ദേശീയ ശ്രദ്ധയാകർഷിച്ച മലയാളിയായ കുട്ടിപ്പാട്ടുകാരി 'ആര്യനന്ദ ബാബു'വും ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക്. നവാഗതനായ പി സി സുധീർ കഥയെഴുതി സംവിധാനം ചെയ്ത 'ആനന്ദക്കല്ല്യാണ'ത്തിലൂടെയാണ് ലോകമലയാളികളുടെ വാത്സല്യപ്പാട്ടുകാരിയായ ആര്യനന്ദ സിനിമാ പിന്നണി ഗാനരംഗത്തേക്ക് ചുവടുവെയ്ക്കുന്നത്.

സംഗീത സംവിധായകൻ രാജേഷ്ബാബു കെ ശൂനാട് സംഗീതം നൽകിയ ഗാനം രചന സുബ്രഹ്മണ്യൻ. കെ കെ യാണ് എഴുതിയത്. നിയുക്ത എം എൽ എ യും ഗായികയുമായ ദലീമ, സിത്താര കൃഷ്ണകുമാർ , അഫ്സൽ, നജീം അർഷാദ്, ഹരീഷ് കണാരൻ എന്നിവർ തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ ആര്യനന്ദ പാടിയ ഗാനം റിലീസ് ചെയ്തു.

' ആരുമറിയാതെ നെഞ്ചിനുള്ളിലെന്നോ കാത്തുവെച്ചു നിന്നെ കണ്ണാളേ... എന്ന മലബാറിലെ ഖവാലി ശൈലിയിലുള്ള ഈ ഗാനം ആര്യനന്ദയ്ക്കൊപ്പം ഗായകരായ പി കെ സുനിൽകുമാറും , അൻവർ സാദത്തും ചേർന്ന് പാടുന്നു. ഗാനം റിലീസായി നിമിഷങ്ങൾക്കകം ആര്യനന്ദയുടെ ആരാധകർ പാട്ട് ഏറ്റെടുത്തുകഴിഞ്ഞു. ആനന്ദക്കല്ല്യാണത്തിലെ റിലീസ് ചെയ്ത പാട്ടുകളെല്ലാം ഇതിനോടകം ഹിറ്റുകളായിരുന്നു.

ലോകത്താകമാനം സംഗീതാസ്വാദകരുടെ മനം കവർന്ന കുഞ്ഞുഗായികയാണ് കോഴിക്കോട് സ്വദേശിനിയായ ആര്യനന്ദ. ചെറിയ പ്രായത്തിലേ സംഗീത രംഗത്തെ മികവിന് ദേശീയ-സംസ്ഥാന പുരസ്ക്കാരങ്ങൾ ഒട്ടനവധി കരസ്ഥമാക്കിയ കുഞ്ഞുഗായികയാണ് ഈ സംഗീത പ്രതിഭ. രണ്ടര വയസ്സിൽ ഗുരുവായൂരിലെ ചെമ്പൈ സംഗീതോത്സവത്തിൽ ആദ്യമായി പാടിക്കൊണ്ടാണ് ആര്യനന്ദ സംഗീതപ്രേമികളുടെ മനം കവർന്നത്. ഇതോടെ ആര്യനന്ദയുടെ സംഗീതവഴി നേട്ടങ്ങളുടേതായിരുന്നു 450 ഓളം വിവിധ വേദികളിൽ പാടി. രാജ്യത്തെ പ്രശസ്തരായ ഗായകർക്കൊപ്പം ഒട്ടേറെ വേദികളിലും പാടി. ഇതോടെ ആര്യനന്ദ ദേശീയ ശ്രദ്ധയാകർഷിച്ച സംഗീത പ്രതിഭയായി മാറി. സി ടി വി ലെ റിയാലിറ്റി ഷോ ആയ സരി ഗമ പ സംഗീത പരിപാടിയിൽ വിജയകിരീടം നേടി.

മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ കോഴിക്കോട് ടൗൺഹാളിൽ മലയാളം, ഹിന്ദി, തെലുങ്ക്, ഭാഷകളിൽ 'സനേഹപൂർവ്വം ആര്യനന്ദ'എന്ന സംഗീതാർച്ചനയിലൂടെ ആര്യനന്ദ ലിംക ബുക്ക് ഓഫ് റെക്കോർഡിൽ നോമിനിയായി തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് മണിക്കൂറുകൊണ്ട് 25 പാട്ടുകൾ തുടർച്ചയായി പാടിയായിരുന്നു ആര്യനന്ദയുടെ ഈ സംഗീത പ്രകടനം. ലോകപ്രശസ്ത ഗായകർക്കൊപ്പം വേദി പങ്കിടാനും പാടാനും കഴിഞ്ഞത് ഈശ്വരാനുഗ്രഹമാണെന്ന് ആര്യനന്ദ പറഞ്ഞു. ആനന്ദക്കല്ല്യാണത്തിലൂടെ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് വരാൻ അവസരം നൽകിയ ചിത്രത്തിന്റെ അണിയറപ്രവർത്തകരോട് നന്ദിയുണ്ടെന്നും ആര്യനന്ദ പറയുന്നു. സംഗീത അദ്ധ്യാപകരായ രാജേഷ് ബാബുവിന്റെയും ഇന്ദുവിന്റെയും ഏകമകളാണ് ആര്യനന്ദ.
സീബ്ര മീഡിയയുടെ ബാനറിൽ മുജീബ് റഹ്മാനാണ് ആനന്ദക്കല്ല്യാണം നിർമ്മിക്കുന്നത്. അഷ്ക്കർ സൗദാനും അർച്ചനയുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രം നവാഗതരായ ഒട്ടേറെ സംഗീത പ്രതിഭകളെ പരിചയപ്പെടുത്തുന്ന സിനിമ കൂടിയാണ്. തെന്നിന്ത്യൻ ഗായിക സന മൊയ്തൂട്ടി മലയാളത്തിൽ ആദ്യമായി പാടിയ ചിത്രം കൂടിയാണ് ആനന്ദക്കല്ല്യാണം.

Content hghlights :aryananda little singer first film song release from the movie anandakalyanam