-
ലോകം ഇതുവരെ കാണാത്ത മഹാമാരിയോടു പൊരുതി വീട്ടിലിരിക്കുന്ന ഈ കാലത്ത് സോഷ്യൽമീഡിയ തന്നെയായിരുന്നു മിക്കവരുടെയും പ്രധാന വിനോദമാർഗം. ഫെയ്സ്ബുക്ക് ലൈവുകളും വൈറൽ വീഡിയോകളും കണ്ടുേ കേട്ടും ആസ്വദിച്ചും ദിവസങ്ങൾ കഴിച്ചുകൂട്ടിയ നമ്മുടെ ഫോണുകളിലേയ്ക്ക് പെട്ടെന്നാണ് ഒരു പെൺകുട്ടിയുടെ പാട്ടു വീഡിയോ വന്നത്. ഒരു ഉക്കുലേലേ പിടിച്ച് അറിയാവുന്ന തരം സംഗീതമെല്ലാം കാച്ചിക്കുറുക്കി, ഫ്യൂഷൻ രൂപത്തിലാക്കി പാടുന്ന പെൺകുട്ടിയെ സാക്ഷാൽ അമിതാഭ് ബച്ചനു വരെ ഇഷ്ടപ്പെട്ടു. കോവിഡ് ബാധിതനായി ആശുപത്രിക്കിടക്കയിൽ കിടക്കവെ ആര്യയുടെ വീഡിയോ കണ്ട് അത് ഷെയർ ചെയ്ത് ബച്ചൻ ഇങ്ങനെ ട്വീറ്റ് ചെയ്തു, 'നീ എന്റെ ആശുപത്രി ദിനങ്ങളെ പ്രകാശപൂരിതമാക്കി.' അപ്പോഴേക്കും ഇന്ത്യയൊട്ടാകെ ആര്യയുടെ വീഡിയോ കണ്ടു കഴിഞ്ഞിരുന്നു.
ആര്യ ദയാൽ, പേരിനുമുണ്ട് ഒരു കൗതുകം...
കണ്ണൂരുകാരാണ് ഞങ്ങൾ. നാടാൽ ആണ് സ്ഥലം. ദയാൽ കെ എന്നാണ് അച്ഛന്റെ പേര്. അങ്ങനെയാണ് ദയാൽ എന്ന പേര് എന്നോടൊപ്പം വന്നത്. അച്ഛൻ കണ്ണൂരിൽ ശക്തി ഫിനാൻസിൽ ജോലി ചെയ്യുന്നു. അമ്മയുടെ പേര് റോജ. ആർ ഡി ഏജന്റ് ആണ്. പലരും ചോദിച്ചിട്ടുണ്ട്. നോർത്ത് ഇന്ത്യയിൽ നിന്നാണോ? കുടുംബത്തിലാരെങ്കിലും അവിടെ നിന്നാണോ എന്നൊക്കെ.
ഇല്ല. ട്വീറ്റ് തന്നെ പ്രതീക്ഷിച്ചതല്ല. വെറുതെ പാടി ഇട്ടതാണ്. അമിതാഭ് ബച്ചനിലേക്കൊന്നും എത്തുമെന്ന് കരുതിയില്ല. വലിയ സന്തോഷം തോന്നി.
സഖാവ് കവിതയും വൈറലായിരുന്നല്ലോ..
സഖാവ് റിലീസായ സമയത്ത് അത് കവിതാ-രാഷ്ട്രീയ ചർച്ചകളിലാണ് ഇടം പിടിച്ചത്. സംഗീതം എന്ന നിലയ്ക്കല്ല ശ്രദ്ധിക്കപ്പെട്ടത്.
ആര്യ എന്തു ചെയ്യുന്നു?
പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞു. ബാംഗ്ലൂരാണ് പഠിക്കുന്നത്. സ്റ്റാറ്റിസ്റ്റിക്സ് ആയിരുന്നു വിഷയം. ലോക്ഡൗണിൽ ഇവിടെത്തന്നെ ഇരിക്കാമെന്നു കരുതി ഇവിടെ കൂടിയതാണ്. അമ്മയും അച്ഛനും നാട്ടിലാണ്.
സംഗീതപഠനത്തെക്കുറിച്ച്?
കർണാടക സംഗീതം മാത്രമാണ് ശാസ്ത്രീയമായി പഠിച്ചിട്ടുള്ളത്. കണ്ണൂർ തന്നെയുള്ള വസുമതി ടീച്ചറാണ് ആദ്യ ഗുരു. ജയശ്രീ രാജീവിനു കീഴിലും പഠിച്ചു. കോവൈ എസ് ആർ കൃഷ്ണമൂർത്തി സാറിന്റെ കീഴിലും പഠിച്ചു.
പ്ലസ് വൺ കാലത്താണ് പോപ് മ്യൂസികിനോടു കമ്പം തോന്നിത്തുടങ്ങുന്നത്. കണ്ണൂർ സെന്റ് സെരേസാസ് സ്കൂളിലാണ് പഠിച്ചത്. തലശ്ശേരി ബ്രണ്ണൻ കോളേജിൽ കണക്കിൽ ബിരുദം നേടിയെടുത്തു. യൂത്ത് ഫെസ്റ്റിവലിലൊക്കെ തിളങ്ങിയിരുന്നു.
അനിയനാണ് എനിക്ക്. വിഷ്ണു പാലക്കാട് അഹല്യ കോളേജിൽ വിദ്യാർഥിയാണ്.
സംഗീതത്തിൽ ആര്യ കാണുന്ന സ്വപ്നമെന്താണ്?
സംഗീതത്തിനായി നല്ല സംഭാവനകൾ നൽകണമെന്നുണ്ട്. ഈ മേഖലയിൽ അറിയപ്പെടാതിരിക്കുന്ന കലാകാരൻമാർ പലരുമുണ്ട്. അവരെയൊക്കെ ലോകമറിയിക്കണം. സ്വതന്ത്രസംഗീതത്തിൽ വലിയ താത്‌പര്യമുണ്ട്. പ്രോത്സാഹനവുമായി ഒരുപാട് നിർമ്മാണ കമ്പനികളും രംഗത്തു വരുന്നുണ്ട്. ഒരു വർഷം മുമ്പ് 'ട്രൈ മൈസൽഫ്' എന്നൊരു പാട്ട് കമ്പോസ് ചെയ്ത് റിലീസ് ചെയ്തിരുന്നു. എഴുതിയതും കമ്പോസ് ചെയ്തതും ഞാൻ തന്നെയായിരുന്നു. കുടുംബത്തിന്റെ പിന്തുണയോടെ ചെറിയ ബജറ്റിൽ ചെയ്തതാണ്. എബിൻ സാഗർ, അഭിജിത്ത് കുറ്റിച്ചിറ എന്നിവരാണ് ആ മ്യൂസിക് വീഡിയോയ്ക്കു പിന്നിൽ പ്രവർത്തിച്ചത്.
സിനിമകളിൽ നിന്ന് ഓഫറുകൾ വരുന്നുണ്ട്. കോവിഡ് ആയതുകൊണ്ടുള്ള ബുദ്ധിമുട്ടുകളുണ്ട്. നല്ല അവസരങ്ങൾ വന്നാൽ തീർച്ചയായും പ്രയോജനപ്പെടുത്തണമെന്നാണ് ആഗ്രഹം.
വളരെക്കാലമായി ഇവിടെയൊക്കെയുള്ളതാണ് ഫ്യൂഷൻ സംഗീതം. ആദ്യമൊക്കെ വലിയ തോതിൽ വിമർശനങ്ങൾ എറ്റുവാങ്ങിയിരുന്ന മേഖലയാണത്. ഇപ്പോൾ ആളുകൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.
ഒരിക്കൽ ഗുരു ജയശ്രീ രാജീവ് ഒരു ഫ്യൂഷൻ ചെയ്തിരുന്നു. പാശ്ചാത്യ സംഗീതോപകരണങ്ങൾക്കൊപ്പം കർണാടകസംഗീതത്തിലെ രാഗം വിസ്തരിച്ചുകൊണ്ട്.
ഏതു തരം സംഗീതമാണ് ഏറെ ആകർഷിച്ചിട്ടുള്ളത്?
സംഗീതത്തിന് അതിരുകളിടാൻ താത്‌പര്യമില്ല. അതാണ് ഈ ഫ്യൂഷൻ ചെയ്തു തുടങ്ങിയതു തന്നെ. എല്ലാതരം സംഗീതവും കേൾക്കാറുണ്ട്. പോപ്, മെറ്റൽ, കഥകളി പദം, കർണാടക സംഗീതം, ഹിന്ദുസ്ഥാനി, എല്ലാം. സംഗീതം അതേതായാലും ഇഷ്ടവുമാണ്. ഇപ്പോഴും ഓൺലൈനായി സംഗീതം പഠിക്കുന്നുണ്ട്.
കർണാടക സംഗീതജ്ഞരിൽ എം ഡി രാമനാഥന്റെ ആരാധികയാണ്. എം എൽ വസന്തകുമാരി, എം എസ് സുബ്ബലക്ഷ്മി, ടി എം കൃഷ്ണ എല്ലാവരെയും ഇഷ്ടമാണ്. ടി എം കൃഷ്ണയുടെ കടുത്ത ആരാധികയാണ് ഞാൻ. കർണാടക സംഗീതത്തെ കൂടുതൽ ജനങ്ങളിലേയ്ക്കെത്തിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ ശ്രദ്ധിക്കാറുണ്ട്. അതിപ്പോൾ കഥകളിപ്പദമായാൽ പോലും മുദ്രകളും കഥയുമെല്ലാം അറിഞ്ഞാൽ മാത്രമേ ആസ്വദിക്കാൻ കഴിയൂ. ആളുകൾക്ക് പെട്ടെന്ന് മനസ്സിലാക്കാനും ആസ്വദിക്കാനും പറ്റുന്ന തലത്തിലേയ്ക്ക് സംഗീതത്തെ കൊണ്ടു വന്നാൽ അത് അഭികാമ്യം തന്നെയാണല്ലോ.
സംഗീതം കരിയർ ആക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയോ?
അത് വേണം. പക്ഷേ വിദ്യാഭ്യാസം, ജോലി ഇവ വിട്ടൊരു കളിയില്ല. പാട്ട് ഒപ്പം കൊണ്ടു പോവും.
Content Highlights :arya dhayal viral fusion singer interview social media amitabh bachchan praises
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..