ല്‍ഹി 6 എന്ന ചിത്രത്തിലെ പ്രശസ്തമായ മസക്കലി എന്ന ഗാനത്തിന്‍റെ റീമിക്സ് കഴിഞ്ഞ ദിവസം ടി-സീരിസ് പുറത്ത് വിട്ടിരുന്നു.  തനിഷ്ക് ബാ​ഗ്ചിയാണ് എ.ആർ റഹ്‌മാന്റെ  ഈ ഗാനം പുനഃസൃഷ്ടിച്ചത്. തുള്‍സി കുമാറും സജിത് ടണ്ഠനും ചേര്‍ന്നാണ് റീമിക്സ് ഗാനം പാടിയിരിക്കുന്നത്. 

ബോളിവുഡ് താരം സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും താര സുതാറിയയുമാണ് ​ഗാനത്തിൽ അഭിനയിച്ചത്. എന്നാല്‍ ഗാനം ഇറങ്ങിയതോടെ സാമൂഹിക മാധ്യമങ്ങളിൽ ശക്തമായ വിമർശനങ്ങളാണ് ഉയരുന്നത്. ഗാനത്തിന്‍റെ നിര്‍മ്മാതാക്കളായ ടി-സീരിസിനെതിരെയും തനിഷ്കിനെതിരെയും വലിയ പ്രതിഷേധമാണ് ഉയരുന്നത്. എ.ആർ റഹ്‌മാൻ ചിട്ടപ്പെടുത്തിയ യഥാർഥ ​ഗാനത്തെ 'കൊന്നുകളഞ്ഞു, നശിപ്പിച്ചു' എന്നിങ്ങനെ പോകുന്നു അഭിപ്രായങ്ങൾ.

ഇതിന് പിന്നാലെ എ.ആര്‍.റഹ്‌മാന്‍ സംഭവത്തില്‍ പരോക്ഷമായി പ്രതിഷേധം അറിയിച്ച് രംഗത്ത് എത്തി. പുതിയ മസക്കലിയെക്കുയെക്കുറിച്ച് യാതൊന്നും പറയാതെ, ആരെയും പേരെടുത്ത് പറയാതെ റഹ്‌മാൻ ഒരു ഗാനത്തിന്റെ പിറവിയെ കുറിച്ചു ഇങ്ങനെ കുറിച്ചു. ''സംവിധായകരുടെ സംഘം, സംഗീത സംവിധായകന്‍റെ, ഗാനരചയിതാവിന്‍റെ, പിന്നെ അഭിനേതാക്കളുടെയും ന‍ൃത്ത സംവിധായകരുടെയും പിന്തുണ, ഒപ്പം വിശ്രമം ഇല്ലാതെ പണിയെടുത്ത ഫിലിം ക്രൂ.''

തന്റെ പാട്ടിന് പിന്നിലെ അധ്വാനം ലളിതമായി ഓര്‍പ്പിക്കുകയായിരുന്നു റഹ്‌മാന്‍. പാട്ടിന്റെ ഒറിജിനല്‍ പതിപ്പും റഹ്‌മാന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. റഹ്‌മാനെ പിന്തുണച്ച് ഒട്ടനവധിയാളുകൾ രം​ഗത്തെത്തി. തന്റ ​ഗാനത്തെ നശിപ്പിച്ചിട്ടും ഹൃദയം തകർന്നിട്ടും എത്ര മാന്യമായാണ് റഹ്‌മാൻ പ്രതികരിച്ചിരിക്കുന്നത് എന്ന്'' ആരാധകർ കുറിച്ചു.

ഗാനത്തിന്‍റെ രചിതാവ് പ്രസൂണ്‍ ജോഷിയും പ്രതിഷേധവുമായി രംഗത്ത് എത്തി. യഥാര്‍ത്ഥ ​ഗാനം ഹൃദയത്തില്‍ തൊട്ടു നില്‍ക്കുന്നതാണെന്നും ഗാനത്തിന്‍റെ യഥാര്‍ത്ഥ ശില്‍പ്പികളായ റഹ്‌മാനും തനിക്കും ഗായകന്‍ മോഹിത് ചൗഹനും റീമിക്സ് കേള്‍ക്കുമ്പോള്‍ ഏറെ ദു:ഖമുണ്ടെന്നും പ്രസൂണ്‍ കുറിച്ചു. ആരാധകര്‍ യഥാര്‍ത്ഥ മസക്കലിക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രസൂണ്‍ ജോലി കൂട്ടിച്ചേർത്തു.

റീമിക്‌സുകളോട് അതൃപ്തിയുണ്ടെന്ന് റഹ്‌മാന്‍ നേരത്തേ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. 'ഈശ്വര്‍ അള്ളാ' എന്ന തന്റെ ഇഷ്ടഗാനത്തെ റീമിക്സ് ചെയ്ത് കൊന്നുകളഞ്ഞെന്ന് എ.ആര്‍. റഹ്‌മാന്‍ അഭിമുഖത്തിൽ പറഞ്ഞു.  '99 സോങ്സ്' എന്ന ചിത്രവുമായി ബന്ധപ്പെട്ട് ക്വിന്റിന് നല്‍കിയ അഭിമുഖത്തിലാണ് റഹ്‌മാന്‍ തന്റെ അതൃപ്തി അറിയിച്ചത്. 

ദീപ മേത്ത സംവിധാനത്തില്‍ 1998-ല്‍ പുറത്തിറങ്ങിയ '1948 എര്‍ത്ത്' എന്ന ചിത്രത്തിന് വേണ്ടി എ.ആര്‍ റഹ്‌മാന്‍ സംഗീതം ഒരുക്കിയ ഗാനമായിരുന്നു 'ഈശ്വര്‍ അള്ളാ'. സുജാതയും അനുരാധ ശ്രീരാമും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നന്ദിത ദാസും ആമീര്‍ ഖാനുമായിരുന്നു സ്‌ക്രീനില്‍.

''റീമിക്സുകള്‍ ഒരിക്കലും യഥാര്‍തഥ ഗാനത്തിന് പകരമാകുന്നില്ല. എന്നിരുന്നാലും റീമിക്സുള്‍ തെറ്റാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ ലക്ഷക്കണക്കിനാളുകള്‍ തുടര്‍ച്ചയായി ഇതു തന്നെ ചെയ്യുമ്പോള്‍ ആവര്‍ത്തന വിരസത അനുഭവപ്പെടുന്നു. ജാവേദ് അക്തര്‍ രചിച്ച എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനമാണ് 'ഈശ്വര്‍ അള്ളാ'. റീമിക്‌സ് ചെയ്ത് അവര്‍ അതിന്റെ സംഗീതത്തെ കൊന്നുകളഞ്ഞു. നശിപ്പിച്ചു കളഞ്ഞെന്ന് തന്നെ പറയാം. അതിന് വേണ്ടി എനിക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല.''

റീമിക്‌സ് ചെയ്യുമ്പോള്‍ യഥാര്‍ഥ അവകാശികളില്‍ നിന്ന് അനുവാദം വാങ്ങണമെന്ന് എ.ആര്‍ റഹ്‌മാന്‍ പറയുന്നു.  ''വലിയ തോതില്‍ അധ്വാധിച്ചിട്ടാണ് ഒരോ സംഗീത സംവിധായകനും ഒരു ഗാനം പുറത്തിറക്കുന്നത്. സംഗീത സംവിധായകന്റെ മാത്രമല്ല വരികള്‍ എഴുതുന്നവരുടെയും വാദ്യകലാകാരന്‍മാരുടെയും അഭിനയിക്കുന്നവരുടെയും... അങ്ങനെ ഒരുപാട് പേരുടെ അധ്വാനമുണ്ടാകും. ആ പരിശുദ്ധ സംഗീതത്തെയാണ് റീമിക്സുകളിലൂടെ ഇല്ലാതാക്കുന്നത്. ചിലപ്പോഴൊക്കെ യഥാര്‍ത്ഥ സംഗീത സംവിധായകന്റെ പേരുപോലും അവര്‍ ക്രെഡിറ്റ് ആയി നല്‍കാറില്ല. അതത്ര നല്ല പ്രവണതയല്ല''- റഹ്‌മാൻ പറഞ്ഞു.

Content Highlights: Music Director AR Rahman takes a dig at Masakali 2.0, recalls creating original, Delhi 6 movie song sonam Kapoor, Abhishek Bachchan