വിശേഷമായ ഒരു ഊർജമാണ് ആശാലതയുടെ പാട്ടിന്. അത് തിരിച്ചെത്തുകയാണ്. സംഗീതം അതാണ് ആശാലതയുടെ വഴി. മനോഹരമായ ആലാപനം. ശബ്ദശുദ്ധി. ഈ പ്രത്യേകതകൾ മൊഴിയിലുമുണ്ട്. ഭാഷയും വിവരണവും സംഗീതാത്മകം തന്നെ. അതാണ് ആശാലതയെ ലക്ഷക്കണക്കിന് ശ്രോതാക്കളുടെ ആശേച്ചിയാക്കിയത്.

ആകാശവാണിയിലെ ആർ.ജെ.യായ ആശേച്ചി ഒരുപാടാളുകൾക്ക് സാന്ത്വനമാണിന്ന്. മലയാള, തമിഴ്, തെലുങ്ക് സിനിമകളിലും അനേകം കാസെറ്റുകളിലും പാടിയ ആശാലത സംഗീതലോകത്തേക്ക് തിരിച്ചുവരുന്നു. ‘ഒഴിവുകാലം’ എന്ന ഭരതൻ സിനിമയിൽ ജോൺസൺ സംഗീതസംവിധാനം നിർവഹിച്ച ‘ചൂളംകുത്തും കാറ്റേ’ എന്ന ഗാനം ആലപിച്ചുകൊണ്ട് മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കുവന്ന ആശാലതയ്ക്ക് ഇപ്പോൾ പ്രണയഗാനകാലമാണ്. സുന്ദരമായൊരു പ്രണയഗാനവുമായാണ് അവരുടെ തിരിച്ചുവരവ്. 

മറക്കുവതെങ്ങനെ? 

‘മറക്കുവതെങ്ങനെ ഞാൻ...’ഇതുവരെയറിയാത്ത സുന്ദരസ്വപ്നമാണെൻ പ്രണയം.. എന്നു തുടങ്ങുന്ന ഈ പാട്ടെഴുതിയതും അതിന്‌ ഈണമിട്ടുപാടിയതും ആശാലത തന്നെ. ‘ജീവിതസാഹചര്യങ്ങളാൽ സ്വന്തം പ്രണയത്തെ ഒരിക്കൽപ്പോലും ഗൃഹാതുരതയോടെ തിരിഞ്ഞുനോക്കാൻ സാധിക്കാത്ത എല്ലാ പ്രിയപ്പെട്ടവർക്കും ഞാനീ ഗാനം സമർപ്പിക്കുന്നു’ എന്ന് മുഖവുരയിൽ അവർ പറയുന്നു. പ്രോഗ്രാം പ്രൊഡ്യൂസറായും മാർക്കറ്റിങ് ഹെഡ് ആയുമൊക്കെ ജോലി നോക്കിയിരുന്നെങ്കിലും ഒടുവിൽ പാട്ടിൽത്തന്നെ അവർ തിരിച്ചെത്തുന്നത്, അതാണ് ജീവിതനിയോഗമെന്ന് അറിയാതെ അറിഞ്ഞതുകൊണ്ടാകണം.

1995 മുതൽ ദുബായിൽ ‘റേഡിയോ ഏഷ്യ’യിൽ പ്രോഗ്രാം പ്രൊഡ്യൂസറായിരുന്ന അവർ പിന്നീട് യു.എ.ക്യൂ. റേഡിയോയിൽ പ്രവർത്തിച്ചു. അവിടെയായിരിക്കുമ്പോഴും സിനിമകളിൽ പാടിയിരുന്നു. പക്ഷേ, നാട്ടിൽ അല്ലാതിരുന്നതിനാൽ കഴിവിനനുസരിച്ചുള്ള അവസരങ്ങൾ ലഭിച്ചില്ല. ഇന്നത്തെപ്പോലെ ചാനലുകളും മറ്റു വേദികളും അന്ന് ഇല്ലായിരുന്നല്ലോ. യേശുദാസിനും ഉണ്ണിമേനോനും ജി. വേണുഗോപാലിനും കൃഷ്ണചന്ദ്രനും എം.ജി. ശ്രീകുമാറിനും കെ.എസ്. ചിത്രയ്ക്കുമൊക്കെ ഒപ്പം നിരവധി ഗാനങ്ങൾ പാടിയിട്ടുണ്ട്, ആശാലത. ‘ദാസേട്ടനാണ് എന്റെ ഗുരു. അദ്ദേഹം പറയുന്ന കാര്യങ്ങളാണ് ഞാൻ ചെയ്യുന്നത്’- അവർ പറയുന്നു. 

ആശയും ലതയും

തീരെ ചെറിയ കുട്ടിയായിരിക്കുമ്പോൾത്തന്നെ മകളുടെ സംഗീതാഭിമുഖ്യം തിരിച്ചറിഞ്ഞ ആശാലതയുടെ മാതാപിതാക്കൾ, പ്രശസ്ത ഗായകരായ ആശാ ഭോസ്ലേയുടെയും ലതാമങ്കേഷ്‌കറുടെയും പേരുകളിൽ നിന്ന് ‘ആശാലത’ എന്ന പേര് മകൾക്കു നൽകുകയായിരുന്നു.
 എൺപതുകളുടെ പകുതി മുതൽ മലയാള ചലച്ചിത്രങ്ങളിൽ ഉന്മേഷം നിറഞ്ഞ കാല്പനിക ഗാനങ്ങൾ ആലപിച്ചുകൊണ്ടാണ് ആശാലത ശ്രദ്ധേയയായത്. അമ്പതിലധികം മലയാളചിത്രങ്ങളിലും ഇരുപതോളം തമിഴ് സിനിമകളിലും രണ്ട് തെലുങ്ക് സിനിമകളിലും പാടി.   ജോൺസൺ മാഷിനുപുറമേ, എ.ടി. ഉമ്മർ, രാഘവൻമാസ്റ്റർ, ഔസേപ്പച്ചൻ, ശ്യാം, ജെറി അമൽദേവ്, എം.ബി. ശ്രീനിവാസൻ, ബോംബെ രവി, മോഹൻ സിതാര, ബേണി ഇഗ്‌നേഷ്യസ് തുടങ്ങിയ പ്രഗല്‌ഭ സംഗീത സംവിധായകരുടെ ഈണങ്ങൾക്ക് ശബ്ദം പകർന്നിട്ടുള്ള ആശാലത, നിരവധി ഹിറ്റ് ഗാനങ്ങളുടെ ഉടമയാണ്. ‘സ്നേഹമുള്ള സിംഹം’ എന്ന ചിത്രത്തിലെ ‘സ്നേഹം കൊതിച്ചൂ ഈരേഴുലോകം’, ‘ദൂരെ ദൂരെ ഒരു കൂടുകൂട്ടാം’ എന്ന ചിത്രത്തിലെ ‘പൊന്നിൻ കിനാവുകൾ’, ‘ഒരു വടക്കൻ വീരഗാഥ’ എന്ന ചിത്രത്തിലെ ‘ഉണ്ണി ഗണപതി തമ്പുരാനേ’ എന്നിങ്ങനെയുള്ള ഗാനങ്ങൾ ആലപിച്ചത് ആശാലതയാണ്. 

നവവശ്യഗാനം

തരംഗിണിയുടെ ‘ഗ്രാമീണഗാനങ്ങൾ’ രണ്ടാം വോള്യത്തിൽ മനോഹരമായ ഒരു പാട്ടുണ്ട്. ‘നിലാവ് നിളയിൽ നീരാടി.... അനുപദം ഓളങ്ങളുലഞ്ഞു...’ എന്നു തുടങ്ങുന്ന പാട്ട്. ആശാലതയാണ് അത് പാടിയത്. 1985ൽ തന്റെ പത്തൊമ്പതാം വയസ്സിൽ. സാമന്തമലഹരി രാഗത്തിലുള്ള ആ പാട്ട് ശ്രോതാക്കളെ വളരെയധികം ആകർഷിച്ചു. ആ കാസെറ്റിൽ യേശുദാസിനോടൊപ്പവും ആശാലത പാടിയിരുന്നു. കാസെറ്റ് വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ആശാലതയും. എം.ജി. രാധാകൃഷ്ണന്റേതായിരുന്നു സംഗീതം.  തരംഗിണി പരിചയപ്പെടുത്തുന്ന ‘നവവശ്യനാദം’ എന്നായിരുന്നു അക്കാലത്ത് ആശാലത വിശേഷിപ്പിക്കപ്പെട്ടത്.  പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകൻ ബപ്പി ലാഹിരിയുടെ സംവിധാനത്തിൽ ഇറങ്ങിയ ‘രാഗലഹരി’ എന്ന സംഗീത കാസെറ്റിൽ ഉണ്ണിമേനോനോടൊപ്പവും പാടി. 

മീഡിയ വേവ്‌സ്

തുടക്കത്തിൽ റേഡിയോ ഏഷ്യയിൽ പ്രോഗ്രാം പ്രൊഡ്യൂസറായിരുന്ന ആശാലത പിന്നീട് ജോയ് ആലുക്കാസിന്റെ ഇന്ത്യൻ ഓപ്പറേഷൻസ് മാർക്കറ്റിങ്‌ ഹെഡ്ഡായി പന്ത്രണ്ടുവർഷം സേവനം അനുഷ്ഠിച്ചു. ഇപ്പോൾ എറണാകുളം കേന്ദ്രമാക്കി ‘മീഡിയ വേവ്‌സ്’ എന്ന പ്രൊഡക്‌ഷൻ കമ്പനി നടത്തുകയാണ്. മകൻ അശ്വിൻനാഥിനും അമ്മ തങ്കം ദാമോദരനുമൊപ്പം എറണാകുളം പാലാരിവട്ടത്താണ് താമസം. ആശാലത തന്നെ സ്വന്തമായി ഗാനരചനയും സംഗീതസംവിധാനവും ആലാപനവും നിർവഹിച്ച ‘മറക്കുവതെങ്ങനെ ഞാൻ’ എന്ന പ്രണയഗാനം യു ട്യൂബിൽ പ്രശസ്തമായിക്കൊണ്ടിരിക്കുന്നു. തങ്ങളുടെ ആശേച്ചിയാണ് ഇതെന്നു തിരിച്ചറിഞ്ഞ ശ്രോതാക്കൾ യു ട്യൂബിൽ ആവേശത്തിന്റെ പ്രതികരണങ്ങളുമായി ഉണ്ട്.  ഗാനം നിർമിച്ചിരിക്കുന്നത് മീഡിയ വേവ്‌സ് ആണ്.