
Arya Dhayal
സ്ത്രീവിരുദ്ധ ചിന്തകളെ തിരുത്തിക്കുറിക്കുന്ന വീഡിയോ ഗാനവുമായി എത്തിയിരിക്കുകയാണ് യുവഗായിക ആര്യ ദയാല്‍. സ്ത്രീശാക്തീകരണ ക്യാമ്പയിനിന്റെ ഭാഗമായി ശിശുക്ഷേമ സമിതിക്കുവേണ്ടി ഒരുക്കിയ അങ്ങനെ വേണം എന്ന വീഡിയോ ഗാനം ഏറെ ശ്രദ്ധനേടിയിരിക്കുകയാണ്. സ്ത്രീവിരുദ്ധ ചിന്താഗതികളെ തിരുത്തിക്കുറിക്കുന്ന ഒരു സംഗീത സംഭാഷണം. വേര്‍തിരിവിനോടും മുന്‍വിധികളോടും 'ഇനി വേണ്ട വിട്ടുവീഴ്ച' എന്ന ടാഗ്ലൈനോടുകൂടിയാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്.
സ്ത്രീകളോടുള്ള പൊതുസമൂഹത്തിന്റെ പരമ്പരാഗത കാഴ്ചപ്പാടുകളെ തിരുത്തുകയും സ്വതന്ത്രമായ, പരാശ്രയമില്ലാതെ ജീവിക്കാന്‍ കഴിയുന്ന ഒരു ലോകത്തെ ആഗ്രഹിക്കുന്നു പുതിയ കാലത്തെ സ്ത്രീകളെന്ന് പറഞ്ഞുവെക്കുകയുമാണ് 'അങ്ങനെ വേണം'. ശശികല മേനോന്റെ വരികള്‍ സംഗീതം നല്കി ആലപിച്ചിരിക്കുന്നത് ആര്യ ദയാല്‍ തന്നെയാണ്. ആത്തിഫ് അസീസ് ആണ് വീഡിയോ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മ്യൂസിക് പ്രൊഡക്ഷന്‍ വര്‍ക്കി. മികച്ച ഒരു ദൃശ്യാനുഭവം കൂടി സമ്മാനിക്കുന്നു വീഡിയോ. സ്വയം തീരുമാനങ്ങളെടുക്കാന്‍ കഴിയുന്നവരാണ് സ്ത്രീകളെന്ന് പരമ്പരാഗത കാഴ്ചപ്പാടുകള്‍വെച്ച് ഇനി തങ്ങളെ നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിയില്ലെന്നും ആഹ്വാനം ചെയ്യുന്നു അങ്ങനെ വേണം. സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകളും മികച്ച അഭിപ്രായങ്ങളും നേടുന്ന ഈ ഗാനത്തെക്കുറിച്ച് ആര്യ ദയാല്‍ മനസ്സു തുറക്കുന്നു.
ഈ പാട്ടിന് പിന്നിലെ പ്രചോദനം എന്തായിരുന്നു?
എല്ലായ്പ്പോഴും പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് ഞാന്‍ പാട്ടിലൂടെ പറയാന്‍ ശ്രമിച്ചത്. ഒരു ഗേള്‍സ് സ്കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു ഞാന്‍. എന്റെ സഹപാഠികളും സുഹൃത്തുക്കളും അവരുടെ വീടുകളിലും ചുറ്റുപാടിലും അനുഭവിക്കേണ്ടി വരുന്ന കാര്യങ്ങള്‍ പറയുന്നത് കേട്ടപ്പോള്‍ വളരെയേറെ സങ്കടം തോന്നിയിട്ടു്ണ്ട്. 'കരുതല്‍' എന്ന പേരില്‍ സ്വാതന്ത്ര്യം. ഹോമിക്കേണ്ടി വരുന്നത് എന്തൊരു അവസ്ഥയാണെന്ന് ചിന്തിച്ചു നോക്കുക? ഇഷ്ടമുള്ള വസ്ത്രം ധരിക്കാനോ പുറത്തുപോകാനോ സ്വാതന്ത്ര്യമില്ലാത്ത ജീവിതം വളരെ വിഷമം നിറഞ്ഞതാണ്. വളരെക്കാലങ്ങളായി സമൂഹത്തില്‍ വേരിറങ്ങിപ്പോയ ഇത്തരം ജീര്‍ണിച്ച ചിന്തകളെ വലിച്ചെറിയേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. അത് തന്നെയാണ് ഞാന്‍ പറയാന്‍ ആഗ്രഹിച്ചത്. കാലം മാറി നാം ഓരോരുത്തരും സമൂഹമാധ്യമങ്ങളിലൂടെ പുറം ലോകത്തെ ജീവിതത്തെ കാണുകയും അറിയുകയും ചെയ്യുന്നുണ്ട്. സ്ത്രീ-പുരുഷ സമൂഹത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി നിലനില്ക്കുന്നു. ഈ കാലഘട്ടത്തില്‍ എത്രകാലം ഇങ്ങനെ പെണ്‍കുട്ടികളെ തളച്ചിടാനാകും?
ഒരു കാര്യം കൂടി ഞാന്‍ എടുത്തു പറയുന്നു. വരികളാണ് ഈ പാട്ടിന്റെ ശക്തി. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ രചിച്ച വനിതയായ ശശികല വി മേനോനാണ് വരികള്‍ എഴുതിയിരിക്കുന്നത്. ശശികലാമ്മയുമായി ഒരു പാട്ട് ചെയ്യാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്.
'കരുതല്‍ ആങ്ങളമാര്' എന്നൊരു വിഭാഗം സോഷ്യല്‍ മീഡിയകളില്‍ പോലും ഉണ്ട്. അവര്‍ക്കുള്ള മറുപടിയാണോ?
കരുതല്‍ ആങ്ങളമാര്‍ക്ക് മാത്രം വേണ്ടിയുള്ള മറുപടിയില്ല. മറ്റൊരാളെ ബുദ്ധിമുട്ടിക്കാതെ ഇഷ്ടത്തിന് ജീവിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടനയിലുണ്ടെന്ന് പെണ്‍കുട്ടികളും അറിയണം. കരുതലിന്റെ പേരിലുള്ള ഈ നിയന്ത്രണം തിരിച്ചറിയാന്‍ പോലും സാധിക്കാത്ത പെണ്‍കുട്ടികളുണ്ട്. അവര്‍ക്കും വേണ്ടിയാണ് ഈ പാട്ട്. സ്ത്രീശരീരം പരിശുദ്ധമാണ്, മൂടിവയ്ക്കേണ്ടതാണ്, രാത്രി പുറത്തിറങ്ങരുത് തുടങ്ങിയ കാര്യങ്ങളാണ് സ്ത്രീസുരക്ഷയെക്കുറിച്ച് പറയുമ്പോള്‍ ഇപ്പോഴും ചിലര്‍ പറയുന്നത്. സ്ത്രീകള്‍ക്ക് നേരേയുള്ള അതിക്രമങ്ങള്‍ കുറയ്ക്കാന്‍ സ്ത്രീകള്‍ അടങ്ങി ഒതുങ്ങി ഇരിക്കണം എന്ന് പറയുന്നതില്‍ എന്ത് ലോജിക്കാണുള്ളത് എന്ന ചിന്തിക്കുക. മറിച്ച് സ്കൂള്‍ തലം മുതല്‍ കുട്ടികളിലും മറ്റും ലിംഗസമത്വത്തെക്കുറിച്ച് പഠിപ്പിക്കേണ്ടതല്ലേ. സ്കൂളുകളില്‍ മാത്രമല്ല വീടുകളിലും പഠിപ്പിക്കേണ്ട വിഷയമാണ്.
ആര്യയ്ക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ?
ഇന്ന് ഒരു പോസ്റ്റ് ഞാന്‍ കണ്ടു. കോവിഡുമായി ബന്ധപ്പെട്ട ഒരു പോസ്റ്റാണിത്. പെണ്‍കുട്ടികള്‍ അവരുടെ ഫോണ്‍ നമ്പര്‍ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍ ഫോണ്‍ നമ്പര്‍ പരമാവധി നല്‍കാതെ ഇരിക്കുക എന്നും മാതാപിതാക്കളുടെയോ രക്ഷാകര്‍ത്താക്കളുടെയോ നമ്പര്‍ നല്‍കണമെന്നൊക്കെയായിരുന്നു അതില്‍ പറഞ്ഞിരിക്കുന്നത്. പ്രത്യക്ഷത്തില്‍ നിരുപദ്രവകരമായി തോന്നുന്ന എന്ന കാര്യം. എന്നാല്‍ ചിന്തിക്കുമ്പോള്‍ അതിലൊരു വലിയ പ്രശ്നമുണ്ട്. പ്രായപൂര്‍ത്തിയായ ഒരാളുടെ ഉത്തരവാദിത്തം ആ വ്യക്തിയ്ക്ക് മാത്രമാണ്. അതില്‍ ലിംഗവ്യത്യാസമില്ല. അതില്‍ പെണ്‍കുട്ടികളുടെ കാര്യം വരുമ്പോള്‍ രക്ഷാകര്‍ത്താവിനെ തിരഞ്ഞ് പോകേണ്ട ആവശ്യം എന്താണ്. നിയമം എനിക്ക് സംരക്ഷണം നല്‍കുന്നുണ്ട്. അത് കൃത്യമായി നടപ്പാക്കുമെങ്കില്‍ ഞാന്‍ എന്തിന് മറ്റുള്ളവരെ ഭയക്കണം? എന്തിന് നമ്പര്‍ നല്കാതിരിക്കണം.
സോഷ്യല്‍ മീഡിയകളില്‍ സജീവമായി ഇടപെടുമ്പോള്‍ ഈ കരുതല്‍ ആങ്ങളമാരുമായി എനിക്കും ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ട്. എനിക്ക് മാത്രമല്ല ഒട്ടുമിക്ക സ്ത്രീകള്‍ക്കും വ്യക്തി ജീവിതത്തിലോ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയകളിലോ ഇത്തരം ആളുകളുമായി കലഹിക്കേണ്ടി വരും.
ഇനി വരാനിരിക്കുന്ന പ്രൊജക്ടുകള്‍ എന്തൊക്കെയാണ്?
പരമാവധി സ്വതന്ത്ര മ്യൂസിക് വീഡിയോകള്‍ ചെയ്യണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം. കവര്‍ വേര്‍ഷനുകളേക്കാള്‍ ഒറിജിനല്‍ സോങ്ങുകളാണ് ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ചേടത്തോളം ഏറ്റവും വലിയ സ്വപ്നവും വെല്ലുവിളിയും. പലപ്പോഴും ഇന്‍ഡിപെന്‍ഡന്റായി ചെയ്യുമ്പോള്‍ കാഴ്ചക്കാരുടെ എണ്ണം കുറയുന്നതില്‍ ഒരു ചെറിയ സങ്കടമുണ്ട്. എന്റെ ആദ്യത്തെ ഇന്‍ഡിപെന്‍ഡന്‍സ് വര്‍ക്ക് 'ട്രൈ മൈ സെല്‍ഫ്' ആയിരുന്നു. സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ തന്നെയാണ് അതിന്റെ വിഷയം. എന്നെപ്പോലെ ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ ധാരാണം ഇന്‍ഡിപെന്‍ഡന്റ് വീഡിയോകള്‍ ചെയ്യുന്നുണ്ട്. വേടന് പോലുള്ളവര്‍. എല്ലാവരും സംസാരിക്കുന്നത് സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയങ്ങളാണ്. അത്തരം വര്‍ക്കുകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്കിയാല്, കൂടുതല്‍ ആര്‍ട്ടിസ്റ്റുകള്‍ മുന്നോട്ട് വരും.
ധാരാളം വിമര്‍ശനങ്ങളും ആര്യയെ തേടി എത്തിയിട്ടുണ്ട്. സംഗീതപ്രേമികളുടെ ഒരു ഗ്രൂപ്പില്‍ ആര്യ പാടുമ്പോള്‍ എക്സ്പ്രഷന്‍ കൂടുതലാണെന്ന തരത്തില്‍ ഒരു ചര്‍ച്ച കണ്ടിരുന്നു?
ഞാനും അത് കാര്യമാക്കി എടുക്കാറില്ല. കുട്ടിക്കാലം മുതല്‍ പാട്ട് പഠിക്കുന്ന ഒരാളാണ് ഞാന്‍. അന്ന് മുതല്‍ ഞാന്‍ കേള്‍ക്കുന്ന പരാതിയാണ് എന്റെ മുഖത്തെ എക്സ്പ്രഷന്‍ കൂടുതലാണെന്നത്. ഒരുകാലത്ത് ഞാന്‍ അത് നിയന്ത്രിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പരാജയപ്പെട്ടു. എനിക്ക് ഇങ്ങനെ പാടാനേ സാധിക്കൂ എന്ന് തിരിച്ചറിഞ്ഞതോടെ എനിക്കത് വിഷയമല്ലാതെയായി. വളരെ കൂളായി നിന്ന് പാടുന്നവരുമുണ്ട്. എസ്.ജാനകി അമ്മ, എം.എസ് സുബല്ക്ഷ്മി അമ്മ, ചിത്രാമ്മ തുടങ്ങിയ വലിയ ഗായികമാര്‍ പാടുമ്പോള്‍ അവരുടെ മുഖത്ത് അധികം ഭാവപ്രകടനങ്ങള്‍ ഇല്ല. അത് കണ്ടു ശീലിച്ചത് കൊണ്ടായിരിക്കണം നമ്മള് പാടുമ്പോള്‍ ഇത്രയ്ക്ക് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരുന്നുത്. പുരുഷ ഗായകരെക്കുറിച്ച് ഇത്തരം വിമര്‍ശനങ്ങള്‍ ഉയരുന്നത് അധികം കണ്ടിട്ടില്ല. സ്ത്രീകളെക്കുറിച്ചാണ് പരാതി. നമ്മള് അടങ്ങി ഒതുങ്ങി നിന്ന് പാടണം എന്ന ചിന്ത ഉള്ളതുകൊണ്ടാണോ ഇവര്‍ ഇ്ങ്ങനെ പറയുന്നത് എന്ന് എനിക്കറിയില്ല.
Content Highlights: Arya Dhayal singer Interview ,Angane Venam, Gender equality, women empowerment, feminism, Sasikala V Menon
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..