വിധിയും ജോൺസൺ മാഷും ചേർന്നാണ് തന്നെ പാട്ടെഴുത്തുകാരനാക്കിയതെന്ന് പറയും ബാലചന്ദ്രൻ ചുള്ളിക്കാട്. ഒട്ടും ആഗ്രഹിക്കാതെ ഒരു നാൾ എടുത്തണിയേണ്ടിവന്ന വേഷം.

``ശ്രുതി'' (1987) എന്ന സിനിമക്ക് യഥാർത്ഥത്തിൽ പാട്ടെഴുതേണ്ടിയിരുന്നത് സംവിധായകൻ മോഹന്റെ സുഹൃത്തായ എം ഡി രാജേന്ദ്രനാണ്. ഈണമൊരുക്കേണ്ടത് ജോൺസണും. എന്തോ കാരണത്താൽ എം ഡി ആറിന് കമ്പോസിങ് സമയത്ത് ചെന്നൈയിൽ എത്തിപ്പെടാൻ കഴിയാതെപോകുന്നു. ഇനിയുള്ള മാർഗ്ഗം അന്നത്തെ തിരക്കേറിയ ഗാനരചയിതാവ് പൂവച്ചൽ ഖാദറിനെ അഭയം പ്രാപിക്കുകയാണ്. നിർഭാഗ്യവശാൽ പൂവച്ചലും സ്ഥലത്തില്ല. ആകെ കുഴങ്ങി സംവിധായകനും സംഗീതസംവിധായകനും നിർമ്മാതാവും. അടുത്ത ദിവസം റെക്കോർഡ് ചെയ്യേണ്ട പാട്ടുകളാണ്. ഈ പതിനൊന്നാം മണിക്കൂറിൽ ഇനിയാരെ കിട്ടും പാട്ടെഴുതാൻ?

മുറിയുടെ ഒരു കോണിൽ എല്ലാം കൗതുകത്തോടെ കണ്ടും കേട്ടുമിരുന്ന ``രോഷാകുലനായ'' ചെറുപ്പക്കാരനിലേക്ക് ജോൺസന്റെ കണ്ണുകൾ നീണ്ടുചെല്ലുന്നു. ``ബാലാ, നിനക്കെഴുതിക്കൂടെ?''-- ജോൺസന്റെ ചോദ്യം. അവിശ്വസനീയതയോടെ മാഷിന്റെ മുഖത്തേക്ക് തുറിച്ചുനോക്കിയിരുന്നു യുവകവി. അത്യാവശ്യം കവിതയെഴുതുമെങ്കിലും സിനിമാപ്പാട്ടെഴുത്ത് സങ്കല്പങ്ങളിൽ പോലുമില്ല. മാത്രമല്ല ഈണത്തിനനുസരിച്ചു വരികളെഴുതുന്നതിനെ കുറിച്ച് ചിന്തിക്കാൻ കൂടി വയ്യ താനും.

``പാട്ടെഴുതാൻ അറിയില്ലെന്ന് പറഞ്ഞു ഒഴിഞ്ഞുമാറാനാണ് ആദ്യം മുതലേ ശ്രമിച്ചത്.''-- ചുള്ളിക്കാടിന്റെ ഓർമ്മ. ജോൺസൺ ശരിക്കും മാഷായി മാറി അപ്പോൾ. കയ്യിലെ ചൂരൽ വീശി, എഴുതിയില്ലെങ്കിൽ നിന്നെക്കൊണ്ട് എഴുതിക്കും എന്ന് പറയുന്ന ആ പഴയ സ്കൂൾ മാഷ്. ``ഒരു ഘട്ടത്തിൽ ഒളിച്ചോടാൻ വരെ ശ്രമിച്ചതാണ് ഞാൻ. കയ്യോടെ പിടികൂടി ഒരു മുറിയിലിട്ട് പൂട്ടിക്കളഞ്ഞു ജോൺസൺ. ഈണത്തിനനുസരിച്ച് എഴുതാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞപ്പോൾ നീ എന്തെങ്കിലും എഴുതിവെച്ചാൽ മതി, ബാക്കി ഞാൻ നോക്കിക്കോളാം എന്നായി അദ്ദേഹം. നിർമ്മാതാവ് കൂടി ആ യുദ്ധത്തിൽ പങ്കുചേർന്നതോടെ മുങ്ങിക്കളയാൻ പറ്റാതായി എനിക്ക് .''

ഗത്യന്തരമില്ലാതെ ജോൺസന്റെ ഹാർമോണിയത്തിന് മുന്നിൽ പേനയും കടലാസുമായി ഹാജരാകുന്നു കവി. ഡമ്മി വരികളോടെ ആദ്യ ഈണം സംഗീത സംവിധായകൻ പാടിക്കേൾപ്പിച്ചപ്പോഴേ വിയർത്തു തുടങ്ങിയെന്ന് ചുള്ളിക്കാട്. ``ഗാനസന്ദർഭം ഉൾക്കൊണ്ടും കഥാപാത്രത്തിന്റെ മനസ്സറിഞ്ഞും അതേസമയം ഈണത്തിന്റെ ചട്ടക്കൂടിൽ ഒതുങ്ങിനിന്നുകൊണ്ടും പാട്ടെഴുതുക ഒരു വെല്ലുവിളി തന്നെയായിരുന്നു. ഗാനരചന ഒരു അത്ഭുതകലയാണെന്നു തിരിച്ചറിഞ്ഞത് അന്നാണ്. ട്യൂണിന് അനുസരിച്ചു നന്നായി പാട്ടെഴുതുന്ന എല്ലാവരെയും മനസാ നമിച്ചു ഞാൻ. എത്ര അദ്ധ്വാനിച്ചാലും എനിക്ക് അവരിൽ ഒരാളാകാൻ കഴിയില്ലെന്ന സത്യം ആ ഇരിപ്പിൽ ഞാൻ മനസ്സിലാക്കി.''

എന്നിട്ടും ``ശ്രുതി''ക്ക് വേണ്ടി രണ്ട് പാട്ടുകൾ എഴുതിത്തീർത്തുവെന്നത് ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ അത്ഭുതം തോന്നുന്ന കാര്യം. അല്പം താളക്കൊഴുപ്പാർന്ന പാട്ടാണ് ആദ്യം എഴുതേണ്ടത്. മുകേഷ് ഗിറ്റാർ വായിച്ചു പാടുന്ന ഒരു ഡിന്നർ സോംഗ്. ജോൺസൺ മാഷ് പാടിക്കേൾപ്പിച്ച ഈണത്തിനൊത്ത് നവാഗത ഗാനരചയിതാവ് എഴുതി: ``നിമിഷമാം ചഷകമേ ഈ രാവിന്റെ നീലച്ചുണ്ടിൽ നീ ചാലിക്കും ആനന്ദമോ ജീവിതം.'' മാഷ് സന്തുഷ്ടൻ.

അടുത്ത ഗാനം അൽപ്പം കൂടി സീരിയസ് ആയിരുന്നു; സിനിമയിൽ ഗീത വീണ വായിച്ചു പാടുന്ന ശാസ്ത്രീയസംഗീത സ്പർശമുള്ള പാട്ട്. ഇത്തവണ പാട്ടിൽ അൽപ്പം ഗൗരവം കൂടി കലർത്തി ചുള്ളിക്കാട്; കുറച്ചു സംസ്കൃതവും: ``ലീലാരവിന്ദം ചുംബിച്ചുനിൽക്കും ഗിരിരാജ നന്ദിനി, ഗജമന്ദഗാമിനി..'' പതിവ് സിനിമാപ്പാട്ടുകളിലൊന്നും കേൾക്കാത്ത വാക്കുകളാണ് അധികവും. എങ്കിലും ആരും പരാതിയൊന്നും പറഞ്ഞില്ല.

ഗാനങ്ങൾ രണ്ടും യേശുദാസിന്റെയും ചിത്രയുടെയും സ്വരത്തിൽ പിറ്റേന്ന് ജെമിനി സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്യപ്പെടുന്നു. മലയാള സിനിമക്ക് പുതിയൊരു ഗാനരചയിതാവിനെ വീണുകിട്ടിയ ദിവസം. ``അതേ സിനിമയിൽ ഒരു നാടൻ പാട്ട് കൂടിയുണ്ടായിരുന്നു. നെടുമുടി വേണു എവിടെ നിന്നോ തപ്പിയെടുത്തതാണ്: ചീകിതിരുകിയ പീലിത്തിരുമുടി എങ്ങനഴിഞ്ഞതെടീ എന്നോ മറ്റോ തുടങ്ങുന്ന ആ പാട്ടും സിനിമയിൽ വന്നത് എന്റെ പേരിൽ. അതിന്റെ പഴിയും ഞാൻ കേൾക്കേണ്ടി വന്നു എന്നതാണ് കഥയുടെ രത്നച്ചുരുക്കം.''-- ചുള്ളിക്കാട് ചിരിക്കുന്നു.
നെടുമുടിയുടേതാണ് ``ശ്രുതി''യുടെ കഥ. തിരക്കഥയും സംഭാഷണവും അദ്ദേഹം തന്നെ എഴുതണമെന്നായിരുന്നു നിശ്ചയമെങ്കിലും അഭിനയത്തിരക്കിലാണ് അന്ന് വേണു. പ്രിയദർശൻ ചിത്രമായ ``താളവട്ട''ത്തിന്റെ ഷൂട്ടിംഗിന് ഉടൻ ഊട്ടിയിൽ എത്തിച്ചേരണം. ``ശ്രുതി''യുടെ റിലീസ് തീയതിയാണെങ്കിൽ അടുത്തുവരികയാണ് താനും. ഗത്യന്തരമില്ലാതെ വേണു നാട്ടിൽ നിന്ന് സുഹൃത്തായ ചുള്ളിക്കാടിനെ ചെന്നൈയിലേക്ക് വിളിച്ചു വരുത്തുന്നു. ``കഥയുടെ വൺലൈൻ നമുക്കിരുന്ന് റെഡിയാക്കാം. അതുകഴിഞ്ഞാൽ ഞാൻ സ്ഥലം വിടും.

തിരക്കഥയും സംഭാഷണവും എഴുതാൻ ബാലൻ മോഹനെ സഹായിക്കണം.''-- അതാണ് ആവശ്യം. സ്നേഹപൂർവമുള്ള ആ നിർബന്ധത്തിന് വഴങ്ങുകയല്ലാതെ വേറെ വഴിയില്ലായിരുന്നു ചുള്ളിക്കാടിന്. പാട്ടെഴുത്ത് എന്നൊരു ഭീഷണി കൂടി അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നുണ്ടെന്ന് ആരോർത്തു അപ്പോൾ? ആ സാഹസം കൂടി കഷ്ടിച്ചു നിർവഹിച്ചു തീർത്ത ശേഷം ഇനിയൊരിക്കലും സിനിമാപ്പാട്ടെഴുത്തിനില്ല എന്ന് തീരുമാനിച്ചുറച്ചാണ് ചെന്നൈ വിട്ടതെന്ന് കവി.

ആ പ്രതിജ്ഞ അധികം വൈകാതെ ലംഘിക്കേണ്ടി വന്നു ചുള്ളിക്കാടിന് -- ഇത്തവണ ആരാധനാപാത്രമായ ഭാസ്കരൻ മാഷിന്റെ നിർബന്ധത്തിന് വഴങ്ങി. ``അതും യാദൃച്ഛികമായി സംഭവിച്ചതാണ്. പ്രദീപ് ചൊക്ലി സംവിധാനം ചെയ്ത ``പ്രദക്ഷിണ''ത്തിൽ അഭിനേതാവായി ഞാനും ഉണ്ടായിരുന്നു. പാട്ടുകളൊരുക്കുന്നത് ഭാസ്കരൻ മാഷും രവീന്ദ്രനും. അവസാനനിമിഷമാണ് ഒരു ഗാനസന്ദർഭം കൂടി സിനിമയിൽ ഉൾപ്പെടുത്താൻ സംവിധായകൻ തീരുമാനിച്ചത്. രണ്ടു പാട്ടുകൾ എഴുതിത്തീർത്ത് മാഷ് സ്ഥലം വിട്ടിരുന്നു അപ്പോഴേക്കും. മൂന്നാമത്തെ പാട്ടുകൂടി മാഷെ കൊണ്ട് എഴുതിക്കാമെന്നു വെച്ചാൽ നടക്കില്ല. അദ്ദേഹം ഗൾഫ് പര്യടനത്തിലാണ്. രവീന്ദ്രൻ വിളിച്ചുചോദിച്ചപ്പോൾ ബാലൻ അവിടെയുണ്ടല്ലോ അവൻ എഴുതട്ടെ എന്നായിരുന്നു മാഷിന്റെ മറുപടി. പതിവുപോലെ എങ്ങനെയും ഒഴിഞ്ഞുമാറാനായിരുന്നു എന്റെ ശ്രമം. ഒടുവിൽ മാഷ് തന്നെ നേരിട്ട് വിളിച്ച് എഴുതാൻ പറഞ്ഞപ്പോൾ വഴങ്ങാതെ വയ്യെന്നായി. അങ്ങനെ എഴുതിപ്പോയതാണ് ചിത്ര പാടിയ കാണാമറയത്ത് കൈതപ്പൂ വിരിയുംപോലെ എന്ന പാട്ട്. രവീന്ദ്രന്റെ ഈണത്തിനനുസരിച്ച് കുറിച്ച വരികൾ.''

പിന്നീട് എബ്രഹാം ലിങ്കൺ, പൂമരം എന്നീ സിനിമകൾക്ക് വേണ്ടിയും പാട്ടെഴുതി ബാലചന്ദ്രൻ ചുള്ളിക്കാട്. സംഗീത സംവിധായകൻ ഔസേപ്പച്ചന്റെ നിർബന്ധത്തിന് വഴങ്ങിയായിരുന്നു ``ലിങ്കണി''ലെ സാഹസം. ``ആ പടത്തിൽ കലാഭവൻ മണിയും റിമി ടോമിയും പാടുന്ന ഒരു നാടൻ പാട്ടുണ്ട്. കേഴമാൻ കണ്ണാളേ. മണി തന്നെ എവിടെ നിന്നോ സംഘടിപ്പിച്ച പാട്ടാണ്. നിർഭാഗ്യവശാൽ ആ വരികളുടെ പിതൃത്വവും ചാർത്തിക്കിട്ടിയത് എനിക്ക്.'' എന്തായാലും ഇനി ആ മേഖലയിലേക്കില്ല എന്ന് കവി.

``സിനിമക്ക് വേണ്ടി പാട്ടെഴുതുന്നത് എളുപ്പമുള്ള ഏർപ്പാടാണ് എന്നതായിരുന്നു എത്രയോ കാലം എന്റെ ധാരണ.''-- ചുള്ളിക്കാടിന്റെ വാക്കുകൾ. ``പാട്ടെഴുതാനിരുന്നപ്പോഴാണ് കവിതയെഴുത്തിനേക്കാൾ പതിന്മടങ്ങ് ദുഷ്കരമാണതെന്ന് മനസിലായത്. കവിത നമ്മുടെ ആത്മാവിഷ്കാരമാണ്. ഇഷ്ടം പോലെ സ്വാതന്ത്ര്യമുണ്ടവിടെ. തോന്നിയ പോലെ എഴുതിയാലും ആരും ചോദിക്കാനില്ല. പക്ഷേ പാട്ടിൽ ഉള്ളത് നമ്മുടെ അനുഭവമണ്ഡലമേ അല്ല. നമ്മുടേതല്ലാത്ത ഭാഷ, ഭാവന ഒക്കെയാണ് അവിടെ ആവശ്യം. ഒരു തരം പരകായപ്രവേശം. ഈ സങ്കീർണ്ണവശം അറിയാത്തവരേ ഗാനരചയിതാക്കളെ വിലകുറച്ചു കാണൂ. എനിക്കതറിയുന്നതുകൊണ്ട് നല്ല പാട്ടെഴുത്തുകാരെ കണ്ടാൽ ഇന്നും അറിയാതെ എണീറ്റുനിന്ന് വണങ്ങിപ്പോകും.''

ഏറെ പ്രിയപ്പെട്ട ഭാസ്കരൻ മാഷിന്റെ ഒരു ലളിതഗാനം ഓർമ്മയിൽ നിന്ന് മൂളുന്നു ചുള്ളിക്കാട്: മയങ്ങിപ്പോയി ഒന്നു മയങ്ങിപ്പോയി, അപ്പോൾ മധുമാസചന്ദ്രൻ വന്നു മടങ്ങിപ്പോയി...``എത്ര ലളിതമായ ഭാവന. കേൾക്കുമ്പോൾ തോന്നും ആർക്കും എഴുതാൻ കഴിയും ഇങ്ങനെയൊക്കെ എന്ന്. തെറ്റിദ്ധാരണയാണത്. ആ കോൺസെപ്റ്റ് തന്നെ അപാരമല്ലേ? ഭാസ്കരൻ മാഷിനേ അത് സാധിക്കൂ. ഇരുട്ടിന്റെ ആത്മാവിലെ ``ഇരുകണ്ണീർ തുള്ളികൾ ഒരു സുന്ദരിയുടെ കരിമിഴികളിൽ വെച്ച് കണ്ടുമുട്ടീ'' എന്ന പാട്ട് മറ്റൊരു ഉദാഹരണം. കഥാപാത്രത്തിന്റെ ഉള്ളിൽ കടന്നുചെന്ന് സിനിമയിലെ സന്ദർഭത്തിന് ഇണങ്ങും വിധം ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയും ലളിതമായി, കാവ്യാത്മകമായി എഴുതാൻ കവിത്വം മാത്രം പോരാ. അത് വേറൊരു കലയാണ്. അത്ഭുതകല എന്ന് തന്നെ വിളിക്കണം അതിനെ.''-- ചുള്ളിക്കാട്.

ഭാസ്കരൻ മാഷിന്റെ ഗാനരചനാപാടവത്തിന് ഒരിക്കൽ നേരിട്ട് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു ചുള്ളിക്കാട്. ``ഡെയ്സി'' എന്ന പടം. സുഹൃത്തായ സംവിധായകൻ പ്രതാപ് പോത്തന്റെ ക്ഷണം സ്വീകരിച്ച് സംഭാഷണ രചനയിൽ സഹായിക്കാൻ ചെന്നതാണ് കവി. പാട്ടുകൾ ഒരുക്കുന്നത് ഭാസ്കരൻ -- ശ്യാം ടീം. ``ശ്യാമിന്റെ ട്യൂൺ മനസ്സിലേക്ക് ആവാഹിച്ച് ഭാസ്കരൻ മാഷ് പാട്ടെഴുതാൻ ഇരിക്കുമ്പോൾ തൊട്ടരികെ കാഴ്ചക്കാരനായി ഞാനുമുണ്ട്. വെറും പത്തു മിനുട്ടിലാണ് മാഷ് ആദ്യത്തെ പാട്ടെഴുതിയത് -- ഓർമ്മതൻ വാസന്ത നന്ദനത്തോപ്പിൽ ഒരു പുഷ്പം മാത്രം ഒരു പുഷ്പം മാത്രം...എങ്ങനെ നമിക്കാതിരിക്കും അദ്ദേഹത്തെ?''
പാട്ടെഴുത്ത് ഈണത്തിനൊത്താകുന്നതിൽ തെറ്റൊന്നും കാണുന്നില്ല ചുള്ളിക്കാട്. അങ്ങനെയും നല്ല ഗാനങ്ങൾ പിറന്നിട്ടുണ്ട് നമ്മുടെ സിനിമയിൽ. ഉദാത്തമായ ഗാനങ്ങൾ. നിർഭാഗ്യവശാൽ പാട്ടിൽ കാവ്യഭംഗി പോയിട്ട് അർത്ഥഭംഗി പോലും വേണ്ടെന്ന് വിശ്വസിക്കുന്നവരാണ് ഇന്നത്തെ പല സംഗീത സംവിധായകരും. ഈണത്തിനകത്ത് കുറെ വാക്കുകൾ തിരുകിവെക്കുന്നതിനപ്പുറത്ത് വേറൊരു സർഗാത്മകതയും ആവശ്യപ്പെടുന്നില്ല അവരുടെ സൃഷ്ടികൾ. അതുകൊണ്ടുതന്നെ പുതിയ പല പാട്ടുകളും കേൾക്കുമ്പോൾ സഹതാപം തോന്നും.

എങ്ങനെ തോന്നാതിരിക്കും? എഴുതിക്കിട്ടിയ ഒ എൻ വി രചന ആദ്യവായനയിൽ തന്നെ ഹാർമോണിയത്തിൽ മനോഹരമായ ഈണമാക്കി മാറ്റിയ ദക്ഷിണാമൂർത്തി സ്വാമിയെപ്പോലുള്ള സംഗീതമാന്ത്രികരെ കണ്ടു വിസ്മയിച്ചു നിന്ന ഒരാൾക്ക് അങ്ങനെ തോന്നിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. സംവിധായകൻ ഭദ്രനോടൊപ്പം പാട്ടുകളുമായി ദക്ഷിണാമൂർത്തിയെ കാണാൻ ചെന്നതായിരുന്നു ``ഇടനാഴിയിൽ ഒരു കാലൊച്ച''യുടെ സംഭാഷണ രചയിതാവ് കൂടിയായ ചുള്ളിക്കാട്. ഒ എൻ വിയുടെ വരികൾ സ്വാമി വായിച്ചത് തന്നെ നമ്മൾ ഇപ്പോൾ കേൾക്കുന്ന ഈണത്തിൽ: ``വാതിൽപ്പഴുതിലൂടെൻ മുന്നിൽ കുങ്കുമം വാരിവിതറും ത്രിസന്ധ്യ പോകേ, അതിലോലമെൻ ഇടനാഴിയിൽ നിൻ കളമധുരമാം കാലൊച്ച കേട്ടു....''
ഗാനസാഹിത്യത്തിന് പുല്ലുവില പോലും കൽപ്പിക്കാത്ത ചില പുതിയ സംഗീത സ്രഷ്ടാക്കളുമായി ഇടപഴകേണ്ടി വരുമ്പോൾ സ്വാമിയെ ഓർക്കും ചുള്ളിക്കാട്. മനസ്സുകൊണ്ട് അദ്ദേഹത്തെ താണുവണങ്ങും.

​ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചത്

 

content highlights : Balachandran Chullikkadu Johnson master Sruthi Malayalam movie song