മൂത്തമകള്‍ സുഹാനയ്ക്ക് ബിരുദാനന്തര ബിരുദത്തിലും രണ്ടാമത്തെയാള്‍ നാഷിദയ്ക്ക് ബിരുദത്തിലും ഒന്നാം റാങ്ക്. ലയനം എന്ന പേരുള്ള വീട്ടിലേക്ക് ഒരുമിച്ച് രണ്ട് ഒന്നാം റാങ്ക് കടന്നു വരുമ്പോള്‍ മുക്കം സലീം എന്ന സംഗീതാധ്യാപകനായ പിതാവിന്‌ ആഹ്ളാദത്തേക്കാളേറെ അഭിമാനമാണ്. കാരണം തന്റെ മൂന്ന് പെണ്‍മക്കളേയും കലയുടെ വിവിധ വഴികളിലേക്ക് കരുത്തും കരുതലും നല്‍കി മുന്നോട്ടു നയിക്കുന്നത് സലീമാണ്.

മക്കളുടെ താത്പര്യത്തിനും അഭിരുചിയ്ക്കും 'യെസ്' പറഞ്ഞ് ഒപ്പം നില്‍ക്കുന്ന പ്രിയപ്പെട്ട ഉപ്പച്ചിയ്ക്ക് അവര്‍ നല്‍കിയ സമ്മാനമാണ് സുഹാനയുടെ ഭരതനാട്യം എം.എയിലേയും നാഷിദയുടെ ബി.എ. വീണയിലേയും ഒന്നാം റാങ്ക്. അധ്യാപകദിനത്തില്‍ രാഹുല്‍ ഗാന്ധി ഈ കലാകുടുംബത്തിന്റെ കഥയാണ് തന്റെ സമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ചത്. വിദ്യാര്‍ഥിയുടെ കഴിവും അഭിരുചിയും തിരിച്ചറിഞ്ഞാവട്ടെ അധ്യാപനം എന്നാണ് രാഹുല്‍ കുറിച്ചത്. ഒപ്പം മക്കളുടെ കഴിവ് തിരിച്ചറിഞ്ഞ ഒരച്ഛനേയും മിടുക്കരായ മക്കളേയും രാഹുല്‍ ഗാന്ധി ലോകത്തിന് പരിചയപ്പെടുത്തി.

മൃദംഗത്തില്‍ ബിരുദാനന്തരബിരുദം നേടിയ സലീം ഒരു എയ്ഡഡ്‌  സ്‌കൂളില്‍ സംഗീതാധ്യാപകനാകുന്നു

നര്‍ത്തകനും നാടകകലാകാരനുമായ പിതാവില്‍നിന്നാണ് സലീമിന്റെ കലാപാരമ്പര്യം ആരംഭിച്ചത്. കെ.എസ്ആര്‍.ടി.സിയില്‍ ഡ്രൈവറായിരിക്കെ തന്നെ മുക്കത്തേയും പരിസരപ്രദേശങ്ങളിലേയും ആദ്യത്തെ നൃത്താധ്യാപകനായ, അലവിക്ക എന്ന് നാട്ടുകാര്‍ ഏറെ ഇഷ്ടത്തോടെ വിളിച്ചിരുന്ന സി. അലവിയുടെ ഏക മകനാണ് സലീം. റെക്കാഡ് ഡാന്‍സില്‍ ആരംഭിക്കുകയും പിന്നീട് നൃത്തം ശാസ്ത്രീയമായി അഭ്യസിക്കുകയും ചെയ്ത അലവി നിരവധി വിദ്യാര്‍ഥികളെ സംഘനൃത്തവും നാടോടിനൃത്തവും പരിശീലിപ്പിച്ച് കലോത്സവവേദികളില്‍ അണിനിരത്തി. അദ്ദേഹത്തിന്റെ നൃത്തപരിപാടികള്‍ക്കും ക്ലാസുകള്‍ക്കും തബല വായിച്ചായിരുന്നു സലീമിന്റെ സംഗീതരംഗത്തേക്കുള്ള കടന്നുവരവ്. പത്താം ക്ലാസ് പാസായ സലീമിനെ പാലക്കാട് ചെമ്പൈ സംഗീതകോളേജില്‍ മൃദംഗപഠനത്തിന് ചേര്‍ക്കാനായിരുന്നു പിതാവിന്റെ തീരുമാനം.

മൃദംഗം ഐച്ഛികമായി പഠിക്കുന്നവര്‍ക്ക് സ്‌കൂളുകളില്‍ സംഗീതാധ്യാപകരായി നിയമനം ലഭിക്കാന്‍ എളുപ്പമാണെന്ന് പരിചയക്കാരിലാരോ പറഞ്ഞതായിരുന്നു ആ തീരുമാനത്തിന് പിന്നില്‍. ചെമ്പൈ സംഗീതകോളേജില്‍ നാല് വര്‍ഷത്തെ പഠനം ഫസ്റ്റ് ക്ലാസ് നേടി പാസായ സലീമിന്റെ ബിരുദാനന്തരപഠനം തിരുവനന്തപുരം സ്വാതി തിരുനാള്‍ കോളേജിലായിരുന്നു. ഗാനപ്രവീണയിലും ഫസ്റ്റ് ക്ലാസില്‍ പാസായി നാട്ടില്‍ തിരിച്ചെത്തിയ സലീമിനെ എത്രയും പെട്ടെന്ന് ജോലിയില്‍ പ്രവേശിപ്പിക്കുക എന്നതായിരുന്നു പിതാവിന്റെ ലക്ഷ്യം. മകന്‍ നാട്ടില്‍ നിന്ന് വിട്ടുപോകാതിരിക്കാനായിരുന്നു അത്. തുടര്‍ന്ന് മലപ്പുറം ഒഴുകൂര്‍ ക്രസന്റ് ഹൈസ്‌കൂളില്‍ സംഗീതാധ്യാപകനായി ചേര്‍ന്ന സലീം ഇപ്പോള്‍ അധ്യാപനരംഗത്ത് 27 കൊല്ലം പൂര്‍ത്തിയാക്കിയിരിക്കുന്നു.

 

'ഓരോ കുട്ടിയുടേയും അഭിരുചി അനുസരിച്ചുള്ള പഠനവിഷയം തിരഞ്ഞെടുക്കാന്‍ അവസരം നല്‍കേണ്ടത് അധ്യാപകരുടേയും രക്ഷിതാക്കളുടേയും കടമയാണ്'

ഓരോ കുട്ടിയ്ക്കും താത്പര്യവും കഴിവുമുള്ള വിഷയം പഠിക്കാനുള്ള അവസരമൊരുക്കേണ്ടത് ഓരോ രക്ഷിതാവിന്റേയും അധ്യാപകന്റേയും കടമയാണെന്ന് സലീം പറയുന്നു. തന്റെ ഉപ്പയ്ക്ക് കലയോടുണ്ടായിരുന്ന പ്രണയമാണ് അദ്ദേഹത്തെ പിന്നീട് ഒരു ദേശത്തിന്റെ നൃത്താധ്യാപകനാക്കി തീര്‍ത്തത്, ഇപ്പോഴും മുക്കത്തെ ഓരോത്തരും അദ്ദേഹത്തെ സ്മരിക്കുന്നതും. സിനിമ കണ്ടായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല നൃത്തപഠനം. പാട്ട് കേള്‍ക്കാന്‍ സംഘടിപ്പിച്ച് വീട്ടിലെത്തിച്ച ഗ്രാമഫോണ്‍ അദ്ദേഹത്തിന്റെ വാപ്പ വീടിന് പുറത്തേക്ക് വലിച്ചെറിഞ്ഞ കഥയും ഉപ്പ പറഞ്ഞ് കേട്ടിരുന്നു. കലയോടുള്ള കടുത്ത പ്രണയമാണ് ഒരു കലാകേന്ദ്രം ആരംഭിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഇപ്പോഴും ലയനം എന്ന ആ സ്ഥാപനം നിരവധി വിദ്യാര്‍ഥികള്‍ക്ക് കലാപാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നു. 

മക്കള്‍-സുഹാന, നാഷിദ, ലിയാന-അവര്‍ക്കിഷ്ടമുള്ള മേഖല തന്നെയാണ് പഠനവിഷയമായി തിരഞ്ഞെടുത്തത്. ചെറിയൊരാശങ്കയ്ക്ക് പോലും അവരെ തളര്‍ത്താനാവാത്തത് ഒരു പക്ഷെ തന്റെ ഉപ്പയുടെ ആത്മവിശ്വാസവും താന്‍ നല്‍കുന്ന പിന്തുണയുമാണെന്നാണ് സലീമിന്റെ അഭിപ്രായം. സുഹാന ഭരതനാട്യവും നാഷിദ വീണയും ലിയാന വയലിനുമാണ് ഐച്ഛികവിഷയമായി തിരഞ്ഞെടുത്തത്. ആ വിഷയത്തില്‍ യാതൊരു വിധ സംശയമോ അധൈര്യമോ അവര്‍ക്കുണ്ടായിരുന്നില്ലെന്ന് സലീം പറയുന്നു.

ഇഷ്ടമേഖലകളില്‍ അഗ്രഗണ്യകളായി സുഹാനയും നാഷിദയും ലിയാനയും 

സുഹാനയ്ക്ക് ആഭിമുഖ്യം നൃത്തത്തോടായിരുന്നു. ഭരതനാട്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഉപ്പയുടെ നിര്‍ദേശം സ്വീകരിച്ച് ബിരുദപഠനത്തിനായി അഡയാര്‍ കലാക്ഷേത്രയില്‍ ചേര്‍ന്നു. ഒന്നാം ക്ലാസോടെ കോഴ്‌സ് പൂര്‍ത്തിയായ ശേഷം മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ ബിരുദാനന്തര ബിരുദപഠനത്തിന് ചേര്‍ന്നു. ഒന്നാം റാങ്ക് നേടി എം.എ. പൂര്‍ത്തിയാക്കിയ സുഹാന ഭരതനാട്യത്തില്‍ ഗവേഷണത്തിനായുള്ള തയ്യാറെടുപ്പിലാണ്. ഒരു മികച്ച നര്‍ത്തകിയും നൃത്താധ്യാപികയും ആകുകയാണ് സുഹാനയുടെ ലക്ഷ്യം. ഓണ്‍ലൈനില്‍ ക്ലാസുകള്‍ നടത്തി വരുന്ന സുഹാനയ്ക്ക് വിവിധ വിദേശരാജ്യങ്ങളില്‍ നിന്നും ശിഷ്യരുണ്ട്. നൃത്തപഠനത്തോടൊപ്പം തന്നെ ഇംഗീഷില്‍ ബിരുദവും ബിരുദാന്തരബിരുദവും വിദൂരവിദ്യാഭ്യാസത്തിലൂടെ നേടിയ സുഹാന ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സേഴ്‌സ് അസ്സോസിയേഷന്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര പ്രശ്‌നോത്തരി മത്സരത്തില്‍ വിജയിയും കൂടിയാണ്. ഇരുനൂറിലധികം പേര്‍ മാറ്റുരച്ച മത്സരത്തിലാണ് സുഹാന ഒന്നാമതെത്തിയത്. 

Suhana Saleem
സുഹാന സലീം

നാഷിദയും പഠനത്തില്‍ മുന്നില്‍ തന്നെ. വീണയാണ് നാഷിദ പഠനവിഷയം. തിരുവനന്തപുരം സ്വാതി തിരുന്നാള്‍ സംഗീത കോളേജില്‍ നിന്ന് ബി.എ. ഒന്നാം റാങ്കോടെയാണ് നാഷിദ പാസായിരിക്കുന്നത്. ഉപ്പയോടൊപ്പം വേദികള്‍ പങ്കിടുന്ന നാഷിദയ്ക്ക് ഒരു സംഗീതാധ്യാപികയാവുകയാണ് ആഗ്രഹം. ലിയാനയ്ക്ക് അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് വയലിനില്‍ താത്പര്യം ജനിച്ചത്. പിന്നീട് സ്‌കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം വയലിനില്‍ പഠനം തുടര്‍ന്നു. ഇപ്പോള്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളേജില്‍ രണ്ടാം വര്‍ഷ വയലിന്‍ വിദ്യാര്‍ഥിയാണ് ലിയാന. ഏതു ഗാനവും ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പഠിച്ച് വയലിനില്‍ വായിക്കാന്‍ ലിയാനയ്ക്ക് സാധ്യമാകുമെന്നതില്‍ നിന്ന് ലിയാനയും മിടുമിടുക്കിയാണെന്നതില്‍ സംശയമില്ല. 

Nashidha, Liyana
നാഷിദ സലീം, ലിയാന സലീം

 

ഒരു മൃദംഗം ആര്‍ട്ടിസ്റ്റായത് മഹാഭാഗ്യം, കലാമേഖലയിലെ പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനായത് നിയോഗമാണ്

അധ്യാപനത്തൊപ്പം പ്രമുഖരായ പല കലാകാരന്മാര്‍ക്കൊപ്പം വേദി പങ്കിടാനായത് ജീവിതത്തിലെ മഹാഭാഗ്യമാണെന്ന് സലീം പറയുന്നു. സ്‌കൂള്‍ കലോത്സവവേദികളില്‍ പ്രമുഖ നൃത്താധ്യാപകരുടെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ദീര്‍ഘകാലം മൃദംഗം വായിച്ചത് സലീമാണ്. മലയാളത്തിന്റെ പ്രിയതാരം മഞ്ജുവാര്യരുടെ ആറ് മുതല്‍ പത്താം ക്ലാസ് വരെയുള്ള സ്‌കൂള്‍ കലോത്സവേദികളില്‍ സലീം മൃദംഗത്തിന്റെ അകമ്പടിയൊരുക്കി. മഞ്ജുവിന്റെ നൃത്താധ്യാപകന്‍ എന്‍.വി. കൃഷ്ണനും വിനീത്കുമാര്‍(സിനിമാതാരവും സംവിധായകനും) ഉള്‍പ്പെടെ മറ്റു ശിഷ്യര്‍ക്ക് വേണ്ടിയും സലീം അണിയറയില്‍ പ്രവര്‍ത്തിച്ചു. പ്രമുഖ നര്‍ത്തകര്‍ കലാമണ്ഡലം സരസ്വതി,  കലാമണ്ഡലം ഉഷ രാജേന്ദ്രപ്രസാദ്‌, ഡോ. വസുന്ധര ദുരൈസ്വാമി, ധനഞ്ജയന്‍ എന്നിവര്‍ക്കു വേണ്ടിയും സലീം മൃദംഗവാദകനായി.

കലാമണ്ഡലം സരസ്വതിക്കൊപ്പം എട്ട് കൊല്ലം പ്രവര്‍ത്തിച്ച സലീം അവരുടെ ശിഷ്യനായ പ്രശസ്ത സിനിമാതാരം വിനീതിനൊപ്പവും പ്രവര്‍ത്തിച്ചു. താരങ്ങളായ അഞ്ജു അരവിന്ദ്, ജോമോള്‍ എന്നിവരുടെ നൃത്തവേദികളിലും സലീമിന്റെ മൃദംഗവാദനത്തിന്റെ താളമൊഴുകി. പ്രശസ്ത നര്‍ത്തകി ദീപ്തി രാജേഷിനായി മുപ്പത്തിയഞ്ച് കൊല്ലമാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. കഥകളി സംഗീതത്തിന്റെ പ്രമാണി കലാമണ്ഡലം ഹൈദരാലിക്കൊപ്പവും മട്ടന്നൂരിനൊപ്പവും പ്രവര്‍ത്തിച്ചു.  സംഗീത മേഖലയിലെ പ്രശസ്തര്‍ പി. ലീല, ഹരിപ്പാട് കെ.പി.എം. പിള്ള, ശരത് എന്നിവരോടൊപ്പവും വേദി പങ്കിടാനായത് തന്റെ ജീവിതത്തിലെ സൗഭാഗ്യമായാണ്  സലീം കാണുന്നത്. പല സഭകളിലും അമ്പലങ്ങളിലും ഇവര്‍ക്കൊപ്പം പങ്കാളിയായത് ജീവിതത്തില്‍ അപ്രതീക്ഷിതമായെത്തിയ നിയോഗങ്ങളാണെന്ന് സലീം ആവര്‍ത്തിക്കുന്നു.

Mukkam Saleem Family
മുക്കം സലീം, ഉമ്മ, ഭാര്യ സാജിത, മക്കള്‍

കലോത്സവവേദികളില്‍ പങ്കെടുക്കാനായത് കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള കലാകാരന്മാരെ പരിചയപ്പെടുന്നതിനും അവരുടെ പ്രകടനം കാണുന്നതിനും അവസരമൊരുക്കിയെന്ന് സലീം പറയുന്നു. 2006 ശേഷമാണ് വേദികളില്‍ സിഡി ഉപയോഗത്തില്‍ വന്നത്. അതിന് മുമ്പ് പതിനെട്ട് കൊല്ലത്തോളം കലോത്സവേദികളില്‍ പല പ്രമുഖ അധ്യാപകരുടേയും ശിഷ്യര്‍ക്കായി പക്കമേളക്കാരനായി. അക്കാലം ജീവിതത്തിലെ മികച്ച അനുഭവകാലമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. സൂര്യ ഫെസ്റ്റിവല്‍, നിശാഗന്ധി ഫെസ്റ്റിവല്‍ എന്നിവടങ്ങളിലും ഇദ്ദേഹം സ്ഥിരമായി  വേദിയിലെത്തുന്നു. 

മുപ്പത്തിയഞ്ച് കൊല്ലത്തിലേറെ നീണ്ട കലാപ്രവര്‍ത്തനം-നേട്ടങ്ങള്‍ മാത്രം; രാഹുലിന്റെ ട്വീറ്റ് നല്‍കിയത് അഭിമാനവും ആനന്ദവും

മൂന്ന് മക്കളേയും കലാരംഗത്തെത്തിക്കാനും നല്ല നിലയില്‍ പഠിപ്പിക്കാനും സാധിച്ചതാണ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമെന്ന് മുക്കം സലീം പറയുന്നു. 'ഭാര്യ സാജിത, പിന്നെ ഉമ്മ ഇവരുടെ പിന്തുണയല്ലാതെ കുടുംബത്തിലെ മറ്റംഗങ്ങളില്‍ നിന്നുള്ള പ്രോത്സാഹനമോ പിന്തുണയോ കുറവാണ്. പക്ഷെ ആരും എതിര്‍പ്പുമായി വന്നിട്ടില്ലെന്നത് ആശ്വാസം പകരുന്നു. ഒട്ടേറെ മികച്ച കലാകാരന്‍മാരെ പരിചയപ്പെട്ടു, സുഹൃത്തുക്കളെ നേടി. വിദേശരാജ്യങ്ങളില്‍ പരിപാടികള്‍ അവതരിപ്പിക്കാനായി ഇതെല്ലാം കലാജീവിതത്തിലെ നേട്ടങ്ങളാണ്. കല മനുഷ്യനെ ശുദ്ധീകരിക്കും. മനുഷ്യമനസ്സിനെ സംസ്‌കരിച്ചെടുക്കും. വിനയവും സഹാനുഭൂതിയുമുള്ളവരാക്കി മാറ്റും. ക്ഷമയുള്ളവര്‍ക്കേ കല വഴങ്ങൂ. 

മക്കളുടെ റാങ്ക് വിവരമറിഞ്ഞാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍നിന്ന് വീഡിയോ ചെയ്യാനെത്തിയത്. അധ്യാപകദിനത്തില്‍ രാഹുല്‍ ഗാന്ധി ആ വീഡിയോ ഷെയര്‍ ചെയ്യുമെന്ന് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. പക്ഷെ, അദ്ദേഹമത് വയനാട് ട്വിറ്റര്‍ ഹാന്‍ഡിലിലും ഫെയ്‌സ്ബുക്ക് പേജിലും ഷെയര്‍ ചെയ്തത് ഏറെ സന്തോഷം പകര്‍ന്നു, ഏറെ അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്.'

അദ്ദേഹമിത് പറയുമ്പോള്‍ നമുക്കും അഭിമാനം തോന്നും. മുക്കം എന്ന ഒരു ചെറുപട്ടണത്തില്‍ അറുപതിലേറെ വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഒരു കലാകേന്ദ്രത്തിന്റെ അമരക്കാരന്‍ എന്ന നിലയില്‍, ഒരു മൃദംഗവിദ്വാനെന്ന് പ്രശസ്തി നേടുമ്പോള്‍ തന്റെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഒരു ഗായകനായി മാറാനുള്ള പരിശ്രമവും ഒരു സംഗീതസംവിധായകനായുുള്ള പരിണാമവും തന്റെ പെണ്‍കുട്ടികളുടെ കലാജീവിതവും ഭാവിജീവിതവും സുരക്ഷിതമായിരിക്കുമെന്ന ശുഭപ്രതീക്ഷയും മുക്കം സലീം എന്ന കലാകാരനെ, അധ്യാപകനെ വേറിട്ടു നിര്‍ത്തുന്നു. 

Content Highlights: Article On Mridangist Mukkam Saleem