ലാല്‍ ജോസിന്റെ ഇരുപത്തിയഞ്ചാമത്തെ സിനിമ നാല്‍പ്പത്തിയൊന്നിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. കണ്ണൂരില്‍ നിന്നുളള രണ്ട് കമ്മ്യൂണിസ്റ്റുകാരുടെ ശബരിമലയാത്രയുടെ കഥ പറയുന്ന സിനിമയിലെ ആദ്യ ഗാനം നാല്‍പ്പത്തിയൊന്ന് ദിവസത്തെ വ്രത കാലയളവിലെ കഥാപാത്രങ്ങളുടെ ജീവിതം കാണിക്കുന്നതാണ്. 

ബിജു മേനോന്‍, നിമിഷ സജയന്‍, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ എന്നിവരെ കൂടാതെ ഈ ചിത്രത്തിലൂടെ അരങ്ങേറുന്ന പുതിയ നായകന്‍ ശരണ്‍ജിത്തും നായിക ധന്യ അനന്യയും ഗാനരംഗങ്ങളിലുണ്ട്. ബിജിബാലിന്റെ സംഗീത സംവിധാനത്തില്‍ തയ്യാറായ 'അരുതരുത' എന്ന ഗാനത്തിന്റെ വരികള്‍ റഫീഖ് അഹമ്മദിന്റേതാണ്. വിജേഷ് ഗോപാലാണ് പാടിയിരിക്കുന്നത്. 

നാല്‍പ്പത്തിയൊന്ന് ചില യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് തയ്യാറാക്കിയ സിനിമയാണെന്നാണ് സൂചനകള്‍. ഒരു വടക്കന്‍ സെല്‍ഫി, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ സിനിമകളുടെ സംവിധായകന്‍ ജി.പ്രജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. സിഗ്‌നേച്ചര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ അനുമോദ് ബോസ്,  ആദര്‍ശ് നാരായണ്‍ മനോജ് ജി കൃഷ്ണന്‍ എന്നിവരും പ്രജിത്തിനൊപ്പം നിര്‍മ്മതാക്കളായുണ്ട്.  

നവാഗതനായ പി.ജി.പ്രഗീഷിന്റേതാണ് തിരക്കഥ. നിരവധി ലാല്‍ജോസ് സിനിമകളില്‍ ദൃശ്യവിസ്മയങ്ങള്‍ ഒരുക്കിയ എസ്.കുമാറാണ് ഛായാഗ്രാഹകന്‍.  ലാല്‍ ജോസ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ബിജിബാല്‍  സംഗീതസംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ ശ്രേയ ഘോഷാല്‍, സംഗീത സംവിധായകന്‍ ശരത്, വിജേഷ് ഗോപാല്‍, ദയ ബിജിബാല്‍ എന്നിവരാണ് പാടിയിരിക്കുന്നത്. ഗാനരചന റഫീക്ക് അഹമ്മദ്, ശ്രീരേഖ ഭാസ്‌കര്‍.  എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. ആര്‍ട് അജയ് മാങ്ങാട്. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി.  ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രഘുരാമവര്‍മ്മ. മേക്കപ്പ് പാണ്ഢ്യന്‍. കോസ്റ്റ്യൂംസ് സമീറ സനീഷ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അനില്‍ അങ്കമാലി. സ്റ്റില്‍സ് മോമി. മൂലകഥ ഷെബി ഷോഗാട്ട്. നവംബര്‍ രണ്ടാം വാരം ചിത്രം പ്രദര്‍ശനത്തിനെത്തും.

Content Highlights : Arutharuthu Video Song Nalpathiyonnu (41) Lal Jose Biju Menon Bijibal Vijesh Gopal