വി അയ്യപ്പപ്പണിക്കരുടെ സരസ കവിതകളായ 'മോഷണം' 'വിദ്യ എന്ന അഭ്യാസം' എന്നീ കവിതകള്‍ സമന്വയിപ്പിച്ചുള്ള കോറിയോഗ്രാഫിക് ഫ്യൂഷന്‍ വീഡിയോ റിലീസ് ചെയ്തു. മോഹന്‍ലാലിന്റെയും കവി കെ.സച്ചിദാനന്ദന്റെയും ഫെയ്‌സ്ബുക്കിലൂടെ നവംബര്‍ ഒന്നിനായിരുന്നു റിലീസ്. യൂട്യൂബിലൂടെ റിലീസ് ചെയ്ത വീഡിയോഗാനം ഇതിനോടകം തന്നെ ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു.

moshanam
മോഷണത്തിന്റെ റിലീസ് മോഹന്‍ലാലും ഷാജി കൈലാസും കൂടി നിര്‍വഹിക്കുന്നു

സനൂപ് കുമാറാണ് ചടുലവും സരസവുമായ ചുവടുകളുമായി വീഡിയോയിലെത്തുന്നത്. അയ്യപ്പപണിക്കറുടെ രചനാലോകത്തോട് പുതുതലമുറയെ കൂടുതല്‍ അടുപ്പിക്കുക എന്ന ഒരു ഉദ്ദേശം കൂടി ആധുനിക സംഗീതശൈലികള്‍ സമന്വയിപ്പിച്ചാണ് കവിതകള്‍ ഗാനമായി ചിട്ടപ്പെടുത്തിയിരിക്കുന്നത്. പുതുതലമുറയുടെ ആസ്വാദനശീലത്തോട് അടുത്തു നില്‍ക്കുന്ന രീതിയില്‍ പോപ്പ്, റാപ്പ് ശ്രേണിയില്‍ വരുന്ന രീതിയില്‍ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നതും ഗാനം ആലപിച്ചിരിക്കുന്നതും അജയ് തിലകാണ്. റാപ്പ് ഭാഗങ്ങള്‍ ഗോഡ്‌സണ്‍ ഡാനിയല്‍ റോബിന്‍ പാടിയിരിക്കുന്നു. വിഷ്വല്‍ ഇഫക്ട്‌സ് ദൃശ്യവിന്യാസങ്ങളോടെ ഒരുങ്ങുന്ന ഗാനത്തിന്റെ ദൃശ്യഭാഷ്യമൊരുക്കിയത് കവി കെ.ഡി. ഷൈബു മുണ്ടയ്ക്കലാണ്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ശരണ്‍ ശ്രീകുമാര്‍. 

അയ്യപ്പപണിക്കരുടെ സാഹിത്യലോകത്തേക്കുള്ള ചില്ലുജാലകങ്ങളാണ്  റോസിലിയും മോഷണവും കടുക്കയുമടക്കമുള്ള കാര്‍ട്ടൂണ്‍ കവിതകളെന്നും അദ്ദേഹത്തിന്റെ സാഹിത്യലോകത്തിലൂടെ കടന്നുപോകുന്ന ഏതൊരു കൗമാരക്കാരനും ലഭിക്കുന്ന ജീവിത, സാഹിത്യകലാദര്‍ശനം തികച്ചും അളവറ്റതായിരിക്കുമെന്നും, എണ്‍പതുകളിലേയും തൊണ്ണൂറുകളിലേയും യുവതയ്ക്ക് ലഭിച്ച ആ അപൂര്‍വ്വഭാഗ്യം പുതുതലമുറയ്ക്കുകൂടി തുറന്നുകൊടുക്കേണ്ട ചുമതല ആ ഭാഗ്യം അനുഭവിച്ച ഏതൊരു സാഹിത്യസ്‌നേഹിയുടേയും പ്രാഥമിക ചുമതലയാണെന്നും സംവിധായകന്‍ കെ.ഡി.ഷൈബു മുണ്ടയ്ക്കല്‍ പറഞ്ഞു.

 

Content Highlights: Ayyappa Paniker poems Moshanam video song released