സ്ത്രീവിരുദ്ധ ചിന്തകളെ തിരുത്തിക്കുറിക്കുന്ന വീഡിയോ ഗാനവുമായി എത്തിയിരിക്കുകയാണ് യുവഗായിക ആര്യ ദയാല്‍. സ്ത്രീശാക്തീകരണ ക്യാമ്പയിനിന്റെ ഭാഗമായി ശിശുക്ഷേമ സമിതിക്കുവേണ്ടി ഒരുക്കിയ അങ്ങനെ വേണം എന്ന വീഡിയോ ഗാനം ഏറെ ശ്രദ്ധനേടിയിരിക്കുകയാണ്. സ്ത്രീവിരുദ്ധ ചിന്താഗതികളെ തിരുത്തിക്കുറിക്കുന്ന ഒരു സംഗീത സംഭാഷണം. വേര്‍തിരിവിനോടും മുന്‍വിധികളോടും 'ഇനി വേണ്ട വിട്ടുവീഴ്ച' എന്ന ടാഗ്‌ലൈനോടുകൂടിയാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. 

സ്ത്രീകളോടുള്ള പൊതുസമൂഹത്തിന്റെ പരമ്പരാഗത കാഴ്ചപ്പാടുകളെ തിരുത്തുകയും സ്വതന്ത്രമായ, പരാശ്രയമില്ലാതെ ജീവിക്കാന്‍ കഴിയുന്ന ഒരു ലോകത്തെ ആഗ്രഹിക്കുന്നു പുതിയ കാലത്തെ സ്ത്രീകളെന്ന് പറഞ്ഞുവെക്കുകയുമാണ് അങ്ങനെ വേണം. ശശികല മേനോന്റെ വരികള്‍ സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത് ആര്യ ദയാല്‍ തന്നെയാണ്. ആത്തിഫ് അസീസ് ആണ് വീഡിയോ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മ്യൂസിക് പ്രൊഡക്ഷന്‍ വര്‍ക്കി. മികച്ച ഒരു ദൃശ്യാനുഭവം കൂടി സമ്മാനിക്കുന്നു വീഡിയോ. സ്വയം തീരുമാനങ്ങളെടുക്കാന്‍ കഴിയുന്നവരാണ് സ്ത്രീകളെന്ന് പരമ്പരാഗത കാഴ്ചപ്പാടുകള്‍വെച്ച് ഇനി തങ്ങളെ നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിയില്ലെന്നും ആഹ്വാനം ചെയ്യുന്നു അങ്ങനെ വേണം. സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകളും മികച്ച അഭിപ്രായങ്ങളും നേടുകയാണ് ഗാനം.

Content highlights : arya dhayal's  music video agane venam by child development