര്‍.
സുര്‍ബഹാര്‍ എന്നറിയപ്പെടുന്ന ബേസ് സിത്താര്‍ വാദ്യ വിദഗ്ധയായിരുന്നു. മുഖശംഖ് ഉള്‍പ്പെടെ ഇരുപത്തിനാലോളം വാദ്യോപകരണങ്ങളില്‍ പ്രാവീണ്യമുണ്ടായിരുന്നു. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ മുഖ്യ ധാരകളില്‍ ഒന്നായ മേയ്ഹാര് ഖരാനയുടെ ഉസ്താദ് അലാവുദീന്‍ ഖാന്റെ മകളായ ദേവി പതിനാലാമത്തെ വയസ്സിലാണ് രവി ശങ്കറിനെ വിവാഹം ചെയ്യുന്നത്.
ഇരുപതു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം 1962ല്‍ ഇവര്‍ പിരിഞ്ഞു. പിന്നീട് അമ്പത്തിയഞ്ചാമത്തെ വയസ്സില്‍ നാല്പ്പത്തിരണ്ടുകാരന് സിത്താര്‍ സംഗീതജ്ഞന് രൂഷികുമാര്‍ പാണ്ഡ്യയുമായുള്ള വിവാഹം. 2013ല്‍ അദ്ദേഹം അന്തരിച്ചു. ഹരിപ്രസാദ് ചൌരസ്യ, നിഖില്‍ ബാനര്‍ജി എന്നിവര്‍ ശിഷ്യരായിരുന്നു.